Polo ലെജന്‍ഡ് എഡിഷന്റെ ഡെലിവറി ആരംഭിച്ച് Volkswagen
ഫോക്‌സ്‌വാഗണ് ഇന്ത്യയിൽ സ്വന്തമായൊരു വ്യക്തിത്വം നൽകിയ മോഡലാണ് പോളോ പ്രീമിയം ഹാച്ച്ബാക്ക്. പന്ത്രണ്ട് വര്‍ഷത്തെ വിൽപ്പന അവസാനിപ്പിച്ച് പടിയിറങ്ങുന്നതിനു മുമ്പായി ജർമൻ വാഹന നിർമാതാക്കൾ മോഡലിന്റെ പുതിയൊരു ലെജൻഡ് എഡിഷനും അടുത്തിടെ പുറത്തിറക്കിയിരുന്നു.

ഒരു ലിമിറ്റഡ് എഡിഷൻ മോഡലായതിനാൽ തന്നെ . ലെജൻഡ് എഡിഷന്റെ 700 യൂണിറ്റുകൾ മാത്രമേ ഫോക്‌സ്‌വാഗൺ നിർമിക്കുകയുള്ളൂ. ഇപ്പോൾ ഈ വേരിയന്റുകൾക്കായുള്ള ഡെലിവറിയും ആരംഭിച്ചിരിക്കുകയാണ് ഫോക്‌സ്‌വാഗൺ.

ഒരേ സമയം പോളോ ലെജൻഡ് എഡിഷന്റെ എട്ടു യൂണിറ്റുകൾ ഒരുമിച്ച് ഡെലിവറി ചെയ്യുന്നതിന്റെ വീഡിയോയും TeamAutoTrend എന്ന യൂട്യൂബ് ചാനൽ പുറത്തുവിട്ടിട്ടുണ്ട്. സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ചില കോസ്മെറ്റിക് മാറ്റങ്ങളോടെയാണ് പുതിയ ലെജൻഡ് എഡിഷൻ വിപണിയിൽ എത്തുന്നത്.
10.25 ലക്ഷം രൂപയുടെ എക്‌സ്ഷോറൂം വിലയിലാണ് ടോപ്പ് എൻഡ് GT ടിഎസ്ഐ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള പോളോ ലെജൻഡ് എഡിഷനെ ഫോക്‌സ്‌വാഗൺ അണിയിച്ചൊരുക്കിയിരിക്കുന്നത്. മുൻ ഫെൻഡറുകളിലും ടെയിൽഗേറ്റിലും ലെജൻഡ് ബ്രാൻഡിംഗ് ഉണ്ട്. ഡോറുകൾക്ക് കറുപ്പ് നിറത്തിലുള്ള ഡെക്കലുകളാണ് കമ്പനി സമ്മാനിച്ചിരിക്കുന്നതും.

പിന്നെ കറുപ്പിൽ തീർത്ത റിയർവ്യൂ മിററുകൾ, റൂഫ് പിൻ സ്‌പോയിലർ എന്നിവയും കാണാൻ തികച്ചും സ്പോർട്ടിയറായിട്ടുണ്ട്. പോളോ ലെജൻഡ് എഡിഷനിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ല. അതിനാൽ ടർബോചാർജ്‌ഡ് 1.0 ലിറ്റർ, ത്രീ സിലിണ്ടർ, TSI പെട്രോൾ എഞ്ചിനാണ് പോളോയുടെ വിടവാങ്ങലിനായി എത്തിയ പതിപ്പിലും പ്രവർത്തിക്കുന്നത്.

ഇത് പരമാവധി 110 bhp കരുത്തിൽ 175 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് പോളോ ലെജൻഡ് എഡിഷന് ഫോക്‌സ്‌വാഗണ്‍ നൽകിയിരിക്കുന്നത്. അതായത് മാനുവൽ ഓപ്ഷനിൽ പ്രീമിയം ഹാച്ച്ബാക്കിന്റെ ലിമിറ്റഡ് എഡിഷൻ മോഡൽ ലഭ്യമാവില്ലെന്ന് സാരം.

എന്നിരുന്നാലും പോളോയുടെ സാധാരണ വേരിയന്റിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഫോക്‌സ്‌വാഗൺ 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ താഴ്ന്ന വേരിയന്റുകളോടൊപ്പം വിൽക്കുകയും ചെയ്തിരുന്നു. ഇത് 75 bhp പരമാവധി കരുത്തും 95 Nm torque ഉം ആണ് വികസിപ്പിക്കുന്നത്.

5 സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം മാത്രമാണ് ഇത് വാഗ്ദാനം ചെയ്തത്. ട്രെന്‍ഡ്‌ലൈന്‍, കംഫര്‍ട്ട്ലൈന്‍, ഹൈലൈന്‍ പ്ലസ്, ജിടി എന്നിവയുള്‍പ്പെടെ നാല് വേരിയന്റുകളിലാണ് ഹാച്ച്ബാക്കിന്റെ സ്റ്റാന്‍ഡേര്‍ഡ് ശ്രേണി തെരഞ്ഞെടുക്കാനായിരുന്നത്. ഇതിന് 6.45 ലക്ഷം മുതല്‍ 10.25 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്‌ടീവിറ്റിയുള്ള 6.5 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, റിയര്‍ എസി വെന്റുകള്‍ എന്നിവയാണ് ഫോക്‌സ്‌വാഗൺ പോളോയുടെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നത്.

ഇനി സുരക്ഷാ സവിശേഷതകളിലേക്ക് നോക്കിയാൽ ഹില്‍-ഹോള്‍ഡ്, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ്, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇബിഡി ഉള്ള എബിഎസ്, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ എന്നിവയെല്ലാമാണ് ജർമൻ ബ്രാൻഡ് തങ്ങളുടെ ജനപ്രിയമായ പോളോ ഹാച്ച്ബാക്കിൽ ലഭ്യമാക്കിയിരിക്കുന്നത്. കാലാതീതവും സ്പോര്‍ട്ടിവുമായ ഡിസൈന്‍, സുരക്ഷ, രസകരമായ ഡ്രൈവ് അനുഭവം, ശക്തമായ നിര്‍മ്മാണ നിലവാരം എന്നിവയാണ് പോളോയെ ഇത്രയും ജനപ്രിയമായി നിർത്തിയത്.

എന്നാൽ ആധുനിക കാലഘച്ചത്തിലെ ഫാൻസി ഫീച്ചറുകൾ ഇല്ലായ്‌മയും കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ നിന്നതുമാണ് വിൽപ്പനയിൽ കാര്യമായ കുറവുണ്ടാകാൻ കാരണമായത്. ഇടയ്ക്കിടെ ഫോക്‌സ്‌വാഗൺ പോളോയ്ക്ക് ചെറിയ പരിഷ്ക്കാരങ്ങൾ നല്‍കിയിരുന്നെങ്കിലും 2010-ല്‍ രാജ്യത്ത് അവതരിപ്പിച്ചതിന് ശേഷം സ്പോര്‍ട്ടി ഹാച്ചിന് കാര്യമായ നവീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല.

ഫോക്‌സ്‌വാഗൺ പോളോയുടെ നിർമാണം അവസാനിപ്പിക്കുന്നതോടെ എസ്‌യുവികളിലേക്കും പ്രീമിയം സെഡാനുകളിലേക്കും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തയാറെടുക്കുന്നത്. അടുത്തിടെ മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലെത്തിയ ടൈഗൂണിന് വലിയ സ്വീകാര്യത ലഭിച്ചതും കമ്പനിക്ക് മൈലേജാവും. മാത്രമല്ല ഉടൻ തന്നെ വെർട്ടിസ് സി-സെഗ്മെന്റ് സെഡാന്റെയും വിൽപ്പന ബ്രാൻഡ് ആരംഭിക്കാനിരിക്കുകയാണ്.

റാപ്പിഡിന് പകരമാണ് വെർട്ടിസ് എത്തുന്നത്. ഇത് MQB-A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നതും. സെഡാനെ ജൂണിൽ വിപണനത്തിന് എത്തിക്കാനാണ് ഫോക്‌സ്‌വാഗൺ തയാറെടുക്കുന്നത്. ഡൈനാമിക് ലൈൻ, പെർഫോമൻസ് ലൈൻ എന്നീ രണ്ട് വകഭേദങ്ങളിലായിരിക്കും മോഡൽ വിപണിയിൽ എത്തുക.

വെർട്ടിസിനൊപ്പം രണ്ട് പെട്രോൾ എഞ്ചിനുകളും ഫോക്‌സ്‌വാഗൺ വാഗ്ദാനം ചെയ്യും. ഇവ രണ്ടും ടർബോചാർജ്ഡ് ആയിരിക്കും കൂടാതെ ഡീസൽ എഞ്ചിൻ ഓഫറിൽ ഉണ്ടാവില്ല. ഇത് 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, ഡിഎസ്‌ജി ഓട്ടോമാറ്റിക് എന്നിവയായിരിക്കും ഗിയർബോക്‌സ് ഓപ്ഷനുകളിൽ അണിനിരക്കുക.


Click it and Unblock the Notifications








