75 ലക്ഷം രൂപയിൽ വോൾവോയുടെ പുതിയ XC40 Recharge ഇലക്‌ട്രിക് എസ്‌യുവി വരുന്നു, കൂടുതൽ അറിയാം
ഇന്ത്യയിൽ ഒരു സമ്പൂർണ ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ആഢംബര വാഹന നിർമാതാക്കളിൽ ഒരാളായിരുന്നു വോൾവോ. എന്നാൽ സ്വീഡിഷ് ബ്രാൻഡിനു മുമ്പേ തന്നെ ജർമൻ എതിരാളികളായ മെർസിഡീസ് ബെൻസ്, ഔഡി, ബിഎംഡബ്ല്യു എന്നിവർ ഇവി മോഡലുകളെ നമ്മുടെ രാജ്യത്ത് പരിചയപ്പെടുത്തി.

ജൂൺ മുതൽ ബുക്കിംഗ് ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ വോൾവോ അവരുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവി XC40 റീചാർജ് കഴിഞ്ഞ വർഷം മാർച്ചിൽ അവതരിപ്പിക്കുകയും ചെയ്‌തു. അതേസമയം ഡെലിവറികൾ 2021 ഒക്ടോബർ മുതൽ ആരംഭിക്കുമെന്നും അക്കാലയളവിൽ കമ്പനി വ്യക്തമാക്കിയിരുന്നു.

എന്നാൽ പിന്നീട് ഈ കണക്കുകൂട്ടലുകളെല്ലാം സെമികണ്ടക്‌ടർ ചിപ്പുകളുടെ കുറവ് കാരണം വോൾവോ മാറ്റിവെക്കുന്നതായും അറിയിച്ചു. എന്നാൽ ഇപ്പോൾ വോൾവോയുടെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഇലക്ട്രിക് കാർ XC40 റീചാർജ് ഒക്ടോബറിൽ ഉപഭോക്താക്കളിലേക്ക് എത്തുമെന്ന് സ്വീഡിഷ് വാഹന നിർമാതാക്കൾ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി.

ഇതിനു മുന്നോടിയായി വാഹനത്തിന്റെ വില വിവരങ്ങളും മറ്റു വിശദാംശങ്ങളും വോൾവോ തങ്ങളുടെ ഔദ്യോഗിക വെബ്സെറ്റിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റായി (CBU) ഇന്ത്യൻ വിപണിയിൽ എത്തുന്ന XC40 റീചാർജ് ഇലക്ട്രിക് ക്രോസ്ഓവറിന് 75 ലക്ഷം രൂപയോളം എക്സ്ഷോറൂം വില മുടക്കേണ്ടി വരുമെന്നാണ് സ്ഥിരീകരണം.

പുതിയ വോൾവോ ഇലക്ട്രിക് XC40 പൂർണമായി ലോഡുചെയ്‌ത റീചാർജ് പ്രോ വേരിയന്റിലാകും ലഭ്യമാവുക. ഇലക്ട്രിക് എസ്‌യുവിയുടെ ബുക്കിംഗും ഡെലിവറിയും യഥാർഥത്തിൽ എപ്പോൾ ആരംഭിക്കുമെന്ന് വോൾവോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഓരോ ആക്‌സിലിലും ഒരു ഇരട്ട ഇലക്ട്രിക് മോട്ടോർ സജ്ജീകരണത്തിന് ഊർജം നൽകുന്ന 75kWh ബാറ്ററി പായ്ക്കാണ് ഇന്ത്യയിൽ വരാനിരിക്കുന്ന XC40 റീചാർജിന് തുടിപ്പേകുന്നത്.

ഈ പവർട്രെയിൻ സംയുക്തമായി 408 bhp കരുത്തിൽ 660 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. പരമാവധി വേഗത മണിക്കൂറിൽ 180 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുമ്പോൾ ഇലക്ട്രിക് എസ്‌യുവിക്ക് വെറും 4.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത വരെ കൈവരിക്കാൻ കഴിയും.

കാഴ്ച്ചയിൽ XC40 റീചാർജ് അതിന്റെ സ്‌റ്റൈലിംഗിലെ ചില മാറ്റങ്ങൾ ഒഴികെ ബാക്കിയെല്ലാം അതിന്റെ പെട്രോൾ വകഭേദവുമായി സാമ്യമുള്ളതാണ്. ഇലക്‌ട്രിക് പതിപ്പിലെ ഏറ്റവും ശ്രദ്ധേയമായ അപ്‌ഡേറ്റ് ഒരു പുതിയ സീൽ ചെയ്ത ഫ്രണ്ട് ഫാസിയ ആയിരിക്കും. അത് ഒരു പരമ്പരാഗത മെഷ് പോലുള്ള ഗ്രില്ലിന് പകരമായാണ് സ്ഥാപിച്ചിരിക്കുന്നത്.

പിൻ പാനലിലെ ഇന്ധനം നിറയ്ക്കുന്ന ലിഡ് എസ്‌യുവിയുടെ ബാറ്ററി ചാർജിംഗ് പോർട്ടായി പ്രവർത്തിക്കുമ്പോൾ ഇതിന് മുന്നിൽ ഒരു 'റീചാർജ്' ബാഡ്‌ജിംഗും വോൾവോ സമ്മാനിച്ചിട്ടുണ്ട്. വശക്കാഴ്ച്ചയിൽ സാധാരണ പെട്രോളിൽ പ്രവർത്തിക്കുന്ന XC40 എസ്‌യുവിക്ക് സമാനമായ കട്ടുകളും ക്രീസുകളുമാണ് വാഹനത്തിന് ലഭിക്കുന്നത്.

ഇത് XC40 റീച്ചാർജിന് ഷാർപ്പ് രൂപമാണ് നൽകുന്നത്. 19 ഇഞ്ച് ഡ്യുവൽ-ടോൺ ഡയമണ്ട് കട്ട് അലോയ് വീലുകളിലായിരിക്കും ഇലക്‌ട്രിക് എസ്‌യുവി നിരത്തിലെത്തുക. അത് പ്രീമിയം ആകർഷണം നൽകാൻ ഏറെ സഹായകരമായിട്ടുണ്ട്. പിന്നിൽ ഒരു ജോടി ലംബമായി അടുക്കിയിരിക്കുന്ന എൽ-ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകൾ, റേക്ക് ചെയ്ത പിൻ ഗ്ലാസ് പാനൽ, ടെയിൽഗേറ്റിൽ വോൾവോ ലെറ്ററിംഗ് എന്നിവയും കാണാനാവും.

ക്യാബിനിനുള്ളിൽ XC40 റീചാർജ് രണ്ട് ഇന്റീരിയർ തീമുകൾ വാഗ്ദാനം ചെയ്യും. ചാർക്കോൾ ലെതർ കൂടാതെ വിനൈൽ, നാപ്പ ലെതർ എന്നിവയുള്ള നുബക്ക് ടെക്സ്റ്റൈൽ, രണ്ടും കറുത്ത നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ലംബമായി അധിഷ്‌ഠിതമായ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയും എയർകോൺ വെന്റുകളും ഫീച്ചർ ചെയ്യുന്ന മിനിമലിസ്റ്റിക് ലേഔട്ടോടുകൂടിയ വളരെ പരിചിതമായ ക്യാബിനാണ് ഇതിന് ലഭിക്കുന്നത്.

അതിൽ ആൻഡ്രോയിഡ് അധിഷ്‌ഠിത ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഷെഡ്യൂൾ ചെയ്‌ത ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകൾക്കൊപ്പം 'വോൾവോ ഓൺ കോൾ' ഇൻ-കാർ കണക്റ്റിവിറ്റി സാങ്കേതികവിദ്യയും വോൾവോ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതുകൂടാതെ മുന്നിലും പിന്നിലും ഹീറ്റഡ് സീറ്റുകൾ, മൾട്ടിഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും അതിലേറെയും ഉൾപ്പെടുന്നുണ്ട്.

സുരക്ഷാ സവിശേഷതകളിൽ വോൾവോ XC40 റീച്ചാർജിന് 360 ഡിഗ്രി പാർക്കിംഗ് ക്യാമറ, ഒന്നിലധികം എയർബാഗുകൾ, ലെയ്ൻ അസിസ്റ്റ്, എമർജൻസി ബ്രേക്കിംഗ് സിസ്റ്റം എന്നിവ വാഗ്ദാനം ചെയ്യും. ബ്ലാക്ക് സ്റ്റോൺ, ഡെനിം ബ്ലൂ, ഫ്യൂഷൻ റെഡ്, ഗ്ലേസിയർ സിൽവർ, ക്രിസ്റ്റൽ വൈറ്റ് എന്നിങ്ങനെ അഞ്ച് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ ഇലക്‌ട്രിക് എസ്‌യുവി ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

ഇന്ത്യയിൽ അവതരിപ്പിക്കുമ്പോൾ XC40 റീചാർജ് മെർസിഡീസ് EQC, ജാഗ്വർ ഐ-പേസ്, ഔഡി ഇ-ട്രോൺ എന്നിവയുൾപ്പെടെയുള്ള എതിരാളികളുമായാകും മാറ്റുരയ്ക്കുക. രാജ്യത്തെ എല്ലാ ഡീലർഷിപ്പുകളും ഗ്രീൻ ഡീലർഷിപ്പുകളാക്കാനുള്ള ശ്രമത്തിലാണ് വോൾവോ. ഭാവിയിൽ XC40 ന്റെ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പും വോൾവോ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന സൂചനയുമുണ്ട്.


Click it and Unblock the Notifications