Polo GTI ഇന്ത്യയിൽ തിരികെ കൊണ്ടുവരാൻ പദ്ധതിയിട്ട് Volkswagen, എത്തുന്നത് പൂർണ ഇറക്കുമതിയായി
പോളോ ഹാച്ച്ബാക്ക് ഇന്ത്യൻ വിപണിയിൽ നിന്നും വിടപറയാൻ ഒരുങ്ങുമ്പോൾ ഏറ്റവും കൂടുതൽ വേദനിക്കുന്നത് പെർഫോമൻസ് ഹാച്ച്ബാക്ക് പ്രേമികൾ തന്നെയായിരിക്കും. ഫോക്‌സ്‌വാഗൺ പോളോ ജിടിഐ ഹോട്ട് ഹാച്ച് ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത് 2016 അവസാനത്തോടെയാണ്.

പോളോയുടെ ഇന്ത്യയിലെ ഉത്പാദനം അതിന്റെ നിലവിലെ രൂപത്തിൽ അവസാനിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ വിദേശത്ത് വിൽപ്പനയ്‌ക്കെത്തുന്ന പുതിയ ആറാം തലമുറ പോളോ ജിടിഐ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള സാധ്യതകൾ തേടുകയാണ് ജർമൻ വാഹന നിർമാതാക്കൾ എന്നതാണ് മറ്റൊരു സന്തോഷകരമായ കാര്യം.

200 bhp കരുത്തിലധികം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ മോഡലിനെ പൂർണ ഇറക്കുമതി മോഡലായി ഇന്ത്യൻ ഉപഭോക്താക്കൾക്കായി ഫോക്‌സ്‌വാഗണ് അവതരിപ്പിക്കാനാകും. പോളോ ജിടിഐയെ ഇന്ത്യൻ വിപണിയിൽ കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്ന് കമ്പനിയുടെ ഉയർന്ന ഉദ്യോഗസ്ഥൻ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇത് സംഭവിക്കുകയാണെങ്കിൽ ജിടിഐ പരിമിതമായ സംഖ്യകളിലായിരിക്കും ഇന്ത്യയിലേക്ക് കൊണ്ടുവരിക. കാരണം അത് ഒരു CBU അല്ലെങ്കിൽ പൂർണമായി നിർമിച്ച യൂണിറ്റായിരിക്കും എന്നതിനാലാണ്. അതായത് ഉദാഹരണമായി പറഞ്ഞാ T-റോക്ക്, ടിഗുവാൻ ഓൾസ്‌പേസ് എന്നിവയിൽ ചെയ്തതുപോലെയുള്ള അതേ തന്ത്രമായിരിക്കും ഫോക്‌സ്‌വാഗൺ സ്വീകരിക്കുക.

ഫോക്‌സ്‌വാഗൺ GTI മോഡലിന്റെ 2,500 യൂണിറ്റുകൾ വരെ ഹോമോലോഗേഷൻ ഇല്ലാതെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കമ്പനിക്ക് കഴിയും. ഏറ്റവും പുതിയ പോളോയുടെ പ്രാദേശിക ഉത്പാദനം VW ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത തള്ളിക്കളഞ്ഞെങ്കിലും GTI പതിപ്പിന്റെ ലോഞ്ച് കമ്പനി പരിമിതമായ സംഖ്യകളിൽ വിലയിരുത്തുകയാണെന്ന് അദ്ദേഹം സൂചന നൽകി.

അഞ്ച് വർഷം മുമ്പ് പുറത്തിറക്കിയപ്പോൾ അഞ്ചാം തലമുറ പോളോ അടിസ്ഥാനമാക്കിയുള്ള ജിടിഐയുടെ വില 25.99 ലക്ഷം രൂപയായിരുന്നു. ത്രീ-ഡോർ ബോഡി ശൈലിയിൽ അവതരിപ്പിച്ച ഹോട്ട് ഹാച്ചിന് പരമാവധി 192 bhp പവറിൽ 250 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള 1.8 ലിറ്റർ ടിഎസ്‌ഐ ടർബോ-പെട്രോൾ എഞ്ചിനാണ് തുടിപ്പേകിയിരുന്നത്.

7-സ്പീഡ് DSG ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. ഇതിന് പരമാവധി 233 കിലോമീറ്റർ വേഗത വരെ പുറത്തെടുക്കാൻ കഴിയുമായിരുന്നു. മാത്രമല്ല 0-100 കിലോമീറ്റർ വേഗത വെറും 7.2 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കാനും പോളോ ജിടിഐ പതിപ്പിന് സാധിക്കുമായിരുന്നു.

എന്നാൽ 2017-ന്റെ മധ്യത്തിൽ ഇന്ത്യയിൽ ജിഎസ്‌ടി നടപ്പിലാക്കിയതോടെ നികുതി നിരക്കുകളിലെ പരിഷ്ക്കരണത്തെത്തുടർന്ന് ഒരു CBU (കംപ്ലീറ്റ്‌ലി ബിൽറ്റ്-അപ്പ് യൂണിറ്റ്) ആയി പരിമിതമായ സംഖ്യകളിൽ കൊണ്ടുവന്ന പോളോ ജിടിഐയുടെ വില 6 ലക്ഷം രൂപ കുറച്ചതിന് ശേഷം വൻ വിൽപന നടന്നു.

സമീപ വർഷങ്ങളിൽ ജർമൻ വാഹന നിർമാതാക്കൾ ടി-റോക്ക് എസ്‌യുവിയെ 19.99 ലക്ഷം രൂപയിൽ ലോഞ്ച് ചെയ്തു. പിന്നീട് 21.35 ലക്ഷം രൂപ വരെ കമ്പനി ഉയർത്തുകയും ചെയ്‌തിരുന്നു. ഇത് ഹിറ്റായതോടെ ടിഗുവാൻ ഓൾസ്പേസ് എന്നിവയുൾപ്പെടെ മറ്റ് പരിമിതമായ അളവിലും ഉയർന്ന വിലയിലും ഉള്ള ഇറക്കുമതി തന്ത്രത്തിൽ ഫോക്‌സ്‌വാഗണ് വിജയം കണ്ടെത്താനായിട്ടുണ്ട്.

അതിനാൽ പോളോ ജിടിഐ ഒരു ഇറക്കുമതി മോഡലായി വിൽപ്പനയ്ക്ക് എത്തിയാലും വില ഒരു പരിമിതിയായി തോന്നുന്നില്ല. പ്രത്യേകിച്ചും രാജ്യത്ത് അത്രയും ആരാധകരുള്ള ഒരു കാറിന്. അതുപോലെ CBU ഇറക്കുമതികൾക്കുള്ള സർക്കാരിന്റെ 2,500-യൂണിറ്റ് ഹോമോലോഗേഷൻ-ഫ്രീ റൂൾ പ്രകാരം പുതിയ പോളോ ജിടിഐ ലോഞ്ച് ചെയ്യാൻ ഫോക്‌സ്‌വാഗൺ ഇന്ത്യയ്ക്ക് അനായാസം കഴിയും.

ഫോക്‌സ്‌വാഗൺ വർഷങ്ങളായി ഇന്ത്യയിൽ PQ25 പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള അഞ്ചാം തലമുറ പോളോയുടെ വിൽപ്പന തുടരുന്നുണ്ടെങ്കിലും ഹാച്ച്‌ബാക്ക് ആഗോള വിപണികൾക്കായി കമ്പനിയുടെ ആധുനിക MQB A0 ആർക്കിടെക്ചറിലേക്ക് മാറിയിരുന്നു. 2018-ൽ പൂർണ തലമുറ മാറ്റത്തോടെ പോളോ ശ്രേണിയിൽ നിന്നുള്ള ഡോർ ഫോം ഫാക്ടറും എടുത്തു കളഞ്ഞിരുന്നു.

പോയ വർഷം ഈ മോഡലിന് ചെറിയ പരിഷ്ക്കാരങ്ങളും കമ്പനി സമ്മാനിച്ചിരുന്നു. അതിന്റെ ഡിസൈനും സ്റ്റൈലിംഗും അതിന്റെ വലിയ മോഡലായ ഗോൾഫിന് അനുസൃതമായി കൊണ്ടുവന്നു. 204 bhp പരമാവധി കരുത്തിൽ 320 Nm torque ഉത്പാദിപ്പിക്കുന്ന വലിയ 2.0 ലിറ്റർ TSI ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഇപ്പോൾ കാറിന് ലഭിക്കുന്നത്.

7 സ്പീഡ് DSG ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിരിക്കുന്ന കാർ ഒരു ഫ്രണ്ട് വീൽ വാഹനമാണ്. സ്‌പോർട്ട്, നോർമൽ, ഇക്കോ, വ്യക്തിഗത എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകളും ഫോക്‌സ്‌വാഗൺ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ജിടിഐ ഇറക്കുമതി ചെയ്യാനുള്ള സാധ്യത സ്വാഗതാർഹമാണെങ്കിലും കൂടുതൽ താങ്ങാനാവുന്ന നിലവാരത്തിലുള്ള പുതിയ പോളോ ഇന്ത്യയിൽ നിർമ്മിക്കപ്പെടില്ല എന്നതിന്റെ സ്ഥിരീകരണമാണിത്.

ഇന്ത്യയിൽ ഒരു ശരിയായ പെർഫോമൻസ് ഹാച്ച്ബാക്ക് അവതരിപ്പിക്കുന്ന കാര്യം ഫോക്‌സ്‌വാഗൺ പരിഗണിക്കുന്നത് ഇതാദ്യമല്ല. ആയതിനാൽ ഭാവിയിൽ പോളോ ജിടിഐ ഇന്ത്യൻ നിരത്തുകളിൽ എത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.


Click it and Unblock the Notifications








