Innova Crysta പെട്രോൾ ലിമിറ്റഡ് എഡിഷനുമായി Toyota; വില 17.45 ലക്ഷം മുതൽ
ഇന്നോവ ക്രിസ്റ്റയുടെ പുതിയ ലിമിറ്റഡ് എഡിഷൻ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. എംപിവിയുടെ GX പെട്രോൾ വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് പുത്തൻ പതിപ്പിനെയും കമ്പനി വിൽപ്പനയ്ക്ക് ഒരുക്കിയെടുത്തിരിക്കുന്നത്.

ഡീലർ വൃത്തങ്ങൾ പറയുന്നതനുസരിച്ച് ഇന്നോവ ക്രിസ്റ്റയുടെ പുതിയ ലിമിറ്റഡ് എഡിഷൻ മോഡലിന്റെ മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ വേരിയന്റിന് 17.45 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം ഇതിന്റെ ഓട്ടോമാറ്റിക് പതിപ്പിനായി 19.02 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

ലിമിറ്റഡ് എഡിഷൻ പാക്കേജിന്റെ ഭാഗമായി ഡീലർ തലത്തിൽ അധിക ചെലവില്ലാതെ ഇൻസ്റ്റാൾ ചെയ്ത അധിക ആക്‌സസറികളും ഇന്നോവ ക്രിസ്റ്റ GX വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഇതിൽ ശ്രദ്ധേയമായ മറ്റ് കാര്യങ്ങൾ.

ഇന്നോവ ക്രിസ്റ്റ പെട്രോളിന്റെ വിൽപ്പന വർധിപ്പിക്കുന്നതിന് നേരത്തെ അധിക വിലയിൽ ലഭ്യമായിരുന്ന ഒരുപിടി ഡീലർ-ഇൻസ്റ്റാൾഡ് ആക്‌സസറികൾ ഇപ്പോൾ മിഡ്-സ്പെക്ക് ഇന്നോവ ക്രിസ്റ്റ GX വാങ്ങുമ്പോൾ സൗജന്യമായി വാഗ്ദാനം ചെയ്യുകയാണ് ചെയ്തിരിക്കുന്നത്.

ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഫോണുകൾക്കുള്ള വയർലെസ് ചാർജിംഗ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. ഡീലർമാർ പറയുന്നതനുസരിച്ച് ഈ മൂന്ന് ആക്‌സസറികൾക്കും ഏകദേശം 55,000 രൂപയാണ് വില. സൗജന്യ ആക്‌സസറികളുള്ള ഈ ലിമിറ്റഡ് എഡിഷൻ പാക്കേജ് ഒക്ടോബർ അവസാനം വരെയോ സ്റ്റോക്കുകൾ അവസാനിക്കുന്നതുവരെയോ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടാതെ, ഇന്നോവ ക്രിസ്റ്റ ഡീസലിനായുള്ള ബുക്കിംഗ് നിലവിൽ നിർത്തിവച്ചിരിക്കുന്നതിനാൽ കുറച്ച് ഉപഭോക്താക്കൾ അവരുടെ ബുക്കിംഗിൽ വ്യക്തതയ്ക്കായി കാത്തിരിക്കുകയാണ്. തങ്ങളുടെ വാഹനം ഇതിനകം അനുവദിച്ചിട്ടുള്ള ഉപഭോക്താക്കൾക്ക് ഡെലിവറി ലഭിക്കുമെന്ന് ടൊയോട്ട സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഇന്നോവ ക്രിസ്റ്റ ഡീസൽ ബുക്കിംഗുകളുടെ ഒരു പ്രധാന ഭാഗം ഇനിയും അലോട്ട്‌മെന്റ് ലഭിക്കാനുണ്ട്.

ഓഗസ്റ്റ് മുതൽ ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ വേരിയന്റ് ലഭ്യമാവില്ലെന്നാണ് അറിയാൻ കഴിയുന്നത്. നേരത്തെയുള്ള ഡെലിവറി സുഗമമാക്കുന്നതിന് അവരുടെ ബുക്കിംഗുകൾ പെട്രോൾ ഇന്നോവ ക്രിസ്റ്റയിലേക്ക് മാറ്റാനാണ് അവരോട് അഭ്യർഥിക്കുന്നത്.

ഇന്നോവ ക്രിസ്റ്റ പെട്രോളിനുള്ള കാത്തിരിപ്പ് കാലാവധി നിലവിൽ ഇൻവെന്ററി അനുസരിച്ച് മിക്ക സ്ഥലങ്ങളിലും ഏകദേശം 30 മുതൽ 45 ദിവസം വരെയാണ്. ഡീലർമാർക്കുള്ള ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ ഷിപ്പിംഗ് ടൊയോട്ട കിർലോസ്‌കർ മോട്ടോർ നിർത്തിയതായാണ് സൂചന.

ഡീസൽ ഇന്നോവയുടെ ബുക്കിംഗ് 2023 ജനുവരിയിൽ പുനരാരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതായത് വരാനിരിക്കുന്ന പുതുതലമുറ മോഡലിനൊപ്പം മാത്രമേ ഡീസൽ എഞ്ചിൻ നൽകാൻ ടൊയോട്ട താത്പര്യപ്പെടുന്നുള്ളൂവെന്ന് സാരം. എംപിവി സെഗ്മെന്റിലെ രാജാവായ ഇന്നോവ ക്രിസ്റ്റയുടെ പുതുതലമുറ മോഡലിന്റെ പ്രവർത്തനത്തിലാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട ഇപ്പോൾ.

അടുത്ത തലമുറ ഇന്നോവയ്ക്ക് അസംബ്ലി ലൈനും സപ്ലൈ ചെയിൻ ശൃംഖലയും ഒരുക്കുന്നതിനായാവും ഡീസൽ ഇന്നോവയുടെ ഉത്പ്പാദനം താത്ക്കാലികമായി ജാപ്പനീസ് ബ്രാൻഡ് നിർത്തിയേക്കുന്നതെന്നാണ് സൂചന. ഇന്നോവ ഡീസലിന്റെ ബുക്കിങ് നിർത്തിവെച്ചത് കൂടുതൽ സഹായിക്കാൻ പോകുന്നത് ജനപ്രീതി ടൊയോട്ട ഇന്നോവ പെട്രോൾ വേരിയന്റിനേക്കാളും പ്രീമിയം എസ്‌യുവിയായ ഫോർച്യൂണറിന്റെ ഡീസൽ മോഡലിനായിരിക്കും എന്നാണ് ടൊയോട്ടയുടെ വാദം.

ഇപ്പോൾ നിർത്തലാക്കിയ ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ വകഭേദങ്ങളിൽ ഉപയോഗിച്ചിരുന്നത് 150 bhp കരുത്തിൽ പരമാവധി 360 Nm torque വരെ വികസിപ്പിക്കുന്ന 2.4 ലിറ്റർ ഡീസൽ യൂണിറ്റായിരുന്നു. അതേസമയം എംപിവിയിലെ പെട്രോൾ എഞ്ചിൻ 2.7 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റാണ്. ഇത് 166 bhp പവറിൽ 245 Nm torque ഉത്പാദിപ്പിക്കാനും പ്രാപ്‌തമാണ്.

മൊത്തം 18 വേരിയന്റുകളിലായി വിപണിയിലെത്തിയിരുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് 16.52 ലക്ഷം മുതൽ 24.59 ലക്ഷം രൂപ വരെയാണ് വില. ഡീസൽ പടിയിറങ്ങിയതോടെ വിലയുടെ കാര്യത്തിൽ മാറ്റമുണ്ടായിട്ടുണ്ട്. മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ 2022 നവംബറിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്നോവ ഹൈക്രോസ് ടൊയോട്ട പുറത്തിറക്കുമെന്നതാണ് സന്തോഷകരമായ കാര്യം.

തുടർന്ന് 2023 ജനുവരിയോടെ ഈ പുതിയ എംപിവി വിൽപ്പനയ്‌ക്കെത്തുമെന്നും ഇന്നോവ ക്രിസ്റ്റയ്‌ക്കൊപ്പം വിൽക്കുമെന്നുമാണ് അഭ്യൂഹങ്ങൾ. മിക്കവാറും വിദേശ വിപണികളിൽ ഈ പുതുതലമുറ മോഡൽ "ഇന്നോവ സെനിക്‌സ്" എന്നായിരിക്കും അറിയപ്പെടുക. എന്നാൽ ഇന്ത്യയിൽ ഹൈക്രോസ് എന്ന പേരിലും വാഹനം വിപണിയിലെത്തും.

കൂടുതൽ ഭാരം കുറഞ്ഞതും നൂതനവുമായ മോണോകോക്ക് സജ്ജീകരണത്തിനായി ലാഡർ-ഫ്രെയിം ഷാസി ഒഴിവാക്കുന്ന ആദ്യത്തെ ഇന്നോവയാണ് പുതിയ ഇന്നോവ ഹൈക്രോസ് എന്നതാണ് പുതുതലമുറയിലേക്ക് ചേക്കേറുമ്പോൾ ഉണ്ടാവുന്ന ഏറ്റവും വലിയ മാറ്റം. ഇന്നോവ ക്രിസ്റ്റയിലും അതിന് മുമ്പുള്ള പതിപ്പിലും കാണുന്ന പിൻ-വീൽ ഡ്രൈവിന് പകരം ഫ്രണ്ട് വീൽ ഡ്രൈവ് സെറ്റപ്പിലേക്കും ഇന്നോവ മാറും.


Click it and Unblock the Notifications








