ഇനി കാർണിവലില്ല...! പുത്തൻ 'KA4' എംപിവിയെ ഇന്ത്യയിൽ അവതരിപ്പിച്ച് Kia
നടന്നുകൊണ്ടിരിക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ പുതുതലമുറ കാർണിവൽ എംപിവിയെ അവതരിപ്പിച്ച് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. ഇനി മുതൽ കാർണിവൽ ഇന്ത്യയിൽ KA4 എന്നായിരിക്കും അറിയപ്പെടുക. പുതിയ മോഡൽ വിനോദ വാഹനമായാണ് കമ്പനി ബ്രാൻഡ് ചെയ്യപ്പെടുക. പ്രീമിയം എംപിവിയുടെ നാലാം തലമുറ ആവർത്തനമാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്.
ക്യാബ് ഫോർവേഡ് എംപിവി പോലുള്ള സ്റ്റൈലിംഗിന് പകരം നാലാം തലമുറ കിയ കാർണിവൽ വ്യത്യസ്‌തമായ രൂപമാണ് സ്വീകരിച്ചിരിക്കുന്നത് എന്നുവേണം പറയാൻ. കൂടുതൽ ബോക്‌സി നിലപാടുകളുകളുള്ള ഒരു എസ്‌യുവിയായാണ് KA4 രൂപമെടുത്തിരിക്കുന്നത്. ബോൾഡും ബോക്‌സി രൂപവും ഫീച്ചർ ചെയ്യുന്ന പുതിയ KA4 ബ്രാൻഡിന്റെ പുതിയ ഡിസൈൻ ഭാഷ്യമാണ് എടുത്തു കാണിക്കുന്നത്. ടെല്ലുറൈഡ്, സൊറേന്റോ, സെൽറ്റോസ് എന്നിവയിലും ഇതേ ശൈലി നമുക്ക് കാണാനാവും.

ഡയമണ്ട് പാറ്റേണും ക്രോമും ഉള്ള കിയയുടെ സിഗ്നേച്ചർ "ടൈഗർ നോസ്" ഫ്രണ്ട് ഗ്രില്ലിനൊപ്പം ആംഗുലാർ ഷെയ്പ്പിലുള്ള ഹെഡ്‌ലാമ്പുകളും എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും പുതിയ കാർണിവലിലേലക്ക് കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ട്. എസ്‌യുവിയിൽ ചെറിയ ഫ്രണ്ട് ഓവർഹാംഗും വരുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. കൂടാതെ എ-പില്ലർ അൽപം പിന്നിലേക്ക് നീക്കി നീളമുള്ള ഹുഡാണ് KA4 എംപിവിയിൽ സൃഷ്‌ടിച്ചിരിക്കുന്നത്. ഹൈ-ബീം ലാമ്പുകൾ ഗ്രില്ലിന്റെ മൂലയിൽ സ്ഥാപിച്ചിരിക്കുന്നതും മനോഹരമാണെന്ന് മനസിലാക്കാം.
അതേസമയം ലോ ബീം ലാമ്പുകൾ മുൻവശത്തെ പുറം അറ്റങ്ങളിൽ പ്രത്യേകം സ്ഥാപിച്ചിരിക്കുന്നു. ഡിആർഎല്ലുകൾ കാർണിവലിന്റെ ടേൺ ഇൻഡിക്കേറ്റർ ലാമ്പുകൾക്ക് ചുറ്റും പൊതിയുന്ന തരത്തിലാണ് കിയ ക്രമീകരിച്ചിരിക്കുന്നതും. പിൻഭാഗത്ത് എൽഇഡി ലൈറ്റ് ബാർ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന ടെയിൽ ലാമ്പുകളാണ് വാഹനത്തിന്റെ സവിശേഷതയായി പറയാനാവുന്നത്. 5,156 മില്ലീമീറ്റർ നീളമുള്ള KA4 പുതുതായി പുറത്തിറക്കിയ ഇന്നോവ ഹൈക്രോസിനേക്കാൾ വളരെ നീളമുള്ളതാണ് എന്ന കാര്യവും എടുത്തു പറയാം.

നിലവിലുള്ള കാർണിവലിന്റെ ലേയേർഡ് ബട്ടണുകളുള്ള ഡിസൈനുമായി താരതമ്യപ്പെടുത്തുമ്പോൾ KA4 കൂടുതൽ മിനിമലിസ്റ്റ് ഡിസൈനാണ് അവതരിപ്പിക്കുന്നത്. രണ്ട് 12.3 ഇഞ്ച് ഡിസ്‌പ്ലേയാണ് അകത്തളത്തിലെ മറ്റൊരു ഹൈലൈറ്റ്. പവർഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജർ, പ്രീമിയം സൗണ്ട് സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടെയുള്ള എല്ലാ സുഖസൌകര്യങ്ങളും കൊണ്ട് കിയ പുതിയ കാർണിവലിനെ കമ്പനി സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷാ സവിശേഷതകളുടെ ഭാഗമായി ഇതിന് ADAS സാങ്കേതികവിദ്യയും ഒന്നിലധികം എയർബാഗുകളും ലഭിക്കുന്നു.
ഫോർവേഡ് കൊളിഷൻ അവോയ്ഡൻസ് അസിസ്റ്റ്, ബ്ലൈൻഡ്-സ്പോട്ട് അവോയ്ഡൻസ് അസിസ്റ്റ്, റിയർ ക്രോസ്-ട്രാഫിക് കൂട്ടിയിടി അവോയ്ഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് സിസ്റ്റം, ഹൈ ബീം അസിസ്റ്റ്, ഡ്രൈവർ അറ്റൻഷൻ വാണിംഗ് എന്നിവ ഉൾപ്പെടെയുള്ള സവിശേഷതകളാണ് കിയ KA4 എംപിവിയുടെ ADAS സവിശേഷതകളിൽ ഉൾച്ചേർത്തിരിക്കുന്നത്. ഇതോടൊപ്പം, ഉയർന്ന വേരിയന്റുകൾക്ക് ബ്ലൈൻഡ്-സ്പോട്ട് വ്യൂ മോണിറ്റർ, ഫോർവേഡ് കൊളിഷൻ-അവോയ്ഡൻസ് അസിസ്റ്റ്-സൈക്ലിസ്റ്റ്, ഹൈവേ ഡ്രൈവിംഗ് അസിസ്റ്റ്, നാവിഗേഷൻ അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് ക്രൂയിസ് കൺട്രോൾ-കർവ്, പാർക്കിംഗ് കൊളിഷൻ അവോയ്ഡൻസ് അസിസ്റ്റ്, സറൗണ്ട് വ്യൂ മോണിറ്റർ എന്നിവയും ലഭിക്കും.

അന്താരാഷ്‌ട്ര വിപണിയിൽ കിയ KA4 രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. അതിൽ 201 bhp പവറുള്ള 2.2 ലിറ്റർ ഡീസൽ, 296 bhp കരുത്തുള്ള 3.5 ലിറ്റർ പെട്രോൾ എന്നിവയാണ് ഉൾപ്പെടുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കിയ ഡീസൽ എഞ്ചിനുമായി തന്നെ തുടരും. എംപിവി 7, 9, 11 സീറ്റ് കോൺഫിഗറേഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇന്ത്യയിൽ ഏത് വേരിയന്റ് നൽകുമെന്ന് ഉറപ്പായിട്ടില്ല.
നീളമുള്ള വീൽബേസും പിൻഭാഗത്തെ ഓവർഹാംഗുമാണ് കിയ KA4 എംപിവിയുടെ പിൻ നിരകൾക്ക് കൂടുതൽ ഇടം നൽകാൻ സഹായിച്ചിരിക്കുന്നത്. വില പ്രഖ്യാപനം മാത്രം ബാക്കി നിൽക്കുമ്പോൾ പുത്തൻ മോഡലിന്റെ വരവ് ഇന്നോവ ഹൈക്രോസിന്റെ വിൽപ്പനയെ എങ്ങനെ ബാധിക്കുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം. പുതുതലമുറ കിയ കാർണിവലിനൊപ്പം EV9 ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റ്, പുതിയ സോറന്റോ മൂന്നു-വരി എസ്‌യുവി, EV6 ഇലക്ട്രിക് ക്രോസ്ഓവർ, നിലവിലുള്ള ശ്രേണിയുടെ പ്രത്യേക പതിപ്പുകൾ എന്നിവയും ഇന്ത്യൻ ഓട്ടോ എക്‌സ്‌പോയുടെ 16-ാം പതിപ്പിൽ കിയ പ്രദർശിപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications








