പുതിയ Virtus സെഡാനായുള്ള ഔദ്യോഗിക ബുക്കിംഗുകളും ആരംഭിച്ച് Volkswagen
ഏറെ നാളായി കാത്തിരിക്കുന്ന വെർട്ടിസ് പ്രീമിയം സെഡാനായുള്ള നിർമാണം ആരംഭിച്ചതായി പ്രഖ്യാപിച്ച ഫോക്‌സ്‌വാഗൺ ദേ ഇപ്പോൾ കാറിനായുള്ള ഔദ്യോഗിക ബുക്കിംഗും തുറന്നതായി അറിയിച്ചിരിക്കുകയാണ്.

രാജ്യത്തുടനീളമുള്ള എല്ലാ ഫോക്‌സ്‌വാഗൺ ഡീലർഷിപ്പുകളിലും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും മോഡലിനായുള്ള ബുക്കിംഗും ജർമൻ ബ്രാൻഡ് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്നാണ് പൂനെയ്ക്കടുത്തുള്ള ചകാൻ പ്ലാന്റിൽ വെർട്ടിസിനായുള്ള ഉത്പാദനം ഔദ്യോഗികമായി ആരംഭിച്ചിരിക്കുന്നത്.

അടുത്തിടെയാണ് വെന്റോയുടെ പകരക്കാരനായുള്ള വെർട്ടിസ് സെഡാനെ കമ്പനി രാജ്യത്ത് അവതരിപ്പിച്ചത്. നിർമാണവും ബുക്കിംഗും ആരംഭിച്ചതോടെ 2022 മെയ് മാസത്തിൽ വാഹനത്തിന്റെ വിൽപ്പനയും ജർമൻ ബ്രാൻഡ് തുടങ്ങുമെന്നാണ് സൂചന.

ഹ്യുണ്ടായി വേർണ, ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, പുതുതായി എത്തിയ സ്‌കോഡ സ്ലാവിയ എന്നീ വമ്പൻമാർക്കെതിരെയാണ് ഇന്ത്യയിലെ പ്രീമിയം സി-സെഗ്മെന്റ് സെഡാൻ ശ്രേിണിയിൽ പുതിയ ഫോക്‌സ്‌വാഗൺ വെർട്ടിസ് കൊമ്പുകോർക്കാൻ ഒരുങ്ങുന്നത്. പുത്തൻ മോഡൽ അതിന്റെ എഞ്ചിൻ ഓപ്ഷനുകൾ, പ്ലാറ്റ്ഫോം, ഘടകങ്ങൾ എന്നിവ ഇരട്ട മോഡലായ സ്കോഡയുടെ സ്ലാവിയയുമായി പങ്കിടും.

ടൈഗൂൺ, സ്കോഡ കുഷാഖ്, സ്ലാവിയ എന്നീ മോഡലുകൾക്ക് അടിവരയിടുന്ന അതേ MQB AO IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഫോക്‌സ്‌വാഗണിന്റെ ഈ പുതുപുത്തൻ മോഡലും. വ്യത്യസ്ത ബോഡി ശൈലികളും എഞ്ചിൻ ഓപ്ഷനുകളും ഉൾക്കൊള്ളാൻ ഈ പ്ലാറ്റ്ഫോം പര്യാപ്തമാണ്. 95 ശതമാനം പ്രാദേശികവൽക്കരണത്തോടെയാണ് പ്രീമിയം സി-സെഗ്മെന്റ് സെഡാൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

പഴകിയ വെന്റോ സെഡാന് പകരക്കാരനായാണ് പുതിയ മോഡൽ എത്തുന്നത്. വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ പുതിയ ഫോക്‌സ്‌വാഗൺ വെർട്ടിസിന് 4,561 മില്ലീമീറ്റർ നീളവും 1,752 മില്ലീമീറ്റർ വീതിയും 1,507 മില്ലീമീറ്റർ ഉയരവുമാണുള്ളത്. കൂടാതെ 2,651 മില്ലീമീറ്റർ വീൽബേസും മിഡ്-സൈസ് സെഡാനുണ്ട്.

സ്റ്റൈലിംഗിന്റെ കാര്യത്തിൽ പുതിയ ജർമൻ സെഡാന് ക്രോം സറൗണ്ടോടുകൂടിയ സിംഗിൾ സ്ലേറ്റ് ഗ്രിൽ, സംയോജിത എൽ ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ ഉള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പുകളുള്ള വിശാലമായ എയർ ഡാമിനെ ഉൾക്കൊള്ളുന്ന ഒരു ആക്രമണാത്മക ബമ്പർ എന്നിവയെല്ലാം ലഭിക്കുന്നുണ്ട്.

കൂടാതെ വെർട്ടിസിന് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, സ്രാവ് ഫിൻ ആന്റിന, ക്രോം ചെയ്ത ഡോർ ഹാൻഡിലുകൾ, റാപ് എറൗണ്ട് എൽഇഡി ടെയിൽ-ലൈറ്റുകൾ എന്നിവയും ലഭിക്കുന്നുണ്ട്. സ്റ്റാൻഡേർഡ്, ജിടി ലൈൻ വേരിയന്റുകളിലാണ് സെഡാൻ വരുന്നത്.

വൈൽഡ് ചെറി റെഡ്, കാൻഡി വൈറ്റ്, കാർബൺ സ്റ്റീൽ ഗ്രേ, കുർക്കുമ യെല്ലോ, റിഫ്ലെക്സ് സിൽവർ, റൈസിംഗ് ബ്ലൂ മെറ്റാലിക് എന്നിങ്ങനെ 6 വ്യത്യസ്‌ത നിറങ്ങളിലും ഫോക്‌സ്‌വാഗൺ വാഹനം വാഗ്ദാനം ചെയ്യും.

ഫീച്ചറുകളുടെ കാര്യത്തിൽ ടൈഗൂൺ മിഡ്-സൈസ് എസ്‌യുവിയുടെ എല്ലാത്തരം സജ്ജീകരണങ്ങളും വെർട്ടിസിലേക്കും കമ്പനി കടമെടുക്കും. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വയർലെസ് ഫോൺ ചാർജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് എസി, കണക്റ്റഡ് കാർ സവിശേഷതകൾ, ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ എന്നിവയുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കീലെസ് എൻട്രി മുതലായവയാണ് സെഡാന് ലഭിക്കുന്നത്.

സുരക്ഷയുടെ കാര്യത്തിലും ഒരു വിട്ടുവീഴ്ച്ചയും ഫോക്‌സ്‌വാഗൺ നടത്തിയിട്ടില്ല. വരാനിരിക്കുന്ന പ്രീമിയം സെഡാനിൽ ആറ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇബിഡിയുള്ള എബിഎസ്, ലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), മൾട്ടി-കൊളിഷൻ ബ്രേക്കുകൾ, ഒരു പിൻ പാർക്കിംഗ് ക്യാമറ മുതലായവയെല്ലാം വെർട്ടിസിൽ അണിനിരത്തും.

കുഷാഖ്, സ്ലാവിയ, ടൈഗൂൺ എന്നിവയിലൂടെയെല്ലാം സുപരിചിതമായ രണ്ട് ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനിലായിരിക്കും ഫോക്‌സ്‌വാഗൺ വെർട്ടിസ് വിപണിയിൽ എത്തുക. അതിൽ 1.0 ലിറ്റർ 3 ലിണ്ടർ TSI, 1.5 ലിറ്റർ 4 സിലിണ്ടർ TSI എന്നിവ ഉപഭോക്താക്കൾക്ക് യഥേഷ്ടം തെരഞ്ഞെടുക്കാം.

ആദ്യത്തെ എഞ്ചിൻ പരമാവധി 115 bhp കരുത്തിൽ 178 Nm torque ഉത്പാദിപ്പിക്കുമ്പോൾ രണ്ടാമത്തെ ശേഷി കൂടിയ എഞ്ചിൻ 148 bhp പവറിൽ 250 Nm totque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. കാറിന്റെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടും.

മോഡലിന്റെ ജിടി വേരിയന്റ് ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിൽ മാത്രമേ ഉണ്ടാവുകയുള്ലളൂ. അതായത് മാനുവൽ ഓപ്ഷൻ ചെറിയ എഞ്ചിനിൽ മാത്രമേ ലഭ്യമാവുകയുള്ളൂ. വെട്ടിസിന്റെ 1.5 ലിറ്ററിൽ ഓട്ടോമാറ്റിക് ഓപ്ഷനോടു കൂടി മാത്രമേ നിരത്തിലിറങ്ങുകയുള്ളൂ. ഇരട്ട മോഡലായ സ്കോഡ സ്ലാവിയയുടെ അനുബന്ധ വകഭേദങ്ങളേക്കാൾ 30,000 രൂപ വരെ കൂടുതലായിരിക്കും വെർട്ടിസിന് മുടക്കേണ്ടി വരികയെന്നാണ് റിപ്പോർട്ടുകൾ.


Click it and Unblock the Notifications








