Glanza പ്രീമിയം ഹാച്ച്ബാക്കിന്റെ അരങ്ങേറ്റം അടുത്തു, ബുക്കിംഗ് ആരംഭിച്ച് Toyota
മാരുതി സുസുക്കി ബലേനോയുടെ ടൊയോട്ട മോഡലായ ഗ്ലാൻസയുടെ അവതരണം ഇങ്ങടുക്കുകയാണ്. പുതുതായി പുറത്തിറക്കിയ ബലേനോയെ അടിസ്ഥാനമാക്കിയാണെങ്കിലും, പുതിയ ഗ്ലാൻസയ്ക്ക് വ്യതിരിക്തമായ മുൻഭാഗവും ഒരുപിടി വ്യത്യസ്‍തമായ സ്റ്റൈലിംഗ് ഘടകങ്ങളും ലഭിക്കുന്നുണ്ട്.

മാർച്ച് 15-ന് അരങ്ങേറ്റം കുറിക്കുന്ന പുതുപുത്തൻ ഗ്ലാൻസയ്ക്കായുള്ള ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചതായി ടൊയോട്ട ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ജാപ്പനീസ് നിർമാതാക്കളായ സുസുക്കിയിൽ നിന്നും കടമെടുത്ത് പുനർനിർമിച്ച മോഡലുകളുടെ ഇതുവരെയുള്ള മൊത്തം വിൽപന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടതായി ടൊയോട്ട അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ഗ്ലാൻസയ്ക്ക് പുറമെ വിറ്റാര ബ്രെസയുടെ പുനർനിർമിത പതിപ്പായ അർബൻ ക്രൂയിസറും മിന്നും പ്രകടനമാണ് വിൽപ്പനയിൽ കാഴ്ച്ചവെക്കുന്നത്. ഇതിനോടകം 65,000 യൂണിറ്റുകളിലധികം ഗ്ലാൻസ പ്രീമിയം ഹാച്ച്ബാക്കാണ് കമ്പനി നിരത്തിലെത്തിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമായ നേട്ടമാണ്.

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ബലേനോയുടെ വിപണി അരങ്ങേറ്റത്തിന് ഏതാനും ആഴ്ചകൾക്ക് ശേഷം വീണ്ടും എത്തുന്നതിനാൽ ഗ്ലാൻസയെ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 2022 ബലെനോയിൽ നിന്ന് വ്യത്യസ്തമാക്കാൻ നിരവധി ഡിസൈൻ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്.

2022 മോഡൽ ടൊയോട്ട ഗ്ലാൻസ ഫെയ്‌സ്‌ലിഫ്റ്റിന് ഹെഡ്‌ലാമ്പ് ക്ലസ്റ്ററിനെ ബന്ധിപ്പിക്കുന്ന കട്ടിയുള്ള തിരശ്ചീന ക്രോം ട്രിം ഉള്ള ഒരു പുതിയ ഗ്രില്ലിന്റെ സാന്നിധ്യത്തിൽ പൂർണമായും പുനർരൂപകൽപ്പന ചെയ്ത മുൻവശമായിരിക്കും ലഭിക്കുക. ടൊയോട്ട ബാഡ്ജ് മധ്യഭാഗത്ത് ഘടിപ്പിച്ചിരിക്കുന്നതും ഏറെ മനോഹരമായിട്ടുണ്ട്.

ഹെഡ്‌ലാമ്പുകൾ സംയോജിത എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളോട് കൂടിയതാണ്. പരിഷ്‌ക്കരിച്ച ബമ്പറിന് സി ആകൃതിയിലുള്ള ക്രോം ഫോഗ് ലാമ്പ് ഹൗസിംഗുകളും വിശാലമായ സെൻട്രൽ എയർ ഇൻടേക്കും കാണാം. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും വരാനിരിക്കുന്ന ഗ്ലാൻസയുടെ മൊത്തത്തിലുള്ള രൂപഘടനയും സൈഡ് ബോഡി പാനലുകളും പുതിയ ബലേനോയോട് സാമ്യമുള്ളതാണ്.

എന്നാൽ അലോയ് വീൽ ഡിസൈൻ വ്യത്യസ്തമാണെന്നത് കാഴ്ച്ചയിൽ അൽപം പുതുമ നൽകിയേക്കും. പിൻഭാഗത്ത് പ്രീമിയം ഹാച്ച്ബാക്കിൽ ഒരു റാപ്പ്എറൗണ്ട് എൽഇഡി ടെയിൽ ലാമ്പ് ക്ലസ്റ്ററും ഫീച്ചർ ചെയ്യുന്നുണ്ട്. അത് പുതുക്കിയ ബൂട്ട്ലിഡിലേക്ക് നീളുന്നതും സുന്ദരമാണ്. പ്രീമിയം ഹാച്ച്ബാക്കിന്റെ 2022 ആവർത്തനത്തിന്റെ ബമ്പറും പുതിയതാണ്. ഒന്നിലധികം കളർ സ്കീമുകളിലും ടൊയോട്ട പുതിയ ഗ്ലാൻസ വാഗ്ദാനം ചെയ്യും.

കഫേ വൈറ്റ്, എന്റൈസിംഗ് സിൽവർ, ഗെയിമിംഗ് ഗ്രേ, സ്പോർട്ടിംഗ് റെഡ്, ഇൻസ്റ്റാ ബ്ലൂ എന്നീ അഞ്ച് കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാവും ടൊയോട്ട ഗ്ലാൻസയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് നിരത്തിലെത്തുക. പുതിയ ബലേനോയുടെ ഇന്റീരിയർ പോലെ തന്നെ ഗ്ലാൻസയുടെ അകത്തളവും ഒരു പ്രധാന പരിഷ്ക്കരണത്തിന് വിധേയമാകും.

അതിനാൽ ഹ്യുണ്ടായി i20, ടാറ്റ ആൾട്രോസ് തുടങ്ങിയ എതിരാളികളുമായുള്ള വിടവ് നികത്താനും ഇത് ഗ്ലാൻസയെ സഹായിക്കും. അടിസ്ഥാന ഡിസൈൻ സമാനമാണെങ്കിലും ബലേനോയിലെ സിൽവർ ട്രിമ്മിന് പകരം ഡാഷ്‌ബോർഡിന് പിയാനോ ബ്ലാക്ക് മിഡിൽ ട്രിം ലഭിക്കുന്നു.

കണക്റ്റഡ് ടെക്, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, 360-ഡിഗ്രി ക്യാമറ സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ തുടങ്ങിയവയുള്ള ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഫീച്ചറുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. അതിൽ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയും ഉണ്ടാകും. കൂടാതെ ടോപ്പ് എൻഡ് വേരിയന്റുകളിൽ വയർലെസ് ഫോൺ ചാർജറും ടൊയോട്ട നൽകിയേക്കും.

സുരക്ഷാ സവിശേഷതകളുടെ കാര്യത്തിലും മികവുറ്റതായിരിക്കും മോഡൽ. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നീ സംവിധാനങ്ങളും കാറിന്റെ ഭാഗമാവും. ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയുള്ള അതേ 1.2 ലിറ്റർ ഫോർ സിലിണ്ടർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനായിരിക്കും വരാനിരിക്കുന്ന 2022 മോഡൽ ഗ്ലാൻസയിലും തുടിക്കുക.

ഇത് പരമാവധി 89 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഏറ്റവും പുതിയ ബലേനോയ്ക്ക് സമാനമായ രീതിയിൽ 2022 ഗ്ലാൻസയിൽ ഇത് അഞ്ച് സ്പീഡ് മാനുവലും അഞ്ച് സ്പീഡ് എഎംടി ഓട്ടോമാറ്റിക്കുമായി തന്നെ ജോടിയാക്കിയേക്കാം.

2022 ഗ്ലാൻസ ഫെയ്‌സ്‌ലിഫ്റ്റ് ഏഴ് വേരിയന്റുകളിൽ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉപഭോക്താക്കൾക്ക് ലഭിക്കും. E, G, S, കൂടാതെ ടോപ്പ് എൻഡ് V, E, S എന്നിങ്ങനെ നാല് വകഭേദങ്ങളാകും വാഹനത്തിലുണ്ടാവുക. . ഈ വേരിയന്റുകൾ ബലേനോയുടെ സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ പതിപ്പുകൾക്ക് തുല്യമായിരിക്കും.

ബലേനോയിൽ കാണുന്നതിനേക്കാൾ മികച്ച വാറണ്ടി കവറേജ് ടൊയോട്ട ഗ്ലാൻസയ്ക്കുണ്ടാകുമെന്നതാണ് ശ്രദ്ധേയമാകുന്ന മറ്റൊരു കാര്യം. മാത്രമല്ല മാരുതി സുസുക്കിയുടെ നിലവിലെ മോഡലിനേക്കാൾ വിലയും അൽപം കൂടുതലായിരിക്കും. ഏകദേശം 7.49 മുതൽ 9.45 ലക്ഷം രൂപയ്ക്ക് ഇടയിലായിരിക്കും ഗ്ലാൻസ ഫെയ്‌സ‌്‌ലിഫ്റ്റിന് ജാപ്പനീസ് ബ്രാൻഡ് വില നിശ്ചയിക്കുക.


Click it and Unblock the Notifications








