പ്രതീക്ഷയ്ക്ക് വകയുണ്ടോ? Skoda Slavia മോണ്ടി കാർലോ എഡിഷൻ വിപണിയിലേക്ക്
വരുന്ന വർഷം കിടിലൻ പദ്ധതികളുമായി ഇന്ത്യൻ വിപണിയിൽ കളംനിറയാനാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡയുടെ പ്ലാൻ. 2023-ൽ 5 പുതിയ മോഡലുകളുമായി എത്താനാണ് സ്‌കോഡ ഓട്ടോ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.
സ്‌കോഡ എന്യാക് ഇവിയിലൂടെ ഇലക്ട്രിക് വാഹന (ഇവി) വിപണിയിലേക്ക് കടക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചപ്പോൾ രണ്ടാമനായി ഒക്ടാവിയ RS iV സെഡാനും കുഷാഖിന്റെയും സ്ലാവിയയുടെയും പരിഷ്ക്കരിച്ച മോഡലുകളുമാവും ഈ അഞ്ച് വാഹനങ്ങളിൽ ഉൾപ്പെടുക.

ഇന്ത്യയിൽ പൂർണ്ണമായും പ്രാദേശികവൽക്കരിച്ച സ്കോഡ മോഡലായ കുഷാഖ് എസ്‌യുവിയും സ്ലാവിയ സെഡാനും കമ്പനിക്ക് മാന്യമായ വിൽപ്പനയാണ് ഇപ്പോൾ നേടികൊടുക്കുന്നത്. അടുത്തിടെ, കമ്പനി കുഷാഖിന്റെ ഒന്നാം ആനിവേഴ്‌സറി എഡിഷൻ 15.59 ലക്ഷം രൂപ മുതൽ 19.09 ലക്ഷം രൂപ വരെയുള്ള വിലയിൽ നാല് വേരിയന്റുകളിലായി വിപണിയിൽ എത്തിച്ചിരുന്നു.
ഇപ്പോൾ ചെക്ക് ബ്രാൻഡായ സ്കോഡ സ്ലാവിയയുടെ മോണ്ടി കാർലോ എഡിഷനെ കൂടി ഇന്ത്യയിൽ കൊണ്ടുവരാൻ ഒരുങ്ങുകയാണ്. ഏവർക്കും അറിയാവുന്നതു പോലെ, ഈ പതിപ്പുകൾ അഭിമാനകരമായ മോണ്ടി കാർലോ റാലിയിൽ ബ്രാൻഡിന്റെ ആദ്യകാല വിജയങ്ങൾ ആഘോഷിക്കുന്നതിന്റെ ആദരമായി പുറത്തിറക്കുന്ന സ്പെഷ്യൽ വേരിയന്റുകണാണ്. സെഡാന്റെ ഈ മോഡൽ ഡ്യൂവൽ ടോൺ റെഡ്, ബ്ലാക്ക് എക്സ്റ്റീരിയർ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയാവും വിപണിയിലേക്ക് എത്തുക.
സ്കോഡയുടെ മറ്റ് മോണ്ടി കാർലോ പതിപ്പുകൾക്ക് സമാനമായി ഫ്രണ്ട് ഗ്രിൽ, മിററുകൾ, വിംഗുകൾ, റൂഫ് റെയിലുകൾ, ഡോർ ഹാൻഡിലുകൾ, ബമ്പർ ഇൻസെർട്ടുകൾ എന്നിവയുൾപ്പെടെ എല്ലാ ക്രോം, സിൽവർ ഘടകങ്ങളും മാറ്റിസ്ഥാപിക്കുന്ന ഓൾ-ബ്ലാക്ക് ട്രീറ്റ്മെന്റായിരിക്കും സ്ലാവിയയുടെയും മോണ്ടി കാർലോ എഡിഷന് ഉണ്ടായിരിക്കുക. ഇതോടൊപ്പം റെഡ് കാലിപ്പറുകളുള്ള ബ്ലാക്ക് അലോയ് വീലുകളും വാഹനത്തിന്റെ ഭാഗമാവും.
സെഡാന്റെ സ്പെഷ്യൽ എഡിഷന്റെ മുൻവശത്തെ ഫെൻഡറുകളിൽ പ്രൊമിനന്റ് 'മോണ്ടി കാർലോ' ബാഡ്ജിംഗും ടെയിൽഗേറ്റിൽ ബ്ലാക്ക് 'സ്കോഡ', 'സ്ലാവിയ' എന്നീ അക്ഷരങ്ങളും ഇടംപിടിക്കുന്നതോടെ സ്ലാവിയ വേറെ ലെവലാകുമെന്ന് തന്നെ വേണം പറയാൻ. സ്‌പോർട്ടി ഓൾ-ബ്ലാക്ക് നിറമാണ് ഇന്റീരിയറിൽ കാണാനാവുന്നത്. കൂടാതെ ഡാഷ്‌ബോർഡിലും സെന്റർ കൺസോളിലും നാല് ഡേറുകളിലും ഇതിന് പുതിയ റെഡ് ഇൻസേർട്ടുകളും ലഭിച്ചേക്കാം.
കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗോടുകൂടിയ സ്‌പോർട്ടി റെഡ്-ബ്ലാക്ക് സീറ്റ് അപ്‌ഹോൾസ്റ്ററിയും എല്ലാ ഹെഡ്‌റെസ്റ്റുകളിലും 'മോണ്ടി കാർലോ' ലിഖിതവും സ്കോഡ സമ്മാനിച്ചേക്കാം. പുതിയ സ്കോഡ സ്ലാവിയ മോണ്ടി കാർലോ എഡിഷനിൽ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സ്കോഡ കൊണ്ടുവരാൻ സാധ്യതയുണ്ട്. കാറിന്റെ വരാനിരിക്കുന്ന സ്പെഷ്യൽ എഡിഷൻ ശ്രേണിയിലെ ടോപ്പ് എൻഡ് സ്റ്റൈൽ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
ഇത് 1.0 ലിറ്റർ TSI അല്ലെങ്കിൽ 1.5 ലിറ്റർ TSI പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് ലഭിക്കും. കാറിന്റെ മറ്റ് സ്റ്റാൻഡേർഡ് വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ലാവിയ മോണ്ടി കാർലോ എഡിഷന്റെ വില 50,000 രൂപയോളം കൂടുതലായിരിക്കും. നിലവിൽ സ്റ്റൈൽ വകഭേദങ്ങൾ 14.19 ലക്ഷം മുതൽ 18.39 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. സ്‌കോഡ കാറുകളുടെ നിലവിലെ വിജയം നിലനിര്‍ത്തുന്നതിനും, വില്‍പ്പന കാര്യമായി വർധിപ്പിക്കുന്നതിനുമായാണ് 2023-ല്‍ കുഷാഖിനും സ്ലാവിയയ്ക്കും വേണ്ടി സ്‌കോഡ ചെറിയ പരിഷ്ക്കാരങ്ങൾ അവതരിപ്പിക്കാനൊരുങ്ങുന്നത്.


Click it and Unblock the Notifications








