40 കി.മീ മൈലേജുള്ള പുത്തൻ സ്വിഫ്റ്റ് കൺസെപ്റ്റ് റെഡി, ഇവികളുമായുള്ള യുദ്ധത്തിന് സുസുക്കി
ഹാച്ച്ബാക്കുകളിലെ കിങായി അറിയപ്പെടുന്ന വാഹനമാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. ഇന്ത്യയിൽ എത്തിയ കാലം മുതൽ പെർഫോമൻസ് കാറായി മുദ്ര ചാർത്തപ്പെട്ട മോഡൽ കൂടിയാണ് ഈ ഇതിഹാസം. മൂന്ന് തലമുറ ആവർത്തനങ്ങളിലും ഹിറ്റടിച്ച സ്വിഫ്റ്റ് ഏറെക്കാലമായി ഇന്ത്യയിൽ ഏറ്റവും വിൽപ്പനയുള്ള ഒന്നാം നമ്പർ കാറാണ്. എന്തിന് സെക്കൻഡ് ഹാൻഡ് വിപണിയിൽ പോലും ഇത്രയും ഡിമാന്റും വിലയുമുള്ള വേറൊരു വണ്ടിയുണ്ടോ എന്നു വരെ സംശയമാണ്.
പണ്ട് ഡീസൽ എഞ്ചിനുണ്ടായിരുന്നുവെന്നതും സ്വിഫ്റ്റിനെ അതിവേഗം ജനപ്രിയമാക്കിയ കാര്യമാണ് എന്നാൽ ബിഎസ്-VI കാലഘട്ടത്തോട് അനുബന്ധിച്ച് ആ കിടിലൻ എഞ്ചിൻ ഉപേക്ഷിച്ച് അടിമുടി പെട്രോൾ കാറായെങ്കിലും വിൽപ്പനയെ ഒന്നും ഇതുബാധിച്ചിരുന്നില്ല. കംഫർട്ട്, സ്പേസ്, പെപ്പി പെർഫോമൻസ്, ഹാൻഡിലിംഗ്, സ്‌പോർട്ടി അപ്പീൽ എന്നിവ എല്ലാം കൂടിച്ചേർന്ന സ്വിഫ്റ്റ് ഇപ്പോഴിതാ പുതുതലമുറയിലേക്ക് ചേക്കേറാൻ പോവുകയാണ്.

ഏറെ നാളായി ഈ വാർത്ത കേൾക്കുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ യാഥാർഥ്യമായി കണ്ടില്ലല്ലോ എന്നാണ് ഫാൻസിന്റെ ചോദ്യം. 40 കിലോമീറ്റർ ഇന്ധനക്ഷമതയുമായി എത്തി ഇന്ത്യയിൽ ഏറ്റവും അധികം മൈലേജുള്ള കാറായി മാറാൻ ഒരുങ്ങുകയാണ് സ്വിഫ്റ്റ് എന്ന് കേട്ടതോടെ ആളുകൾ ഏറെ പ്രതീക്ഷയിലാണിപ്പോൾ. അതിനാൽ തന്നെ കാലാനുസൃതമായ മാറ്റങ്ങൾക്കൊപ്പം സ്വിഫ്റ്റിനെ കൺസെപ്റ്റിനെ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് സുസുക്കിയിപ്പോൾ.
ജാപ്പനീസ് വാഹന നിർമാതാക്കളായ സുസുക്കി 2023 ഒക്ടോബർ 26 മുതൽ നവംബർ 5 വരെ ടോക്കിയോയിൽ നടക്കാനിരിക്കുന്ന ജപ്പാൻ മൊബിലിറ്റി ഷോയ്ക്കായി തയാറെടുക്കുന്നതിന്റെ ഭാഗമായാണ് പുതുതലമുറ സ്വിഫ്റ്റ് കൺസെപ്റ്റിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. അകത്തും പുറത്തും ഗംഭീര മാറ്റങ്ങളുമായാവും ഇതിഹാസം നാലാം തലമുറയിലേക്ക് ചേക്കേറുക. ഡിസൈനിന്റെ കാര്യത്തിലേക്ക് വന്നാൽ നിലവിലെ മോഡലിന്റെ അടിസ്ഥാന രൂപം അതേപടി നിലനിർത്തിയാണ് കൺസെപ്റ്റ് കാറിനും സുസുക്കി രൂപംകൊടുത്തിരിക്കുന്നത്.

എന്നാൽ മറ്റു ചില മാറ്റങ്ങളുണ്ടെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ വ്യക്തമാവുന്ന രീതിയിലാണ് പുതിയ സ്വിഫ്റ്റിനെ സുസുക്കി മെനഞ്ഞെടുത്തിരിക്കുന്നത്. പണ്ടുമുതലേ പിന്തുടർന്നു പോരുന്ന മിനി കൂപ്പറിന്റെ ശൈലി ന്യൂ-ജെൻ പതിപ്പിലും കാണാം. എങ്കിലും എസ്‌യുവിയെ അനുകരിക്കുന്ന ഒരു ക്ലാംഷെൽ ബോണറ്റ് സ്പോർട്ടിനെസ് ഉയർത്താൻ സഹായിച്ചിട്ടുണ്ട്. കൺസെപ്റ്റ് കാറിന് പുതുക്കിയ ഫ്രണ്ട് ബമ്പറും, റീഡിസൈൻ ചെയ്ത ഗ്രില്ലും മനോഹരമാണ്.
ഗ്രില്ലിലെ ഹണികോമ്പ് പാറ്റേൺ അൽപം കൂടി വലുതാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഇൻവേർട്ടഡ് L ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളുള്ള സ്ലീക്കർ എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ സ്റ്റൈലിലുള്ള അലോയ് വീലുകൾ, ക്യാമറകളുള്ള ബ്ലാക്ക്ഡ്-ഔട്ട് ORVM-കൾ, കറുത്ത നിറത്തിലുള്ള റൂഫും പില്ലറുകളും, ഡോർ പാനലുകൾക്ക് കുറുകെ പ്രവർത്തിക്കുന്ന ക്യാരക്‌ടർ ലൈനുകളും സ്വിഫ്റ്റിന് സ്പോർട്ടിനെസ് സമ്മാനിക്കുന്നു.

നിലവിലെ സ്വിഫ്റ്റിൽ നിന്ന് വ്യത്യസ്തമായി പിൻവശത്തെ ഡോർ ഹാൻഡിലുകൾ പരമ്പരാഗത സ്ഥലത്തേക്ക് വീണ്ടും പുനസ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്. നാലാം തലമുറ സ്വിഫ്റ്റിന്റെ ഇന്റീരിയറിന് പുതിയ രൂപം നൽകുന്നതിനായി വലിയൊരു ഉടച്ചുവാർക്കൽ തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ഹെഡ്‌സ്-അപ്പ്-ഡിസ്പ്ലേ (HUD), വലിയ 9 ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 6 എയർബാഗുകൾ എന്നിവയും അതിലേറെയും പോലുള്ള സവിശേഷതകളാൽ വാഹനം സമ്പന്നമായിരിക്കും.
വിദേശത്ത് ഡ്യുവൽ സെൻസർ ബ്രേക്ക് സപ്പോർട്ട്, അഡാപ്റ്റീവ് ഹൈ ബീം അസിസ്റ്റ്, ഡ്രൈവർ മോണിറ്ററിംഗ് സിസ്റ്റം, കൊളിഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം എന്നിവയുൾപ്പെടെ വിപുലമായ സുരക്ഷാ സവിശേഷതകളും പുത്തൻ സ്വിഫ്റ്റിനൊപ്പം സുസുക്കി വാഗ്ദാനം ചെയ്യും. ഇന്ത്യയിലെത്തുമ്പോൾ വില പിടിച്ചുനിർത്തുന്നതിനെല്ലാമായി ഈ സംവിധാനങ്ങളെല്ലാം മാരുതി അഴിച്ചുവെക്കും. എങ്കിലും 6 എയർബാഗുകൾ, മികച്ച നിർമാണ നിലവാരം എന്നിവയെല്ലാം കാറിൽ പ്രതീക്ഷിക്കാം.

വലിപ്പത്തിന്റെ കാര്യത്തിൽ നിലവിലെ മോഡലിന് സമാനമായിരിക്കും 2024 സ്വിഫ്റ്റ്. അതായത് ഏകദേശം 3.8 മീറ്റർ മുതൽ 3.9 മീറ്റർ വരെ നീളമായിരിക്കും ഹാച്ച്ബാക്കിന് ഉണ്ടായിരിക്കുകയെന്ന് സാരം. 40 കിലോമീറ്റർ ഇന്ധനക്ഷമതയുള്ള കാറായി പുത്തൻ സ്വിഫ്റ്റ് മാറുമോയെന്നാണ് അളുകൾ ഇനി കാത്തിരിക്കുന്നത്. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്വിഫ്റ്റ്, ഡിസയർ മോഡലുകൾക്ക് ഹൈബ്രിഡ് എഞ്ചിൻ ലഭിക്കുമെന്നാണ് സൂചന.
ഇനി ഇങ്ങനെ സംഭവിച്ചില്ലെങ്കിൽ ഇന്ത്യയിൽ 5-സ്പീഡ് ഗിയർബോക്‌സ് അല്ലെങ്കിൽ എഎംടി എന്നിവയ്‌ക്കൊപ്പം മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.2 ലിറ്റർ K12 എഞ്ചിൻ തന്നെയാവും മാരുതി സുസുക്കി സ്വിഫ്റ്റിന് തുടിപ്പേകാൻ എത്തുക. അതേസമയം ആഗോളതലത്തിൽ നാലാംതമലുറ ആവർത്തനത്തിന് 48V സ്ട്രോംഗ് ഹൈബ്രിഡ് ആർക്കിടെക്ചറോടുകൂടിയ 1.4 ലിറ്റർ K14B പെട്രോൾ എഞ്ചിൻ ലഭിക്കും.
ഹൈബ്രിഡ് എഞ്ചിൻ ഇന്ത്യയിൽ കൊണ്ടുവന്നാൽ അതൊരു ചരിത്രം തന്നെയാവും സൃഷ്‌ടിക്കുക. ഇന്ധനക്ഷമത എല്ലാക്കാലത്തും ഇന്ത്യൻ വിപണിയിൽ ഒരു സുപ്രധാന ഘടകമായതിനാൽ സംഭവം ഹിറ്റാവുമെന്ന് ഉറപ്പാണ്. പക്ഷേ ഇതിനെല്ലാം ആക്രണമാത്മകമായി വില നിർണയം നടത്തേണ്ടതുമുണ്ട്. ഡീസൽ എഞ്ചിനുകൾ പിൻവലിച്ചതും ഇലക്ട്രിക്കിലേക്ക് ചുവടുവെക്കാൻ വൈകുന്നതുമെല്ലാം മറികടക്കാൻ ഹൈബ്രിഡിലൂടെ മാരുതിക്ക് സാധിക്കും.


Click it and Unblock the Notifications