ഇതിലും ചെറുത് ഒപ്പിക്കാനാവില്ലെന്ന് കമ്പനി, ഇന്ത്യയിലെ കുഞ്ഞൻ കാറാവാൻ MG Air EV

ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാണ കമ്പനിയായ എംജി മോട്ടോർ ഇന്ത്യയിലേക്ക് ഒരു കുഞ്ഞൻ ഇലക്‌ട്രിക് കാർ കൊണ്ടുവരുന്നുവെന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാളിമ്മിണിയായി. എന്നാൽ ഈ കൊച്ചുകാറിനെ കാത്തിരിക്കുന്നവരുടെ സ്വപ്നം ഉടൻ തന്നെ പൂവണിയാൻ പോവുകയാണ്. ജനുവരിയിൽ എയർ കോംപാക്‌ട് ഇവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

സിറ്റി യാത്രയ്‌ക്കായി ഒരു കോം‌പാക്‌ട് ഇവി തിരയുന്ന ആർക്കും താങ്ങാനാവുന്നതും പ്രായോഗികവുമായ ഓഫറായി എംജി എയർ ഇവി സ്ഥാപിക്കും. പുതിയ എയർ ഇവി ബ്രാൻഡിന്റെ ലൈനപ്പിലെ രണ്ടാമത്തെ ഇലക്ട്രിക് കാറായിരിക്കുമെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ടാറ്റ ടിയാഗോ ഇവി, ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന മഹീന്ദ്ര eKUV100 തുടങ്ങിയ മോഡലുകളുമായാവും ഈ ചൈനീസ് മൈക്രോ ഇവി മത്സരിക്കുക. വെറും 2.9 മീറ്റർ നീളത്തോടെ എംജി എയർ ഇവി രാജ്യത്തെ ഏറ്റവും ചെറിയ കാറായി മാറുകയും ചെയ്യും.

കൂടാതെ 2010 മില്ലീമീറ്റർ വീൽബേസും ആയിരിക്കും എംജി എയർ ഇവിക്ക് ഉണ്ടായിരിക്കുക. പെട്ടെന്നുള്ള താരതമ്യത്തിനായി 3099 മില്ലീമീറ്റർ നീളവും ഇന്ത്യൻ വിപണിയിലെ ഏറ്റവും ഒതുക്കമുള്ള കാറുകളിലൊന്നുമായെ ടാറ്റ നാനോയെ കാണാം. ചെറിയ നീളവും ബോക്‌സി സ്റ്റൈലിംഗും താരതമ്യേന നീളമുള്ള വീൽബേസും എംജി എയർ ഇവിക്ക് വിചിത്രവും ധീരവുമായ രൂപം നൽകും. ഇതുവരെ അറിയാവുന്ന റിപ്പോർട്ടുകളിൽ നിന്ന് പുതിയ എംജി എയർ ഇവി 50 kW മോട്ടോറിനൊപ്പം വാഗ്ദാനം ചെയ്യപ്പെടാൻ സാധ്യതയുണ്ട്.

അത് LFP സെൽ ബാറ്ററി സജ്ജീകരണത്തോടുകൂടിയ 20-25 kWh ബാറ്ററി പായ്ക്കായിരിക്കും തുടിപ്പേകുക. ഒറ്റ ചാർജിൽ 200-300 കിലോമീറ്റർ റേഞ്ച് നൽകാൻ പുതിയ എംജി എയർ ഇവിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃത്യമായി പറഞ്ഞാൽ ദിവസേനയുള്ള ചെറിയ യാത്രകൾക്ക് തികച്ചും അനുയോജ്യമായ ഇലക്ട്രിക് കാറായിരിക്കും എയർ ഇവി. എന്നു തന്നെ പറയാം iCAT-സർട്ടിഫൈഡ് ശ്രേണി ഉടൻ തന്നെ ബ്രാൻഡ് പങ്കിടുന്നതായിരിക്കും. ഒന്നിലധികം ചാർജിംഗ് ഓപ്ഷനുകൾ ഈ കോംപാക്‌ട് ഇവിയെ പിന്തുണയ്ക്കുമെന്നതും വലിയ കാര്യമാണ്.

വലിപ്പം കുറവാണെങ്കിലും രണ്ട് 10.25 ഇഞ്ച് പാനലുകളുള്ള ഡ്യുവൽ സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉൾപ്പെടെയുള്ള ഫീച്ചറുകളുടെ ഒരു നീണ്ട പട്ടികയാണ് പുതിയ എംജി എയർ ഇവിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് വോയ്‌സ് കൺട്രോൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ തുടങ്ങിയ ഫീച്ചറുകൾ ലഭിക്കും. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഇലക്ട്രിക്കൽ ഓപ്പറേറ്റഡ് ORVM-കൾ എന്നിവയും അതിലേറെയും ഉൾപ്പെടുന്നു.

ഇനി ഡിസൈനിന്റെ കാര്യത്തിലേക്ക് നോക്കിയാൽ എംജി എയർ ഇവി ഒരു ഫ്യൂച്ചറിസ്റ്റിക് രൂപമാണ് വഹിക്കുക. ഫുൾ-വീഡ്ത്ത് ലൈറ്റ് ബാറും ക്രോം സ്ട്രിപ്പുകളും അതിനെ കലാപരമായി വിങ് മിററുകളുമായി ബന്ധിപ്പിക്കുകയും ചെയ്യും. മുൻവശത്തെ കറുത്ത ബമ്പറിന് തൊട്ടുമുകളിൽ ഡ്യുവൽ-ടയർ ഹെഡ്‌ലൈറ്റുകളാണ് ഇടംപിടിക്കുക. ബ്ലാക്ക് റൂഫ്, ബി-പില്ലറുകൾക്ക് തൊട്ടുപിന്നിൽ ചതുരാകൃതിയിലുള്ള പിൻ വിൻഡോ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ എന്നിവയുള്ള വശക്കാഴ്ച്ചയും രസകരമാണ്. മിനുസമാർന്ന സൈഡ് പ്രതലത്തിൽ കൂറ്റൻ സൈഡ് വിൻഡോകളെ ഹെഡ്‌ലാമ്പുകളുമായി ബന്ധിപ്പിക്കുന്ന സിംഗിൾ ഷോൾഡർ ലൈൻ ഉണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.

ശരിക്കും എംജി എയർ ഇവി വുലിംഗ് എയർ എന്ന മോഡലിന്റെ റീബാഡ്‌ജ് പതിപ്പാണ്. 8.49 ലക്ഷം രൂപയോളമാണ് എംജിയുടെ വരാനിരിക്കുന്ന മൈക്രോ ഇലക്ട്രിക് കാറിന് പ്രതീക്ഷിക്കുന്നത്. ഇത് ഇന്ത്യയിലെ ഏറ്റവും വില കുറവുള്ള ഇവി ആയിരിക്കില്ലെങ്കിലും തന്റേതായ കഴിവുകളാൽ വ്യത്യസ്‌തമായിരിക്കും. വാങ്ങുന്നവർക്കായി ഫീച്ചർ സമ്പന്നവും പ്രീമിയം പാക്കേജും തന്നെ വാഹനം അണിനിരത്തുകയും ചെയ്യും. ടാറ്റ ടിയാഗോ ഇവി പോലുള്ള എതിരാളികളെ ഇത് വെല്ലുവിളിക്കുമെങ്കിലും ഇന്ത്യൻ ഉപഭോക്താക്കൾ ഇതിനെ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയണം.

കാരണം ഇന്ത്യക്കാർ എപ്പോഴും പരമ്പരാഗത ശൈലിയുള്ള വാഹനങ്ങളെ തന്നെയാണ് ഇപ്പോഴും ഇഷ്‌ടപ്പെടുന്നത് എന്നതാണ്. മുടക്കുന്ന വിലക്കുള്ള വലിപ്പം എംജി എയർ ഇവിക്ക് ഇല്ലെങ്കിൽ അതിനെ സ്വീകരിക്കാൻ ഉപഭോക്താക്കൾ തയാറാവുമോ എന്നാണ് കണ്ടറിയേണ്ടത്. എന്നാൽ എഞ്ചിന്റെയും ഗിയർബോക്‌സിന്റെയും അഭാവം എന്നിവ കാരണം ഈ ഇലക്ട്രിക് സിറ്റി കാർ ഇന്റീരിയർ സ്പേസിന്റെ കാര്യത്തിൽ മോശമായിരിക്കില്ല എന്നതാണ് യാഥാർഥ്യം. എന്തായാലും വാഹനം അടുത്ത വർഷത്തിന്റെ തുടക്കത്തിൽ തന്നെ വിപണിയിലേക്ക് എത്തുമ്പോൾ എംജി എയർ ഇവിയുടെ ഭാവി എന്താണെന്ന് തുടക്കം തന്നെ അറിയാൻ കഴിയും.

Most Read Articles

Malayalam
English summary
Upcoming mg air ev will be the smallest car in india by its size details
Story first published: Wednesday, November 30, 2022, 10:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X