വില 15 ലക്ഷം രൂപയോളം, കൂട്ടിന് 500 കിലോമീറ്റർ റേഞ്ചും, വിപണി പിടിക്കാൻ Toyota-Maruti ഇലക്‌ട്രിക് എസ്‌യുവി
ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയും മാരുതി സുസുക്കിയും ഒരു മിഡ്-സൈസ് ഇലക്ട്രിക് എസ്‌യുവിയുടെ വികസന പ്രവർത്തനത്തിലാണ് ഇപ്പോൾ. വരാനിരിക്കുന്ന ഈ മോഡൽ ഇരു കമ്പനികളുടെയും ഇവി സെഗ്മെന്റിലേക്കുള്ള പ്രവേശനത്തെയാകും അടയാളപ്പെടുത്തുക.

27PL എന്നറിയപ്പെടുന്ന സ്കേറ്റ്ബോർഡ് ആർക്കിടെക്ചറിലാണ് അഞ്ച് സീറ്റർ ഇലക്ട്രിക് എസ്‌യുവി പ്രവത്തിക്കുന്നത്, ഇത് ടൊയോട്ടയുടെ 40PL പ്ലാറ്റ്ഫോമിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഉയർന്ന പ്രാദേശിക ഉള്ളടക്കവും ബാറ്ററി സോഴ്‌സിംഗും ഉള്ളതിനാൽ ഇവരാനിരിക്കുന്ന ഇവിയുടെ വില ആക്രമണാത്മകമായി നിശ്ചയിക്കാനും കമ്പനികൾക്ക് സാധിക്കും.

അതായത് 13 ലക്ഷത്തിനും 15 ലക്ഷം രൂപയ്ക്കും ഇടയിൽ പുതിയ ഇലക്ട്രിക് എസ്‌യുവിക്ക് വില നിശ്ചയിക്കാനാവുമെന്നാണ് റിപ്പോർട്ടുക സൂചന നൽകിയിരിക്കുന്നത്. ഇതിന് ഏകദേശം 4.3 മീറ്റർ നീളവും 1.8 മീറ്റർ വീതിയും 1.6 മീറ്റർ ഉയരവും 2.7 മീറ്റർ വീൽബേസ് നീളവും ഉണ്ടാകും. അതിനാൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ ഇവിയായ ടാറ്റ നെക്‌സോൺ ഇവിയേക്കാൾ വലിയ അനുപാതം ഇലക്ട്രിക് എസ്‌യുവിക്ക് ഉണ്ടായിരിക്കുമെന്ന് ചുരുക്കം.

മാത്രമല്ല ഇത് അടുത്തിടെ ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരങ്ങൾക്ക് വിധേയമായ എംജി ZS ഇലക്ട്രിക്കിന്റെ വലിപ്പത്തിന് അടുത്തായിരിക്കുമെന്നതും ടൊയോട്ടയുടെ നേട്ടമാകും. ടൊയോട്ടയും മാരുതിയും മിഡ്-സൈസ് ഇലക്ട്രിക് എസ്‌യുവിയെ മത്സരാധിഷ്ഠിത വില നിർണയത്തിൽ അവതരിപ്പിക്കുന്നതിനു പുറമെ അതിലും പ്രധാനമായി ഉയർന്ന റേഞ്ച് വാഗ്ദാനം ചെയ്യുന്നതിൽ നിന്ന് പ്രയോജനം നേടുകയും ചെയ്യും.

പേപ്പറിൽ മാത്രമല്ല, യഥാർഥ റോഡ് സാഹചര്യങ്ങളിലും ഉയർന്ന റേഞ്ച് നൽകാൻ ഈ പുതിയ സ്പോർട്‌സ് യൂട്ടിലിറ്റി ഇലക്ട്രിക് വാഹനം പ്രാപ്‌തമായിരിക്കും. ടൊയോട്ട ബാഡ്‌ജിലും മാരുതി ബാഡ്ജിലും എത്തുന്ന രണ്ട് ആവർത്തനങ്ങളും ഗുജറാത്തിലെ സുസുക്കിയുടെ പ്ലാന്റിൽ നിന്ന് ആഭ്യന്തര, വിദേശ വിപണികൾക്കായി പുറത്തിറക്കും, വലിപ്പത്തിന്റെ കാര്യത്തിൽ ഹ്യുണ്ടായി ക്രെറ്റയേക്കാൾ വലുതായിരിക്കും ഇവ.

ഒരു ഇലക്ട്രിക് സ്കേറ്റ്ബോർഡിന്റെ സാന്നിധ്യം ഒപ്റ്റിമൽ ബാറ്ററി പാക്കേജിംഗിനെ പ്രാപ്തമാക്കും. നീളമുള്ള വീൽബേസ് കൂടുതൽ വിശാലമായ ക്യാബിൻ നൽകും എന്നാണ് അർഥമാക്കുന്നത്. മോഡുലാർ eTNGA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ജാപ്പനീസ് കമ്പനിയുടെ ആദ്യത്തെ സമർപ്പിത ഇലക്ട്രിക് ക്രോസ്ഓവറായ bZ4X-ൽ നിന്ന് ടൊയോട്ട എസ്‌യുവിയുടെ ഡിസൈൻ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇലക്ട്രിക് എസ്‌യുവി വിൽപ്പനയ്ക്ക് എത്തുമ്പോൾ എത്തുമ്പോൾ ടൂ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് (AWD) കോൺഫിഗറേഷനുകളിൽ ലഭ്യമാകുമെന്നാണ് അനുമാനം. പെർഫോമൻസിനെ സംബന്ധിച്ചിടത്തോളം 48 kWh ബാറ്ററി പായ്ക്കും ഒരു ഇലക്ട്രിക് മോട്ടോറും സംയോജിച്ച് 138 bhp കരുത്തോളം നിർമിക്കാൻ വാഹനം പ്രാപ്‌തമായിരിക്കും.

ഇത് പൂർണ ചാർജിൽ ഏകദേശം 400 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു. അതേസമയം വലിയ 59 kWh ബാറ്ററി പായ്ക്ക് 170 bhp വികസിപ്പിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായാവും വരിക. യഥാർഥ റോഡ് സാഹചര്യങ്ങളിൽ ഒറ്റ ചാർജിൽ 500 കിലോമീറ്റർ റേഞ്ചായിരിക്കും ഈ മോഡൽ വാഗ്‌ദാനം ചെയ്യുക.

അടുത്തതായി വരും മാസങ്ങളിൽ പുതിയ വിറ്റാര ബ്രെസയുടെ അരങ്ങേറ്റത്തിന് ശേഷം ടൊയോട്ട വളരെയധികം പരിഷ്ക്കരിച്ച അർബൻ ക്രൂയിസർ അവതരിപ്പിക്കും. ഈ വർഷാവസാനം, DNGA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഹ്യുണ്ടായി ക്രെറ്റയ്ക്ക് നേരിട്ട് എതിരാളിയായ ഒരു പുതിയ മിഡ്-സൈസ് എസ്‌യുവിയും കമ്പനിയുടെ നിരയിലേക്ക് എത്തും.

പുതിയ സാമ്പത്തിക വർഷം തുടങ്ങിയതിനു പിന്നാലെ മോഡൽ നിരയിലാകെ വില വർധനവും കമ്പനി പ്രഖ്യാപിച്ചിരുന്നു. ഫോർച്യൂണർ, ഇന്നോവ ക്രിസ്റ്റ എന്നിവയുടെ വിലയിൽ 1.20 ലക്ഷം രൂപ വരെയാണ് കമ്പനി ഉയർത്തിയിരിക്കുന്നത്.

ഫുൾ-സൈസ് പ്രീമിയം എസ്‌യുവിയായ ഫോർച്യൂണറിന് ഇനി മുതൽ 31.79 ലക്ഷം മുതൽ 44.63 ലക്ഷം രപ വരെയാണ് ഇന്ത്യയിൽ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. മറുവശത്ത് ജനപ്രിയ എംപിവി മോഡലായ ഇന്നോവ ക്രിസ്റ്റയ്ക്ക് 17.45 ലക്ഷം മുതൽ 25.68 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില ഉയർത്തിയിരിക്കുന്നത്.


Click it and Unblock the Notifications