മാരുതിയെ പൂട്ടാൻ റെനോ, ഷോറൂമുകൾ നിറയ്ക്കാൻ പുത്തൻ ഡസ്റ്റർ ഹൈബ്രിഡ്, ആരും കൊതിക്കും ഈ വണ്ടികണ്ടാൽ
മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിനെ ഇന്ത്യക്കാർക്കിടയിൽ ഫേമസാക്കിയ വണ്ടിയാണ് റെനോ ഡസ്റ്റർ. വില കൊണ്ടും ഡിസൈൻ കൊണ്ടും അന്നേവരെ നാം കാണാത്ത കിടിലൻ വാഹനമായിരുന്നു ഇത്. ആധുനിക എതിരാളികൾക്ക് മുന്നിൽ വീണുപോയ ഇതിഹാസ മോഡലിനെ ഫ്രഞ്ച് കമ്പനി തിരികെ കൊണ്ടുവരുന്നുവെന്ന വാർത്ത നാം ഏറെ നാളായി കേൾക്കുന്നതാണ്. ഹ്യുണ്ടായി ക്രെറ്റക്കും മാരുതി ഗ്രാൻഡ് വിറ്റാരക്കും മുന്നിൽ വാഴാൻ എന്ത് മാജിക്കാവും റെനോ കാത്തുവെച്ചിരിക്കുന്നത് എന്ന ആകാംക്ഷയും നമുക്കുണ്ടായിരുന്നു.
കാത്തിരിപ്പുകൾക്കെല്ലാം വിരാമമിട്ടുകൊണ്ട് എസ്‌യുവി സെഗ്‌മെന്റ് തിരിച്ചുപിടിക്കാന്‍ പുത്തൻ റെനോ ഡസ്റ്റര്‍ പിറവിയെടുത്തിരിക്കുകയാണ്. ആഗോള വിപണിയിൽ ഡാസിയ ഡസ്റ്റർ എന്നാകും മോഡൽ അറിയപ്പെടുക. റെനോയുടെ യുകെ ആസ്ഥാനമായുള്ള അനുബന്ധ കമ്പനിയായ ഡാസിയ നിർമിക്കുന്ന പുതുതലമുറ ഡസ്റ്റർ എസ്‌യുവി രൂപത്തിലും ഭാവത്തിലും ആരെയും അമ്പരപ്പിക്കുന്ന വിധത്തിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.

എസ്‌യുവിയുടെ മൂന്നാം തലമുറ പതിപ്പാണ് 2024 ഡസ്റ്റർ. ഡാസിയ ബ്രാൻഡിന് കീഴിൽ യൂറോപ്യൻ രാജ്യങ്ങളിൽ വിറ്റഴിക്കപ്പെട്ട ഡസ്റ്റർ 2012-ലാണ് ഇന്ത്യയിലെത്തുന്നത്. നിലവിൽ വിദേശ നിരത്തുകൾക്കായാണ് പുതുരൂപം ആവാഹിച്ചിരിക്കുന്നതെങ്കിലും അധികം വൈകാതെ ഇന്ത്യൻ വിപണിയിലും വണ്ടിയെത്തുമെന്നാണ് പ്രതീക്ഷ. ഇനി പുത്തൻ ഡസ്റ്ററിന്റെ മാറ്റങ്ങളിലേക്ക് വരാം. Y ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റ്, പുതിയ രൂപത്തിലുള്ള ഗ്രിൽ, എൽഇഡി ഡിആർഎല്ലുകൾ എന്നിവയാണ് മുന്നിലെ ഹൈലൈറ്റുകൾ.
ഇതോടൊപ്പംഎസ്‌യുവിയെ മുമ്പത്തേക്കാൾ പരുക്കനാക്കുന്ന പുതിയ ബമ്പറും പുതിയ എയർ ഇൻടേക്കുകളും ഡസ്റ്ററിന്റെ പ്രധാന സവിശേഷതയാണ്. ഇനി വശക്കാഴ്ച്ചയിലേക്ക് വന്നാൽ പരുക്കൻ രൂപത്തിനായി റൂഫ് റെയിലുകളും പ്ലാസ്റ്റിക്കിൽ പണിത ചതുരാകൃതിയിലുള്ള വീൽ ആർച്ചുകളുമാണ് ശ്രദ്ധേയമാവുന്നത്. പുതിയ ബ്ലാക്ക്-ഔട്ട് അലോയ് വീലുകളും സ്റ്റൈലിഷാണെന്ന് പറയാതെ വയ്യ.

പുത്തൻ ഡസ്റ്ററിന്റെ പിൻഭാഗത്ത് സമാനമായ Y-ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകളും ടെയിൽഗേറ്റിൽ ഡാസിയ, ഡസ്റ്റർ ബാഡ്ജുകളുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. CMF-B പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനത്തിന്റെ നിർമാണം. മിഡ്-സൈസ് എസ്‌യുവിയുടെ പുതിയ ആവർത്തനത്തിന് 4,343 mm നീളവും 1656 mm ഉയരവും 2657 mm വീൽബേസുമാണുള്ളത്.
രണ്ടാം തലമുറ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ എസ്‌യുവിക്ക് രണ്ട് മില്ലീമീറ്ററിന്റെ അധിക നീളമുണ്ട്. ഇനി ബൂട്ട് സ്പേസിലേക്ക് നോക്കിയാൽ മുൻ ഡസ്റ്ററിനെ അപേക്ഷിച്ച് ട്രങ്ക് ഫ്ലോർ താഴ്ന്നതും ട്രങ്ക് ഓപ്പണിംഗ് വിശാലവുമാണ്. അങ്ങനെ മൊത്തത്തിൽ 472 ലിറ്റർ സ്പേസും വാഹനത്തിന് ലഭിക്കുന്നു. ഇനി ഇന്റീരിയറിലേക്ക് കയറിയാലും പ്രീമിയം ഫീൽ ഒട്ടും ചോരാതെ തന്നെയാണ് ഫ്രഞ്ച് കമ്പനി പുത്തൻ വണ്ടിയെ നിർമിച്ചെടുത്തിരിക്കുന്നത്.

പുതിയ ഫ്രീ-ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, എസി വെന്റുകളിലെ ബ്രോൺസ് ആക്‌സന്റുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, യുഎസ്ബി, വയർലെസ് ചാർജിംഗ് പോർട്ടുകൾ എന്നിവയെല്ലാമാണ് റെനോ ഡസ്റ്ററിലെ പുത്തൻ ആവർത്തനത്തിന്റെ പ്രധാന സവിശേഷതകൾ. അഞ്ച് സീർ എസ്‌യുവിയുടെ മുഴുവൻ ക്യാബിനും ഡ്യുവൽ ടോൺ തീം നൽകിയിരിക്കുന്നതും കിടിലമാണ്.
വിദേശ വിപണികളിൽ മൂന്ന് എഞ്ചിൻ ഓപ്ഷനുകളെങ്കിലും പുതിയ ഡസ്റ്ററിനെ റെനോ വാഗ്ദാനം ചെയ്യും. എൻട്രി ലെവൽ വേരിയന്റുകളിൽ 120 bhp പവർ ഉത്പാദിപ്പിക്കാൻ കഴിയുന്ന 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റ് ഉണ്ടാകും. ഹൈബ്രിഡ് സാങ്കേതിക വിദ്യയോട് കൂടിയ 1.2 ലിറ്റർ പെട്രോൾ എഞ്ചിനും എസ്‌യുവിയുടെ ഹൈലൈറ്റാവും. മൂന്നാമത്തെ ഓപ്ഷൻ 1.3 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റായിരിക്കും.

ഇത് ഡസ്റ്റർ നിരയിലെ ഏറ്റവും ശക്തമായ എഞ്ചിനായാവും അറിയപ്പെടുക. എഥനോൾ കലർന്ന ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കാൻ സജ്ജീകരിച്ചിരിക്കുന്ന ഈ എഞ്ചിന് 170 bhp പവറോളം പുറത്തെടുക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എസ്‌യുവിക്ക് 4×2, 4×4 ഡ്രൈവ്‌ട്രെയിനുകൾ നൽകും. 6 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകളും പുതുതലമുറ ആവർത്തനത്തിലുണ്ടാവും.
ഇന്ത്യൻ വിപണിയിലേക്ക് തിരികെയെത്തിയാൽ വലിയ മത്സരം തന്നെയാണ് റെനോ ഡസ്റ്ററിന് നേരിടേണ്ടി വരിക. ഇതിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര എന്നിവയ്ക്ക് പുറമെ, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ്, ടൊയോട്ട ഹൈറൈഡർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്കോഡ കുഷാഖ്, സിട്രൺ C3 എയർക്രോസ്, എംജി ആസ്റ്റർ പോലുള്ള വമ്പൻമാരുമായും ഫ്രഞ്ച് ബ്രാൻഡ് ഏറ്റുമുട്ടേണ്ടി വരും.


Click it and Unblock the Notifications