ഇത് കാറോ അതോ കാ.....റോ? ഇന്നോവയെ പൂട്ടാൻ കാർണവലിന്റെ പുത്തൻ മോഡലുമായി കിയ
എംപിവി വിപണിയിൽ ടൊയോട്ട ഇന്നോവയുടെ അപ്രമാദിത്വം അവസാനിപ്പിക്കാനെത്തിയ വാഹനമായിരുന്നു കിയ കാർണിവൽ. ഇന്നോവയുടെ ടോപ്പ് എൻഡ് വേരിയന്റുകളുടെ വിലയ്ക്ക് ലക്ഷ്വറി കാർ ഫീൽ നൽകുന്ന മൾട്ടി പർപ്പസ് വാഹനമെന്ന നിലയിലാണ് കാർണിവൽ പ്രശസ്‌ത് ആർജിച്ചത്.
പിന്നീട് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വരെ ഔദ്യോഗിക കാറായി കാർണിവൽ മാറുന്ന കാഴ്ച്ച നാം കണ്ടതാണ്. വലിയ പ്രതീക്ഷകളുമായാണ് ദക്ഷിണ കൊറിയൻ ബ്രാൻഡായ കിയ കാർണിവലിനെ ഇന്ത്യയിൽ അവതരിപ്പിച്ചതെങ്കിലും വലിയ രീതിയിൽ വിൽപ്പന പിടിക്കാനൊന്നും മോഡലിനായില്ല. പക്ഷേ നല്ലൊരു എംപിവിയെന്ന പേരെടുക്കാൻ കാർണിവലിന് അതിവേഗം സാധിക്കുകയും ചെയ്‌തു.

അടുത്തിടെ ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിച്ചുവെങ്കിലും പുതുതലമുറ ആവർത്തനത്തിൽ കാർണിവൽ ഇങ്ങെത്തുമെന്ന് കിയ ഉറപ്പു നൽകിയിരുന്നു. ഇപ്പോഴിതാ വാക്കുപാലിച്ച് പുതുപുത്തൻ കാർണിവലിനെ രംഗത്തിറക്കിയിരിക്കുകയാണ് കിയ. ഏറ്റവും പുതിയ തലമുറ മോഡൽ ആഗോളതലത്തിൽ വിൽപ്പനയ്‌ക്കെത്തി മൂന്ന് വർഷത്തിന് ശേഷമാണ് വീണ്ടും എംപിവിയെ അടിമുടി ഉടച്ചുവാർത്തിരിക്കുന്നത്. എങ്കിലും ഇന്ത്യയിൽ ഇതുവരെ ആദ്യതലമുറ ആവർത്തനമായിരുന്നു ലഭ്യമാക്കിയിരുന്നത്.
ഇന്ന് കിയയുടെ സ്ഥാനം ജനഹൃദയങ്ങളിലായതിനാൽ അധികം വൈകാതെ പുത്തൻ തലമുറ പതിപ്പിനെയും കമ്പനി വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ ആഗോള വിപണിക്കായാണ് പുറത്തിറക്കിയിരിക്കുന്നത്. ഇനി 2024 കിയ കാർണിവലിന്റെ മാറ്റങ്ങളിലേക്ക് നമുക്ക് കടക്കാം. ഡിസൈനിലേക്ക് വന്നാൽ ബ്രാൻഡിന്റെ പുത്തൻ ആഗോള ഡിസൈൻ ശൈലി തന്നെയാണ് എംപിവിയുടെ ഏറ്റവും പുതിയ ആവർത്തനവും പിന്തുടർന്നിരിക്കുന്നത്.

അടിസ്ഥാന രൂപം ഒന്നാണെങ്കിലും കണ്ണഞ്ചിപ്പിക്കുന്ന നവീകരണങ്ങൾ ആളുകളെ കൈയിലെടുക്കാൻ പ്രാപ്‌തമാണെന്ന് പറയാം. പുതിയ സിഗ്നേച്ചർ എൽഇഡി ഡിആർഎൽ ഡിസൈനൊപ്പം ഹെഡ്‌ലൈറ്റിന്റെ ആകൃതിയിലും മാറ്റമുണ്ടായിട്ടുണ്ട്. പുതിയ എൽഇഡി ടെയിൽ ലൈറ്റുകൾക്കും സമാനമായ സ്റ്റൈലിംഗാണ് കിയ പിന്തുടർന്നിരിക്കുന്നത്. വ്യത്യസ്തമായ ഗ്രിൽ ഇൻസെർട്ടുകളും ഓൾ-ബ്ലാക്ക് അലോയ് വീലുകളും എംപിവിയുടെ സ്പോട്ടിനെസ് എടുത്തുകാണിക്കുന്ന വിഷയങ്ങളാണ്.
പുതുക്കിയ ഫ്രണ്ട് എൻഡിൽ ലംബമായി അടുക്കിയിരിക്കുന്ന ഇൻസെർട്ടുകൾ, ഇൻവേർട്ടഡ് L-ആകൃതിയിലുള്ള എൽഇഡി ഡിആർഎലുകൾ, നാല് ബീമുകളുള്ള ലംബമായി അടുക്കിയ ഹെഡ്‌ലാമ്പുകൾ എന്നിവയെല്ലാം വാഹനത്തിന്റെ ഭാവം തന്നെ മാറ്റിമറിച്ചുവെന്നു വേണം പറയാൻ. മുൻവശത്തെ എയർ ഇൻലെറ്റും ചെറുതായി പരിഷ്ക്കരിച്ച ബോണറ്റും ബമ്പറും ഇതിന് ഏറെ സഹായകരമായിട്ടുണ്ട്. , അവസാന നിര സീറ്റുകൾക്ക് വായുസഞ്ചാരം നൽകുന്നതിന് വലിയ പിൻ ക്വാർട്ടർ ഗ്ലാസ് ഏരിയ അവതരിപ്പിക്കുന്നതും കൈയടി അർഹിക്കുന്ന കാര്യമാണ്.

2024 കിയ കാർണിവലിന്റെ ഇന്റീരിയർ കൂടുതൽ നൂതനമായ ഫീച്ചറുകളും സാങ്കേതിക വിദ്യകളുമായാണ് വരുന്നത്. അതോടൊപ്പം ഒന്നിലധികം സീറ്റിംഗ് ലേഔട്ടിലും വാഹനം വാഗ്ദാനം ചെയ്യുമെന്നാണ് വിവരം. സോറന്റോയ്ക്ക് സമാനമായ രീതിയിൽ 2024 മോഡൽ 1.6 ലിറ്റർ ടർബോചാർജ്ഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ ലഭ്യമാകും. അതേസമയം 2.2 ലിറ്റർ ഡീസലും 3.5 ലിറ്റർ പെട്രോൾ യൂണിറ്റുകളും കമ്പനി മുന്നോട്ടുകൊണ്ടുപോവും.
ഇന്ത്യയിലെത്തുമ്പോൾ ഇത് പരിചിതമായ 2.2 ലിറ്റർ ടർബോ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ തന്നെയായിരിക്കും ഉപയോഗിക്കുക. ഇത് പരമാവധി 200 bhp കരുത്തിൽ 400 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. 8 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാവും എഞ്ചിൻ സ്റ്റാൻഡേർഡായി ഘടിപ്പിക്കുക. ഫ്രണ്ട് വീൽ ഡ്രൈവ് സെറ്റപ്പിൽ തന്നെയായിരിക്കും എംപിവി ഇനിയും നമ്മുടെ നിരത്തുകളിലേക്ക് ഓടിയിറങ്ങുക.

ഏറ്റവും പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാത്തതിനാൽ മൂന്നാം തലമുറ കിയ കാർണിവൽ കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നിർത്തലാക്കിയിരുന്നു. ഇതിന് പകരമായി ഇന്ത്യയിൽ ഏത് തലമുറ ആവർത്തനമാവും കിയ കൊണ്ടുവരികയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്. ഇന്ത്യയിലെത്തുമ്പോൾ ടൊയോട്ട ഇന്നോവ ഹൈക്രോസുമായാവും മൾട്ടി പർപ്പസ് വാഹന വിഭാഗത്തിൽ കാർണിവൽ മത്സരിക്കുക.
മൂന്ന് വേരിയന്റുകളില്‍ എത്തിയിരുന്ന ഈ വാഹനത്തിന് 30.97 ലക്ഷം രൂപ മുതല്‍ 35.48 ലക്ഷം രൂപ വരെയായിരുന്നു എക്‌സ്‌ഷോറൂം വില. പുതുതലമുറ മോഡൽ എത്തുന്നതോടെ ഈ വിലയിൽ കാര്യമായ മാറ്റമുണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഇന്ത്യന്‍ വിപണിയില്‍ പുതിയൊരു തുടക്കം ലക്ഷ്യമിട്ടാണ് കാര്‍ണിവലിന്റെ നിലവിലെ മോഡല്‍ പിന്‍വലിക്കാന്‍ കിയ മോട്ടോർസ് ഇന്ത്യ തീരുമാനിച്ചത്. അതുകൂടി കണക്കിലെടുക്കുമ്പോൾ സംഭവം ആകെ ആകാംക്ഷഭരിതമാവും.


Click it and Unblock the Notifications








