Innova Hycross ഇക്കാര്യത്തിൽ പുലി തന്നെ! മൈലേജ് 24 കി.മീ. വരെ കിട്ടുമെന്ന് Toyota
വില പ്രഖ്യാപനത്തിലും ഞെട്ടിച്ചുകൊണ്ട് പുതുപുത്തൻ ഇന്നോവ ഹൈക്രോസ് എംപിവിയുടെ വിൽപ്പന ആരംഭിക്കാൻ ഒരുങ്ങുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. 18.30 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയോടെ ആരംഭിക്കുന്ന മോഡൽ മുൻതലമുറ ആവർത്തനങ്ങളെ പോലെ തന്നെ വിപണിയിൽ ഒരു തരംഗം തന്നെയാവുമെന്നാണ് ഏവരുടേയും പ്രതീക്ഷ.
ടൊയോട്ട ഇന്നോവ ഹൈക്രോസിന് 172 bhp കരുത്തിൽ 188 Nm torque വികസിപ്പിക്കുന്ന 2.0 ലിറ്റർ NA പെട്രോൾ എഞ്ചിനും അതുകൂടാതെ 183 bhp പവറിൽ 206 Nm torque സൃഷ്ടിക്കുന്ന ഹൈബ്രിഡ് സംവിധാനമുള്ള 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമാണ് ലഭിക്കുന്നത്. ഈ എഞ്ചിനുകൾ യഥാക്രമം CVT, e-CVT ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുമായാണ് ജോടിയാക്കിയിരിക്കുന്നത്. വിൽപ്പന ആരംഭിക്കുന്നതിനു മുന്നോടിയായി ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ യഥാർഥ മൈലേജ് കണക്കുകൾ വെളിപ്പെടുത്തിയിരിക്കുകയാണ് ടൊയോട്ട ഇപ്പോൾ.

ടൊയോട്ട ഇന്നോവ ഹൈക്രോസ്, അതിന്റെ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ അവതാരത്തൽ ലിറ്ററിന് 16.13 കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം പെട്രോൾ ഹൈബ്രിഡ് പതിപ്പ് 23.24 കിലോമീറ്റർ മൈലേജ് നൽകുമെന്നും പറയപ്പെടുന്നു. പെട്രോൾ പതിപ്പ് G, GX വേരിയന്റുകളിൽ ലഭ്യമാണ്. അതേസമയം പെട്രോൾ-ഹൈബ്രിഡ് പതിപ്പ് VX, ZX, ZX (O) വേരിയന്റുകളിൽ ലഭ്യമാവും. ZX, ZX (O) എന്നിവ ഏഴ് സീറ്റുകളുള്ള ലേഔട്ട് അവതരിപ്പിക്കുന്നു. മറ്റെല്ലാ വകഭേദങ്ങളും ഏഴോ എട്ടോ സീറ്റ് കോൺഫിഗറേഷനുകളിലാണ് വിപണിയിൽ എത്തുക.
ഇന്നോവ ഹൈക്രോസ് ആഗോളതലത്തിൽ ടൊയോട്ട വ്യാപകമായി ഉപയോഗിക്കുന്ന മോഡുലാർ TNGA-C പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. 100 mm നീളമുള്ള വീൽബേസ് ഉള്ളതിനാൽ ഇന്നോവ ക്രിസ്റ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ ഹൈക്രോസിലെ മോണോകോക്ക് ഷാസി കാറിന്റെ വലിപ്പം വർധിപ്പിക്കാനും ഏറെ സഹായകരമായിട്ടുണ്ട്. വലിപ്പത്തിന്റെ കാര്യത്തിലേക്ക് വിശദമായി കടന്നാൽ പുതിയ ഹൈക്രോസിന് 4755 mm നീളവും 1845 mm വീതിയും 1785 mm ഉയരവുമുണ്ട്. കൂടാതെ 2850 mm വീൽബേസുമാണ് വാഹനത്തിനുള്ളത്.

പഴയ ഇന്നോവ ക്രിസ്റ്റയെക്കാൾ 20 mm നീളവും വീതിയുമുള്ളതാണ് പുതിയ മോഡൽ. എന്നിരുന്നാലും അതിന്റെ ഉയരം അതേപടി തുടരുന്നു. പക്ഷേ വീൽബേസ് 100 mm വർധിപ്പിക്കാൻ ടൊയോട്ട തയാറായി. വീൽബേസിന്റെ വർധനവ് മികച്ച ക്യാബിൻ ഇടം നൽകുന്നു.അതിലും പ്രധാനമായി, മൂന്നാം തലമുറ ഇന്നോവ ക്രിസ്റ്റയിലെ RWD കോൺഫിഗറേഷനിൽ നിന്ന് വ്യത്യസ്തമായി പരമ്പരാഗത ഫ്രണ്ട് വീൽ ഡ്രൈവ് ലേഔട്ടിലേക്ക് എംപിവി മാറിയിരിക്കുന്നുവെന്നതാണ് മറ്റൊരു ഹൈലൈറ്റ്.
പുറംഭാഗം അസംഖ്യം മാറ്റങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നു വേണം പറയാൻ. ഒപ്പം നിവർന്നുനിൽക്കുന്ന ഫ്രണ്ട് ഫാസിയ ഒരു എസ്‌യുവി പോലെയുള്ള സ്റ്റൈലിംഗും ഇന്നോവ ഹൈക്രോസിന് സമ്മാനിച്ചിട്ടുണ്ട്. മുൻവശത്തെ ഗ്രിൽ, ക്രോം ഘടകങ്ങൾ, ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകൾ, മസ്കുലർ ബമ്പർ, വ്യത്യസ്ത വലുപ്പത്തിലുള്ള പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ, റാപ്പറൗണ്ട് ടെയിൽ ലാമ്പുകൾ, ബോണറ്റിലും വശങ്ങളിലും ആക്രമണാത്മക കട്ടുകളും ക്രീസുകളും, പവർഡ് ടെയിൽഗേറ്റ് എന്നിവയാണ് എംപിവിയിൽ ഹൈലൈറ്റ് ചെയ്യുന്ന ചില പ്രധാന ഘടകങ്ങൾ.

ഇതോടൊപ്പം വലിയ ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ലേയേർഡ് ഡാഷ്‌ബോർഡും ഉള്ള ഇന്റീരിയർ ഇന്നോവ ക്രിസ്റ്റയെക്കാൾ പ്രീമിയം ആണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാനും സാധിക്കും. ഡ്യുവൽ പാൻ പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ക്രൂയിസ് കൺട്രോൾ, സ്റ്റിയറിംഗ് വീൽ, വലിയ എംഐഡി, മൾട്ടിപ്പിൾ എയർബാഗുകൾ, മധ്യനിരയിലെ ക്യാപ്റ്റൻ സീറ്റുകൾക്കുള്ള ഓട്ടോമൻ ഫംഗ്‌ഷൻ, വെന്റിലേഷൻ ഫംഗ്‌ഷനുള്ള പവർഡ് സീറ്റുകൾ, ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ, കൂൾഡ് ഗ്ലൗബോക്സ്, വലിയ സ്റ്റോറേജ് സ്പേസുകൾ എന്നിവ ഉൾപ്പെടുന്നതാണ് വാഹനത്തിലെ മറ്റ് പ്രധാന സവിശേഷതകൾ.
സുരക്ഷയുടെ കാര്യത്തിലും ഇന്നോവ ഹൈക്രോസിൽ ടൊയോട്ട യാതൊരുവിധ വിട്ടുവീഴ്ച്ചകളും ചെയ്‌തിട്ടില്ലെന്നു വേണം പറയാൻ. ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ഓട്ടോ ഹൈ ബീം അസിസ്റ്റ്, റിയർ ക്രോസ് ട്രാഫിക് അലേർട്ട്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് എന്നിവയുൾപ്പെടെ ഡ്രൈവർ അസിസ്റ്റീവ്, സുരക്ഷാ സാങ്കേതികവിദ്യകളുടെ (ADAS) ടൊയോട്ട സേഫ്റ്റി സെൻസ് 3.0 സ്യൂട്ടിനൊപ്പമാണ് ഇന്ത്യൻ വിപണിയിലേക്കും ഇന്നോവ ഹൈക്രോസ് വരുന്നത്. നേരിട്ട് കിയ കാർണിവലിനെ വെല്ലുവിളിക്കാനുള്ള എല്ലാവിധ സജ്ജീകരണങ്ങളും ഈ മൾട്ടി പർപ്പസ് വാഹനത്തിൽ കമ്പനി ഒരുക്കിയിട്ടുണ്ടെന്ന് നിസംശയം പറയാം.


Click it and Unblock the Notifications








