MG Hector വേണ്ടേ? എന്നാ ഈ കിടുക്കാച്ചി മോഡലുകളിലേക്ക് ചേക്കേറാം...
ഹെക്‌ടർ പോലുള്ള ഒരു വലിയ സാധ്യതയുള്ള ഉൽപ്പന്നവുമായാണ് എംജി ഇന്ത്യയിലെത്തിയത്. രാജ്യത്തെ ആദ്യത്തെ ഇന്റർനെറ്റ് കണക്റ്റഡ് എസ്‌യുവി എന്നപേരിൽ വിപണിയിലെത്തി ഹിറ്റടിച്ചക്കാനും ഈ മിഡ്-സൈസ് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന് സാധിച്ചു. ഫീച്ചറുകളുടെ ഒരു നീണ്ട പട്ടികയും മതിയായ എഞ്ചിൻ ഓപ്ഷനും കൂട്ടിനുണ്ടായിരുന്നതും പൊലിമയേകി.
2019-ലാണ് വിപണിയിൽ എത്തുന്നതെങ്കിലും ഇതിനോടകം വലിയ തോതിൽ അറിയപ്പെടാൻ എംജിക്കും ഹെക്‌ടറിനും സാധിച്ചിട്ടുണ്ട്. മൂന്നു വർഷമായെങ്കിലും എതിരാളികൾക്ക് മുന്നിൽ ഇപ്പോഴും മോശമല്ലാത്ത രീതിയിൽ പിടിച്ചുനിൽക്കാനും വാഹനത്തിനാവുന്നുണ്ട്. നിങ്ങൾ നിലവിൽ ഒരു എസ്‌യുവി വാങ്ങാൻ പദ്ധതിയിട്ടുണ്ടെങ്കിൽ ഹെക്‌ടറിനെ പരിഗണിക്കാവുന്നതാണ്. എന്നാൽ വേറെന്തെങ്കിലുമാണ് ഇതേ ബജറ്റിൽ വാങ്ങാൻ ആഗ്രഹിക്കുന്നതെങ്കിലും നിരവധി ഓപ്ഷനുകൾ ഇന്ന് വിപണിയിലുണ്ട്. ഹെക്ടറിന് എതിരാളികളായ 5 മിടുക്കൻ മോഡലുകളെ നമുക്ക് ഒന്ന് പരിചയപ്പെട്ടാലോ?

ടാറ്റ ഹാരിയർ
ഒന്നു കാണുമ്പോഴേ ആരും സ്വന്തമാക്കാൻ കൊതിക്കുന്ന അഴകാണ് ടാറ്റ ഹാരിയറിന്റെ പ്രധാന ആകർഷണം. സ്‌റ്റൈലിങ്ങിന് പേരുകേട്ട ഇടത്തരം എസ്‌യുവി വിഭാഗത്തിലാണ് ഹാരിയർ പ്രതിഷ്ഠിച്ചിരുന്നത്. ഫ്ലേഡ് വീൽ ഹാഞ്ചുകൾ, വലിയ ടയറുകൾ, ടേപ്പറിംഗ് റിയർ ഗ്ലാസ് എന്നിവയാൽ ഹാരിയർ ധൈര്യവും മസ്ക്കുലറും ആയി കാണപ്പെടുന്നു. മോശമല്ലാത്തത്രം ഫീച്ചറുകളും വാഹനത്തിലുണ്ട്. സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ് എന്നിവയാവും മോഡൽ സമ്പന്നമാണ്. 68 bhp കരുത്തിൽ 350 Nm torque നൽകുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് ഹാരിയറിന്റെ ഹൃദയം.
മഹീന്ദ്ര XUV700
ആൾട്യൂറാസ് G4 മാറ്റിനിർത്തിയാൽ മഹീന്ദ്രയുടെ നിലവിലെ പ്രീമിയം വാഹനമാണ് XUV700. ഈ സെഗ്മെന്റിൽ ഏറ്റവും വിൽപ്പന നേടുന്ന മോഡലുകളിൽ ഒന്നാണിത്. ഹെക്‌ടറിന്റെ നിലവിലെ വിൽപ്പനയിൽ ഗണ്യമായ ഇടിവുണ്ടാകാനും കാരണം XUV700-ന്റെ വരവാണെന്നും പറയാം. 16.12 ലക്ഷം രൂപയോളം ഓൺറോഡ് വിലയുള്ള മോഡലിന്റെ സേഫ്റ്റിയും ഫീച്ചറുമാണ് ഇത്രയും ജനപ്രിയമാക്കി മാറ്റിയത്. ഹെക്ടറിന്റെ അതേ വിഭാഗത്തിൽ എത്തുമ്പോൾ 10.25 ഇഞ്ച് ADRENOX ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, ADAS സേഫ്റ്റി ഫീച്ചർ എന്നിവ പോലുള്ള ആധുനിക ഫീച്ചറുകളാണ് എസ്‌യുവിയിൽ നിറഞ്ഞിരിക്കുന്നത്.
എംജി ZS ഇവി
ഹെക്‌ടറിനു പകരം എംജി ബ്രാൻഡിൽ നിന്നും തന്നെ ഒരു മോഡൽ വാങ്ങണമെന്നാണ് ആഗ്രഹിക്കുന്നതെങ്കിൽ ZS ഇലക്ട്രിക്കും പരിഗണിക്കാവുന്നൊരു മോഡലാണ്. സ്വന്തമാക്കാനുള്ള ചെലവ് അൽപം കൂടുമെങ്കിലും പിന്നീട് ഇന്ധനം നിറയ്ക്കാനുള്ള കാശ് പോക്കറ്റിൽ തന്നെ ഇരിക്കും എന്നതാണ് ഇവി വാങ്ങിയാൽ കിട്ടുന്ന ബെനഫിറ്റ്. നിശബ്‌ദമായ ഡ്രൈവിംഗ് അനുഭവം, തൽക്ഷണമായ ടോർക്ക്, സീറോ എൻവിഎച്ച് ലെവൽ എന്നിവയും മറ്റും പോലുള്ള മറ്റ് ഇവി ആനുകൂല്യങ്ങളും ഈ ഇലക്ട്രിക് എസ്‌യുവിയിൽ ലഭ്യമാവും. അത്യാധുനിക ഫീച്ചറുകളുടെ കാര്യത്തിലും മോഡൽ സമ്പന്നനാണ്. 23.88 ലക്ഷം രൂപയാണ് കാറിനായി മുടക്കേണ്ടി വരികയെന്നു മാത്രം.
മഹീന്ദ്ര സ്കോർപിയോ N
എസ്‌യുവികളുടെ ബിഗ് ഡാഡി എന്നറിയപ്പെടുന്ന വാഹനമാണ് പുത്തൻ സ്കോർപിയോ N. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയതും എസ്‌യുവി ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കാൻ കാരണമായിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നായി മാറുന്നതിനാൽ എംജി ഹെക്‌ടറിന് പകരം വേറൊരു മോഡൽ നോക്കുകയാണെങ്കിൽ നിസംശയം സ്കോർപിയോയിലേക്ക് മാറാം. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ലഭ്യമായ രണ്ട് ശക്തമായ എഞ്ചിൻ ഓപ്ഷനുകളും ഇതിന് ലഭിക്കുന്നു.
2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് മഹീന്ദ്ര സ്കോർപിയോ N വാഗ്ദാനം ചെയ്തിരിക്കുന്നത്. ഓഫ്‌റോഡ് യാത്രകൾ ഇഷ്‌ടമാണെങ്കിൽ വരെ സ്കോർപിയോ ഇതിനും പ്രാപ്‌തമാണ്. ഇതിനായി സ്കോർപിയോ N മോഡലിൽ നിങ്ങൾക്ക് 4×4 ഓപ്ഷനുമുണ്ട്. എസ്‌യുവികളുടെ ബിഗ് ഡാഡിക്ക് വില 14.41 ലക്ഷം രൂപയിൽ നിന്നാണ് ഓൺ-റോഡ് വില ആരംഭിക്കുന്നത്. നിലവിൽ ഒരു ലക്ഷത്തിന് മുകളിൽ ബുക്കിംഗും ലഭിച്ചിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഹ്യുണ്ടായി അൽകസാർ
എംജി ഹെക്‌ടറിന്റെ ബഡ്ജറ്റിൽ വരുന്ന പ്രീമിയം 7 സീറ്റർ കാറാണ് അൽകസാർ. ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പിൻ സൺ ഷേഡുകൾ, ടാൻ ലെതർ ഇന്റീരിയറുകൾ, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവയും അതിലേറെയും പോലുള്ള ധാരാളം പ്രീമിയം ഫീച്ചറുകളും ഇതിന് ലഭിക്കുന്നുണ്ട്. അൽകസാറിന്റെ എഞ്ചിൻ ഓപ്ഷനുകളിലേക്ക് നോക്കിയാൽ ഇതിന് 2.0 ലിറ്റർ പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ഡീസൽ എഞ്ചിനുമാണ് തുടിപ്പേകിയിരുന്നത്. ഇതിന്റെ ഓൺ റോഡ് വില ഏകദേശം 19.07 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്.


Click it and Unblock the Notifications








