പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാ... വരാനിരിക്കുന്ന റെനോ കാറുകൾ
എൻട്രി ലെവൽ സെഗ്മെന്റിൽ ഒരു ചെറുകാർ ഇറക്കി ഇന്ത്യൻ വിപണി പിടിച്ചവരാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ. ഫ്ലുവെൻസ് എന്ന പ്രീമിയം കാറുമായാണ് രാജ്യത്തേക്ക് കാലുകുത്തുന്നതെങ്കിലും മിഡ്-സൈസ് എസ്‌യുവിയായ ഡസ്റ്ററും എ-സെഗ്മെന്റ് ഹാച്ച്ബാക്കായ ക്വിഡുമാണ് റെനോയ്ക്ക് ഇന്ത്യയിൽ അഡ്രസുണ്ടാക്കി കൊടുത്തത്.
ചെറുകാർ വിപണിയുടെ മുഖംമാറ്റിയാണ് ക്വിഡ് എത്തിയതെങ്കിൽ എസ്‌യുവി പ്രണയം ഇന്ത്യക്കാർക്കിടയിൽ മൊട്ടിട്ടത് ഡസ്റ്ററിലൂടെയാണ്. എൻട്രി ലെവൽ ഹാച്ച്ബാക്കായ ക്വിഡ് മുതൽ മിഡ്സൈസ് എസ്‌യുവിയായ ഡസ്റ്റർ വരെ നീളുന്ന റെനോ ശ്രേണിയിലെ വാഹനങ്ങൾ എല്ലാം തന്നെ സാധാരണക്കാരെ ഉദ്ദേശിച്ചാണ് പുറത്തിറക്കിയതും വിജയം കണ്ടതും. ഇന്ന് വെറും മൂന്നു മോഡലുകൾ മാത്രമാണ് റെനോ ഇന്ത്യയുടെ പക്കലുള്ളത്. ഇന്നലെ വന്ന കിയയും എംജിയും വരെ മുന്നിലോടുമ്പോൾ ഫ്രഞ്ച് ബ്രാൻഡ് അൽപം കിതച്ച് പിന്നിൽ നിൽക്കുകയാണെന്നു വേണം പറയാൻ.

മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോർസ് എന്നിവർക്കൊപ്പം ഒരുകാലത്ത് പിടിച്ചു നിന്ന കമ്പനി വൻ കുതിപ്പിനൊരുങ്ങുകയാണ്. അതിന്റെ ഭാഗമായി ഇന്ത്യയിൽ ഒരു വലിയ താരനിര തന്നെ അവതരിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം. വളരെ മികച്ച ലൈനപ്പുമായി ഒരിക്കൽ കൂടി ഇന്ത്യൻ വിപണിയിൽ തിരിച്ചെത്താൻ റെനോ ഒരുങ്ങുകയാണെന്ന് സാരം. ഇന്ത്യൻ പ്രേക്ഷകർ ഇപ്പോൾ പുതിയ ഫീച്ചറുകളോടും സുരക്ഷയോടും സാങ്കേതികവിദ്യയോടും താൽപ്പര്യമുള്ളവരാണെന്ന് പ്രത്യേകം പറയേണ്ടല്ലോ.
നിലവിൽ ഇന്ത്യൻ വിപണിയിൽ ബ്രാൻഡിനെ അതിജീവിക്കാൻ സഹായിക്കുന്നത് കൈഗറും ട്രൈബറുമാണെന്നു വേണം പറയാൻ. എന്നാൽ ഈ വർഷം കിടിലൻ മോഡലുകൾ പുറത്തിറക്കാനാണ് ഫ്രഞ്ച് ബ്രാൻഡിന്റെ ശ്രമം. അതിൽ സാധാരണക്കാരനെ ഉദ്ദേശിച്ചുള്ള മോഡലുകളുമുണ്ട് പ്രീമീയം ഉപഭോക്താക്കളെ കൈയിലെടുക്കാനുള്ള വജ്രായുധങ്ങളും ഉണ്ടെന്നതാണ് ശ്രദ്ധേയം. ഇന്ത്യയിൽ വരാനിരിക്കുന്ന റെനോ കാറുകളെ നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?

റെനോ അർക്കാന
പ്രീമിയം കൂപ്പെ എസ്‌യുവിയായ അർക്കാനയെ ഇന്ത്യയിലെത്തിച്ച് ഞെട്ടിക്കാൻ റെനോയ്ക്ക് ചെറിയ പദ്ധതിയുണ്ട്. ഫ്യൂച്ചറിസ്റ്റിക് കൂപ്പെ ഡിസൈനിംഗ് തന്നെയാണ് അർക്കാനയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മോഡൽ ഇന്ത്യയിലെത്തുകയാണെങ്കിൽ ഏകദേശം 20 മുതൽ 25 ലക്ഷം രൂപ വില പ്രതീക്ഷിക്കാം. കൂപ്പെ എസ്‌യുവികൾ ഇന്ത്യയിൽ വലിയ സ്വീകാര്യത നേടുന്ന സാഹചര്യത്തിലാണ് ഫ്രഞ്ച് ബ്രാൻഡിന്റെ ഈ നീക്കം. എംജി ഹെക്ടർ, ജീപ്പ് കോമ്പസ്, ടാറ്റ ഹാരിയർ, മഹീന്ദ്ര XUV700 എന്നീ 5 സീറ്റർ മോഡലുകൾക്ക് അർക്കാന ഒരു യോഗ്യനായ എതിരാളിയായിരിക്കാം.
റെനോ കോലിയോസ്
ഇന്ത്യയിൽ വരാനിരിക്കുന്ന റെനോ കാറുകളുടെ പട്ടികയിലെ രണ്ടാമത്തെ പോരാളിയാണ് കോലിയോസ്. വിപണിയിൽ ഒരു തവണ പയറ്റി നോക്കി പരാജയപ്പെട്ടിട്ടുണ്ടെങ്കിലും രണ്ടാം വരവ് ഗംഭീരമാക്കാനാണ് റെനോയുടെ പദ്ധതി. ഇത്തവണ അൽപം പ്രീമിയം മോഡലായാവും എസ്‌യുവി രാജ്യത്ത് അവതരിപ്പിക്കപ്പെടുക. ഹ്യുണ്ടായി ട്യൂസോൺ, ജീപ്പ് കോമ്പസ് പോലുള്ള എതിരാളികളെ നേരിടാൻ ഈ കാർ CKD റൂട്ടിലൂടെ ഇന്ത്യയിലേക്ക് പ്രവേശിക്കും, ഇതിന് ഏകദേശം 35 ലക്ഷം രൂപ വില പ്രതീക്ഷിക്കാം.

പുതുപുത്തൻ ഡസ്റ്റർ
വിപണയിൽ നിന്നും വിടപറഞ്ഞിറങ്ങിയെങ്കിലും ഒരു തിരിച്ചുവരവിനുള്ള ബാല്യം ബാക്കിവെച്ചാണ് ഡസ്റ്റർ ഇന്ത്യയിൽ നിന്നും പടിയിറങ്ങിയത്. ഈ വർഷം അവസാനത്തോടെ പുതിയ ഡസ്റ്റർ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കാം. മോഡുലാർ CMF-B പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാവും പുതുതലമുറ മോഡലിനെ റെനോ പുറത്തിറക്കുക. ബിഗ്സ്റ്റർ ആശയത്തെ അടിസ്ഥാനമാക്കിയാവും നിർമിക്കുകയെന്ന വിവരവും പുറത്തുവരുന്നുണ്ട്. എന്തായാലും പഴയ പൈതൃകമുള്ളതിനാൽ വിപണിയിൽ തിളങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് കമ്പനി.
റെനോ ജോഗർ
ബിഗ്സ്റ്റർ എസ്‌യുവി കൺസെപ്റ്റിനെ അടിസ്ഥാനമാക്കി ജോഗർ എന്നുവിളിപേരുള്ള ഫാമിലി കാർ പുറത്തിറക്കി റെനോയുടെ മാതൃ കമ്പനിയായ ഡാസിയ യൂറോപ്യൻ വിപണി കീഴടക്കിയത് പോയ വർഷമായിരുന്നു. ഇന്ത്യയിലെ എംപിവി വിപണി ഏറെക്കുറെ നിത്യഹരിതമായതിനാൽ ഈ അവസരം കമ്പനിക്ക് ഉപയോഗപ്പെടുത്താനുമാവും. കൂടുതൽ പേർക്ക് ഒന്നിച്ച് യാത്ര ചെയ്യാനാവുമെന്നതു തന്നെയാണ് മൾട്ടി പർപ്പസ് വാഹനങ്ങളുടെ പ്രത്യേകത. ആയതിനാൽ ഡിമാന്റിൽ ഒരു കുറവും ഉണ്ടാവാനും സാധ്യതയില്ല.

അതുകൊണ്ടാണ് ഇന്ത്യയിൽ വരാനിരിക്കുന്ന റെനോ കാറുകളിൽ ജോഗറിനെ ഉൾപ്പെടുത്താൻ കാരണമായിരിക്കുന്നതും. ഈ കാർ CMF-B പ്ലാറ്റ്‌ഫോമിന്റെ ഇന്ത്യൻ പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാകാമെന്നാണ് സൂചന. ഒരു ഹൈബ്രിഡ് എഞ്ചിനുമായി എത്തുന്ന ഡാസിയയുടെ ആദ്യത്തെ മോഡലെന്ന ഖ്യാതിയും പുതിയ ജോഗർ എംപിവിക്കുള്ളതാണ്. നിലവിൽ ഇത്തരത്തിലുള്ള വാഹനങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയും റെനോയെ സഹായിച്ചേക്കാം. എംപിവി, എസ്‌യുവി, എസ്റ്റേറ്റ് എന്നിവയുടെ ഗുണങ്ങൾ തേടുന്ന നിരവധി ഉപഭോക്താക്കളെയാണ് ജോഗറിലൂടെ ലക്ഷ്യമിടുന്നത്.
റെനോ മെഗാൻ ഇ-ടെക്
ഇന്ത്യയില്‍ ഓൾ ഇലക്ട്രിക് എസ്‌യുവികൾക്ക് ലഭിക്കുന്ന സ്വീകാര്യത അതു വേറെ തന്നെയാണ്. ഇലക്ട്രിക് കാറുകളുടെ വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റാൻ മെഗാൻ ഇ-ടെക്കിന് സാധിക്കും. കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റ് (CBU) വഴിയാണ് ഇന്ത്യയിലെത്തുക. അതിനാൽ തികച്ചും ഒരു പ്രീമിയം വാഹനമായിരിക്കും ഇവി എന്നതിൽ സംശയമൊന്നും വേണ്ട. ബ്രാൻഡിന്റെ CMF-EV പ്ലാറ്റ്ഫോമില്‍ ഇരിക്കുന്ന ആദ്യത്തെ റെനോ കാറാണ്. 40kWh, 60kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും ഇവിക്കുണ്ടാവും. ഒരൊറ്റ ചാർജിൽ 450 കിലോമീറ്റർ വരെ ഓടാൻ കാറിന് കഴിയുമെന്നാണ് വിവരം.


Click it and Unblock the Notifications








