ഓവറാക്കി ചളമാക്കുന്നില്ലെന്ന് Toyota, ബ്രെസയുടെ റീബാഡ്‌ജ് മോഡലായ Urban Cruiser പുറത്തിറക്കിയേക്കില്ല
ഇന്ത്യയിൽ ഗ്ലാൻസ, അർബൻ ക്രൂയിസർ, കൂടാതെ അടുത്തിടെയെത്തിയ അർബൻ ക്രൂയിസർ ഹൈറൈഡർ എന്നിവ ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യത നേടിയതിനാൽ, സുസുക്കിയുമായുള്ള പങ്കാളിത്തത്തിന്റെ നേട്ടങ്ങൾ കൊയ്യുകയാണ് ടൊയോട്ട.

ഈ ഉൽപ്പന്നങ്ങൾ ടൊയോട്ടയെ തങ്ങളുടെ ആഭ്യന്തര വാഹന നിര ബിഎസ്-VI കാലഘട്ടത്തിൽ വിവിധ വിഭാഗങ്ങളിലേക്ക് വികസിപ്പിക്കാൻ സഹായിച്ചുവെന്നതാണ് പ്രധാനമായി എടുത്തുപറയേണ്ട കാര്യം. എത്തിയോസും എത്തിയോസ് ലിവയുമെല്ലാം ഇക്കാലയളവിൽ പിൻമാറിയപ്പോൾ ടൊയോട്ടയെന്ന ജാപ്പനീസ് ബ്രാൻഡ് സാധാരണക്കാരിലേക്ക് ഇറങ്ങിചെന്നത് ഈ മാരുതിയുടെ റീബാഡ്‌ജ് ചെയ്‌ത വാഹനങ്ങളിലൂടെയായിരുന്നു.

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ്, തുടങ്ങിയവയ്‌ക്കെതിരെ ഹൈറൈഡർ മിഡ്‌സൈസ് എസ്‌യുവി ഒരു ജനപ്രിയ സെഗ്‌മെന്റിലാണ് മത്സരിക്കുന്നതും. എന്നാൽ അതിന്റെ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനിലൂടെയാണ് ഈ സെഗ്മെന്റിനെ വാഹനം കൈയിലെടുക്കുന്നത്.

ഈ കലണ്ടർ വർഷത്തിൽ മാരുതി സുസുക്കി വൻതോതിൽ പരിഷ്‌കരിച്ച ബലേനോയെ അവതരിപ്പിച്ചിരുന്നു. അതിന്റെ ഭാഗമായി ടൊയോട്ടയുടെ നിരയിലേക്ക് ഗ്ലാൻസയുടെ പുതുതലമുറ മോഡലും അണിനിരന്നു. ജൂൺ അവസാനത്തോടെയാണ് പുതിയ തലമുറ ബ്രെസ വിപണിയിലെത്തുന്നത്.

എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും അർബൻ ക്രൂയിസറിന്റെ പുത്തൻ മോഡൽ വരുന്നില്ലല്ലോ എന്നാണ് ടൊയോട്ടയോട് പലരും ചോദിക്കുന്നത്. എങ്കിലും റീബാഡ്ജ് ചെയ്‌ത പുതിയ അർബൻ ക്രൂയിസറിനെ ടൊയോട്ട ഇതുവരെ പുറത്തിറക്കിയിട്ടില്ല. രാജ്യത്തെ സബ് കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ നിന്നും ടൊയോട്ട പിൻമാറുന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന പുതിയ വാർത്തകൾ.

അതായത് ഡീലർ സ്രോതസുകൾ പ്രകാരം രണ്ടാം തലമുറ ബ്രെസയെ അടിസ്ഥാനമാക്കി ടൊയോട്ട പുതിയ തലമുറ അർബൻ ക്രൂയിസർ ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയില്ലെന്നു തന്നെയാണ് പറഞ്ഞുവരുന്നത്. എന്നാൽ ഔദ്യോഗിക വിശദാംശങ്ങളൊന്നും ജാപ്പനീസ് ബ്രാൻഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം മാരുതി സുസുക്കി നിലവിൽ YTB എന്ന രഹസ്യനാമമുള്ള ബലേനോ ക്രോസിൽ പ്രവർത്തിച്ചുവരികയാണ്. ഇത് ഒരു ബാഡ്ജ്-എഞ്ചിനീയറിംഗ് ടൊയോട്ട എസ്‌യുവി കൂപ്പെയ്ക്ക് വഴിയൊരുക്കിയേക്കാം. ഇതിനാലാണ് അർബൻ ക്രൂയിസറിനെയും കൂടി വിപണിയിലെത്തിച്ച് ഓവറാക്കി ചളമാക്കേണ്ടന്ന് ടൊയോട്ട കരുതിയിരിക്കുന്നത്.

ടൊയോട്ടയുടെ സ്വന്തം പുതുതലമുറ ഇന്നോവ ഹൈക്രോസ് അടുത്ത മാസം ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കാൻ പോവുന്നതിന്റെ വാർത്തകളും ഇന്ത്യയിൽ ചൂടോടെ വിറ്റഴിക്കുന്നുണ്ട്. ഇത് അടുത്ത വർഷം തുടക്കത്തിൽ പ്രാദേശികമായി അവതരിപ്പിക്കപ്പെടുമെന്നതു തന്നെ കാരണം. ടൊയോട്ട അടുത്തിടെ ഇന്ത്യയിൽ ഹൈറൈഡറിനെ പുറത്തിറക്കി മികച്ച വിൽപ്പന നേട്ടം കൈവരിക്കുന്നുമുണ്ട്.

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ അതേ ഗ്ലോബൽ സി പ്ലാറ്റ്‌ഫോമാണ് ഹൈറൈഡർ മിഡ്-സൈസ് എസ്‌യുവിക്കും അടിവരയിടുന്നത്. ടൊയോട്ട സ്വന്തമായി വികസിപ്പിച്ചതിനാൽ അഞ്ച് സീറ്റർ വാഹനത്തിന് ശക്തമായ ഹൈബ്രിഡ് വേരിയന്റുകൾക്ക് മത്സരാധിഷ്ഠിത വിലയുണ്ട്.

1.5 ലിറ്റർ മൂന്ന് സിലിണ്ടർ അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എഞ്ചിൻ ഒരു ഇലക്ട്രിക് മോട്ടോറും ബാറ്ററി പായ്ക്കും ചേർന്ന് ഹൈബ്രിഡ് സിസ്റ്റം രൂപീകരിക്കുന്നു.ഇതുതന്നെയാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ വിജയവും. ഇത് ചെറിയ വേഗതയിൽ ഇലക്ട്രിക്കിൽ മാത്രം ഡ്രൈവ് ചെയ്യാനും സഹായിക്കുന്ന കാര്യമാണ്.

കൂടാതെ 28 കിലോമീറ്റർ എന്ന മാസ്മരികമായ ഇന്ധനക്ഷമതയും എസ്‌യുവിയിൽ അവകാശപ്പെടുന്നു. മാരുതി സുസുക്കിയിൽ നിന്നുള്ള മൈൽഡ്-ഹൈബ്രിഡ് 1.5 ലിറ്റർ ഫോർ സിലിണ്ടർ K15C പെട്രോൾ എഞ്ചിനും ടൊയോട്ട ഹൈറൈഡറിലുണ്ട്.

ഇത് പരമാവധി 103 bhp കരുത്തിൽ 136 Nm torque വരെ നൽതും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായോ അല്ലെങ്കിൽ ഒരു ഓപ്ഷനായി ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമായോ ജോടിയാക്കി വാങ്ങാം.


Click it and Unblock the Notifications








