വിപണിയിലെത്താൻ അണിഞ്ഞൊരുങ്ങി Volkswagen Virtus, ജിടി ലൈൻ വേരിയന്റിന്റെ ടീസർ പുറത്ത്
2022 മാർച്ച് എട്ടിന് ആഗോള അവതരണത്തിന് തയാറെടുക്കുകയാണ് ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ ഏറ്റവും പുതിയ വിർചസ് സെഡാൻ. അവതരണത്തിന് മുന്നോടിയായി വരാനിരിക്കുന്ന മിഡ്-സൈസ് സെഡാന്റെ പുതിയ ടീസർ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് ജർമൻ ബ്രാൻഡ്.

വിർചസ് എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ സെഡാൻ പോളോയ്‌ക്കൊപ്പം ഉടൻ ഉത്പാദനം അവസാനിപ്പിക്കുന്ന വെന്റോയുടെ പിൻഗാമിയായാണ് വിപണിയിൽ എത്തുന്നത്. 2022 മെയ് പകുതി മുതൽ വാഹനത്തിനായുള്ള വിൽപ്പന ആരംഭിക്കുമെന്നും ഫോക്‌സ്‌വാഗൺ വ്യക്തമാക്കിയിട്ടുണ്ട്.
"ദി ന്യൂ ഗ്ലോബൽ സെഡാൻ" എന്ന് വിളിക്കപ്പെടുന്ന ഫോക്‌സ്‌വാഗൺ വിർചസ് സ്കോഡ കുഷാഖ്, ടൈഗൂൺ, സ്ലാവിയ എന്നിവയുടെ അതേ MQB-A0-IN പ്ലാറ്റ്‌ഫോമിൽ തന്നെയാണ് ഒരുങ്ങുന്നത്. ഫോക്‌സ്‌വാഗൺ ടൈഗൺ, സ്‌കോഡ കുഷാക്ക്, സ്‌കോഡ സ്ലാവിയ എന്നിവയ്ക്ക് ശേഷം സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഈ പ്ലാറ്റ്‌ഫോമിൽ സ്ഥാപിക്കുന്ന നാലാമത്തെ ഉൽപ്പന്നമായിരിക്കും ഇതെന്നതും പ്രത്യേകതയാണ്.

പുതിയ വിർചസിന് ആഗോള തലത്തിലുണ്ടായിരുന്ന വിർചസ് സെഡാന് സമാനമായ വലിപ്പം തന്നെ ഉണ്ടായിരിക്കാനാണ് സാധ്യതയുള്ളത്. ഇതിന് 4,482 മില്ലീമീറ്റർ നീളവും 1,751 മില്ലീമീറ്റർ വീതിയും 1,472 മില്ലീമീറ്റർ ഉയരവുമാണുണ്ടാവുക അതേസമയം 2,651 മില്ലീമീറ്റർ വീൽബേസാണ് പ്രീമിയം സെഡാന് ഉണ്ടായിരിക്കുക.

നിലവിലുള്ള വെന്റോയെ അപേക്ഷിച്ച് 92 മില്ലീമീറ്റർ നീളവും 52 മില്ലീമീറ്റർ വീതിയും 5 മില്ലീമീറ്റർ ഉയരവും വെന്റോയേക്കാൾ 98 മില്ലീമീറ്റർ നീളവും ഉണ്ടായിരിക്കും. കളമൊഴിയാൻ പോവുന്ന വെന്റോയ്ക്ക് 2,553 മില്ലീമീറ്റർ നീളമാണ് മൊത്തത്തിലുള്ളത്.

ഫോക്‌സ്‌വാഗൺ പുറത്തുവിട്ട ടീസർ വീഡിയോ അനുസരിച്ച് പുതിയ വിർചസിൽ എൽഇഡി ഹെഡ് ലാമ്പുകൾ, എൽ ആകൃതിയിലുള്ള എൽഇഡി ഡിആർഎലുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ എന്നിവ കാണും. ഇതിന് വലിയ ക്രോം ഫിനിഷ്ഡ് ഫ്രണ്ട് ഗ്രില്ലും ജിടി ലൈൻ ബാഡ്ജിംഗും മുൻ ബമ്പറിൽ ക്രോം ആക്‌സന്റും എല്ലാം മോടികൂട്ടാനായി ഇടംപിടിക്കും.

അതോടൊപ്പം തന്നെ ബ്ലാക്ക് ഔട്ട് ബി പില്ലറുകൾ, ഒരു സ്രാവ് ഫിൻ ആന്റിന, കോൺട്രാസ്റ്റിംഗ് കളർ ഒആർവിഎംഎസ്, റൂഫ്, പുതിയ അലോയ് വീലുകൾ എന്നിവയും പുറംമോടിയുടെ ഭാഗമാവും. വീതിയേറിയ എയർ ഡാമും ബൂട്ട് മൗണ്ടഡ് നമ്പർ പ്ലേറ്റും പുതിയ വിർചസിന്റെ മറ്റൊറു പ്രത്യേകതയാണ്.

അകത്തളങ്ങളിൽ ഡ്രൈവർക്കും യാത്രക്കാർക്കുമുള്ള നിരവധി സൗകര്യങ്ങൾ തന്നെയാകും ഫോക്‌സ്‌വാഗൺ ഒരുക്കുക. അതിനായി തുകൽ പൊതിഞ്ഞ മൾട്ടി ഫങ്ഷൻ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക് സൺറൂഫ്, മുൻവശത്ത് വെന്റിലേറ്റഡ് സീറ്റിംഗ്, വയർലെസ് ചാർജർ എന്നിവയെല്ലാം കമ്പനി അണിനിരത്തും.

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള വലിയ 10.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സംവിധാനത്തിലൂടെയാണ് ഇൻഫോടെയ്ൻമെന്റ്. സമ്പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പില്ലർ മൗണ്ടഡ് ട്വീറ്ററുകൾ, സുരക്ഷാ ഉപകരണങ്ങളിൽ മൊത്തം 6 എയർബാഗുകൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകൾ പുതുപുത്തൻ ജർമൻ കാറിൽ ഇടംപിടിക്കും.

ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകൾ വഴി മാത്രമായിരിക്കും ഫോക്‌സ്‌വാഗൺ വിർചസ് തെരഞ്ഞെടുക്കാനാവുക. അതിൽ 1.0 ലിറ്റർ, 3 സിലിണ്ടർ TSI എഞ്ചിൻ 115 hp കരുത്തും 178 Nm torque ഉം ഉത്പാദിപ്പിക്കും. ജിടി ലൈൻ വേരിയന്റിന് 148 bhp പവറും 250 Nm torque ഉം വികസിപ്പിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ, 4 സിലിണ്ടർ എഞ്ചിൻ ലഭിക്കും.

എഞ്ചിനുകൾ സ്റ്റാൻഡേർഡായി 6 സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കും. 1.0 ലിറ്റർ എഞ്ചിന് 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് നൽകുമ്പോൾ വലിയ 1.5 ലിറ്റർ യൂണിറ്റിന് 7 സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്‌സും ഫോക്‌സ്‌വാഗൺ നൽകും. കാറിന്റെ ഡ്രൈവിംഗ് അനുഭവം വര്‍ധിപ്പിക്കുന്നതിനായി ഫോക്‌സ്‌വാഗണ്‍ ഒന്നിലധികം ഡ്രൈവ് മോഡുകള്‍ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഇടത്തരം സെഡാൻ സെഗ്‌മെന്റിൽ സ്‌കോഡ സ്ലാവിയ, മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായി വേർണ എന്നിവയ്‌ക്കൊപ്പം ഫോക്‌സ്‌വാഗൺ വിർചസ് മത്സരിക്കും. കഴിഞ്ഞ കുറച്ച് നാളുകളായി വെന്റോയുടെ വില്‍പ്പന പിന്നോട്ട് ഇടിയുന്നതിലാണ് പുതിയ മോഡലിനെ അവതരിപ്പിച്ച് വിപണി തിരികെ പിടിക്കാനുള്ള പദ്ധതികൾ ഫോക്‌സ്‌വാഗൺ ആവിഷ്ക്കരിച്ചത്.

ജര്‍മന്‍ ബ്രാന്‍ഡില്‍ നിന്നും വര്‍ഷങ്ങളായി വിപണിയില്‍ ഉള്ള മോഡലുകളില്‍ ഒന്നാണ് വെന്റോ. വന്ന നാളുകളില്‍ ബ്രാന്‍ഡിനായി മികച്ച വില്‍പ്പനയും ഈ പ്രീമിയം സി-സെഗ്മെന്റ് സെഡാൻ ഇന്ത്യയിൽ നേടിയിരുന്നു. പുതിയ വിർചസിന്റെ വിലയെ സംബന്ധിച്ചസൂചനകള്‍ ഒന്നും തന്നെ നിലവില്‍ ലഭ്യമല്ല. എങ്കിലും നിലവില്‍ വിപണിയില്‍ ഉള്ള വെന്റോയെക്കാള്‍ വില ഉയരാനാണ് സാധ്യത.


Click it and Unblock the Notifications








