Tata Nexon EV സ്വന്തമാക്കി സോഹോ കോർപ്പറേഷൻ സിഇഒ ശ്രീധർ വെമ്പു
ഒരു പുത്തൻ ടാറ്റ നെക്സോൺ ഇവി സ്വന്തമാക്കി സോഹോ കോർപ്പറേഷൻ സിഇഒ ശ്രീധർ വെമ്പു. കഴിഞ്ഞ വർഷം ഡിസംബറിൽ ഒരു പുതിയ മഹീന്ദ്ര ട്രിയോ ഇലക്ട്രിക് വാങ്ങിയതിനു പിന്നാലെയാണ് ശ്രീധർ പുതിയ ഇവി കൂടി തന്നെ ഗരേജിൽ എത്തിക്കുന്നത്.

ഇലക്ട്രിക് മഹീന്ദ്ര ട്രിയോ ത്രീ-വീലർ ഉപയോഗിച്ചതിനു ശേഷം മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയോട് ശ്രീധർ വെമ്പു ചില മെച്ചപ്പെടുത്തലുകൾ നിർദ്ദേശിക്കുയും ചെയ്‌തിരുന്നു. ടാറ്റ നെക്‌സോൺ ഇവിയെ അഭിനന്ദിച്ചുകൊണ്ട് സോഹോ സിഇഒ ട്വിറ്ററിലിട്ട പോസ്റ്റും ഇതിനോടകം ട്രെൻഡിംഗായിട്ടുണ്ട്.

സമീപ നഗരങ്ങളിലേക്കുള്ള യാത്രകളെ സംബന്ധിച്ചിടത്തോളം ഉചിതമാണ് വാഹനം എന്നാണ് ശ്രീധർ വെമ്പുവിന്റെ അഭിപ്രായം. വെബ് അധിഷ്ഠിത വ്യാവസായിക ഉപകരണങ്ങൾ നിർമിക്കുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര സാങ്കേതിക കമ്പനിയാണ് സോഹോ കോർപ്പറേഷൻ.

വളരെ മനോഹരമായ ഡ്രൈവിംഗ് അനുഭവമാണ് ടാറ്റ നെക്സോൺ ഇവി നൽകുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇലക്‌ട്രിക് എസ്‌യുവിയുടെ ഹാൻഡ്‌ലിംഗ് തനിക്ക് ഏറെ ഇഷ്ടമായെന്നും പോസ്റ്റിലൂടെ പറയുന്നു. എന്തുകൊണ്ടാണ് ഇത് ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇവി ആയതെന്ന് വ്യക്തമാണെന്നും വെമ്പു ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇന്ത്യയിൽ ഇലക്ട്രിക് സബ് കോംപാക്റ്റ് എസ്‌യുവിയുടെ 13,500 യൂണിറ്റിലധികം വിൽപ്പനയാണ് ടാറ്റ മോട്ടോർസ് നേടിയെടുത്തിരിക്കുന്നത്. 2021 ഏപ്രിൽ വരെ കമ്പനി ഇവിയുടെ 4,000 യൂണിറ്റുകൾ മാത്രമാണ് വിറ്റത്. തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ ടാറ്റ ഇന്ത്യയിൽ 10,000-ലധികം ഇവി വിൽപ്പന രജിസ്റ്റർ ചെയ്തതായി പ്രഖ്യാപിച്ചിരുന്നു.

ഒമ്പത് മാസത്തിനുള്ളിൽ രണ്ട് മടങ്ങ് വളർച്ച രേഖപ്പെടുത്തിയാണ് ഈ മുന്നേറ്റം. പാസഞ്ചർ വാഹന വിഭാഗത്തിൽ 70 ശതമാനത്തിലധികം വിഹിതവുമായി ഇലക്ട്രിക് ബ്രാൻഡ് നിലവിൽ രാജ്യത്തെ ഫോർ വീലർ ഇവി മേഖലയിൽ ഏറെ ദൂരം മുന്നിലാണ്.

ടാറ്റ നെക്സോൺ ഇവി ഇതുവരെ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വൈദ്യുത കാറാണ്. കൂടാതെ പ്രതിമാസം ശരാശരി 1000 യൂണിറ്റ് വിൽപ്പനയാണ് കമ്പനിയെ തേടിയെത്തുന്നതും. സ്വകാര്യ കാർ ഉപഭോക്താക്കൾക്കായി ടാറ്റ മോട്ടോർസ് പുറത്തിറക്കിയ ആദ്യത്തെ ഇലക്ട്രിക് വാഹനമാണിത്.

ടാറ്റ മോട്ടോർസ് ടിഗോർ ഇവി പുറത്തിറക്കുന്നത് വരെ രാജ്യത്ത് ഏറ്റവും കൂടുതൽ കാലം സ്വകാര്യ കാർ ഉപഭോക്താക്കൾക്കായി ഏറ്റവും കുറഞ്ഞ വിലയിൽ വിൽപ്പനയ്ക്ക് എത്തിയിരുന്ന വാഹനമായിരുന്നു. നിലവിൽ, നെക്‌സോൺ ഇവിക്ക് ഇന്ത്യയിൽ 14.29 ലക്ഷം രൂപ മുതൽ 16.90 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില.

ബ്രാൻഡിന്റെ സിപ്ട്രോൺ സാങ്കേതികവിദ്യയിൽ ഒരുങ്ങിയിരിക്കുന്ന 30.2 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കിനൊപ്പം ഘടിപ്പിച്ചിരിക്കുന്ന ഒരു പെർമനന്റ്-മാഗ്നറ്റ് എസി മോട്ടോറിൽ നിന്നാണ് ടാറ്റ നെക്സോൺ ഇവിക്ക് തുടിപ്പേകുന്നത്. ഇലക്ട്രിക് മോട്ടോർ പരമാവധി 127 bhp പവറിൽ 245 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

കൂടാതെ വെറും 9.9 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും ടാറ്റ നെക്സോൺ ഇവിയ്ക്ക് കഴിയും. അതേസമയം വാഹനത്തിന്റെ പരമാവധി വേഗത 120 കിലോമീറ്ററാണ്. IP67 റേറ്റുചെയ്ത ബാറ്ററി പായ്ക്ക് ജല-പ്രതിരോധശേഷിയുള്ളതും ഒറ്റ ചാർജിൽ 312 കിലോമീറ്റർ റേഞ്ച് ARAI സാക്ഷ്യപ്പെടുത്തിയതുമാണ്.

എട്ട് മണിക്കൂറിനുള്ളിൽ പൂർണമായി ചാർജ് ചെയ്യാൻ കഴിയുന്ന നെക്സോൺ ഇവിയ്‌ക്കൊപ്പം 3.3 kW ഓൺബോർഡ് ചാർജറും ടാറ്റ വാഗ്ദാനം ചെയ്യുന്നു. അതേസമയം 25 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 60 മിനിറ്റിനുള്ളിൽ വാഹനം 0-80 ശതമാനം വരെ ചാർജ് ചെയ്യാനും സാധിക്കും. ടാറ്റ മോട്ടോർസ് അടുത്തിടെ നെക്‌സോൺ ഇവിയുടെ ഡാർക്ക് എഡിഷനും പുറത്തിറക്കിയിരുന്നു.

രണ്ട് വകഭേദങ്ങളുള്ള ഡാർക്ക് എഡിഷനെ കൂടാതെ ഇലക്‌ട്രിക് കോംപാക്‌ട് എസ്‌യുവി ഇന്ത്യയിൽ മറ്റ് മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. പുറത്തുവരുന്ന വാർത്തകൾ പ്രകാരം നെക്‌സോൺ ഇവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ടാറ്റ ഈ വർഷം അവതരിപ്പിച്ചേക്കും. ചില ഡിസൈൻ പരിഷ്ക്കാരങ്ങൾ കൂടാതെ മുഖംമിനുക്കിയ നെക്‌സോൺ ഇവി കൂടുതൽ റേഞ്ച് ലഭിക്കാൻ സാധ്യതയുണ്ട്.

അതിനായി 2022 നെക്‌സോൺ ഇവിക്ക് 40kWh ബാറ്ററി പായ്ക്ക് ആയിരിക്കും കമ്പനി സമ്മാനിക്കുക. അത് റീചാർജ് ചെയ്യാതെ തന്നെ പരമാവധി 400 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യാൻ കഴിയും. എംജി മോട്ടോർസ് അടുത്ത വർഷം താങ്ങാനാവുന്ന ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കാനുള്ള പദ്ധതി വെളിപ്പെടുത്തിയതിനാലാണ് ടാറ്റ ഒരുമുഴം മുന്നോട്ട് എറിയുന്നത്.

ഇതിനു പുറമെ മഹീന്ദ്രയുടെ ഇലക്‌ട്രിക് എസ്‌യുവിയും പുറത്തിറക്കും. വിപണിയിൽ എത്തുമ്പോൾ ടാറ്റ മോഡലുകളെ പിന്തള്ളി ഇന്ത്യൻ വിപണിയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമായി KUV100 അടിസ്ഥാനമാക്കി എത്തുന്ന മോഡൽ മാറുമെന്നാണ് അഭ്യൂഹം.


Click it and Unblock the Notifications








