എതിരിടാൻ ആരുംതന്നെയില്ല, ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിൽ കുതിപ്പ് തുടർന്ന് Fortuner
പ്രീമിയം ഫുൾ-സൈസ് എസ്‌യുവികളും ഇന്ത്യയിൽ കാര്യമായ സ്വാധീനമാണ് വിൽപ്പനയുടെ കാര്യത്തിൽ ഉണ്ടാക്കിയെടുക്കുന്നത്. സെഗ്മെന്റിലെ രാജാവായ ടൊയോട്ട തന്റെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിക്കുന്ന കാഴ്ച്ചയാണ് 2022 സെപ്റ്റംബർ മാസത്തിലും കാണാനായത്.

ഫുൾ-സൈസ് എസ്‌യുവി നിരയിൽ നിന്നും ഫോർഡ് എൻഡവർ കളമൊഴിഞ്ഞത് മറ്റ് വാഹനങ്ങൾക്ക് ഗുണകരമാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഈ അവസരം ടൊയോട്ടയ്ക്കാണ് ശരിക്കും ലോട്ടറിയായത്. 2021 സെപ്റ്റംബറിലെ 1,869 യൂണിറ്റ് വിൽപ്പനയിൽ നിന്നും ഇത്തവണ 2,935 യൂണിറ്റുകളായി ഉയർത്താൻ ഫോർച്യൂണറിനായി.

അതായത് വാർഷിക വിൽപ്പനയിൽ ടൊയോട്ട ഫോർച്യൂണർ 57 ശതമാനം വളർച്ചയാണ് കൈപ്പിടിയിലാക്കിയിരിക്കുന്നതെന്ന് സാരം. സെവൻ സീറ്റർ എസ്‌യുവി തീർച്ചയായും വർഷങ്ങളായി സെഗ്‌മെന്റിൽ ആധിപത്യം പുലർത്തിവരികയാണ്. ടൊയോട്ട ഫോർച്യൂണർ നിലവിൽ വിപുലമായ വേരിയന്റുകളിൽ വിറ്റഴിക്കപ്പെടുന്നതും വിൽപ്പന കൂടാൻ സഹായകരമായിട്ടുണ്ട്.

അടുത്തിടെ ടൊയോട്ട ഫോര്‍ച്യൂണറിന് വില വര്‍ധനവും കമ്പനി പ്രഖ്യാപിച്ചിരുന്നു. എസ്‌യുവിയുടെ 2.7 ലിറ്റര്‍ പെട്രോള്‍ പതിപ്പുകള്‍ക്ക് 19,000 രൂപയുടെ വില പരിഷ്ക്കാരം ലഭിച്ചപ്പോൾ ഫോര്‍ച്യൂണറിന്റെ 2-വീല്‍ ഡ്രൈവ് ഡീസല്‍ വകഭേദങ്ങള്‍ക്കും മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് സമാനമായ 19,000 രൂപയുടെ തന്നെ വർധനവാണ് കമ്പനി നടപ്പിലാക്കിയത്.

അതേസമയം 4×4 ഡീസല്‍ വേരിയന്റുകളുടെ മാനുവല്‍, ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് 39,000 രൂപയുടെ വർധനവും നടപ്പിലാക്കിയിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ ടൊയോട്ട ഫോർച്യൂണറിന് 32.58 ലക്ഷം രൂപ മുതൽ 50.33 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില വരുന്നത്.

പുതിയ തലമുറ ഫോർച്യൂണർ നിലവിൽ അന്താരാഷ്ട്ര വിപണിയിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത വർഷം ആദ്യം ഇത് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നിരവധി പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിനൊപ്പം ഒരു പുതിയ ഹൈബ്രിഡ് എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കും.

അടുത്തിടെ പുറത്തിറക്കിയ ജീപ്പ് മെറിഡിയൻ മൊത്തം 507 യൂണിറ്റ് വിൽപ്പനയുമായി 2022 സെപ്റ്റംബറിൽ ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിൽ രണ്ടാമതെത്തി. കോമ്പസിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് 7 സീറ്റർ മോഡലായ മെറിഡിയനും നിർമിച്ചിരിക്കുന്നത്.

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഫുൾ സൈസ് എസ്‌യുവികളിൽ മൂന്നാമനാണ് എംജി ഗ്ലോസ്റ്റർ. പോയ വർഷം സെപ്റ്റംബറിൽ നിരത്തിലെത്തിച്ച 292 യൂണിറ്റുകളെ അപേക്ഷിച്ച് 311 യൂണിറ്റുകൾ വിൽക്കാൻ ചൈനീസ് ബ്രാൻഡിനായി.

അതായത് ഗ്ലോസ്റ്ററിന്റെ വാർഷിക വിൽപ്പനയിൽ എംജി മോട്ടോർസിന് ഏഴ് ശതമാനം വളർച്ചയുണ്ടായെന്ന് സാരം. ഫോക്‌സ്‌വാഗൺ ടിഗുവാൻ 123 യൂണിറ്റ് വിൽപ്പനയുമായി നാലാം സ്ഥാനത്തെത്തിയപ്പോൾ അതിന്റെ റീബാഡ്‌ജ് വാഹനമായ സ്‌കോഡ കൊഡിയാക് 71 യൂണിറ്റ് ആഭ്യന്തര വിൽപ്പനയുമായി അഞ്ചാം സ്ഥാനത്തും എത്തി.

2021 സെപ്റ്റംബറിൽ 51 യൂണിറ്റുകളിൽ നിന്ന് 64 യൂണിറ്റുകളുമായി മഹീന്ദ്ര ആൾട്യൂറാസ് G4 എസ്‌യുവിയാണ് സെഗ്മെന്റിലെ വിൽപ്പനയുടെ കാര്യത്തിൽ ആറാം സ്ഥാനത്ത്. ഇത് വാർഷിക വിൽപ്പനയിൽ 25 ശതമാനം വർധനവിന് കാരണമായി.

സിട്രൺ C5 എയർക്രോസിന് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റഴിച്ച 72 യൂണിറ്റുകളിൽ നിന്ന് 32 യൂണിറ്റുകൾ മാത്രമേ ഇത്തവണ വിപണനം ചെയ്യാൻ സാധിച്ചുള്ളൂ. 56 ശതമാനം വിൽപ്പന ഇടിവും ഫ്രഞ്ച് വാഹന നിർമാതാക്കൾക്കുണ്ടായി. അടുത്തിടെ എസ്‌യുവിക്ക് ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ എത്തിയെങ്കിലും അതൊന്നും വിൽപ്പനയെ സഹായിച്ചില്ലെന്നു വേണം പറയാൻ.


Click it and Unblock the Notifications