ഔഡിയുടെ കാളകൂറ്റൻ വിപണിയിലേക്ക്, Q3 സ്പോർട്ബാക്കിനുള്ള ബുക്കിംഗും ആരംഭിച്ചു
ഇന്ത്യയിൽ ഉടൻ പുറത്തിറക്കാൻ ഒരുങ്ങുന്ന Q3 സ്പോർട്ബാക്കിനുള്ള ബുക്കിംഗ് ആരംഭിച്ച് ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഔഡി. പുത്തൻ മോഡൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 2 ലക്ഷം രൂപ ടോക്കൺ തുക നൽകി ഓൺലൈനായി ലക്ഷ്വറി കൂപ്പെ ഇപ്പോൾ പ്രീ-ബുക്ക് ചെയ്യാനാവും.
വരാനിരിക്കുന്ന Q3 സ്പോർട്ട്ബാക്കിന്റെ ടീസർ ചിത്രങ്ങളും ഔഡി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. സ്റ്റാൻഡേർഡ് Q3 എസ്‌യുവിയെ അപേക്ഷിച്ച് ഒരു കൂപ്പെ സ്റ്റൈലിംഗുമായാണ് സ്പോർട്ട്ബാക്കിന്റെ വരവ്. ഇതിനായി കാറിന് ചരിഞ്ഞ റൂഫ്‌ലൈൻ, വിൻഡ്‌സ്‌ക്രീൻ, എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. ഡിസൈനിലെ ഈ മാറ്റമൊഴികെ മറ്റെല്ലാം സ്റ്റാൻഡേർഡ് Q3 എസ്‌യുവിക്ക് സമാനമാണെന്നു വേണം പറയാൻ.

ഇതുകൂടാതെ ഹണികോംബ്-മെഷ് ഗ്രിൽ, ബ്ലാക്ക്-ഔട്ട് ക്രോം ആക്‌സന്റുകൾ, സ്‌പോർട്ടി അലോയ് വീലുകൾ എന്നിവയും പുതിയ Q3 സ്‌പോർട്ട്ബാക്കിലുണ്ടാവും എന്നാണ് വിശ്വസിക്കുന്നത്. പുതുതലമുറ ഔഡി Q3, Q3 സ്‌പോർട്ട്ബാക്ക് എന്നിവ ഒരേ പ്ലാറ്റ്ഫോമിലാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഫീച്ചറുകളാലും സമ്പന്നമായിരിക്കും വരാനിരിക്കുന്ന ഈ ലക്ഷ്വറി കൂപ്പെ. ഫീച്ചറുകളുടെ കാര്യത്തിൽ ഔഡി യൂസർ ഇന്റർഫേസിനൊപ്പം 8.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായാണ് Q3 സ്‌പോർട്ട്ബാക്ക് വരുന്നത്.
യൂണിറ്റിന് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, MMI നാവിഗേഷൻ, ഒരു ഔഡി സ്മാർട്ട്‌ഫോൺ ഇന്റർഫേസ് എന്നിവയും പുതുപുത്തൻ ലക്ഷ്വറി കൂപ്പെ സ്പോർട്ട് യൂട്ടിലിറ്റി വാഹനത്തിന് ലഭിക്കുന്നുണ്ട്. എൽഇഡി ഹെഡ്‌ലാമ്പുകൾ, ഔഡി വെർച്വൽ കോക്ക്പിറ്റ്, വയർലെസ് ചാർജിംഗ്, ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകൾ, 10 സ്പീക്കർ ഓഡിയോ സിസ്റ്റം എന്നിവയും അതിലേറെയും പോലുള്ള മറ്റ് ചില സവിശേഷതകളും ഇതിന് ലഭിക്കുന്നുണ്ടാവാം.

ഇനി എഞ്ചിൻ വിശദാംശങ്ങളിലേക്ക് കടന്നാൽ ഔഡി Q3 സ്‌പോർട്ട്ബാക്ക് സ്റ്റാൻഡേർഡ് പതിപ്പിലെ അതേ 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് TFSI എഞ്ചിൻ തന്നെയാവും അവതരിപ്പിക്കുക. 7 സ്പീഡ് ഡിഎസ്‌ജി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിൻ 188 bhp കരുത്തിൽ പരമാവധി 320 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. കൂടാതെ ഔഡിയുടെ ക്വാട്രോ AWD സിസ്റ്റവും ഇതിലുണ്ടാവും.
മോഡലിലേക്ക് സ്‌പോർട്ടിയർ ആകർഷണം കൊണ്ടുവരാൻ ഔഡിക്ക് കൂടുതൽ ശക്തമായ 45 TFSI വേരിയന്റും ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കഴിയും. ഈ എഞ്ചിൻ 241 bhp പവറിൽ 370 Nm torque വരെയാണ് ഉത്പാദിപ്പിക്കുക. എന്തായാലും വരാനിരിക്കുന്ന ഔഡി Q3 സ്‌പോർട്ട്ബാക്ക് സ്റ്റാൻഡേർഡ് എസ്‌യുവിക്ക് മുകളിൽ സ്ഥാനം പിടിക്കാനാണ് സാധ്യത. വരാനിരിക്കുന്ന കാറിന് 50 ലക്ഷം രൂപയിൽ കൂടുതൽ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.

പ്രീമിയം പ്ലസ്, ടെക്നോളജി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാവും ലക്ഷ്വറി കൂപ്പെ എസ്‌യുവിയെ കമ്പനി വിപണിയിൽ അവതരിപ്പിക്കുക. ഇന്ത്യയിൽ Q3 സ്‌പോർട്‌ബാക്ക് മെർസിഡീസ് ബെൻസ് GLA, ബിഎംഡബ്ല്യു X1, വോൾവോ XC40 എന്നിവയുമായാവും മാറ്റുരയ്ക്കുക. അവതരണ തീയതി കൃത്യമായി വെളുപ്പെടുത്തിയിട്ടില്ലെങ്കിലും ഈ മാസം തന്നെ ഔഡിയുടെ കാളകൂറ്റൻ വിപണിയിൽ എത്തുമെന്നാണ് സംസാരം. പോയ വർഷം ഔഡിയുടെ റീട്ടെയിൽ വിൽപ്പനയിൽ 27.14 ശതമാനം വർധനവ് രേഖപ്പെടുത്തിയിരുന്നു.
2022-ൽ മൊത്തം 4,187 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചിരിക്കുന്നത്. 2021-ൽ കമ്പനി 3,293 യൂണിറ്റുകൾ വിറ്റഴിച്ചതിനെ അപേക്ഷിച്ച് വൻ വർധനവുണ്ടായത് ഈ വർഷം മൈലേജാവും. മികച്ച ഉൽപന്ന നിര അവതരിപ്പിക്കാനായതാണ് ഉപഭോക്തൃ വികാരത്തിൽ ഉണർവുണ്ടാക്കിയതെന്ന് ഔഡി ഇന്ത്യ പറയുന്നു. വിതരണ ശൃംഖലയിലെ വെല്ലുവിളികളും സെമി കണ്ടക്‌ടർ ചിപ്പുകളുടെ ദൗർലഭ്യവും വളർച്ചയുടെ മുഴുവൻ സാധ്യതകളെയും ഇപ്പോഴും തടഞ്ഞുനിർത്തുന്നുണ്ടെങ്കിലും ശക്തമായ മുന്നേറ്റമുണ്ടാക്കാൻ തങ്ങൾക്കാവുമെന്നാണ് കമ്പനിയുടെ വിശ്വാസം.
ഇന്ത്യൻ വിപണിയിലെ മറ്റ് വാഹന നിർമാതാക്കളെ പോലെ തന്നെ 2023 ജനുവരി ഒന്നു മുതല്‍ എല്ലാ കാറുകളുടെയും എസ്‌യുവികളുടെയും വിലയിൽ ഔഡിയുടെ 1.7 ശതമാനം വരെ വർധിപ്പിച്ചിട്ടുണ്ട്. ഇന്‍പുട്ടും പ്രവര്‍ത്തന ചെലവും ഉയർന്നതാണ് വില പരിഷ്ക്കാരത്തിലേക്ക് നയിച്ചിരിക്കുന്നതെന്നാണ് ജർമൻ ബ്രാൻഡ് നൽകിയിരിക്കുന്ന വിശദീകരണം. എന്തായാലും പുത്തൻ മോഡലിൻ്റെ വരവോടെ വിൽപ്പന കൂടുതൽ വിപുലീകരിക്കാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.


Click it and Unblock the Notifications








