2024 Lexus LM Minivan, ആഡംബരത്തിന്റെ പരകോടി, ഇതിലൊക്കെ കേറിയാൽ പിന്നെ ഇറങ്ങൂല്ലാ...
ലെക്‌സസ് (Lexus) എന്ന ആഡംബര വാഹന നിർമാതാക്കളെ അറിയാത്തവരായി ആരും തന്നെ കാണില്ല. എന്നാൽ ഇത് ടൊയോട്ടയുടെ (Toyota) ലക്ഷ്വറി വാഹന വിഭാഗമാണെന്ന് പറഞ്ഞാൽ ചിലരെങ്കിലും ഒന്നു ഞെട്ടിയേക്കും അല്ലേ. വലിയ കൂറ്റൻ ഗ്രില്ലോടെ പാഞ്ഞുവരുന്ന ലെക്‌സസ് എസ്‌യുവികളെല്ലാം നമ്മുടെ നിരത്തുകളുടെ വർണാഭമായ കാഴ്ച്ചകളിൽ ഒന്നാണെന്നതിൽ തർക്കമൊന്നുമില്ലതാനും.
അധികമൊന്നും നിരത്തുകളിൽ കാണാനാവില്ലെങ്കിലും വന്നാൽ അതൊരു ഒന്നൊന്നര വരവുമായിരിക്കും. നടന്നുകൊണ്ടിരിക്കുന്ന 2023 ഷാങ്ഹായ് ഓട്ടോ ഷോയിൽ (Shanghai Auto Show 2023) ലെക്‌സസ് LM ലക്ഷ്വറി എംപിവിയുടെ (Luxury MPV) രണ്ടാം തലമുറ മോഡലിനെ പരിചയപ്പെടുത്തിയിരിക്കുകയാണ്. രണ്ട് നിരകളിലോ നാല് സീറ്റർ വിഐപി ഫോർമാറ്റിലോ 6/7 സീറ്റുകളുള്ള മൂന്ന് വരി സജ്ജീകരണത്തിലോ വാഹനം സ്വന്തമാക്കാനാവും എന്നതാണ് ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്.

പുതിയ ലെക്‌സസ് LM മിനിവാൻ ലോകമെമ്പാടുമുള്ള 60 രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും ജപ്പാനിലേക്കും ആദ്യമായി എത്തും. അതിനുശേഷം അടുത്തഘട്ടത്തിൽ നമ്മുടെ ഇന്ത്യയിലേക്കും ഈ തട്ടുപൊളിപ്പൻ വാഹനം എത്തുമെന്നതാണ് സന്തോഷകരമായ കാര്യം. ലക്ഷ്വറി എംപിവി പുതുതലമുറയിൽപെട്ട ടൊയോട്ട ആൽഫാർഡ്, വെൽഫയർ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണെന്നതും രസകരമായ കാര്യമാണേ. ലെക്‌സസ് LM ടൊയോട്ടയുടെ GA-K മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്.
ഈ പ്ലാറ്റ്ഫോം കാമ്രി, ലെക്‌സസ് ES, ലെക്‌സസ് RX, എസ്‌യുവികളായ ടൊയോട്ട RAV4, ഹൈലാൻഡർ എന്നിവയുൾപ്പെടെയുള്ള കാറുകളുടെ പൊതു അടിത്തറയാണ്. ഇനി രണ്ടാം തലമുറ LM എംപിവിയുടെ ഡിസൈൻ വശങ്ങളിലേക്ക് കണ്ണോടിച്ചാൽ ആദ്യ കാഴ്ച്ചയിൽ ആരുടേയും മനംമയക്കുന്ന രൂപമാണ് ഈ ലക്ഷ്വറി വാഹനത്തിനുള്ളതെന്ന് മനസിലാക്കാം. പുതിയ സ്റ്റൈലിംഗിലും ലെക്‌സസ് വിജയം കണ്ടിട്ടുണ്ട്. വലിപ്പമേറിയ ഗ്രില്ലിന്റെ ഏറ്റവും പുതിയ ആവർത്തനവും സ്റ്റൈലിഷ് ഹെഡ്‌ലാമ്പുകളും ലക്ഷ്വറി ഫീൽ നൽകുന്നതിൽ പ്രധാന പങ്കുവഹിക്കുകയുണ്ടായി.

മികച്ച എയറോഡൈനാമിക്‌സിനായി രൂപം മൊത്തത്തിൽ മിനുക്കിയിട്ടുണ്ട്. ഡിസൈനിൽ ക്രോം ആക്‌സന്റുകൾ ഉപയോഗിച്ചിരിക്കുന്നതും വൃത്തിയോടെയാണ്. വശക്കാഴ്ച്ചയിലേക്ക് വന്നാൽ പുനർനിർമിച്ച ഗ്ലാസ്‌ഹൗസും നീളത്തിലുടനീളം സൂക്ഷ്മമായ ക്രീസുകളും നിലവിലുണ്ടായിരുന്ന LM എംപിവിയുടെ സ്ലാബ് സൈഡ് ലുക്ക് കുറയ്ക്കാൻ സഹായിച്ചു. ഇതിന് 17 ഇഞ്ച് അല്ലെങ്കിൽ 19 ഇഞ്ച് അലോയ് വീലുകൾ തെരഞ്ഞെടുക്കാം.
ലക്ഷ്വറി കാറിന് 5,125 mm നീളവും 1,890 mm വീതിയും 1,945 mm ഉയരവും 3,000 mm വീൽബേസുമാണുള്ളത്. അതായത് വലിപ്പത്തിന്റെ കാര്യത്തിൽ മുൻഗാമിയേക്കാൾ സമ്പന്നമാണ് LM. ഇന്റീരിയറിലേക്ക് കയറിയാൽ തലക്കെട്ടിൽ പറഞ്ഞതുപോലെ ഇറങ്ങാൻ പിന്നെ മടിയായിരിക്കും. അത്രയേറെ ആഡംബരത്തിലാണ് ലെക്‌സസ് മിനിവാനിനെ പണികഴിപ്പിച്ചിരിക്കുന്നത്. എയർലൈൻ-സ്റ്റൈൽ റിക്ലൈനർ സീറ്റുകൾ, 48 ഇഞ്ച് വൈഡ് സ്‌ക്രീൻ ടെലിവിഷൻ, പ്രീമിയം, 23-സ്പീക്കർ സറൗണ്ട്-സൗണ്ട് ഓഡിയോ സിസ്റ്റം, പില്ലോ ഹെഡ്‌റെസ്റ്റുകൾ എന്നിങ്ങനെയുള്ള കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചറുകളാണ് വാഹനത്തിലുള്ളത്.

തീർന്നില്ല മക്കളേ, യാത്രക്കാർക്ക് ഫോൾഡ് ഔട്ട് ടേബിളുകൾ, നിരവധി യുഎസ്ബി പോർട്ടുകൾ, വയർലെസ് ഫോൺ ചാർജറുകൾ, റീഡിംഗ് ലൈറ്റുകളും വാനിറ്റി മിററുകളും, ഒരു ഫ്രിഡ്ജ്, റിയർ ഗ്ലൗബോക്സുകൾ, ഒരു അംബർലാ ഹോൾഡർ എന്നിവയും ലെക്‌സസ് ഒരുക്കിയിട്ടുണ്ട്. സ്വകാര്യതയ്ക്കായി ഉയർത്താനോ താഴ്ത്താനോ കഴിയുന്ന ഡിമ്മബിൾ ഗ്ലാസ് പാനലും LM മിനിവാൻ വാഗ്ദാനം ചെയ്യുന്നു. ഇത് മുൻഭാഗത്തേയും പിൻഭാഗത്തേയും വേർതിരിക്കാൻ സാഹായിക്കും.
കമ്പനി ഒരു പുതിയ വോയ്‌സ് കൺട്രോൾ സിസ്റ്റവും LM ലക്ഷ്വറി വാഹനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇത് പിന്നിലെ യാത്രക്കാർക്ക് പ്രത്യേകമായി നൽകുന്ന ലോകത്തിലെ ആദ്യത്തെ സവിശേഷതയാണെന്നാണ് ലെക്‌സസ് അവകാശപ്പെടുന്നത്. ഒരു പ്രത്യേക സ്മാർട്ട്‌ഫോൺ ശൈലിയിലുള്ള കൺട്രോൾ പാനലിന് ക്ലൈമറ്റ് കൺട്രോൾ, സീറ്റ് ഫംഗ്‌ഷനുകൾ, ഇന്റീരിയർ ലൈറ്റിംഗ്, വിൻഡോ ബ്ലൈൻഡ്‌സ്, ഓഡിയോ ക്രമീകരണങ്ങൾ എന്നിവ ക്രമീകരിക്കാൻ കഴിയും.

ഡ്രൈവർമാർക്ക് ഡിജിറ്റൽ റിയർ വ്യൂ മിറർ, പനോരമിക് വ്യൂ മോണിറ്റർ, ഡിജിറ്റൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഡയലുകൾ എന്നിവയിൽ നിന്ന് പ്രയോജനം ലഭിക്കും. ഫ്രീക്വൻസി സെൻസിറ്റീവ് പിസ്റ്റൺ വാൽവുകളോട് കൂടിയ അഡ്വാൻസ്ഡ് AVS സസ്പെൻഷനാണ് പുതിയ LM ലക്ഷ്വറി കാറിൽ ലെക്‌സസ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് സുഗമമായ യാത്ര വാഗ്ദാനം ചെയ്യുക മാത്രമല്ല, കാറിനുള്ളിലെ വൈബ്രേഷനുകൾ ഗണ്യമായി കുറയ്ക്കുകയും ചെയ്യും. അങ്ങനെ സുഖപ്രദമായ യാത്ര മോഡൽ ഒരുക്കുന്നു.
പുതിയ ലെക്സസ് LM രണ്ട് പെട്രോൾ-ഹൈബ്രിഡ് ഓപ്ഷനുകളോടെയാണ് വരുന്നത്. മറ്റ് ടൊയോട്ട, ലെക്സസ് മോഡലുകളിൽ കാണുന്ന 2.5 ലിറ്റർ സെൽഫ് ചാർജിംഗ് ഹൈബ്രിഡ് എഞ്ചിൻ LM350h പതിപ്പിൽ ലഭ്യമാകും. ഇതിന് ഫോർ വീൽ ഡ്രൈവും സ്റ്റാൻഡേർഡായി ലഭിക്കും. പിന്നീടുള്ള ഘട്ടത്തിൽ കൂടുതൽ ശക്തമായ ഒരു LM500h വേരിയന്റും കമ്പനി അവതരിപ്പിക്കും. ഇന്ത്യയിൽ ഇതുവരെ പരിചിതമാവാത്ത ആഢംബര സംവിധാനങ്ങളുമായി എത്തുമ്പോൾ ജാപ്പനീസ് വാഹന നിർമാതാക്കളുടെ ഈ ലക്ഷ്വറി കാർ അമ്പരിപ്പിക്കുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








