മുറ്റങ്ങളിലേക്ക് പുതിയൊരുവൻ! ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിൻ ഘടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ കാറുമായി Toyota
ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിൻ ഘടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ കാറിനെ അവതരിപ്പിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഹൈബ്രിഡ് പവർട്രെയിനോടുകൂടിയ ടൊയോട്ട കൊറോള ആൾട്ടിസ് സെഡാനാണ് പുതിയ ഉദ്ദേശവുമായി വിപണിയിൽ എത്തിയിരിക്കുന്നത്.

ആഗോള വിപണിയിൽ നിന്നുള്ള പുതിയ കൊറോളയെ അടിസ്ഥാനമാക്കിയാണ് ടൊയോട്ട സെൽഫ് ചാർജിംഗ് സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 1.8 ലിറ്റർ ഫ്ലെക്സ് ഫ്യൂവൽ എഞ്ചിനുള്ള പുതിയ കൊറോള ആൾട്ടിസ് എത്തിയിരിക്കുന്നത്.

മലിനീകരണവും വിലകൂടിയ എണ്ണ ഇറക്കുമതിയും കുറയ്ക്കുന്നതിന് വാഹനങ്ങൾക്ക് ബദൽ ഇന്ധന വാഹനങ്ങൾ കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫ്ലക്‌സ് ഫ്യുവൽ എഞ്ചിനുമായി ടൊയോട്ട കൊറോള ആൾട്ടിസിന്റെ വരവ്.

ഇന്ത്യയിൽ ഫ്ലെക്‌സ്-ഫ്യുവൽ സ്ട്രോങ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പൈലറ്റ് പദ്ധതിയുടെ ഭാഗംകൂടിയാണ് ഈ അവതരണം. ബദൽ ഇന്ധനവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളുടെ ഭാഗമായി ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുമായി കേന്ദ്രം കൈകോർക്കുന്നത് ഇത് രണ്ടാംതവണയാണ്.

നേരത്തെ ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ വാഹനമായ മിറായി പ്രദർശിപ്പിച്ച് ടൊയോട്ടയുടെ മറ്റൊരു പരീക്ഷണ പദ്ധതിക്കും മന്ത്രി ഗഡ്കരി തുടക്കമിട്ടിരുന്നു. മുകളിൽ സൂചിപ്പിച്ചതുപോലെ തന്നെ പെട്രോൾ, എഥനോൾ, ഇലക്ട്രിക് പവർട്രെയിൻ എന്നിവയുമായി പൊരുത്തപ്പെടുന്ന ഫ്ലെക്സ് ഫ്യുവൽ എഞ്ചിനിലാണ് കൊറോള ആൾട്ടിസ് വരുന്നത്.

1.8 ലിറ്റർ എഥനോൾ റെഡി പെട്രോൾ-ഹൈബ്രിഡ് എഞ്ചിനാണ് ഇതിന്റെ ഹൃദയം. 20 ശതമാനത്തിനും 100 ശതമാനത്തിനും ഇടയിൽ എഥനോൾ മിശ്രിതമുള്ള ഇന്ധനത്തിൽ പ്രവർത്തിക്കാൻ കാറിന് കഴിയുമെന്ന് സാരം. ഫ്ലെക്‌സ് എഞ്ചിന് 75.3 kW പവറിൽ പരമാവധി 142 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും.

കാറിൽ 1.3 kWh ഹൈബ്രിഡ് ബാറ്ററി പായ്ക്കും കമ്പനി സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഇലക്ട്രിക് മോട്ടോർ 53.7 kW പവർ ഔട്ട്പുട്ടും 162.8 Nm torque ഉം വരെ വാഗ്ദാനം ചെയ്യുന്നുമുണ്ട്. സിവിടി ഹൈബ്രിഡ് ട്രാൻസാക്‌സിൽ ട്രാൻസ്മിഷൻ സിസ്റ്റവുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

2020-ൽ ടൊയോട്ട കൊറോള ആൾട്ടിസിന്റെ മുൻ തലമുറ മോഡലിനെ ഇന്ത്യയിൽ നിന്നും നിർത്തലാക്കിയിരുന്നു. അതിനു ശേഷം രണ്ട് വർഷങ്ങൾക്കിപ്പുറമാണ് ഐതിഹാസി മോഡൽ ഇപ്പോൾ തിരികെയെത്തിയിരിക്കുന്നത്.

പുതിയ കൊറോള ആൾട്ടിസിന്റെ സ്റ്റൈലിംഗ് ടൊയോട്ടയുടെ ഏറ്റവും പുതിയ ഡിസൈൻ ഭാഷയ്ക്ക് അനുസൃതമാണ്. ട്വിൻ ജെ-ആകൃതിയിലുള്ള ഡിആർഎല്ലുകളോട് കൂടിയ മെലിഞ്ഞ ഹെഡ്‌ലാമ്പുകളാണ് ഗ്രില്ലിന് ചുറ്റുമായി കാണാനാവുന്നത്. ബമ്പറിന് താഴെയായി ഒരു പ്രമുഖ സെൻട്രൽ എയർ വെന്റും ഇടംപിടിച്ചിരിക്കുന്നു. എൽഇഡി ടെയിൽ ലാമ്പുകൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു കട്ടിയുള്ള ക്രോം ബാൻഡാണ് പിൻഭാഗത്തിന്റെ അഴക് വർധിപ്പിക്കുന്നത്.

ഒരു തരം ഇന്ധനത്തിൽ മാത്രം ഓടുന്നതിനുപകരം, ഫ്ലെക്‌സ് ഫ്യുവൽ വാഹനം പെട്രോളിലും 83 ശതമാനം വരെ എഥനോൾ കലർന്ന ഇന്ധനത്തിലും പ്രവർത്തിക്കുമെന്ന് ഇന്ത്യയിലെ ആദ്യത്തെ ഫ്ലെക്‌സ്-ഫ്യുവൽ കാർ അവതരിപ്പിച്ചുകൊണ്ട് നിതിൻ ഗഡ്കരി പറഞ്ഞു.

ഫ്ലെക്സ് ഫ്യുവൽ എഞ്ചിനുകളാൽ പ്രവർത്തിക്കുന്ന ഒരു വാഹനം അവതരിപ്പിക്കുന്ന ആദ്യത്തെ വാഹന നിർമാതാക്കളല്ല ടൊയോട്ട. നേരത്തെ ടിവിഎസ്, ബജാജ്, ഹീറോ മോട്ടോകോർപ് തുടങ്ങിയ ഇരുചക്ര വാഹന നിർമാതാക്കളും എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുമായി വിപണിയിലെത്താൻ തയാറായി കഴിഞ്ഞെന്നും മന്ത്രി ചടങ്ങിൽ പറഞ്ഞു.


Click it and Unblock the Notifications








