എസ്‌യുവി സെറ്റപ്പുള്ള സെഡാൻ; പുത്തൻ Crown Hybrid അവതരിപ്പിച്ച് Toyota
ടൊയോട്ട ക്രൗൺ അമേരിക്കക്കാർക്ക് അപരിചിതമല്ലെങ്കിലും അമേരിക്കക്കാർക്ക് അപരിചിതമാണീ കാർ. മനസിലായില്ലേ? അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത ആദ്യത്തെ ജാപ്പനീസ് കാറായ ടൊയോപെറ്റ് ക്രൗൺ മിക്ക അമേരിക്കക്കാരും ഓർക്കുന്നില്ല എന്നതിനാലാണ് ഇങ്ങനെ വിശേഷിപ്പിച്ചത്.

1958-ലാണ് ആദ്യത്തെ ജാപ്പനീസ് കാർ അമേരിക്കൻ നിരത്തുകളിൽ എത്തുന്നത്. ദേ ഇപ്പോൾ കമ്പനിയുടെ ഏറ്റവും പഴയ പാസഞ്ചർ വാഹനമായ ക്രൗൺ ഇപ്പോൾ പതിനാറാം തലമുറയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ടൊയോട്ടയുടെ നാലാം തലമുറ ഹൈബ്രിഡ് സിസ്റ്റമായ ഹൈബ്രിഡ് മാക്‌സ് നൽകുന്ന ആദ്യ സെഡാൻ കൂടിയാണ് ക്രൗൺ.

16-ാം തലമുറ 2023 ടൊയോട്ട ക്രൗണിനെ അതിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായ അമേരിക്കയിലേക്കാണ് ജാപ്പനീസ് ബ്രാൻഡ് ആദ്യം കൊണ്ടുവരുന്നത്. എന്നാൽ നിലവിലെ എസ്‌യുവി ഭ്രമം കാരണം ടൊയോട്ട ഒരു ട്വിസ്റ്റോടെയാണ് മോഡലിനെ കൊണ്ടുവരുന്നതെന്നു വേണം പറയാൻ.

അതായത് ടൊയോട്ട ക്രൗൺ അതിന്റെ പതിനഞ്ചാം തലമുറ വരെ പരമ്പരാഗതമായി ഒരു സെഡാൻ ആണ്. എന്നാൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന മോഡലുകളിലൊന്ന് ഒരു എസ്‌യുവിയും സെഡാനും തമ്മിലുള്ള ക്രോസ്ഓവർ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത് എന്നുവേണം പറയാൻ. വാഹനത്തിന് കൂപ്പെ സെഡാൻ ആകൃതിയുണ്ടെങ്കിലും ഉയർത്തിയ ഗ്രൗണ്ട് ക്ലിയറൻസുണ്ടെന്നതാണ് മറ്റൊരു പ്രത്യേകതയും.

ക്രൗൺ ക്രോസ്ഓവർ, ക്രൗൺ സ്‌പോർട്ട് (എസ്‌യുവി), ക്രൗൺ എസ്റ്റേറ്റ്, ക്രൗൺ സെഡാൻ എന്നിങ്ങനെ നാല് വ്യത്യസ്ത തരങ്ങളിൽ ആദ്യമായി ക്രൗൺ ലഭ്യമാകും. ക്രോസ്ഓവർ ആണ് ഔദ്യോഗികമായി ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ നിർമാണം അടുത്ത വർഷം ആദ്യം ആരംഭിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്.

ടൊയോട്ട ന്യൂ ഗ്ലോബൽ ആർക്കിടെക്ച്ചർ കെ (TNGA-K) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ക്രൗൺ. ഇത് ജാപ്പനീസ് ബ്രാൻഡിന്റെ ചില സെഡാനുകൾക്കും ക്രോസ്ഓവറുകളിലും കാണുന്ന അതേ പ്ലാറ്റ്ഫോം തന്നെയാണ്. ഇന്ത്യയിൽ ലഭ്യമായ കാമ്രി ഹൈബ്രിഡുമായി താരതമ്യം ചെയ്‌താൽ ക്രൗണിന്റെ യഥാർഥ വലിപ്പം മനസിലാക്കാൻ സാധിച്ചേക്കും.

ടൊയോട്ട ക്രൗണിന് 4,927 മില്ലീമീറ്റർ നീളവും 1,526 മില്ലീമീറ്റർ ഉയരവുമുണ്ട്. ഇത് കാമ്രിയെക്കാൾ 42 മില്ലീമീറ്റർ നീളവും 71 മില്ലീമീറ്റർ ഉയരവുമാണ് അധികമായുള്ളത്. അതേസമയം 2,849 മില്ലീമീറ്റർ വീൽബേസുള്ള ക്രൗണിന് ഇന്ത്യയിലെ ഹൈബ്രിഡ് സെഡാനേക്കാൾ 24 മില്ലീമീറ്റർ അധിക നീളമുണ്ട്.

രണ്ട് ഹൈബ്രിഡ് വകഭേദങ്ങളിൽ ക്രൗൺ ലഭ്യമാകും. ഹൈബ്രിഡ് മാക്‌സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഏറ്റവും ഉയർന്ന മോഡലിന് 335 bhp കരുത്തുള്ള 2.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണുള്ളത്. മുൻവശത്തെ ഇലക്ട്രിക് മോട്ടോർ വാഹനത്തിന്റെ ടോർക്ക് പുറത്തെടുക്കുന്നത്. അതേസമയം പിൻ വീൽ ആക്‌സിലിലെ വാട്ടർ-കൂൾഡ് ഇലക്ട്രിക് മോട്ടോർ നേരിട്ട് നാല് വീലുകളിലേക്കും പവർ കൈമാറുകയും ചെയ്യുന്നു.

ഹൈബ്രിഡ് മാക്‌സ് വേരിയന്റ് നോർമൽ, ഇക്കോ, സ്‌പോർട്ട്, സ്‌പോർട്ട് പ്ലസ് എന്നിങ്ങനെ ഒന്നിലധികം ഡ്രൈവിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നുമുണ്ട്. മികച്ച റൈഡ് നിലവാരത്തിനായി പ്രത്യേകിച്ച് പിന്നിലെ യാത്രക്കാർക്ക് സിസ്റ്റം ക്രമീകരണങ്ങൾ വ്യക്തിഗതമായി അഡ്‌ജസ്റ്റ് ചെയ്യാൻ ഡ്രൈവർമാരെ പ്രാപ്തമാക്കുന്ന കംഫർട്ട് മോഡും കസ്റ്റം മോഡും ഉണ്ട്.

RAV4 ഹൈബ്രിഡിൽ കാണപ്പെടുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളുള്ള 2.5 ലിറ്റർ DOHC ഫോർ സിലിണ്ടർ എഞ്ചിനാണ് മറ്റൊരു ഹൈബ്രിഡ് സിസ്റ്റം. ഇത് ഒരു CVT ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ടൊയോട്ട ജോടിയാക്കിയിരിക്കുന്നത്. കൂടാതെ നോർമൽ, ഇക്കോ, സ്‌പോർട്ട് തുടങ്ങിയ തെരഞ്ഞെടുക്കാവുന്ന ഡ്രൈവിംഗ് മോഡുകളുമായാണ് ഇത് വരുന്നത്. രണ്ട് വേരിയന്റുകളും ഓൾ-വീൽ-ഡ്രൈവ് സംവിധാനത്തോടെയാണ് വിപണിയിൽ എത്തുക.

ഇന്റീരിയർ സുഖസൗകര്യങ്ങളുടെ കാര്യത്തിൽ ടൊയോട്ട ഒരു വിട്ടുവീഴ്ച്ചയും നൽകിയിട്ടില്ല. ഫ്ലാഗ്ഷിപ്പ് വാഹനത്തിൽ എട്ടു തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ, ഫ്രണ്ട് പാസഞ്ചർ സീറ്റുകൾ സ്റ്റാൻഡേർഡായാണ് വരുന്നത്. ഇതിന് ത്രീ-ലെവൽ ഫ്രണ്ട് ഹീറ്റഡ് സീറ്റുകളും ഉണ്ട്. കൂടാതെ വെന്റിലേറ്റഡ് ഫീച്ചറും ഇതിൽ കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ട്. 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 12.3 ഇഞ്ച് ഓൾ-ഡിജിറ്റൽ ഡ്രൈവർ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് ക്രൗൺ വരുന്നത് തന്നെ.

വയർലെസ് ഫോൺ ചാർജർ പോലെയുള്ള എല്ലാ അത്യാധുനിക സവിശേഷതകളും ഒന്നിലധികം ടൈപ്പ്-സി പോർട്ടുകളും ക്രൗണിലുണ്ട്. കൂടാതെ എൻട്രി ലെവൽ വേരിയന്റിൽ വരെ ആറ് സ്പീക്കർ സിസ്റ്റവുമുണ്ടെങ്കിലും ടോപ്പ് വേരിയന്റുകളിൽ എത്തുമ്പോൾ ഇത് 11 സ്പീക്കർ ജെബിഎൽ മ്യൂസിക് സിസ്റ്റവും 8-ചാനൽ ആംപ്ലിഫയറും നൽകുന്നു.

സ്റ്റാൻഡേർഡായി ടൊയോട്ട സേഫ്റ്റി സെൻസ് 3.0 (TSS 3.0) സഹിതമാണ് പുതിയ ക്രൗൺ വരുന്നത്. അതിൽ പെഡസ്ട്രിയൻ ഡിറ്റക്ഷനോടുകൂടിയ പ്രീ-കൊളീഷൻ സിസ്റ്റം, മെച്ചപ്പെട്ട ലെയ്ൻ റെക്കഗ്നിഷനോടുകൂടിയ ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ (DRCC), ഓട്ടോമാറ്റിക് ഹൈ ബീമുകൾ എന്നിവ ഉൾപ്പെടുന്നു.

അതുകൂടാതെ ബ്ലൈൻഡ് സ്‌പോട്ട് മോണിറ്റർ, റിയർ ക്രോസ് ട്രാഫിക് അലേർട്ട്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ എന്നിവയാണ് ടൊയോട്ട ടൊയോട്ട ക്രൗണിന്റെ മറ്റ് സവിശേഷതകൾ.


Click it and Unblock the Notifications








