മാരുതിയും ടൊയോട്ടയും പെട്ട്! ഒരുങ്ങിയിറങ്ങാൻ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ്; ടീസർ വീഡിയോ കാണാം
എസ്‌യുവികൾ വാഴുന്ന സെഗ്മെന്റിലെ രാജാവ് ഹ്യുണ്ടായി ക്രെറ്റയാണെങ്കിലും പുലിയായി അറിയപ്പെടുന്നത് കിയ സെൽറ്റോസാണ്. രാജ്യത്തെ പ്രമുഖരായ മാരുതിയും ടൊയോട്ടയുമെല്ലാം അരങ്ങത്തേക്ക് എത്തിയെങ്കിലും സെൽറ്റോസിനെ ഇതുവരെ മറികടക്കാനായിട്ടില്ല. രാജ്യത്തെ വാഹന നിർമാതാക്കളും സാന്നിധ്യമറിയിച്ച ഈ ശ്രേണിയിൽ അടുത്തിടെ ഹോണ്ടയും പുതിയൊരു മോഡലിനെ പുറത്തിറക്കി.
ഇതിന്റെയെല്ലാം വിൽപ്പന ആരംഭിക്കുന്നതിനു മുന്നോടിയായി മുഖംമിനുക്കി കൂടുതൽ സെറ്റപ്പാവാനുള്ള ശ്രമത്തിലാണ് കിയ സെൽറ്റോസ്. എസ്‌യുവിയുടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വരുന്നുവെന്ന വാർത്ത ഇതിനോടകം വാഹന പ്രേമകളിൽ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ അരങ്ങേറ്റത്തിന് ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നതെന്ന് ഓർമപ്പെടുത്തിക്കൊണ്ട് പുതിയൊരു ടീസർ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് കിയ ഇന്ത്യ.

20 സെക്കൻഡ് നീണ്ടുനിൽക്കുന്ന വീഡിയോ 2023 ജൂലൈ നാലിന് സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് എത്തുമെന്ന സ്ഥിരീകരണവും നൽകുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്‌യുവികളിലൊന്നായ സെൽറ്റോസിന് അകത്തും പുറത്തും ധാരാളം പരിഷ്ക്കാരങ്ങളാണ് കമ്പനി ഒരുക്കുന്നത്. മോഡലിനായുള്ള ഔദ്യോഗിക ബുക്കിംഗുകളും അവതരണത്തോടെ തുടങ്ങിയേക്കും. അതേസമയം ഡെലിവറികൾ 2023 ജൂലൈ അവസാനത്തോടെ ആരംഭിക്കുമെന്ന സൂചനയും കമ്പനി വൃത്തങ്ങൾ നൽകിയിട്ടുണ്ട്.
ഏകദേശം ഒരു വർഷം മുമ്പ് ദക്ഷിണ കൊറിയയിലെ ബുസാനിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച കിയ സെൽറ്റോസിന്റെ അതേ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ തന്നെയാണ് ഇപ്പോൾ ഇന്ത്യയിലേക്കും എത്തുന്നത്. മുൻവശത്തെ പൊളിച്ചെഴുതുന്ന തരത്തിലുള്ള പരിഷ്ക്കാരങ്ങളാണ് കമ്പനി ഇത്തവണ ഒരുക്കിയിട്ടുള്ളത്. കൂടുതൽ പ്രമുഖമായ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, പുതിയ ഗ്രിൽ സെക്ഷൻ, ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവ ഉൾക്കൊള്ളുന്ന പുനർരൂപകൽപ്പന ചെയ്ത മുൻവശവും പുതിയ ടീസർ വീഡിയോയിലൂടെ വ്യക്തമാണ്.

ഫ്രണ്ട് ബമ്പറിന്റെ ഭാഗത്തും സൂക്ഷ്മമായ പുതിയ അലങ്കാരങ്ങൾ കൊണ്ടുവന്നിരിക്കുന്നത് തികച്ചും സ്പോർട്ടിയറായ രൂപമാണ് വാഹനത്തിന് സമ്മാനിക്കുന്നത്. അതേസമയം പിൻഭാഗത്തിന് അഴകേകുന്നത് കണക്റ്റഡ് എൽഇഡി ലൈറ്റ് ബാർ ഉപയോഗിച്ച് പുതുതായി രൂപകൽപ്പന ചെയ്ത എൽഇഡി ടെയിൽ ലാമ്പുകളാണ്. ടെയിൽഗേറ്റും ചെറിയ മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നത് ഒരു ഫ്രഷ്‌നെസ് കൊണ്ടുവന്നിട്ടുണ്ട്. ഇതോടൊപ്പം പുത്തൻ കളർ ഓപ്ഷനുകളും ഇത്തവണ മിഡ്-സൈസ് എസ്‌യുവിയിലേക്ക് എത്തും.
പുറത്തെ പോലെ തന്നെ അകത്തളത്തിലും ധാരാളം മോടികളുണ്ടാവുമെന്ന് ഉറപ്പാണ്. അപ്‌ഡേറ്റുകളിൽ കൂടുതലും ഇന്റീരിയറിലാണെന്നും വേണമെങ്കിൽ പറയാം. അപ്‌ഡേറ്റ് ചെയ്‌ത 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും സമന്വയിപ്പിക്കുന്ന ഒരു കർവ്‌ഡ് ഡിസ്‌പ്ലേ പുതിയ കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കുന്നു. HVAC കൺട്രോളുകളും വെന്റുകളും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ടെന്നതും ആകർഷകമാണ്. പേരിനൊരു പുതുക്കലല്ല, ശരിക്കും മനസറിഞ്ഞുള്ള മാറ്റങ്ങളാണ് കിയ കൊണ്ടുവരുന്നതെന്ന് ഇതിലൂടെയെല്ലാം വ്യക്തമാവുന്നു.

പരിഷ്ക്കാരങ്ങൾ ഇവിടെ അവസാനിക്കുന്നില്ല, പരമ്പരാഗത ലിവറിന് പകരം പുതിയ റോട്ടറി സെലക്‌ടറായിരിക്കും ആകർഷകത്തം നൽകുക. ഡാഷ്‌ബോർഡിലും സെന്റർ കൺസോളിലും നേരിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സർഫസ് ഫിനിഷുകൾ കൂടുതൽ പ്രീമിയമായിരിക്കും. ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ റിയർവ്യൂ മിററുകളിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറ മൊഡ്യൂളിൽ നിന്ന് കാണാൻ കഴിയുന്നതുപോലെ ടീസർ വീഡിയോ 360-ഡിഗ്രി ക്യാമറ സംവിധാനവും കാണിക്കുന്നുണ്ട്.
സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം ADAS അടിസ്ഥാനമാക്കിയുള്ള ഡ്രൈവർ-അസിസ്റ്റീവ്, സുരക്ഷാ ഫീച്ചറുകൾ കിയ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ സെഗ്മെന്റിലെ മോഡിന്റെ ആധിപത്യം ഊട്ടിയുറപ്പാക്കാൻ ദക്ഷിണ കൊറിയൻ ബ്രാൻഡിനാവും. നിലവിലുള്ള 1.5 ലിറ്റർ MPI ഫോർ സിലിണ്ടർ പെട്രോളും 1.5 ലിറ്റർ ഫോർ സിലിണ്ടർ CRDE ഡീസൽ എഞ്ചിൻ ഓപ്ഷനകളും മിഡ്-സൈസ് എസ്‌യുവിയിൽ അതേപടി നിലനിർത്തുമെന്നതും കൈയടി അർഹിക്കുന്ന കാര്യമാണ്.

പെട്രോൾ എഞ്ചിൻ 115 bhp കരുത്തിൽ പരമാവധി 144 Nm torque ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ 116 bhp പവറിൽ 250 Nm torque വരെ നൽകാനാവും. 1.4 ലീറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുപകരം പുതിയ കൂടുതൽ ശക്തമായ 1.5 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റായിരിക്കും വരിക. ഇത് ഇതിനകം തന്നെ പുതിയ തലമുറ വെർണയിലും അൽകസാറിലും ലഭ്യമാണ്. 160 bhp, 253 Nm torque എന്നിങ്ങനെയാണ് ഇതിന്റെ പെർഫോമൻസ് ഔട്ട്പുട്ട്.
ഒരു ആറ് സ്പീഡ് iMT അല്ലെങ്കിൽ ഏഴ് സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിലായിരിക്കാം ഇത് അവതരിപ്പിക്കുക. ഈ വർഷം തുടക്കത്തിൽ മികച്ച വിൽപ്പന കണക്കുകൾ കൈവരിച്ചതിനാൽ കിയ വലിയ ആത്മവിശാസത്തിലാണ്. സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് കൂടി വരുന്നതോടെ ഇത് പതിൻമടങ്ങ് വർധിക്കും. അടുത്തിടെ നിർത്തലാക്കിയ പ്രീമിയം എംപിവി വാഹനമായ കാർണിവലിന്റെ പുതിയ പതിപ്പും ഈ വർഷത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള പദ്ധതികളും ദക്ഷിണ കൊറിയൻ ബ്രാൻഡ് ആവിഷ്ക്കരിച്ചിട്ടുണ്ട്.


Click it and Unblock the Notifications








