Q3 സ്പോർട്‌ബാക്ക് അവതരിക്കാൻ മണിക്കൂറുകൾ മാത്രം; കൂപ്പെ എസ്‌യുവി നാളെ വിപണിയിൽ
ലക്ഷ്വറി വാഹന പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഔഡി Q3 സ്പോർട്‌ബാക്ക് അവതരിക്കാൻ മണിക്കൂറുകൾ മാത്രം. പുത്തൻ കൂപ്പെ എസ്‌യുവിയെ ഇന്ത്യയിൽ 2023 ഫെബ്രുവരി 13-ാം തീയതി അവതരിപ്പിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം ജർമൻ വാഹന നിർമാതാക്കളിൽ നിന്നും എത്തിയതോടെയാണ് ആകാംക്ഷകൾക്ക് അറുതിയായിരിക്കുന്നത്.
ജർമൻ കാർ നിർമാതാക്കളുടെ ജനപ്രിയ Q3 മോഡലിന്റെ സ്‌പോർട്ടിയർ പതിപ്പിനായുള്ള ഔദ്യോഗിക ബുക്കിംഗും കമ്പനി അടുത്തിടെ ആരംഭിച്ചിരുന്നു. ഔഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഡീലർഷിപ്പുകൾ വഴിയോ 2 ലക്ഷം രൂപ ടോക്കൺ തുകയ്ക്ക് പുത്തൻ ആഡംബര വാഹനം പ്രീ-ബുക്ക് ചെയ്യാനാവും. സ്റ്റാൻഡേർഡ് Q3 എസ്‌യുവിയെ അപേക്ഷിച്ച് ഒരു കൂപ്പെ സ്റ്റൈലിംഗുമായാണ് സ്പോർട്ട്ബാക്കിന്റെ വരവെന്നതാണ് ഹൈലൈറ്റ്. ഇതിനായി കാറിന് ചരിഞ്ഞ റൂഫ്‌ലൈൻ, വിൻഡ്‌സ്‌ക്രീൻ, പുതിയ എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയാണ് കൂപ്പെ സ്റ്റൈലിംഗ് നേടാൻ കാറിൽ ഒരുക്കിയിരിക്കുന്നത്.

ഡിസൈനിലെ ഈ പരിഷ്ക്കാരങ്ങൾ ഒഴികെ മറ്റെല്ലാം സ്റ്റാൻഡേർഡ് Q3 എസ്‌യുവിക്ക് സമാനമാണെന്നു വേണം പറയാൻ. Q3 സ്‌പോർട്ബാക്ക് സ്റ്റാൻഡേർഡ് പതിപ്പിൽ നിന്നും വളരെ വ്യത്യസ്‌തമല്ലെന്നാണ് കവി ഉദ്ദേശിക്കുന്നത്. എങ്കിലും Q3 സ്‌പോർട്‌ബാക്ക് സ്ലോപ്പിംഗ് റൂഫ്‌ലൈൻ, ഹണികോംബ്-മെഷ് ഗ്രിൽ, ബ്ലാക്ക്ഡ്-ഔട്ട് ക്രോം ആക്‌സന്റുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, സ്‌പോർട്ടി അലോയ് വീലുകൾ എന്നിവയ്‌ക്കൊപ്പം തനതായ ശൈലി പിടിച്ചിട്ടുണ്ടെന്നത് സ്വീകാര്യമാണ്. അധികം മുടക്കുന്ന പൈസക്ക് ഇത്രയെങ്കിലും കിട്ടണ്ടേ.
പുതുതലമുറ ഔഡി Q3, Q3 സ്‌പോർട്ട്ബാക്ക് എന്നിവ ഒരേ പ്ലാറ്റ്ഫോമിലാണ് ജർമൻ ആഡംബര വാഹന നിർമാതാക്കൾ അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നതും പ്രത്യേകം ഓർമിക്കാം. ലക്ഷ്വറി കാർ സെഗ്മെന്റിൽ വരുന്നതിനാൽ തന്നെ അതിനൊത്ത പ്രീമിയം ഫീലും ആഡംബര ഫീച്ചറുകളും പുതിയ എസ്‌യുവി കൂപ്പെയുടെ ഭാഗമാവും. പുതിയ തലമുറ എസ്‌യുവികൾ പോലെ ഔഡി യൂസർ ഇന്റർഫേസുള്ള അതേ 8.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പുത്തൻ മോഡലിന്റെയും ഭാഗമാവും.

അങ്ങനെ ശരിക്കും ആഡംബരത്തം തുളുമ്പുന്ന അകത്തളത്തിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, MMI നാവിഗേഷൻ, ഔഡി സ്മാർട്ട്ഫോൺ ഇന്റർഫേസ്, ഔഡി വെർച്വൽ കോക്ക്പിറ്റ്, വയർലെസ് ചാർജിംഗ്, ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ സീറ്റുകൾ, 10 സ്പീക്കർ ഓഡിയോ സിസ്റ്റം എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളും വരാനിരിക്കുന്ന Q3 സ്പോർട്‌ബാക്ക് അവതരിപ്പിക്കും.
Q3 എസ്‌യുവി ശ്രേണിക്ക് കരുത്ത് പകരുന്ന അതേ 2.0 ലിറ്റർ ഫോർ-സിലിണ്ടർ ടർബോചാർജ്ഡ് TFSI എഞ്ചിൻ തന്നെയാവും പുതിയ സ്പോർട്ബാക്ക് കൂപ്പെയ്ക്കും തുടിപ്പേകുക. ഇത് പരമാവധി 188 bhp കരുത്തിൽ 320 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. 7 സ്പീഡ് ഡിഎസ്‌ജി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ വാഹനത്തിൽ കൂടാതെ ഔഡിയുടെ ക്വാട്രോ AWD സിസ്റ്റവും വാഗ്ദാനം ചെയ്യും.

Q3 സ്‌പോർട്‌ബാക്കിലേക്ക് സ്‌പോർട്ടിയർ ആകർഷണം കൊണ്ടുവരാൻ ഔഡി ഇന്ത്യയ്‌ക്ക് കൂടുതൽ ശക്തമായ 45 TFSI വേരിയന്റും ഇന്ത്യയിലേക്ക് കൊണ്ടുവരാനാകും. ഈ പതിപ്പ് 241 bhp പവറിൽ 370 Nm torque നൽകാനാവുന്ന മോഡലാണ്. എന്നാൽ ഇക്കാര്യത്തെ കുറിച്ച് കമ്പനി സൂചനയൊന്നും നൽകിയിട്ടില്ല. എന്തായാലും വരാനിരിക്കുന്ന ഔഡി Q3 സ്‌പോർട്ട്ബാക്ക് സ്റ്റാൻഡേർഡ് എസ്‌യുവിക്ക് മുകളിൽ സ്ഥാനം പിടിക്കാനാണ് സാധ്യത. പ്രീമിയം പ്ലസ്, ടെക്നോളജി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാവും ലക്ഷ്വറി കൂപ്പെ എസ്‌യുവിയെ കമ്പനി വിപണിയിൽ അവതരിപ്പിക്കുക.
ആഭ്യന്തര വിപണിയിലെ എൻട്രി ലെവൽ ലക്ഷ്വറി എസ്‌യുവികളിൽ മെർസിഡീസ് GLA, ബിഎംഡബ്ല്യു X1 എന്നിവയ്‌ക്കൊപ്പം പുതിയ ഔഡി Q3 സ്‌പോർട്‌ബാക്ക് മത്സരിക്കും. 44.89 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയിൽ കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച Q3 എസ്‌യുവിക്ക് മുകളിലായിരിക്കും ഇത് സ്ഥാപിക്കുക. Q3 സ്‌പോർട്‌ബാക്കിന് 50 ലക്ഷം രൂപയിലധികം വില വരുമെന്നാണ് ലഭിക്കുന്ന സൂചന. പോയ വർഷം ഔഡിയുടെ റീട്ടെയിൽ വിൽപ്പനയിൽ 27.14 ശതമാനം വർധനവ് രേഖപ്പെടുത്തിയിരുന്നു. ഔഡി Q7, A8 L, Q3 തുടങ്ങിയ പുതിയ ലോഞ്ചുകളാണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചതെന്നാണ് ഔഡി പറയുന്നത്.


Click it and Unblock the Notifications








