അകത്തിരുന്ന് ആകാശക്കാഴ്ച്ചയും കാണാം, പുത്തൻ Innova Hycross എത്തുന്നത് കൂറ്റൻ പനോരമിക് സൺറൂഫുമായി
ഈ വർഷം വരാനിരിക്കുന്നതിൽ വെച്ചുള്ള ഏറ്റവും വലിയ അവതരണങ്ങളിൽ ഒന്നായിരിക്കും പുതുപുത്തൻ ടൊയോട്ട ഇന്നോവ ഹൈക്രോസിന്റേത്. നവംബർ 21-ന് ഇന്തോനേഷ്യയിൽ 'സെനിക്സ്' എന്ന പേരിൽ അരങ്ങേറ്റം കുറിക്കുന്ന പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് നവംബർ 25-ന് ഇന്ത്യയിലും പ്രദർശിപ്പിക്കും.
പിന്നീട് ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ് ചെയ്‌ത പതിപ്പ് മാരുതി സുസുക്കി അവതരിപ്പിക്കുമെന്ന വാർത്തകളും പുറത്തുവരുന്നത് വാഹന പ്രേമികളെ സംബന്ധിച്ചിടത്തോളം രസകരമായ കാര്യം തന്നെയാവും. പുതിയ ഇന്നോവ ഹൈക്രോസ് രൂപത്തിലും ഭാവത്തിലും എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ചുള്ള ഏകദേശ ധാരണ ഇതിനോടകം ഏവർക്കും ലഭിച്ചിട്ടുണ്ട്.

ഇപ്പോഴിതാ അവതരണത്തിന് മുന്നോടിയായി വരാനിരിക്കുന്ന ഇന്നോവ ഹൈക്രോസിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പങ്കിടുകയാണ് ടൊയോട്ട. പുതിയ പ്ലാറ്റ്‌ഫോമും പുതിയ എഞ്ചിൻ ഓപ്ഷനും ഉൾപ്പെടെയുള്ള ഒരു പ്രധാന നവീകരണമാണ് എംപിവിക്ക് ലഭിക്കുക. അതോടൊപ്പം തന്നെ പനോരമിക് സൺറൂഫും വാഹനത്തിലേക്ക് എത്തുമെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതിന്റെ ടീസർ ചിത്രവും കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്.
സൺറൂഫ് പാനലുകളോട് ചേർന്നുള്ള ആംബിയന്റ് ലൈറ്റിംഗ് പോലുള്ള മറ്റ് വിശദാംശങ്ങളും പുതിയ ടീസർ ചിത്രത്തിൽ നിന്നും വ്യക്തമാണ്. പുതിയ ഇന്നോവ ഹൈക്രോസിന് മാനുവൽ IRVM, സൺറൂഫ് പാനലുകൾക്ക് സമാന്തരമായി പിൻ എസി വെന്റുകൾ, രണ്ടാം നിര യാത്രക്കാർക്കായി പ്രത്യേക സ്ക്രീനുകൾ എന്നിവയും ലഭിക്കും. എംപിയിൽ ഒരു ഡാഷ്‌ക്യാമും ടൊയോട്ട വാഗ്ദാനം ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇത് മിക്കവാറും ടോപ്പ് എൻഡ് വേരിയന്റുകളോടൊപ്പം മാത്രമായിരിക്കും ലഭിക്കുക.

ടൊയോട്ട ഇന്നോവ ഹൈക്രോസിന് പുനർരൂപകൽപ്പന ചെയ്ത മൾട്ടി-ലേയേർഡ് ഡാഷ്‌ബോർഡ്, വലിയ ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ, പ്രമുഖ സെന്റർ കൺസോൾ എന്നിവ ഉണ്ടായിരിക്കും. ഇൻസ്ട്രുമെന്റ് കൺസോൾ, സ്റ്റിയറിംഗ് വീൽ തുടങ്ങിയ ചില ഉപകരണങ്ങൾ ടൊയോട്ട വോക്സി എംപിവിയിൽ നിന്ന് കടമെടുത്തതാണെന്നാണ് വിവരം. ഈ വർഷമാദ്യം ലോഞ്ച് ചെയ്‌ത പുതുതലമുറ വോക്‌സിയും കിടിലൻ ഫീച്ചറുകളുമായാണ് നിരത്തിലെത്തുന്നത്.
ഇന്നോവ ഹൈക്രോസിനായി ഒരു ഡ്യുവൽ-ടോൺ ഇന്റീരിയർ നിറമായിരിക്കാം ടൊയോട്ട ഉപയോഗിക്കുക. അടുത്തിടെ പുറത്തിറക്കിയ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന് സമാനമായ ഒന്നായിരിക്കാം ഇത്. പ്രീമിയം രൂപത്തിനും ഭാവത്തിനും വേണ്ടി ഡാഷ്‌ബോർഡിലും എയർകോൺ വെന്റുകളിലും സിൽവർ ആക്‌സന്റുകൾ ഇടംപിടിക്കും. ഡാഷ്‌ബോർഡിൽ ഘടിപ്പിച്ച ഗിയർ ലിവർ കൺസോൾ, ഒട്ടോമൻ ഫംഗ്‌ഷനോടുകൂടിയ മധ്യനിര ക്യാപ്റ്റൻ സീറ്റുകൾ, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജിംഗ് എന്നിവയാണ് എംപിവിയിലെ മറ്റ് പ്രധാന സവിശേഷതകൾ.

ഇന്നോവ ഹൈക്രോസ് മിക്ക ഭാഗങ്ങളിലും അതിന്റെ മുൻഗാമിയായ ഇന്നോവ ക്രിസ്റ്റയുടെ അടിസ്ഥാന രൂപഘടന നിലനിർത്തുന്നുണ്ട്. എന്നിരുന്നാലും ഇതിന് കൂടുതൽ പ്രീമിയവും ആകർഷകവുമായ ഒരു പുതുക്കിയ മുൻവശമായിരിക്കും ലഭിക്കുക. എൽഇഡി ഡിആർഎല്ലുകൾ ഫ്രണ്ട് ഗ്രില്ലിന് താഴെയായി ഫോഗ് ലാമ്പ് ഹൗസിന്റെ അടുത്തായാണ് സ്ഥാപിച്ചിരിക്കുന്നത്. എംപിവിയുടെ റോഡ് സാന്നിധ്യം വർധിപ്പിക്കുന്നതിന് ബോണറ്റിന് ആഴത്തിലുള്ള ഗ്രോവുകളും കമ്പനി സമ്മാനിച്ചിരിക്കുന്നു.
നിലവിലുള്ള ഇന്നോവ ക്രിസ്റ്റയിൽ ലഭ്യമായ പവർട്രെയിൻ ഓപ്ഷനുകൾ ഇനി ഇന്നോവ ഹൈക്രോസിനൊപ്പം ലഭ്യമാകില്ലെന്നാണ് കമ്പനി പറയാതെ പറയുന്നത്. ഇന്നോവ ക്രിസ്റ്റയ്ക്ക് 2.4 ലിറ്റർ ഡീസൽ, 2.7 ലിറ്റർ പെട്രോൾ എഞ്ചിനുമാണ് ഉള്ളത്. ക്രിസ്റ്റ ഡീസൽ വേരിയന്റുകളുടെ ബുക്കിംഗ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഇന്നോവ ഹൈക്രോസിന് ഡീസൽ ഓപ്ഷൻ ലഭിച്ചേക്കില്ല എന്ന ശക്തമായ സൂചനയാണ് ഇത് നൽകുന്നത്.
പകരം, ഇന്നോവ ഹൈക്രോസിന് പുതിയ 2.0 ലിറ്റർ എഞ്ചിൻ നൽകാം. ഈ ഓപ്ഷനുകളിൽ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും സ്ട്രോംഗ് ഹൈബ്രിഡ് സജ്ജീകരണവും ഉൾപ്പെടും. ഇന്നോവ ഹൈക്രോസിന്റെ മറ്റ് പ്രധാന അപ്‌ഡേറ്റുകളിൽ ലാഡർ ഫ്രെയിമിന് പകരം മോണോകോക്ക് ഷാസിസും റിയർ വീൽ ഡ്രൈവിന് പകരം ഫ്രണ്ട് വീൽ ഡ്രൈവുമായിരിക്കും ഉൾപ്പെടുക. ഇന്നോവ എല്ലായ്പ്പോഴും അതിന്റെ ശക്തവും പരുക്കൻ പെർഫോമൻസിനും പേരുകേട്ടതാണ് എന്നതിനാൽ പുതിയ തലമുറ പതിപ്പ് അതിനോട് എങ്ങനെ പൊരുത്തപ്പെടുമെന്ന് കണ്ടറിയണം.


Click it and Unblock the Notifications