സേഫ്റ്റിയും ലുക്കും ഒന്നിച്ച്, സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിനെ അടുത്തറിയാം...
നാല് വർഷം മുമ്പ് ഇന്ത്യൻ വിപണിയിലെ എസ്‌യുവികളുടെ കൂട്ടത്തിലേക്ക് എത്തിയ ദക്ഷിണ കൊറിയൻ ബ്രീഡായിരുന്നു കിയ സെൽറ്റോസ്. ആ വരവിന് പിന്നിൽ വലിയ ആരവങ്ങൾ ഒന്നിമില്ലായിരുന്നെങ്കിലും സെൽറ്റോസ് വിപണിയിലുണ്ടാക്കയത് കൊടുങ്കാറ്റായിരുന്നു. അതുവരെ ഒരു കാറിലും നാം കണ്ടിട്ടില്ലാത്തൊരു സൗന്ദര്യമായിരുന്നു കിയയുടെ ഈ സ്പോർട്ട് യൂട്ടിലിറ്റി വാഹനത്തിനുണ്ടായിരുന്നത്. കൂട്ടിന് അത്യാധുനിക ഫീച്ചറുകളുടെ അകമ്പടിയുണ്ടായിരുന്നതും ശക്തിയായി.
എന്തായാലും സാക്ഷാൽ ഹ്യുണ്ടായി ക്രെറ്റയെ വരെ വിറപ്പിച്ച് വിപണി കീഴക്കിയ സെൽറ്റോസ് ഇന്നൊരു ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. നാല് കൊല്ലം മുമ്പുവന്ന സാഹചര്യമല്ല ഇന്ന് സെഗ്മെന്റിൽ ഉള്ളതെന്ന് മനസിലാക്കി കൊണ്ടുവന്ന മാറ്റങ്ങൾ വരും ദിവസങ്ങളിൽ ഏറെ ശ്രദ്ധനേടുമെന്ന് വേണം കരുതാൻ. സേഫ് ആൻഡ് സ്മാർട്ട് എന്നാണ് മുഖംമിനുക്കിയെത്തുന്ന എസ്‌യുവി കമ്പനി വിശേഷിപ്പിക്കുന്നതു തന്നെ. നിങ്ങളുടെ കണ്ണുടക്കുന്ന കിടിലൻ ഡിസൈനും മറ്റുമുള്ള കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിനെ കുറിച്ച് അറിയേണ്ടതെല്ലാം ഇതാ...

ADAS സേഫ്റ്റി: സേഫ്റ്റി ഫീച്ചറുകളുള്ള കാറുകളുടെ ഡിമാന്റ് ഇന്ത്യയിൽ ഉയർന്നുവരുന്നതിനൊപ്പം അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റമുള്ള മോഡലുകളോടും ഇന്ത്യക്കാർക്ക് പ്രത്യേക ഇഷ്‌ടമാണുള്ളത്. ഇതുമനസിലാക്കുന്നതിനൊപ്പം സെഗ്മെന്റിൽ ഹോണ്ട എലിവേറ്റ് വരെ ഈ ടെക്നോളജി കൊണ്ടുവന്ന സാഹചര്യവും സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിലേക്ക് ADAS അവതരിക്കാൻ കാരണമായി.
ഫോർവേഡ് കൊളിഷൻ വാണിംഗ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് കൊളിഷൻ വാണിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ് എന്നിവയാണ് സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ADAS ഫീച്ചറിൽ അവതരിപ്പിച്ചിരിക്കുന്ന സേഫ്റ്റി ഫീച്ചറുകൾ. ഇതിനു പുറമെ സ്റ്റാൻഡേർഡായി നിരവധി സുരക്ഷാ ഫീച്ചറുകളും വാഹനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിൽ ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ടിപിഎംഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ ഉൾപ്പെടുന്നു.

പുത്തൻ ടർബോ പെട്രോൾ എഞ്ചിൻ: 2023 കിയ സെൽറ്റോസ് എസ്‌യുവി നിലവിലുണ്ടായിരുന്ന 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ നിലനിർത്തിയതിനു പിന്നാലെ പുതിയൊരു ഹൃദയത്തുടിപ്പ് കൂടി ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലേക്ക് അവതരിപ്പിച്ചിട്ടുണ്ട്. പഴയ 1.4 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റിന് പകരം വണ്ടിക്ക് ഇനി മുതൽ പുതിയ 1.5 ലിറ്റർ ടർബോചാർജ്ഡ് ഫോർ-പോട്ട് പെട്രോൾ എഞ്ചിനാവും ലഭിക്കുക.
കാരെൻസിലൂടെ അരങ്ങേറ്റം കുറിച്ച പുതിയ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന് 5,500 rpm-ൽ 158 bhp കരുത്തും 1,500-3,500 rpm-ൽ 253 Nm torque വരെ നൽകാനാവും. 6-സ്പീഡ് ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷനോ 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്സോ ഉപയോഗിച്ച് എഞ്ചിൻ സ്വന്തമാക്കാനാവും. ഇത് പെർഫോമൻസ് പ്രേമികളെയും പുതിയ കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയിലേക്ക് അടുപ്പിക്കും.

ഡിസൈൻ: ഇവയ്ക്ക് പുറമെ ഏറെ ചർച്ചയാവുക മുഖംമിനുക്കിയെത്തുന്ന സെൽറ്റോസിന്റെ ഡിസൈനാവുമെന്നതിൽ തർക്കമൊന്നുമില്ല. ശരിക്കും ഇതൊക്കെയാണ് ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരങ്ങളെന്ന് തോന്നിപ്പിക്കുന്ന മാറ്റങ്ങൾ അവതരിപ്പിക്കാനായത് കിയയുടെ വലിയ വിജയമാണ്. മുൻഗാമിയെ അപേക്ഷിച്ച് എസ്‌യുവികൾക്ക് ചേർന്ന വലിയ മസ്ക്കുലാർ ഗ്രില്ലും അതിനോട് യോജിക്കുന്ന തരത്തിലുള്ള ഹെഡ്‌ലൈറ്റുകളുടേയും ഡിആർഎല്ലിന്റെയും സംയോജനമാണ് വാഹനത്തിന് പുത്തൻ ഫീൽ നൽകുന്നത്.
ഫ്രണ്ട് ബമ്പറിലും നവീകരണം കാണാനാവും. സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിലേക്ക് വലിയ 18 ഇഞ്ച് വലിപ്പമുള്ള അലോയ്‌വീലുകൾ വന്നതും ശ്രദ്ധേയമാണ്. മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിൽ ഇതാദ്യമായാണ് ഒരു വാഹനം ഈ വലിപ്പത്തിലുള്ള വീലുകൾ അവതരിപ്പിക്കുന്നത്. എന്നാൽ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ താഴ്ന്ന വേരിയന്റുകൾക്ക് 17 ഇഞ്ച് വീലുകളാണ് ലഭിക്കുക. ഒരു എൽഇഡി ലൈറ്റ്ബാർ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന പുതിയ എൽഇഡി ടെയിൽലൈറ്റുകൾ പിൻഭാഗത്തുണ്ട്.

കളർ ഓപ്ഷനുകൾ: പുതിയ കിയ സെൽറ്റോസ് ഇപ്പോൾ എട്ട് മോണോടോണിലും രണ്ട് ഡ്യുവൽ ടോണുകളിലും പുതിയ പ്യൂട്ടർ ഒലിവ് ഷേഡ് ഉൾപ്പെടുന്ന എക്സ്ക്ലൂസീവ് മാറ്റ് ഗ്രാഫൈറ്റ് നിറങ്ങളിലും സ്വന്തമാക്കാനാവും. ഇംപീരിയൽ ബ്ലൂ, ഇന്റെൻസ് റെഡ്, അറോറ ബ്ലാക്ക്, ക്ലിയർ വൈറ്റ്, സ്പാർക്ലിംഗ് സിൽവർ, ഗ്ലേസിയർ വൈറ്റ്, ഗ്രാവിറ്റി ഗ്രേ, എക്സ്ക്ലൂസീവ് മാറ്റ് ഗ്രാഫൈറ്റ് (X-ലൈൻ), ഗ്ലേസിയർ വൈറ്റ് പേൾ+അറോറ ബ്ലാക്ക് പേൾ, ഇന്റെൻസ് റെഡ് എന്നിവയാണ് മറ്റ് നിറങ്ങൾ.
ബുക്കിംഗ്: പൊതുജനങ്ങൾക്കായുള്ള കിയ പുതിയ സെൽറ്റോസ് എസ്‌യുവിയുടെ ബുക്കിംഗ് ജൂലൈ 15-നാണ് ആരംഭിക്കുന്നത്. എന്നാൽ നിലവിലുള്ള സെൽറ്റോസിൽ നിന്നും അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉടമകൾക്ക് ഒരു ദിവസം മുമ്പ്, അതായത് ജൂലൈ 14-ന് പുതിയ സെൽറ്റോസ് ബുക്ക് ചെയ്യാൻ അവസരമുണ്ട്. ഇപ്പോഴത്തെ ഉപഭോക്താക്കൾക്കുള്ള ബുക്കിംഗുകൾക്കും ഡെലിവറികൾക്കും മുൻഗണന നൽകുന്ന പുതുതായി പ്രഖ്യാപിച്ച കെ-കോഡ് സംവിധാനമാണിത്.

കെ-കോഡ് സജ്ജീകരണം ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് കിയ ഇന്ത്യ വെബ്‌സൈറ്റിലും ആപ്പിലും പുതിയ സെൽറ്റോസ് ബുക്ക് ചെയ്യാൻ കഴിയും. ഇതുവരെ, കിയ ഇന്ത്യ സെൽറ്റോസിന്റെ 5 ലക്ഷം യൂണിറ്റുകൾ വിപിണിയിൽ വിറ്റഴിഞ്ഞിട്ടുണ്ട്. പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ വരവോടെ വിൽപ്പനയുടെ വേഗം കൂട്ടാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റക്കു പിന്നാലെ മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ പോലുള്ള മുൻനിരക്കാരുമായാണ് സെൽറ്റോസിന്റെ മത്സരം.


Click it and Unblock the Notifications








