Meridian എസ്‌യുവിക്ക് കിടിലൻ ഓഫ് റോഡ് കഴിവുകളും, കൂടുതൽ വിവരങ്ങളുമായി Jeep
ജീപ്പ് ഇന്ത്യ തങ്ങളുടെ വരാനിരിക്കുന്ന ഏഴ് സീറ്റർ എസ്‌യുവി മെറിഡിയനെ അടുത്തിടെയാണ് ടീസർ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ആഭ്യന്തര വിപണികളിൽ ഉടൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന വാഹനത്തിന്റെ ഡിസൈൻ വിശദാംശങ്ങൾ വെളിപ്പെടുത്താതെ പൂർണമായും മറച്ച രീതിയിലാണ് ടീസർ കമ്പനി പുറത്തുവിട്ടത്.

എന്തായാലും മൂന്ന് നിരകളുള്ള എസ്‌യുവിക്ക് പ്രതീക്ഷിച്ചതുപോലെ ഓഫ്-റോഡ് കഴിവുകളുണ്ടാകുമെന്നതാണ് പ്രധാന സവിശേഷത. കമാൻഡറായി തെരഞ്ഞെടുത്ത രാജ്യങ്ങളിൽ ഇതിനകം അവതരിപ്പിച്ച ജീപ്പ് 7 സീറ്റർ കോമ്പസിനെ മെറിഡിയൻ എന്നായിരിക്കും ഇന്ത്യയിൽ അറിയപ്പെടുക.

ജീപ്പിന് ഇന്ത്യയിൽ കമാൻഡർ എന്ന പേര് ഉപയോഗിക്കാൻ കഴിഞ്ഞില്ല. അതിനുള്ള പ്രധാ കാരണം ഈ പേര് മഹീന്ദ്ര രാജ്യത്ത് ട്രേഡ് മാർക്ക് ചെയ്തിരിക്കുന്നതിനാലാണ്. 70 പേരുകളുടെ പട്ടികയിൽ നിന്നാണ് മെറിഡിയൻ എന്ന പേര് ശ്രദ്ധാപൂർവം തെരഞ്ഞെടുത്തതെന്ന് ജീപ്പ് പറയുന്നു. എന്നിരുന്നാലും പൂർണമായും ഇന്ത്യയിൽ നിർമിച്ച ഒരു എസ്‌യുവിക്ക് വിപണിയിൽ ശക്തമായ പ്രസക്തിയും അനുരണനവുമുള്ള ഒരു പേര് ആവശ്യമാണെന്നതിലാണ് ഈ തീരുമാനം വന്നത്.

അതിമനോഹരമായ ചില സംസ്ഥാനങ്ങളെയും സംസ്കാരങ്ങളെയും ബന്ധിപ്പിച്ച് ഇന്ത്യയുടെ നീളത്തിലൂടെ കടന്നുപോകുന്ന രേഖയിൽ നിന്നാണ് ഈ പേര് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ പരീക്ഷിച്ചു കൊണ്ടിരിക്കുന്ന ജീപ്പ് മെർഡിയൻ രണ്ട് പതിപ്പുകളിലാണ് കൂടുതലായും പുറത്തിറക്കുക. രണ്ടാമത്തെ നിരയിലെ ബെഞ്ച് സീറ്റ് ഉൾപ്പെടെ 7 സീറ്റിംഗ് കോൺഫിഗറേഷനോടൊപ്പം പതിപ്പുകളിലൊന്ന് വരും.

ഈ വേരിയന്റിന് സൺറൂഫ് നഷ്‌ടപ്പെടാൻ സാധ്യതയുണ്ട്. രണ്ടാമത്തേത് 6 സീറ്റർ വേരിയന്റായിരിക്കും രണ്ടാം നിരയിൽ 2 ക്യാപ്റ്റൻ സീറ്റുകൾ ലഭിക്കും. ഈ വേരിയന്റിന് മിക്കവാറും പനോരമിക് സൺറൂഫും മറ്റ് ഒന്നിലധികം പ്രീമിയം ഫീച്ചറുകളും ലഭിക്കും. 2022 പകുതിയോടെ മെറിഡിയൻ ഷോറൂമുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുമ്പോൾ എംജി ഗ്ലോസ്റ്റർ, ടൊയോട്ട ഫോർച്യൂണർ, സ്കോഡ കൊഡിയാക് എന്നിവയുമായാകും ജീപ്പ് മെറിഡിയൻ പ്രധാനമായും മത്സരിക്കുക. സ്നോ, മഡ്, സാന്റ് എന്നിവയുൾപ്പെടെയുള്ള വ്യത്യസ്ത ഭൂപ്രദേശങ്ങളെ നേരിടാൻ 2022 മെറിഡിയൻ എസ്‌യുവിക്ക് ട്രാക്ഷൻ കൺട്രോൾ ഫീച്ചർ ഉണ്ടായിരിക്കുമെന്ന് സൂചന നൽകിയിരിക്കുകയാണ് ഇപ്പോൾ.

അമേരിക്ക ആസ്ഥാനമായുള്ള കാർ നിർമാതാക്കൾ മെറിഡിയന്റെ ഒരു ഓഫ്-റോഡ് 'ട്രെയിൽ-റേറ്റഡ്' എസ്‌യുവി എന്ന വിശേഷണവും നൽകിയേക്കും. 2022 ജീപ്പ് മെറിഡിയന്റെ അളവുകളും സവിശേഷതകളും ഇതുവരെ ഔദ്യോഗികമായി പങ്കിട്ടിട്ടില്ലെങ്കിലും റിപ്പോർട്ടുകൾ പ്രകാരം മെറിഡിയൻ എസ്‌യുവിക്ക് 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ ലഭിക്കാൻ സാധ്യതയുണ്ട്.

പ്രാദേശികമായി നിർമ്മിക്കുന്ന പുതിയ മൂന്ന്-വരി എസ്‌യുവിയിൽ ജീപ്പ് ഡീസൽ യൂണിറ്റും വാഗ്ദാനം ചെയ്തേക്കാം. 2022 മെറിഡിയനിലെ എഞ്ചിനുകൾ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കാനാണ് സാധ്യതയുള്ളത്. 2022 മെറിഡിയൻ എസ്‌യുവിയുടെ മുൻനിര വകഭേദങ്ങൾക്ക് ഫോർ വീൽ ഡ്രൈവ് ഓപ്ഷനും ലഭിക്കാൻ സാധ്യതയുണ്ട്.

മാത്രമല്ല, എസ്‌യുവിക്ക് പുതിയ 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ലഭിച്ചേക്കും. ഒന്നിലധികം കമ്പനികൾ തങ്ങളുടെ വാഹനങ്ങളിൽ ഇന്ധനക്ഷമതയും എമിഷൻ കണക്കുകളും മെച്ചപ്പെടുത്തുന്നതിനായി മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. അതിനാൽ ഇക്കാര്യത്തിൽ ഒട്ടും പിന്നോട്ടുപോവാൻ ജീപ്പ് ആഗ്രഹിക്കുന്നില്ല.

ഇന്ത്യയിലെ കോമ്പസ് ഉൾപ്പെടെയുള്ള ഒന്നിലധികം ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന അതേ ടർബോചാർജ്ഡ് 2.0 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിൻ തന്നെ മെറിഡിയനിൽ ജീപ്പും ഉപയോഗിക്കാനാണ് സാധ്യത. എന്നിരുന്നാലും എഞ്ചിൻ 48 V മൈൽഡ് ഹൈബ്രിഡ് സജ്ജീകരണവുമായാകും വരിക.

അത് ഒരു (BSG) ബെൽറ്റ് സ്റ്റാർട്ടർ ജനറേറ്ററിനൊപ്പം വരും. ഭാവിയിൽ ജീപ്പ് അതിന്റെ മറ്റ് അന്താരാഷ്ട്ര ഉൽപ്പന്നങ്ങളിലും ഇതേ മൈൽഡ്-ഹൈബ്രിഡ് സജ്ജീകരണം അവതരിപ്പിക്കാൻ തുടങ്ങും. ഇനി വരാനിരിക്കുന്ന വാഹനത്തിന്റെ ഡിസൈൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ ജീപ്പ് മെറിഡിയന്റെ രൂപഭാവം കോമ്പസ് എസ്‌യുവിയെ ഓർമ്മിപ്പിച്ചേക്കാം. ഇത് 2016 മുതൽ ഇന്ത്യൻ വിപണികളിൽ ലഭ്യമായ മോഡലാണ്.

എന്നിരുന്നാലും മെറിഡിയനിൽ ചില ഡിസൈൻ മാറ്റങ്ങൾ അവതരിപ്പിക്കും എന്നതിൽ സംശയമൊന്നും വേണ്ട. അതിനാൽ മെറിഡിയൻ അഞ്ച് സീറ്റർ എസ്‌യുവിയിൽ നിന്ന് തികച്ചും വേറിട്ടുനിൽക്കും. ജീപ്പ് മെറിഡിയനിൽ എൽഇഡി ഡിആർഎൽ യൂണിറ്റുകൾ, ഫോഗ് ലാമ്പുകൾ, എൽഇഡി ടെയിൽലൈറ്റുകൾ, ഒആർവിഎമ്മുകളിൽ ഘടിപ്പിച്ച ക്യാമറ എന്നിവയുള്ള പുനർരൂപകൽപ്പന ചെയ്ത എൽഇഡി ഹെഡ്‌ലൈറ്റുകൾ വാഗ്ദാനം ചെയ്യും.

ജീപ്പിന്റെ പരമ്പരാഗത ഏഴ് സ്ലാറ്റുകൾ വഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഗ്രിൽ കോമ്പസിൽ കാണുന്നതിൽ നിന്ന് അൽപ്പം വ്യത്യസ്തമായി പുനർരൂപകൽപ്പന ചെയ്യാൻ സാധ്യതയുണ്ട്. ജീപ്പ് മെറിഡിയൻ എസ്‌യുവിയുടെ ഇന്റീരിയറിൽ 10.25 ഇഞ്ച് പ്രധാന ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, പനോരമിക് സൺറൂഫ്, നാല് സോൺ ക്ലൈമറ്റ് കൺട്രോൾ, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ സവിശേഷതകളോടെയാകും വിപണിയിൽ എത്തുക.

2022 ജീപ്പ് മെറിഡിയൻ എസ്‌യുവി അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പിന്റെ അഞ്ച് സീറ്റർ കോംപാക്‌ട് കോമ്പസ് എസ്‌യുവിക്ക് മുകളിലായിരിക്കും സ്ഥാനംപിടിക്കുക. ലോഞ്ച് ചെയ്യുമ്പോൾ മൂന്നുവരി എസ്‌യുവിക്ക് 35 ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കും വില.


Click it and Unblock the Notifications








