കാണാൻ എന്തൊരഴക്! വില 51.43 ലക്ഷം രൂപ; പുത്തൻ ഔഡി Q3 സ്പോർട്‌ബാക്ക് വിപണിയിൽ
ഇന്ത്യൻ വിപണിയിൽ അവതാരപ്പിറവിയെടുത്ത് ലക്ഷ്വറി വാഹന പ്രേമികൾ കാത്തിരുന്ന ഔഡിയുടെ പുത്തൻ Q3 സ്പോർട്‌ബാക്ക്. 51.43 ലക്ഷം രൂപയാണ് ഈ കൂപ്പെ പതിപ്പിന്റെ എക്സ്ഷോറൂം വില വരുന്നത്. സ്റ്റാൻഡേർഡ് എസ്‌യുവിയെ അപേക്ഷിച്ച് ഒരു കൂപ്പെ സ്റ്റൈലിംഗുമായാണ് സ്പോർട്‌ബാക്കിന്റെ വരവെന്നതാണ് ഏകമാറ്റം.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 44.89 ലക്ഷം രൂപയ്ക്ക് ഏറ്റവും പുതിയ Q3 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് കൂപ്പെ സ്പോർട്ബാക്കും പിറവിയെടുത്തിരിക്കുന്നത്. ആദ്യ കാഴ്ച്ചയിൽ ഇത് സ്റ്റാൻഡേർഡ് മോഡലിന് സമാനമാണെന്ന് തോന്നുമെങ്കിലും ചില ശ്രദ്ധേയമായ പരിഷ്ക്കാരങ്ങൾ പുത്തൻ പതിപ്പിലേക്ക് ചേർക്കാൻ ജർമൻ ആഡംബര വാഹന നിർമാതാക്കൾ തയാറായിട്ടുണ്ട്. സ്ലോപ്പിംഗ് റൂഫ്‌ലൈൻ, ഹണികോംബ്-മെഷ് ഗ്രിൽ, ബ്ലാക്ക്ഡ്-ഔട്ട് ക്രോം ആക്‌സന്റുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, സ്‌പോർട്ടി അലോയ് വീലുകൾ എന്നിവയ്‌ക്കൊപ്പം തനതായ ശൈലി പിടിച്ചാണ് സ്പോർട്ബാക്കിന്റെ വരവ്.

വലുതും കൂടുതൽ സ്റ്റൈലിഷുമായ 18 ഇഞ്ച് അലോയ് വീലുകൾക്കൊപ്പം റെഡ് നിറത്തിൽ ഒരുക്കിയിരിക്കുന്ന ബ്രേക്ക് കാലിപ്പറുകൾ ഔഡി Q3 സ്പോർട്ബാക്ക് കൂപ്പെ എസ്‌യുവിക്ക് സ്പോർട്ടി ആകർഷണം നൽകിയിട്ടുണ്ടെന്നു വേണം പറയാൻ. ക്വാട്രോ ബാഡ്‌ജിംഗോടുകൂടിയ കൂറ്റൻ ഷഡ്ഭുജാകൃതിയിലുള്ള ഗ്രില്ലിന് പുറമെ സ്റ്റൈലിഷ് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ ചേർത്തിരിക്കുന്നതും ആരേയും ആകർഷിക്കാൻ പ്രാപ്‌തമാണ്. മൂന്ന് വേരിയന്റുകളിലാണ് സ്പോർട്ട് യൂട്ടിലിറ്റി വാഹനം നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത്.
പ്രീമിയം പ്ലസ് (44.89 ലക്ഷം), ടെക്‌നോളജി (50.39 ലക്ഷം), പുതിയ ടെക്‌നോളജി എസ്-ലൈൻ സ്പോർട്‌ബാക്ക് (51.43 ലക്ഷം) എന്നിവയാണ് അവ. എസ്-ലൈൻ പാക്കേജ് എന്ന പുതിയ കൂപ്പെ മോഡൽ സ്റ്റാൻഡേർഡ് Q3 മോഡലിൽ നിന്നും സ്‌പോർട്ടി ഫ്രണ്ട്, റിയർ ബമ്പറുകൾ ചേർത്താണ് ആഡംബരത്തം വിളിച്ചോതുന്നത്. സ്‌പോർട്‌ബാക്കിന്റെ ഷാർപ്പ് കട്ടുകളും ക്രീസുകളും മസ്ക്കുലർ രൂപത്തെ എടുത്തുകാണിക്കുന്നുമുണ്ട്. മുന്നിലും പിന്നിലും ഫെൻഡറുകളിൽ ശക്തമായ ക്യാരക്‌ടർ ലൈനുകളും കാണാം. ടർബോ ബ്ലൂ, ഗ്ലേസിയർ വൈറ്റ്, ക്രോണോസ് ഗ്രേ, മൈത്തോസ് ബ്ലാക്ക്, നവാര ബ്ലൂ എന്നീ വ്യത്യസ്‌തമായ അഞ്ച് കളർ ഓപ്ഷനുകളിലും വാഹനം സ്വന്തമാക്കാം.

പനോരമിക് റൂഫ്, എൽഇഡി കോമ്പിനേഷൻ ടെയിൽ ലൈറ്റുകൾ, ഗെസ്‌ചർ കണട്രോൾ സംവിധാനമുള്ള ടെയിൽഗേറ്റ്, സ്മാർട്ട് കംഫർട്ട് കീ എന്നിവയാണ് വാഹനത്തിലെ മറ്റ് ശ്രദ്ധേയമായ സവിശേഷതകൾ. ഇനി അകത്തളത്തിലേക്ക് നോക്കിയാൽ ഔഡിയുടെ പുതിയ ഡിസൈൻ ഭാഷ്യത്തിൽ ഒരുക്കിയിരിക്കുന്ന ഡാഷ്‌ബോർഡാണ് പ്രധാന ഹൈലൈറ്റ്. 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയും അതിന്റെ ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റത്തിനായി ഫിസിക്കൽ ഡയലുകളും ബട്ടണുകളും ഇതിൽ കാണാം. സെന്റർ കൺസോളിൽ ഇൻഫോടെയ്ൻമെന്റ് കൺട്രോളിനായി ഒരു ഡയലും ട്രാക്കുകൾ മാറ്റുന്നതിനുള്ള ബട്ടണുകളും വരെ കമ്പനി സമ്മാനിച്ചിട്ടുണ്ട്.
ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, MMI നാവിഗേഷൻ, ഔഡി സ്മാർട്ട്ഫോൺ ഇന്റർഫേസ്, ഔഡി വെർച്വൽ കോക്ക്പിറ്റ്, വയർലെസ് ചാർജിംഗ്, ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ സീറ്റുകൾ, 10 സ്പീക്കർ ഓഡിയോ സിസ്റ്റം തുടങ്ങിയ സവിശേഷതകളാണ് പുതിയ കൂപ്പെ എസ്‌യുവിയുടെ ഇന്റീരിയറിനെ സമ്പുഷ്‌ടമാക്കുന്ന മറ്റ് ഘടകങ്ങൾ. ഒകാപി ബ്രൗൺ, പേൾ ബീജ് എന്നീ രണ്ട് ഇന്റീരിയർ കളർ ഓപ്ഷനുകളും ഇത് വാഗ്ദാനം ചെയ്യുന്നു.

ലെതർ, ലെതറെറ്റ് കോമ്പിനേഷൻ ഉപയോഗിച്ചാണ് സീറ്റുകൾ അലങ്കരിച്ചിരിക്കുന്നത്. സ്റ്റിയറിംഗ് വീലും ലെതറിൽ പൊതിഞ്ഞാണ് നൽകിയിരിക്കുന്നത്. Q3 എസ്‌യുവി ശ്രേണിക്ക് കരുത്ത് പകരുന്ന അതേ 2.0 ലിറ്റർ ഫോർ-സിലിണ്ടർ ടർബോചാർജ്ഡ് TFSI എഞ്ചിൻ തന്നെയാവും പുതിയ സ്പോർട്ബാക്ക് കൂപ്പെയ്ക്കും തുടിപ്പേകുക. 7-സ്പീഡ് എസ്-ട്രോണിക് ഗിയർബോക്സും ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് പരമാവധി 190 bhp പവറിൽ 320 Nm torque വരെ ഉത്പാദിപ്പിക്കാനാവും.
വെറും 7.3 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈയെത്തിപ്പിടിക്കാനും ഔഡി Q3 സ്പോർട്ബാക്ക് പ്രാപ്‌തമാണ്. പാഡിൽ ഷിഫ്റ്ററുകളും കൂപ്പെ എസ്‌യുവിയുടെ ഭാഗമാണ്. ചരിഞ്ഞ റൂഫ് ഡിസൈനുള്ള കാറുകളെ പൊതുവേ വിശേഷിപ്പിക്കാറുള്ള പദങ്ങളാണ് സ്‌പോർട്‌ബാക്ക്, സ്റ്റൈൽബാക്ക്, ഫാസ്റ്റ്ബാക്ക്, കൂപ്പെ, റോഡ്‌സ്റ്റർ, എന്നിവ. വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 2 ലക്ഷം രൂപ ടോക്കൺ തുക നൽകി പുത്തൻ കാർ ഇപ്പോൾ പ്രീ-ബുക്ക് ചെയ്യാം.


Click it and Unblock the Notifications








