Crysta തിരിച്ചുവരും! പക്ഷേ ഹൈക്രോസിന്റെ വിൽപ്പനയെ ബാധിക്കില്ല; അതിന് Toyota പയറ്റുന്നത് ഈ തന്ത്രം

ഇന്നോവ ഹൈക്രോസ് എന്ന പുതുതലമുറ ആവർത്തനം കളത്തിലെത്തിയതോടെ ടൊയോട്ട ഇന്നോവ ക്രിസ്റ്റയെ ടൊയോട്ട ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്‌ത വാർത്തകളായിരുന്നു കഴിഞ്ഞ ദിവസമെല്ലാം ഇന്റർനെറ്റിൽ നിറഞ്ഞുനിന്നിരുന്നത്. ചില മാറ്റങ്ങളുമായി വണ്ടിയെ തിരികെ കൊണ്ടുവരാനാണ് ഈ നീക്കമെന്നാണ് ജീപ്പനീസ് വാഹന നിർമാതാക്കളുടെ വശം.

കാരണം ഡീസൽ ക്രിസ്റ്റയിലൂടെ നിലവിലുള്ള സ്വീകാര്യത നിലനിർത്താൻ ടൊയോട്ട ആഗ്രഹിക്കുന്നുവെന്ന് വ്യക്തം. എന്നാൽ ഇവിടെയാണ് ചെറിയ ട്രിക്ക് ടൊയോട്ട ഉപയോഗിക്കുന്നത്. ഇന്നോവ ഹൈക്രോസിനെ തഴയാതിരിക്കാൻ ക്രിസ്റ്റയുടെ ടോപ്പ് വേരിയന്റുകൾ കമ്പനി പൂർണമായും ഒഴിവാക്കും. പകരം മിനുങ്ങിയെത്തുന്ന ഇന്നോവ ക്രിസ്റ്റയുടെ ലോവർ വേരിയന്റുകൾ മാത്രമാവും ബ്രാൻഡ് പുനരവതരിപ്പിക്കുകയെന്ന് സാരം. ഉയർന്ന വേരിയന്റ് നിർത്തലാക്കുന്നതോടെ കൂടുതൽ ഫീച്ചറുകൾ ആവശ്യമുള്ള ഉപഭോക്താക്കൾ പുത്തൻ ഹൈക്രോസ് മോഡലിലേക്ക് നീങ്ങും.

Crysta തിരിച്ചുവരും! പക്ഷേ ഹൈക്രോസിന്റെ വിൽപ്പനയെ ബാധിക്കില്ല; അതിന് Toyyota പയറ്റുന്നത് ഈ തന്ത്രം

പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇന്നോവ ക്രിസ്റ്റ വീണ്ടും എത്തുമ്പോൾ പ്രൈവറ്റ്, ഫ്ലീറ്റ് ഉപഭോക്താക്കൾക്കായി G, G പ്ലസ്, GX എന്നീ സാധ്യതയുള്ള താഴ്ന്ന വേരിയന്റുകളായിരിക്കും ഈ മൾട്ടി പർപ്പസ് വാഹനം വാഗ്‌ദാനം ചെയ്യുക. ടോപ്പ് എൻഡ് VX, ZX ഗ്രേഡുകളാണ് ടൊയോട്ട നിർത്തലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ, ഭാവിയിൽ, ക്രിസ്റ്റ ഒരു ഡീസൽ എഞ്ചിൻ ഓപ്ഷൻ മാത്രമുള്ള മോഡലായി തുടരുകയും പെട്രോൾ വകഭേദങ്ങൾ ഒഴിവാക്കപ്പെടുകയും ചെയ്യും.

വെബ്സൈറ്റിൽ നിന്നും ഡീലിസ്‌റ്റുചെയ്യുന്നതിന് മുമ്പ് എം‌പി‌വിക്ക് രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് ഉണ്ടായിരുന്നത്. അതിൽ 2.7 ലിറ്റർ പെട്രോൾ എഞ്ചിന് 166 bhp കരുത്തിൽ പരമാവധി 245 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഇന്നോവ ക്രിസ്റ്റയിലെ 2.4 ലിറ്റർ ഡീസൽ ഓപ്ഷന് 150 bhp പവറിൽ 360 Nm torque വരെയും നൽകാൻ കഴിയും. ഉപഭോക്തൃ തെരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കി അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ആണ് ഗിയർബോക്‌സിലാണ് ടൊയോട്ട വാഹനത്തെ വിപണിയിൽ എത്തിച്ചിരുന്നത്.

പുതുതലമുറ ഇന്നോവ ഹൈക്രോസിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് മാത്രമാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ നൽകിയിരിക്കുന്നത് എന്നതിനാൽ മാനുവൽ പ്രേമികൾക്ക് അതൊരു കനത്ത നഷ്‌ടമാവും. എങ്കിലും അത്തരക്കാർക്ക് വീണ്ടും ക്രിസ്റ്റയിലേക്ക് നീങ്ങാനുള്ള അവസരമാണ് ടൊയോട്ട ഒരുക്കുന്നത്. ഇപ്പോൾ നിർത്തലാക്കാൻ തീരുമാനിച്ചിരിക്കുന്ന ക്രിസ്റ്റയുടെ ടോപ്പ് എൻഡ് വേരിയന്റുകൾ തരക്കേടില്ലാത്ത ഫീച്ചറുകളാൽ സമ്പന്നവുമായിരുന്നു. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ സപ്പോർട്ട് ചെയ്യുന്ന എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഈ പതിപ്പുകളിൽ ലഭ്യമായിരുന്നു.

ഇതിനു പുറമെ ക്രൂയിസ് കൺട്രോൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ടോടു കൂടിയ കീലെസ് എൻട്രി എന്നിവയും ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ VX, ZX വേരിയന്റുകളിൽ ലഭ്യമായിരുന്നു. ഇനി സുരക്ഷാ സവിശേഷതകളിലേക്ക് നോക്കിയാൽ ഏഴ് എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ (VSC), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയും കമ്പനി അണിനിരത്തിയിരുന്നു.

വിപണിയിൽ നിന്നും പിൻവലിക്കുന്നതിനു മുമ്പ് ഇന്നോവ ക്രിസ്റ്റയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില 18.09 ലക്ഷം മുതൽ 23.83 ലക്ഷം രൂപ വരെ ആയിരുന്നു. എന്നാൽ ചെറിയ മാറ്റങ്ങളോടെ വീണ്ടും വരുമ്പോൾ ഈ വിലയിൽ ചെറിയ വർധനവുണ്ടായേക്കുമെന്നാണ് നിഗമനം. ടൊയോട്ടയുടെ ശ്രേണിയിൽ താങ്ങാനാവുന്ന ഒരു ബദലായി ഇത് പുതിയ ഇന്നോവ ഹൈക്രോസിനൊപ്പം വിൽക്കും. കൂടാതെ കിയ കാരെൻസ്, മഹീന്ദ്ര മറാസോ, മാരുതി സുസുക്കി XL6 തുടങ്ങിയ മൾട്ടി പർപ്പസ് വാഹനങ്ങളോടെയാക്കും സെഗ്മെന്റിൽ ക്രിസ്റ്റയുടെ പ്രധാന മത്സരം.

2023 ഫെബ്രുവരി മുതൽ ഇന്നോവ ക്രിസ്റ്റ ഡീസൽ ഉൽപ്പാദനം ടൊയോട്ട ആരംഭിക്കുമെന്ന് ഒരു പുതിയ മാധ്യമ റിപ്പോർട്ട് അവകാശപ്പെടുന്നത്. എംപിവിയുടെ ഏകദേശം 2,000 മുതൽ 2,500 യൂണിറ്റുകൾ വരെ പ്രതിവർഷം നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന ഇന്ത്യൻ റിയൽ ഡ്രൈവ് എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ടൊയോട്ടയ്ക്ക് ഡീസൽ എഞ്ചിൻ നവീകരിക്കേണ്ടി വരും. ഫോർച്യൂണറും ഇന്നോവ ക്രിസ്റ്റയും ഡീസൽ എഞ്ചിൻ ഓപ്ഷനിൽ തുടർന്നും ലഭിക്കും. എംപിവി സെഗ്‌മെന്റിൽ 50 ശതമാനത്തിലധികം വിൽപ്പനയും ഡീസലിന്റേതാണ്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota innova crysta will come back soon without top variants to protect new hycross
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X