ഇത് ടാറ്റയല്ല മോനേ... ഇവനാണ് ടൊയോട്ടയുടെ ഹാരിയർ, പുത്തൻ മാറ്റങ്ങളുമായി വിപണിയിൽ
ഹാരിയർ എസ്‌യുവി എന്നുകേൾക്കുമ്പോഴെ ഇന്ത്യക്കാരുടെ മനസിലേക്ക് ഓടിയെത്തുന്ന മോഡലാണ് ടാറ്റയുടെ കൊലകൊമ്പൻ ഹാരിയറിനെ. എന്നാൽ ടൊയോട്ടയ്ക്കും ഒരു ഹാരിയർ ഉണ്ട് അതും നമ്മുടെ ടാറ്റയ്ക്കുള്ളതു പോലെ.

യുഎസിൽ ടൊയോട്ട വെൻസ എന്ന പേരിൽ വിൽക്കുന്ന വാഹനത്തിന്റെ ജപ്പാനിലെ പേരാണ് ഹാരിയർ. മിഡ് സൈസ് ക്രോസ് ഓവർ എസ്‌യുവിയായ ഹാരിയറിനെ 1997-ലാണ് ടൊയോട്ട ശരിക്കും വിപണിലെത്തിക്കുന്നത്. അങ്ങനെ നോക്കിയാൽ ഒറിജിനൽ ഹാരിയർ ഇവൻ തന്നെയല്ലേ?

2013-ൽ മൂന്നാം തലമുറ മോഡൽ വില്പനക്കെത്തിച്ച ടൊയോട്ട പിന്നീടുള്ള ആറ് വർഷം വലിയ മാറ്റമില്ലാതെ തുടർന്നു. ഒടുക്കം വമ്പൻ മെയ്ക്ഓവറുമായി നാലാം തലമുറ ഹാരിയറിനെ ടൊയോട്ട അവതരിപ്പിച്ചതോടെയാണ് വാഹനം ആഗോളശ്രദ്ധ പിടിച്ചുപറ്റുന്നത്. ദേ ഇപ്പോൾ മലേഷ്യൻ വിപണിയിൽ ഈ സ്പോടർട്‌സ് യൂട്ടിലിറ്റി വാഹനത്തെ ഒന്നു പരിഷ്ക്കരിച്ച് വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ടൊയോട്ട.

ഈ അപ്‌ഡേറ്റിനൊപ്പം ടൊയോട്ട ഒരു പുതിയ ലക്ഷ്വറി SE വേരിയന്റും പുറത്തിറക്കിയിട്ടുണ്ട്. ഇതിനാവട്ടെ ഇന്ത്യയിൽ ഒരു ഫോർച്യൂണർ ലെജൻഡർ സ്വന്തമാക്കുന്നതിനേക്കാൾ കൂടുതൽ വില മുടക്കേണ്ടി വരുമെന്നതും ശ്രദ്ധേയമാണ്.

ടൊയോട്ട ഹാരിയറിന് 4,740 മില്ലീമീറ്റർ നീളവും 1,855 മില്ലീമീറ്റർ വീതിയും 1,660 മില്ലീമീറ്റർ ഉയരവും 2,690 മില്ലീമീറ്റർ നീളമുള്ള വീൽബേസും ഉണ്ട്. മോണോകോക്ക് നിർമാണം കാരണം എസ്‌യുവിക്ക് ഏകദേശം 1,610 കിലോഗ്രാം ഭാരമുണ്ടെന്നും കമ്പനി പറയുന്നു.

ബൈ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഹാൻഡ്‌സ്‌ഫ്രീ പവർഡ് ടെയിൽഗേറ്റ്, ഫ്രണ്ട് & റിയർ എൽഇഡി ഫോഗ് ലാമ്പുകൾ, പനോരമിക് മൂൺറൂഫ്, വയർലെസ് ആപ്പിൾ കാർപ്ലേ, വയർഡ് ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആറ് സ്പീക്കറുകൾ, ഇൻസ്ട്രുമെന്റേഷനായി 7 ഇഞ്ച് ടിഎഫ്‌ടി എന്നിവയാണ് വാഹനത്തിലെ പ്രധാന ഫീച്ചറുകൾ ഉൾപ്പെടുന്നു.

ഇതിനു പുറമെ പ്രീമിയം ഫീൽ ഉയർത്തുന്നതിനായി വയർലെസ് ചാർജിംഗ്, ഒരു HUD, ഒരു ബിൽറ്റ്-ഇൻ ഡാഷ്‌ക്യാം, ഡിജിറ്റൽ റിയർ വ്യൂ മിറർ, ഒരു പനോരമിക് വ്യൂ മോണിറ്റർ എന്നീ മറ്റ് ശ്രദ്ധേയമായ സവിശേഷതകളും ടൊയോട്ട ഹാരിയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓൺകമിംഗ് ട്രാഫിക്കുകൾ, കാൽനടയാത്രക്കാർ, സൈക്കിളുകൾ എന്നിവ കണ്ടെത്തുന്നതിന് പ്രീ-കൊലിഷൻ ബ്രേക്ക് ഡിറ്റക്ഷൻ (AEB) ഫീച്ചറും ജാപ്പനീസ് ബ്രാൻഡ് എസ്‌യുവിയിലേക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്. അത് മാത്രമല്ല, റോഡ് എഡ്ജ് ഡിറ്റക്ഷനോടൊപ്പം ലെയിൻ ഡിപ്പാർച്ചർ അലേർട്ടും ടൊയോട്ട നവീകരിച്ചു. ലെയ്ൻ മാർക്കറുകൾക്ക് മുകളിൽ പുല്ല് അല്ലെങ്കിൽ കർബ് എന്തെങ്കിലും ഉണ്ടെങ്കിൽ ഇത് മനസിലാക്കാൻ കഴിയും.

അവസാനമായി ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ സിസ്റ്റത്തിന് വേഗത ക്രമീകരിക്കാൻ കഴിയുമെന്നും കമ്പനി പറയുന്നു. ടൊയോട്ട ഹാരിയർ SE, SE വേരിയന്റുകൾക്ക് മാത്രമായി ഒരു പുതിയ റെഡ് മെറ്റാലിക് കളർ ഓപ്ഷൻ ലഭിക്കുന്നതും പുതിയ പരിഷ്ക്കാരങ്ങളിലെ ഹൈലൈറ്റാണ്.

ഇതുകൂടാതെ അകത്തളങ്ങളും മനോഹരമാക്കിയിട്ടുണ്ട്. അടിസ്ഥാന നിറം ഇപ്പോഴും കറുപ്പാണ്. എന്നിരുന്നാലും, സെന്റർ കൺസോൾ, ഡോർ പാഡുകൾ, മറ്റ് ചില ഘടകങ്ങൾ എന്നിവ ഇപ്പോൾ ബ്രൗൺ ഫിനിഷിംഗ് ലഭിക്കുന്നത് പ്രീമിയം ഫീൽ ഉയർത്താൻ സഹായിച്ചിട്ടുണ്ട്. ടൊയോട്ട ഇത് ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യത കുറവാണ്.

ഹാരിയർ അതേ M20A-FKS 2.0 ലിറ്റർ ഡൈനാമിക് ഫോഴ്‌സ് 4-സിലിണ്ടർ എഞ്ചിൻ നിലനിർത്തുന്നു. ഈ എഞ്ചിൻ 6,600 rpm-ൽ 173 bhp പവറും 4,400 മുതൽ 4,900 rpm വരെ 203 Nm torque ഉം ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്.

സിവിടി ഗിയർബോക്‌സുമായി ജോടിയാക്കിയ ടൊയോട്ട ഹാരിയറിന് 9.7 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കി.മീ/മണിക്കൂർ വേഗത കൈവരിക്കാൻ കഴിയും. കൂടാതെ ഇന്ധനക്ഷമത ലിറ്ററിന് 15.3 കി.മീ. ആണെന്നും കമ്പനി അവകാശപ്പെടുന്നു.


Click it and Unblock the Notifications








