റോഡിലിറക്കാൻ പറ്റില്ല! പക്ഷേ വില 90 ലക്ഷം രൂപ, പുത്തൻ UTV വാഹനവുമായി പോളാരിസ്
ലോകത്തെ തന്നെ ഏറ്റവും അറിയപ്പെടുന്ന ഹെവി ഓഫ്-റോഡ് ഫോർ വീലറുകൾ വാഹന നിർമാതാക്കളിൽ ഒരാണ് പോളാരിസ്. അത്യുഗ്രൻ ഓൾ-ടെറൈൻ വാഹനങ്ങളിലൂടെ (ATV) ഇന്ത്യക്കാർക്കിടയിലും സുപരിചിതനുമാണ് കക്ഷി. ഐഷറുമായി കൂട്ടുപിടിച്ച് നമ്മുടെ രാജ്യത്ത് മൾട്ടിക്‌സ് മിനി പിക്കപ്പ് ട്രക്ക് വരെ ഇറക്കി കമ്പനിക്ക് വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്.
ഇങ്ങനെ പല വിചിത്രമായ വാഹനങ്ങളും നമ്മെ പരിചയപ്പടുത്തിയ ബ്രാൻഡ് ദേ പുതിയ രണ്ട് മോഡലുകളെ കൂടി രാജ്യത്ത് അവതരിപ്പിച്ചിരിക്കുകയാണ്. 2023 RZR പ്രോ R 4 അൾട്ടിമേറ്റ് UTV വാഹനത്തെയാണ് ഓഫ്-റോഡ്, ഓൾ-ടെറൈൻ വാഹനങ്ങളിൽ പ്രശസ്തനായ പോളാരിസ് ഇൻഡസ്ട്രീസിന്റെ ഇന്ത്യൻ ഉപസ്ഥാപനമായ പോളാരിസ് ഇന്ത്യ രാജ്യത്ത് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ വില കേട്ട് ഞെട്ടരുതേ...

89.74 ലക്ഷം വിലയോളമാണ് ഈ യൂട്ടിലിറ്റി ടെറൈൻ വാഹനത്തിനായി മുടക്കേണ്ടി വരുന്ന വില. ഈ വാഹനം പോളാരിസ് ഇന്ത്യയുടെ ചെന്നൈയിലെ ഏറ്റവും പുതിയ ഡീലർഷിപ്പിലൂടെയാണ് രാജ്യത്തിനായി സമർപ്പിച്ചിരിക്കുന്നത്. പോളാരിസ് ഇന്ത്യയുടെ പത്താമത്തെ ഔട്ട്‌ലെറ്റാണിത്. ഇത്രയും വില കൊടുത്ത് ഈ സ്വന്തമാക്കാമെന്ന് കരുതിയാലും ഈ യൂട്ടിലിറ്റി ടെറൈൻ വാഹനം പൊതുനിരത്തുകളിൽ ഉപയോഗിക്കുന്നത് നിയമപരമല്ലെന്നതാണ് ശ്രദ്ധേയം.
പിന്നെ എവിടെ ഉപയോഗിക്കാമെന്ന് ചോദിച്ചാൽ സ്വകാര്യ ഇടങ്ങൾക്കോ ഇവന്റുകൾക്കോ വേണ്ടി മാത്രമായാണ് ഇവയെ നിർമിച്ചെടുത്തിരിക്കുന്നത്. 2.0 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് 2023 RZR പ്രോ R 4 അൾട്ടിമേറ്റിന്റെ ഹൃദയം. ഇത് പരമാവധി 218 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്. ഓൾ-വീൽ ലോക്ക് പോലുള്ള സംവിധാനത്തോടെയാണ് ഇത് വിപണിയിൽ എത്തുന്നത്.

ഇത് നാല് വീലുകൾക്കും തുല്യമായ പവർ വിതരണം ചെയ്യാൻ സഹായിക്കുന്നൊരു ഫീച്ചറാണ്. ഇതുകൂടാതെ, ഹാർഡ്കോർ ഓഫ് റോഡിംഗിൽ മികച്ച ബ്രേക്കിംഗ് ഉറപ്പു വരുത്തുന്നതിനായി നാല് വീലുകളിലും അലുമിനിയം ഡിസ്ക് ബ്രേക്കുകളുമായാണ് 2023 RZR പ്രോ R 4 അൾട്ടിമേറ്റ് വരുന്നത്. യൂട്ടിലിറ്റി ടെറൈൻ വാഹനത്തിന് 406 mm ഗ്രൗണ്ട് ക്ലിയറൻസാണ് പോളാരിസ് ഒരുക്കിയിട്ടുള്ളത്. കൂടാതെ മോഡലിന് 336 കിലോഗ്രാം വരെ പേലോഡ് വഹിക്കാനും ശേഷിയുണ്ട്.
കമ്പനി പറയുന്ന ഔദ്യോഗിക വിവരം അനുസരിച്ച് ഓഫ്-റോഡ് മോഡലിന് വേർപെടുത്താവുന്ന ആറ്-പോയിന്റ് സുരക്ഷാ ഹാർനെസ് ഉണ്ടെന്നതും ഹൈലൈറ്റാണ്. അതിൽ റേസ്-പ്രചോദിതമായ സ്റ്റിയറിംഗ് വീലും അഡ്‌ജസ്റ്റബിൾ ബക്കറ്റ് സീറ്റുകളും ഉൾപ്പെടുന്നു. എൽഇഡി ലൈറ്റിംഗ്, ഇൻ-ബിൽറ്റ് ജിപിഎസ് ഉള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ എന്നിവയാണ് വണ്ടിയിലുള്ള മറ്റ് പ്രധാന ഫീച്ചറുകൾ.

സസ്‌പെൻഷനുകളെ സംബന്ധിച്ചിടത്തോളം 2023 RZR പ്രോ R 4 അൾട്ടിമേറ്റിന് സവിശേഷമായ ഒരു ട്വിൻ എ-ആം ഡിസൈനും ത്രീ-പീസ് സ്റ്റെബിലൈസർ ബാറും ഉണ്ട്. ഇത് ഡ്രൈവർക്ക് 686 mm സീറ്റ് ഹൈറ്റും അനുവദിക്കുന്നുണ്ട്. ത്രീ-പീസ് സ്റ്റെബിലൈസർ ബാർ, ഉയർന്ന ക്ലിയറൻസ് റേഡിയസ് റോഡ്‌സ്, പിന്നിൽ ഒരു ടോ ലിങ്കുള്ള ബോക്‌സ്ഡ് ട്രെയിലിംഗ് ആം എന്നിവയും വണ്ടിയിലുണ്ട്.
972.5 കിലോഗ്രാം ഭാരമാണ് ഈ 2023 RZR പ്രോ R 4 അൾട്ടിമേറ്റ് യൂട്ടിലിറ്റി ടെറൈൻ വാഹനത്തിനുള്ളതെന്നും പോളാരിസ് പറയുന്നു. സാഹസിക കായിക വിനോദങ്ങൾ മുതൽ ബോർഡർ പട്രോളിംഗ് വരെയുള്ള നിരവധി ഉപയോഗങ്ങളാണ് ഈ മോഡലിനുള്ളത്. ഇന്ത്യയിലെ ഐഷർ മോട്ടോർസും യുഎസ് ആസ്ഥാനമായ പോളാരിസ് ഇൻഡസ്ട്രീസ് ഇൻകോർപറേറ്റഡും ചേർന്ന് 2012-ലാണ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്.


Click it and Unblock the Notifications








