സെലിബ്രിറ്റികളുടെ തിരക്ക് ഇനി ഈ ഷോറൂമുകളിൽ, വന്നിരിക്കുന്ന ജർമൻ എസ്‌യുവിയെ കണ്ടോ
ആഡംബര കാറുകളുടെ പിന്നാലെ ഏറ്റവും കൂടുതൽ പായുന്നവരാണ് സെലിബ്രിറ്റികൾ. യാത്രകൾ സുഖകരവും കൂടുതൽ സുരക്ഷിതവുമാക്കാനായാണ് ഇത്തരക്കാർ കോടികൾ വില വരുന്ന ലക്ഷ്വറി വാഹനങ്ങളിലേക്ക് ചേക്കേറുന്നത് എന്നത് ഏവർക്കും അറിയാമല്ലോ. സെലിബ്രിറ്റികളുടെയും വ്യവസായ പ്രമുഖരുടേയും പ്രിയപ്പെട്ട ലക്ഷ്വറി ബ്രാൻഡുകളിൽ ഒന്നാണ് ഔഡി. കേരളത്തിലുൾപ്പടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും മികച്ച വിൽപ്പനയുമായി ഈ ജർമൻ ബ്രാൻഡ് മുന്നേറുകയാണ്.
ഉത്സവ സീസൺ അടുത്തിരിക്കുന്നതിനാൽ വിൽപ്പന വർധിപ്പിക്കുന്നതിനായി ഔഡി Q8 ആഡംബര എസ്‌യുവിയുടെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡൽ പുറത്തിറക്കിയിരിക്കുകയാണ്. പരിമിത കാലത്തേക്ക് വിപണിയിൽ ലഭ്യമാകുന്ന മോഡലിന് 1.18 കോടി രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. X-ലൈൻ എക്സ്റ്റീരിയർ പാക്കേജും ബ്ലാക്ക് സ്റ്റൈലിംഗ് പാക്കേജും ഉപയോഗിച്ചാണ് എസ്‌യുവിയുടെ ആകർഷണം ജർമൻ ബ്രാൻഡ് ഉയർത്തിയിരിക്കുന്നത്.

മൈത്തോസ് ബ്ലാക്ക്, ഗ്ലേസിയർ വൈറ്റ്, ഡേടോണ ഗ്രേ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ വണ്ടി ലഭ്യമാകും. അതേസമയം മെക്കാനിക്കൽ വശങ്ങളേക്ക് നോക്കിയാൽ ബിഎസ്-VI രണ്ടാംഘട്ടത്തിന് അനുസ-തമായുള്ള 3.0 ലിറ്റർ, TFSI, 48V മൈൽഡ് ഹൈബ്രിഡ് എഞ്ചിനാണ് ഔഡി Q8 സ്പെഷ്യൽ എഡിഷന് തുടിപ്പേകുന്നത്. ഇത് 340 bhp കരുത്തിൽ പരമാവധി 500 Nm torque വരെ ഉത്പാദിപ്പിക്കാനാവും. എട്ട് സ്പീഡ് ടിപ്‌ട്രോണിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.
അങ്ങനെ മോഡലിന് വെറും 5.9 സെക്കൻഡിനുള്ളിൽ 0-100 വേഗത കൈവരിക്കാനും മണിക്കൂറിൽ പരമാവധി 250 കിലോമീറ്റർ വേഗതയിൽ ഓടാനും സാധിക്കും. ഔഡിയുടെ ഏറ്റവും പുതിയ Q8 സ്പെഷ്യൽ എഡിഷൻ ലക്ഷ്വറി എസ്‌യുവിക്ക് ബ്രാൻഡിന്റെ ക്വാട്രോ പെർമനന്റ് ഓൾ വീൽ ഡ്രൈവ് സിസ്റ്റവും ഡാംപർ കൺട്രോൾ സസ്പെൻഷനും ലഭിക്കുന്നുമുണ്ട്. ഇലക്‌ട്രോ മെക്കാനിക്കൽ പവർ സ്റ്റിയറിംഗും ഏഴ് ഡ്രൈവിംഗ് മോഡുകളും വാഹനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

സുരക്ഷയുടെ കാര്യത്തിലായാലും ജർമൻ സ്റ്റാൻഡേർഡ് നിലനിർത്തിയാണ് ഔഡി പുത്തൻ എസ്‌യുവിയെ പണികഴിപ്പിച്ചിരിക്കുന്നത്. ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷയുടെ കാര്യത്തിൽ Q8 സ്പെഷ്യൽ എഡിഷന് ഓഡി പ്രീ-സെൻസ് ബേസിക്, എട്ട് എയർബാഗുകൾ, പാർക്കിംഗ് എയ്‌ഡ് പ്ലസ്, റിയർ വ്യൂ ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലൈസേഷൻ പ്രോഗ്രാം എന്നീ ഫീച്ചറുകളെല്ലാം ആണ് എസ്‌യുവിയിൽ സജ്ജീകരിച്ചിരിക്കുന്നത്.
ഇനി ഡിസൈനിന്റെ കാര്യത്തിലേക്ക് വന്നാൽ സ്പെഷ്യൽ എഡിഷൻ ഔഡി മോഡലിന് ഒരു സ്പോർട്ടി ഡിസൈൻ ഭാഷ്യമാണ് ലഭിച്ചിരിക്കുന്നത്. കറുപ്പ് നിറത്തിൽ പൂർത്തിയാക്കിയ ഒക്‌ടഗോണൽ സിംഗിൾ-ഫ്രെയിം ഗ്രില്ലാണ് മുൻവശത്ത് എടുത്തുനിൽക്കുന്നത്. അതോടൊപ്പം ഒരു സ്റ്റാൻഡേർഡ് എച്ച്‌ഡി മാട്രിക്‌സ് എൽഇഡി സാങ്കേതികവിദ്യയും ഡൈനാമിക് ഇൻഡിക്കേറ്ററുകളുള്ള തുടർച്ചയായി പ്രവർത്തിക്കുന്ന എൽഇഡി സ്ട്രിപ്പും വണ്ടിയുടെ ലുക്ക് വർധിപ്പിക്കുന്നുണ്ട്.

ഔഡിയുടെ പുതിയ Q8 സ്പെഷ്യൽ എഡിഷൻ എസ്‌യുവിക്ക് ബ്ലാക്ക് റൂഫ് റെയിലുകളും R21 ഫൈവ് സ്‌പോക്ക് ഗ്രാഫൈറ്റ് ഗ്രേ ഡയമണ്ട് ഫിനിഷ് അലോയ് വീലുകളുമാണ് ലഭിക്കുന്നത്. ഒരു പനോരമിക് സൺറൂഫും ഫ്രെയിംലെസ്സ് ഡോറുകളും അതിന്റെ പ്രീമിയം ഫീൽ ഉയർത്തുകയും ചെയ്യുന്നു. അകത്തേക്ക് കയറിയാലും കോടികൾ മുടക്കുന്നതിന്റെ എല്ലാത്തരം ഫീച്ചറുകളുടേയും സാങ്കേതികവിദ്യയുടേയും അകമ്പടിയും ഇന്റീരിയറിൽ കാണാനാവും.
അകത്തളത്തിൽ ഔഡി Q8 സ്പെഷ്യൽ എഡിഷനിൽ ബട്ടണുകളില്ലാത്ത MMI നാവിഗേഷൻ ടച്ച്‌സ്‌ക്രീൻ സംവിധാനമുള്ള ഡ്രൈവർ-ഫോക്കസ്ഡ് കോക്ക്പിറ്റ് ഡിസൈൻ, 'എയ്‌റോ-അക്കൗസ്റ്റിക്‌സ്' എന്നിവയ്ക്ക് ചുറ്റുമാണ് ഒരുക്കിയിട്ടുള്ളത്. പ്രാഥമിക സ്‌ക്രീൻ 25.65 സെന്റീമീറ്ററും സെക്കണ്ടറി സ്‌ക്രീനിന് 21.84 സെന്റീമീറ്റർ വലിപ്പവുമാണുള്ളത്. ഫോർ-സോൺ എയർ കണ്ടീഷനിംഗും B&O സൗണ്ട് സിസ്റ്റവും ലക്ഷ്വറി എസ്‌യുവിയുടെ ആഡംബര ഫീൽ വർധിപ്പിക്കുന്നുണ്ട്.
വയർലെസ് ചാർജിംഗോടുകൂടിയ ഓഡി ഫോൺ ബോക്സ് ലൈറ്റ്, ഓഡി മ്യൂസിക്, സ്മാർട്ട്ഫോൺ ഇന്റർഫേസ് എന്നിവയാണ് പുതിയ ഔഡി കാറിൽ ഒരുക്കിയിരിക്കുന്ന മറ്റ് പ്രധാന സവിശേഷതകൾ. പ്രൈമറി സ്‌ക്രീൻ സ്‌പീഡ് ഡയലോഗ് സിസ്റ്റം, അഡ്വാൻസ്‌ഡ് ഹാൻഡ്റൈറ്റിംഗ് റെക്കഗ്നിഷൻ, സെക്കൻഡറി സ്‌ക്രീനിലെ ഷോർട്ട്കട്ടുകൾ എന്നിവയ്‌ക്കൊപ്പം സ്വാഭാവിക ഭാഷാ ഇടപെടലും അനുവദിക്കുന്നുണ്ട്. അങ്ങനെ മൊത്തത്തിൽ മുടക്കുന്ന പണത്തിനുള്ള മൂല്യം ഔഡി Q8 സ്പെഷ്യൽ എഡിഷൻ തരുന്നുണ്ട്.


Click it and Unblock the Notifications








