ഇനി ഇന്നോവ ഹൈക്രോസിന്റെ കാലം, എംപിവിയെ ഇന്തോനേഷ്യയിൽ അവതരിപ്പിച്ച് Toyota
ഇന്ത്യൻ വിപണിയില്‍ ഉടനെത്തുന്ന ടൊയോട്ട ഇന്നോവ ഹൈക്രോസിനെ സെനിക്‌സ് എന്നപേരിൽ ഇന്തോനേഷ്യൽ അവതരിപ്പിച്ച് ജനപ്രിയ ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. ഇന്ത്യയിൽ നവംബർ 25-നായിരിക്കും എംപിവിയുടെ ഔദ്യോഗിക അരങ്ങേറ്റം.
ജനുവരിയിൽ നടക്കുന്ന ഡൽഹി ഓട്ടോഎക്‌സ്‌പോയിൽ ഇതിന്റെ വില പ്രഖ്യാപിക്കും. എന്തായാലും നീണ്ട കാത്തിരിപ്പുകൾക്ക് ഒടുവിലാണ് മറനീക്കി പുതിയ രൂപത്തിലും ഭാവത്തിലും ഇന്നോവ അവതാരപ്പിറവിയെടുത്തിരിക്കുന്നത്. മുൻതലമുറ മോഡലുകളുടെ ഒരു ഭാവവുമില്ലാതെയാണ് ഇന്നോവ സെനിക്‌സിനെ കമ്പനി രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്.

നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ഇന്നോവ മോഡലുകളേക്കാൾ വലുതാണ് ഇന്നോവ ഹൈക്രോസ്. ഇന്തോനേഷ്യയിൽ അവതരിപ്പിച്ച ഇന്നോവ സെനിക്‌സ് മോഡലിന് 4,755 മില്ലീമീറ്റർ നീളവും 1,850 മില്ലീമീറ്റർ വീതിയും 1,795 മില്ലീമീറ്റർ ഉയരവുമുണ്ട്. അതേസമയം പുത്തൻ മോഡലിന് 2,850 മില്ലീമീറ്റർ വീൽബേസും 185 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ഉണ്ടെന്നാണ് ടൊയോട്ട വ്യക്തമാക്കിയിരിക്കുന്നത്.
മുൻ തലമുറ മോഡലുകളിൽ ഉപയോഗിച്ചിരുന്ന ലാഡർ ഫ്രെയിം ഷാസിക്ക് പകരം ടൊയോട്ടയുടെ പുതിയ മോണോകോക്ക് ഷാസിയെ അടിസ്ഥാനമാക്കിയാണ് ഇന്നോവ ഹൈക്രോസ് നിർമിച്ചിരിക്കുന്നത്. ഇത് എംപിവിയുടെ റൈഡ് നിലവാരം, ഹാൻഡിലിംഗ്, ബോഡി റോൾ എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും. അതുപോലെ പ്രതീക്ഷിച്ചിരുന്നതുപോലെ സ്ട്രോംഗ് ഹൈബ്രിഡ് ഉൾപ്പെടെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് വാഗ്ദാനം ചെയ്യുന്നത്.

ഇന്നോവ സെനിക്സിൽ ഉപയോഗിച്ചിരിക്കുന്ന ഹൈബ്രിഡ് സാങ്കേതികവിദ്യ തന്നെയാണ് ഏറ്റവും പുതിയ ടൊയോട്ട പ്രിയസിനും ഉപയോഗിച്ചിരിക്കുന്നത്. ഇന്നോവ സെനിക്‌സ് ഹൈബ്രിഡ് ഇവി ഇലക്ട്രിക് മോട്ടോറുമായി സംയുക്തമായി പ്രവർത്തിച്ച് 175 bhp കരുത്തിൽ 206 Nm torque വരെ നൽകും. ഈ 4 സിലിണ്ടർ ഡ്യുവൽ VVT-i എഞ്ചിൻ 113 bhp കരുത്തിൽ ഉള്ള ഒരു ഉപയോഗിച്ചാണ് ജോടിയാക്കിയിരിക്കുന്നത്. പെട്രോൾ, ഹൈബ്രിഡ് എഞ്ചിനുകളിൽ സിവിടി ഗിയർബോക്‌സാണ് സ്റ്റാൻഡേർഡായി സജ്ജീകരിച്ചിരിക്കുന്നത്. ഇക്കോ, നോർമൽ, പവർ, ഇവി എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളാണ് ഹൈബ്രിഡ് മോഡൽ വാഗ്ദാനം ചെയ്യുന്നത്.
23 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ടൊയോട്ട പുത്തൻ ഇന്നോവയിൽ അവകാശപ്പെടുന്നത്. ഹൈബ്രിഡിന് പുറമെ 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഹൈബ്രിഡ് ടെക് ഇല്ലാതെയും ടൊയോട്ട നൽകുന്നു. മോണോകോക്ക് ഷാസിയിൽ നിർമിച്ചിരിക്കുന്നതിനാൽ തന്നെ ഇതൊരു ഫ്രണ്ട് വീൽ ഡ്രൈവ് വാഹനമായിരിക്കും. TNGA മോഡുലാർ പ്ലാറ്റ്ഫോമിനായി നിലവിലുള്ള റിയർ-വീൽ ഡ്രൈവ് സംവിധാനം എംപിവിയിൽ നിന്നും ഒഴിവാക്കിയെന്ന് സാരം.
ഡിസൈൻ വശങ്ങളെ സംബന്ധിച്ചിടത്തോളം പുതിയ ഇന്നോവ കൂടുതൽ എസ്‌യുവിയെന്ന് തോന്നിപ്പിക്കും വിധമാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ഒറ്റനോട്ടത്തിൽ, ഇത് എംജി ഹെക്ടർ എസ്‌യുവിയുടെ രൂപവുമായി സാമ്യമുള്ളതായി തോന്നിയേക്കാം. ക്രോം ഇടപെടൽ കുറവുള്ള ഗ്രിൽ ഇപ്പോൾ വലുതും ബോൾഡുമാണ്. ഗ്രില്ലിന് വശങ്ങളിലായി എൽഇഡി ഹെഡ്‌ലൈറ്റുകളും എൽഇഡി ഡിആർഎൽ ബാറുകളും ഇടംപിടിച്ചിട്ടുണ്ട്. ഇരുവശത്തും വലിയ എയർ വെന്റുകളുള്ള ഫ്രണ്ട് ബമ്പറും മസ്ക്കുലറായാണ് ഒരുക്കിയിരിക്കുന്നത്.
പുതിയ ഇന്നോവ ഹൈക്രോസിന്റെ വശക്കാഴ്ച്ചയിലാണ് എക്സ്റ്റീരിയറിലെ ഏറ്റവും വലിയ മാറ്റം. എംപിവി സി പില്ലറിൽ ചരിഞ്ഞ റൂഫ്‌ലൈൻ ഇഫക്റ്റോടെയാണ് വരുന്നത്. അത് അതിന്റെ എസ്‌യുവി-ഇഷ് ലുക്ക് വർധിപ്പിക്കാനും സഹായിക്കുന്നു. ഇരുവശത്തുമുള്ള വലിയ വീൽ ആർച്ചുകൾ ഇതിന് കൂടുതൽ പ്രാധാന്യം നൽകുന്നുമുണ്ട്. 18 ഇഞ്ച് വലിപ്പമുള്ള അലോയ് വീലുകളും വാഹനത്തിന് പുതുരൂപം സമ്മാനിക്കുന്നു. പിൻഭാഗത്ത്, പുതിയ ഇന്നോവ ഹൈക്രോസിന് എൽഇഡി ടെയിൽ ലൈറ്റുകളാണ് ടൊയോട്ട നൽകിയിരിക്കുന്നത്.
ഇന്നോവ ഹൈക്രോസിന്റെ ഇന്റീരിയറിൽ നിങ്ങളുടെ സ്‌മാർട്ട്‌ഫോണിനെയോ ടാബ്‌ലെറ്റുകളെയോ പ്രതിഫലിപ്പിക്കാൻ കഴിയുന്ന ഒരു ഭീമാകാരമായ ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമുണ്ടാകും. പിന്നിലെ യാത്രക്കാർക്ക് വ്യക്തിഗത ഡിജിറ്റൽ സ്ക്രീനുകളും ലഭിക്കും. വെർട്ടിക്കൽ സെന്റർ കൺസോളിൽ ക്ലൈമറ്റ് കൺട്രോൾ, ഗിയർ സജ്ജീകരണം, മറ്റ് പ്രവർത്തനങ്ങൾ എന്നിവയുണ്ട്. ഇന്റീരിയറിന് ഡാഷ്‌ബോർഡിൽ ക്രോം ആക്‌സന്റുകളും പുതിയ അപ്‌ഹോൾസ്റ്ററിയും ഉള്ള ഡ്യുവൽ-ടോൺ തീം ഉണ്ടായിരിക്കുമെന്നതും പ്രീമിയം ഫീൽ ഉയർത്തും. എംപിവിക്ക് ആദ്യമായി പനോരമിക് സൺറൂഫും വാഗ്ദാനം ചെയ്യുന്നുണ്ട്.
6,7,8 സീറ്റർ ഓപ്ഷനുകളിൽ ഇന്നോവ സെനിക്‌സ് ഇന്തോനേഷ്യയിൽ തെരഞ്ഞെടുക്കാനും അവസരമുണ്ട്. എക്‌സ്‌റ്റൻഡബിൾ ഫൂട്ട്‌റെസ്റ്റുകളുള്ള ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന വലിയ സോഫാ സീറ്റുകൾ, എൽഇഡി മൂഡ് ലൈറ്റിംഗ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പാഡിൽ ഷിഫ്റ്ററുകൾ, കൂൾഡ് സീറ്റുകൾ, കണക്‌റ്റഡ് കാർ ടെക് തുടങ്ങിയ ഫീച്ചറുകളാണ് ഇന്നോവയെ വേറെ ലെവലാക്കുന്നത്. കൂടുതൽ സുരക്ഷക്കായി വാഹനത്തിൽ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റവും കമ്പനി വാഗ്‌ദാനം ചെയ്യുന്നു.


Click it and Unblock the Notifications