അകകാഴ്ച്ചകളും പുറത്ത്, ലോഗോ മാറിയെത്തുന്ന Mahindra XUV300 എസ്‌യുവിയുടെ ഇന്റീരിയർ ഇങ്ങനെ
സബ്-കോംപാക്‌ട് എസ്‌യുവി സെഗ്‌മെന്റിലെ ജനപ്രിയ മോഡലുകളിലൊന്നായ XUV300 ചെറിയൊരു പരിഷ്ക്കാരത്തോടെ വിപണിയിൽ പുനരവതരിപ്പിക്കാൻ തയാറാടുക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര.

ഫെയ്‌സ്‌ലിഫ്റ്റ് അവതാരമെന്ന് ഇതിനെ കമ്പനി വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഡിസൈൻ വശങ്ങളിൽ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. മഹീന്ദ്രയുടെ ഏറ്റവും പുതിയ ട്വിൻ പീക്‌സ് ലോഗോ എസ്‌യുവിയിലേക്ക് എത്തുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്നാൽ കാര്യങ്ങൾ കൂടുതൽ ആകർഷകമാക്കാൻ പുതിയ കരുത്തുറ്റ പെട്രോൾ എഞ്ചിൻ വാഹനത്തിലേക്ക് എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

XUV300 ഇതിനകം തന്നെ പെട്രോൾ, ഡീസൽ എഞ്ചിനുകൾക്ക് മികച്ച ഇൻ-സെഗ്‌മെന്റ് ടോർക്ക് വാഗ്ദാനം ചെയ്യുന്നു എന്നത് ശ്രദ്ധേയമാണെങ്കിലും കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച സ്പോർട്ടി പെട്രോൾ എഞ്ചിനാണ് ഇപ്പോൾ മോഡലിലേക്ക് വരുന്നതെന്നാണ് സൂചന. എങ്കിലും മഹീന്ദ്ര ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടുമില്ല.

മഹീന്ദ്ര അടുത്തിടെ XUV300 ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രം പുറത്തുവിട്ടിരുന്നു. അത് വാഹനത്തിന്റെ പുറംമോടിയെ വെളിപ്പെടുത്തിയിരുന്നു. മഹീന്ദ്രയുടെ പുതിയ ട്വിൻ പീക്ക് ലോഗോ ഫ്രണ്ട് ഗ്രില്ലിലും അലോയ് വീലിലും കാണാം. ദേ ഇപ്പോൾ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി XUV300 എസ്‌യുവിയുടെ ഇന്റീരിയർ ചിത്രങ്ങളും റഷ്‌ലൈൻ പുറത്തുവിട്ടിരിക്കുകയാണ്.

XUV300 ഫെയ്‌സ്‌ലിഫ്റ്റിന്റെ സ്റ്റിയറിംഗ് വീലിൽ മഹീന്ദ്രയുടെ പുതിയ ലോഗോ ഇടംപിടിച്ചതു തന്നെയാണ് പ്രധാന മാറ്റം. തങ്ങളുടെ എല്ലാ പാസഞ്ചർ കാറുകൾക്കും പുതിയ ലോഗോ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. എന്നാൽ പഴയ ഓവൽ ആകൃതിയിലുള്ള ലോഗോ പൂർണമായും ഉപേക്ഷിക്കില്ല.

മറിച്ച് മഹീന്ദ്രയുടെ വാണിജ്യ വാഹനങ്ങൾക്കായി ഈ ലോഗോ ഉപയോഗിക്കുന്നത് തുടരുമെന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. മഹീന്ദ്ര തങ്ങളുടെ പാസഞ്ചർ വാഹനങ്ങൾക്ക് വ്യതിരിക്തവും പ്രീമിയം ബ്രാൻഡ് ഐഡന്റിറ്റി സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു. ഇവിടെയാണ് പുതിയ ലോഗോ പ്രാധാന്യം നേടുന്നത്.

XUV300 എസ്‌യുവിയുടെ അകത്തളത്തിൽ മറ്റ് ചെറിയ മാറ്റങ്ങളുണ്ടാകാമെങ്കിലും അതിൽ ഭൂരിഭാഗവും നിലവിലെ മോഡലിന് സമാനമാണ്. കോംപാക്‌ട് എസ്‌യുവി ഇതിനകം തന്നെ മികച്ച ഇന്റീരിയറാണ് പ്രദാനം ചെയ്യുന്നത് എന്നതിനാൽ ഇവ നിരാശപ്പെടുത്തുകയില്ലെന്നു വേണം പറയാൻ.

മികച്ച ഇൻ-സെഗ്‌മെന്റ് വീതിയും നീളമേറിയ വീൽബേസും ഉപയോഗിച്ച് വിശാലമായ ഇന്റീരിയറാണ് XUV300 എസ്‌യുവിയിൽ മഹീന്ദ്ര സാധ്യമാക്കിയിരിക്കുന്നത്. പ്രീമിയം ലെതറെറ്റ് അപ്ഹോൾസ്റ്ററി, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീലും ഗിയർ നോബും, ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ബീജ് ഡാഷ്‌ബോർഡ്, 6-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ് എന്നീ ഫീച്ചറുകളും മോഡലിലുണ്ട്.

തീർന്നില്ല, സൺഗ്ലാസ് ഹോൾഡർ, സ്റ്റോറേജുള്ള മടക്കാവുന്ന ഫ്രണ്ട് ആംറെസ്റ്റ്, ഫ്ലാറ്റ് രണ്ടാം നിര ഫ്ലോർ, ഡോർ ഹാൻഡിലുകളിൽ ക്രോം ഗാർണിഷ് എന്നിവ ഉൾപ്പെടുന്നു. , 60:40 രണ്ടാം നിര സ്പ്ലിറ്റ് സീറ്റുകളും ക്രമീകരിക്കാവുന്ന ബൂട്ട് ഫ്ലോർ തുടങ്ങിയ സജ്ജീകരണവും സവിശേഷതകളും മഹീന്ദ്ര XUV300 എസ്‌യുവിയിൽ നിറയ്ക്കാൻ കമ്പനി മറന്നില്ലെന്നതും സ്വീകാര്യമായ കാര്യമാണ്.

മെമ്മറി ക്രമീകരണങ്ങളോടുകൂടിയ ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് എസി, കംഫർട്ട് / നോർമൽ / സ്‌പോർട്‌സിന്റെ സ്റ്റിയറിംഗ് മോഡുകൾ, ടയർ പൊസിഷൻ ഡിസ്‌പ്ലേ എന്നിങ്ങനെ ഒന്നിലധികം സെഗ്‌മെന്റ്-ഫസ്റ്റ് ഫീച്ചറുകൾ XUV300-നുണ്ട്. ആന്റി പിഞ്ച് ഉള്ള ഇലക്ട്രിക് സൺറൂഫ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓക്‌സ്, യുഎസ്ബി, ആപ്പൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയാണ് മറ്റ് ഹൈലൈറ്റുകൾ.

XUV300 എസ്‌യുവിയിൽ എഞ്ചിൻ സ്റ്റാർട്ട് സ്റ്റോപ്പ്, എൽഇഡി ഇൻഡിക്കേറ്റർ ഉള്ള പവർ ഫോൾഡബിൾ ORVM-കൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, റെയിൻ ആൻഡ് ലൈറ്റ് സെൻസറുകൾ, ഓട്ടോ ഡിമ്മിംഗ് IRVM, കസ്റ്റമൈസ് ചെയ്യാവുന്ന ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഒപ്റ്റിമൽ ഇന്ധനക്ഷമതയ്ക്കും കുറഞ്ഞ CO2 ഉദ്‌വമനത്തിനുമുള്ള Ecosense സാങ്കേതികവിദ്യ എന്നിവയുണ്ട്.

ലൈവ് വെഹിക്കിൾ ട്രാക്കിംഗ്, ജിയോ ഫെൻസിങ്, റിമോട്ട് ഫംഗ്‌ഷനുകൾ, എമർജൻസി അസിസ്റ്റ് തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളുടെ ഒരു ശ്രേണി ബ്ലൂസെൻസ് പ്ലസ് കണക്റ്റിവിറ്റി സവിശേഷതകളും മഹീന്ദ്രയുടെ ഈ കോംപാക്‌ട് എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്.

ഇനി എഞ്ചിൻ ഓപ്ഷനുകളിലേക്ക് നോക്കിയാൽ XUV300 എസ്‌യുവിയുടെ നിലവിലെ 1.5 ലിറ്റർ ടർബോ ഡീസൽ യൂണിറ്റ് ബ്രാൻഡ് അതേ ഫോർമാറ്റിൽ മുന്നോട്ട് കൊണ്ടുപോകും. ഇത് 3,750 rpm-ൽ 115 bhp പരമാവധി കരുത്തും 1,500-2,500 rpm-ൽ 300 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

പെട്രോൾ വേരിയന്റുകൾക്ക് പരിഷ്ക്കരിച്ച ടർബോ എഞ്ചിൻ ലഭിക്കാനും സാധ്യതയുണ്ട്. ഇത് ഏകദേശം 130 bhp പവറിൽ 230 Nm torque ആണ് നൽകുന്നത്. 108 bhp പവറിൽ 200 Nm torque നൽകുന്ന നിലവിലുള്ള 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനേക്കാൾ ഇത് ഏകദേശം 20 bhp, 30 Nm torque എന്നിവ കൂടുതലാണ് നൽകുന്നത്.

പെട്രോൾ, ഡീസൽ എഞ്ചിനുകൾക്ക് 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ ഉണ്ട്. XUV300 ഫെയ്‌സ്‌ലിഫ്റ്റിന്റെ സുരക്ഷാ സംവിധാനവും ഏറെക്കുറെ മുമ്പത്തേതിന് സമാനമായിരിക്കും. എല്ലാ വീലിലും ഡിസ്‌ക് ബ്രേക്കുകളും ഫ്രണ്ട് പാർക്കിംഗ് സെൻസറുകളും സെഗ്‌മെന്റിലെ മികച്ച 6 എയർബാഗുകളും പോലുള്ള ഫസ്റ്റ്-ഇൻ-സെഗ്‌മെന്റ് ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുന്നു.

ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, EBD ഉള്ള എബിഎസ്, കോർണർ ബ്രേക്കിംഗ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയാണ് എസ്‌യുവിയിലെ മറ്റ് പ്രധാന സുരക്ഷാ സവിശേഷതകൾ.


Click it and Unblock the Notifications








