വരാനിരിക്കുന്ന എസ്‌യുവിക്കും പുതിയ ഇന്നോവയ്ക്കും വേണ്ടി ഹൈബ്രിഡ് എഞ്ചിനുകളുടെ നിർമാണം ആരംഭിച്ച് ടൊയോട്ട
ഇന്ത്യൻ വിപണിയിൽ ടൊയോട്ടയും സുസുക്കിയും സംയുക്തമായി ഒന്നിലധികം പുതിയ ഉൽപ്പന്നങ്ങൾ നിർമിക്കുകയാണ്. രാജ്യത്ത് പുതിയ മിഡ്-സൈസ് എസ്‌യുവിയും പുതിയ സി-സെഗ്‌മെന്റ് എംപിവിയും ഇരു കമ്പനികളും ചേർന്ന് ആദ്യം വികസിപ്പിക്കുമെന്നാണ് വാർത്തകൾ.

പുതിയ മോഡലുകളിൽ ടൊയോട്ടയുടെ ശക്തമായ ഹൈബ്രിഡ് എഞ്ചിനുകൾ സജ്ജീകരിക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ സൂചന നൽകുന്നത്. ഇന്ത്യയിൽ ശക്തമായ ഹൈബ്രിഡ് എഞ്ചിനുകൾ ടൊയോട്ട വികസിപ്പിച്ചെടുത്തതായി ഒരു പുതിയ മാധ്യമ റിപ്പോർട്ട് അവകാശപ്പെടുന്നു. പരിമിതമായ അളവിൽ 1.5 ലിറ്റർ, 2.0 ലിറ്റർ ഹൈബ്രിഡ് എഞ്ചിനുകൾ കമ്പനി ഉത്പാദിപ്പിക്കാൻ തുടങ്ങിയെന്നാണ് അഭ്യൂഹം.

കമ്പനി ആഴ്ച്ചയിൽ രണ്ട് എഞ്ചിനുകൾ നിർമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പുതിയ ഹൈബ്രിഡ് എഞ്ചിനുകൾ പ്രാരംഭ പരിശോധനയ്ക്കും ഒപ്റ്റിമൈസേഷൻ ആവശ്യങ്ങൾക്കുമായാണ് നിലവിൽ ഉപയോഗിക്കുന്നത്. എഞ്ചിനുകളുടെ ഉത്പാദനം സമീപഭാവിയിൽ ടൊയോട്ട വർധിപ്പിക്കുകയും ചെയ്യും. ഫോർച്യൂണറിനും ഇന്നോവ ക്രിസ്റ്റക്കുമെല്ലാം കരുത്ത് പകരുന്ന ഡീസൽ എഞ്ചിനിലേക്ക് ഹൈബ്രിഡ് സംവിധാനം ചേർത്താൽ അതു തികച്ചും അത്ഭുത പൂർവമായേക്കാം.

കാര്യമെന്തെന്നു വെച്ചാൽ ലോകത്തിൽ ആദ്യമായും ഇത്തരത്തിൽ ഡീസൽ എഞ്ചിനുകൾക്ക് ഹൈബ്രിഡ് സംവിധാനം ലഭിക്കുക എന്നതു തന്നെയാണ്. തങ്ങളുടെ 2.4 ലിറ്റർ 2GD-FTV ഡീസൽ യൂണിറ്റിലും 2.8 ലിറ്റർ 1GD-FTV ഡീസൽ യൂണിറ്റിലാണ് ഹൈബ്രിഡ് സംവിധാനം കൂട്ടിച്ചേർക്കാനുള്ള പദ്ധതികൾ നേരത്തെ ആവിഷ്ക്കരിച്ചിരുന്നത്.

ജാപ്പനീസ് ബ്രാൻഡ് പുതിയ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ വികസിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നുണ്ട്. എന്നിരുന്നാലും, പുതിയ പെട്രോൾ എഞ്ചിൻ ഘടിപ്പിക്കുന്ന മോഡലുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെന്നതാണ് യാഥാർഥ്യം. വരാനിരിക്കുന്ന ടൊയോട്ട മിഡ്-സൈസ് എസ്‌യുവി പുതിയ അവാൻസയ്ക്കും റൈസ് എസ്‌യുവിക്കും അടിവരയിടുന്ന പുതിയ ഡൈഹാറ്റ്‌സു ന്യൂ ജനറേഷൻ ആർക്കിടെക്ചർ (DNGA) അടിസ്ഥാനമാക്കിയുള്ളതാണ്.

D22 എന്ന കോഡ്നാമത്തിൽ പുതിയ എസ്‌യുവി ടൊയോട്ടയുടെ ബിദാദി അധിഷ്ഠിത പ്ലാന്റിൽ നിർമിക്കും. ഈ പ്ലാന്റ് ഈ എസ്‌യുവിയുടെ ആഭ്യന്തര, കയറ്റുമതി വിപണികൾക്ക് ഒരു പ്രൊഡക്ഷൻ ഹബ്ബായി പ്രവർത്തിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്. മുമ്പ് ടൊയോട്ട യാരിസ് സെഡാൻ വികസിപ്പിക്കാൻ ഉപയോഗിച്ച അതേ പ്രൊഡക്ഷൻ യൂണിറ്റിലാണ് പുതിയ മോഡലും നിർമിക്കുന്നത്.

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്കോഡ കുഷാഖ് എന്നിവയ്‌ക്കെതിരെയാണ് ഇത് സ്ഥാനം പിടിക്കുക. ശക്തമായ ഹൈബ്രിഡ് എഞ്ചിനോടുകൂടിയ പുതിയ ടൊയോട്ട D22 മിഡ്-സൈസ് എസ്‌യുവി 2022 അവസാനത്തോടെ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. 560B എന്ന കോഡ് നാമത്തിൽ ഒരു പുതിയ സി-സെഗ്‌മെന്റ് എംപിവിയും കമ്പനി തയ്യാറാക്കുന്നു, ഇത് 2023 ൽ പുറത്തിറക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നു.

ഫ്രണ്ട് വീൽ ഡ്രൈവ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ മോഡൽ ഒരുങ്ങുക. വരുന്ന രണ്ട് വർഷത്തിനുള്ളിൽ ആറ് പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ലക്ഷ്യമിടുന്ന ടൊയോട്ടയുടെ പദ്ധതിയുടെ ഭാഗമാണ് മിഡ് സൈസ് എസ്‌യുവിയും സി-സെഗ്‌മെന്റ് മൾട്ടി പർപ്പസ് വാഹനവും.

പോയ വർഷം അധികം മോഡലുകളൊന്നും ഇന്ത്യയിൽ അവതരിപ്പിക്കാതിരുന്ന ടൊയോട്ട ഈ വർഷം വിപണിക്കായി കാത്തുവെച്ചിരിക്കുന്നത് നിരവധി മോഡലുകളാണ്. അതിന്റെ ആദ്യപടിയെന്നോണം ഹൈലക്‌സ് പിക്കപ്പ് ട്രക്കിനെയാണ് ജാപ്പനീസ് കമ്പനി ആദ്യം അവതരിപ്പിച്ചിരിക്കുന്നത്. 2022 ജനുവരി 20-ന് ഇന്ത്യൻ വിപണിയിൽ ഹൈലക്സ് വെളിപ്പെടുത്തുകയും അതിനുള്ള ബുക്കിംഗ് ആരംഭിക്കുകയും ചെയ്‌തു.

2022 മാർച്ചിൽ ഹൈലക്സ് ലോഞ്ച് ചെയ്യുമെന്നും വാഹനത്തിന്റെ ഡെലിവറികൾ ഏപ്രിലിൽ ആരംഭിക്കുമെന്നുമാണ് ടൊയോട്ട വ്യക്തമാക്കിയിരിക്കുന്നത്. 1968 മുതൽ അന്താരാഷ്‌ട്ര വിപണികളിൽ ലഭ്യമായ വാഹനമാണിത്. ഫോർച്യൂണർ ഫുൾ സൈസ് എസ്‌യുവിയുടെയും ഇന്നോവ ക്രിസ്റ്റ എംപിവിയുടെയും അതേ IMV2 ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണിത് എന്ന വസ്‌തുതയാണ് മോഡലിന്റെ ഇന്ത്യൻ അരങ്ങേറ്റത്തിന് കാരണമായത്.

അതോടൊപ്പം ഒരേ എഞ്ചിൻ ഓപ്ഷനുകൾ പങ്കിടുന്നതും അവതരണത്തിന് സഹായകരമായി. ഫോർച്യൂണർ എസ്‌യുവിയിൽ കാണുന്ന അതേ 2.8 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് GD സീരീസ് ഡീസൽ എഞ്ചിനാണ് ടൊയോട്ട ഹൈലക്‌സിനും തുടിപ്പേകുന്നത്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് വേരിയന്റ് പരമാവധി 204 bhp കരുത്തിൽ 420 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്.

അതേസമയം പിക്കപ്പ് ട്രക്കിലെ ഓട്ടോമാറ്റിക് പതിപ്പ് 500 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. വാഹനം ഓൾ വീൽ ഡ്രൈവ് സംവിധാനത്തോടൊയാണ് ഇന്ത്യയിൽ എത്തുന്നത്. ആക്ടീവ് ട്രാക്ഷൻ കൺട്രോൾ, ഓട്ടോ ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യൽ തുടങ്ങിയ അസിസ്റ്റീവ് ഫീച്ചറുകളുമായാണ് ടൊയോട്ട ഹൈലക്സ് വരുന്നത്. വില പ്രഖ്യാപനത്തിനായി കാത്തിരിക്കുമ്പോൾ 30 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെയാണ് വാഹനത്തിനായി പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








