പെട്രോളിൽ ഓടാനല്ല, ഫ്ലെക്‌സ് ഫ്യുവലിൽ ഓടാനാണ് എനിക്കിഷ്‌ടമെന്ന് Maruti WagonR
കഴിഞ്ഞ മാസം ന്യൂഡൽഹിയിൽ നടന്ന SIAM എഥനോൾ ടെക്‌നോളജി എക്‌സിബിഷനിൽ വാഗൺആറിന്റെ ഫ്ലെക്‌സ് ഫ്യുവൽ പ്രോട്ടോടൈപ്പിനെ പരിചയപ്പെടുത്തിയ മാരുതി സുസുക്കി ദേ ഇപ്പോൾ ഹാച്ച്ബാക്കിന്റെ അതേ മോഡലിനെ ഓട്ടോ എക്സ്പോയിലും അവതരിപ്പിച്ചിരിക്കുകയാണ്. ഗ്രേറ്റർ നോയിഡയിൽ നടന്നുകൊണ്ടിരിക്കുന്ന പരിപാടിയിൽ പ്രദർശിപ്പിച്ച മോഡലിന് ഏറെ ശ്രദ്ധനേടാനായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
നൂതന ഇതര ഇന്ധന സാങ്കേതികവിദ്യകൾ പര്യവേക്ഷണം ചെയ്യാനുള്ള ബ്രാൻഡിന്റെ ആഗ്രഹത്തെയാണ് വാഗൺആറിന്റെ ഫ്ലെക്‌സ് ഫ്യുവൽ പതിപ്പ് എടുത്തുകാട്ടുന്നത്. ഇത് ഇന്ത്യയിൽ പൂർണമായും രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്‌ത കാറാണെന്നതും നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. മാസ് സെഗ്‌മെന്റ് വാഹനത്തിന്റെ പ്രോട്ടോടൈപ്പ് മോഡൽ ബിഎസ്-VI ഫേസ്-2 മലിനീകരണ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുമെന്നും കാർബണൈസ് ചെയ്യാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമാകുമെന്നും ബ്രാൻഡ് വ്യക്തമാക്കിയിട്ടുമുണ്ട്.

ഫ്ലെക്സ് ഫ്യുവൽ സാങ്കേതികവിദ്യയുമായും എഥനോളിന്റെ ഗുണങ്ങളുമായി പൊരുത്തപ്പെടുന്നതിനുമായി വാഗൺആറിന്റെ എഞ്ചിനിൽ നിരവധി പരിഷ്ക്കാരങ്ങൾ വരുത്തിയിട്ടുണ്ടെന്നാണ് മാരുതി സുസുക്കി പറയുന്നത്. അതായത് എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു നവീകരിച്ച എഞ്ചിനാണ് കാറിൽ പ്രവർത്തിക്കുന്നതെന്ന് സാരം. എഞ്ചിന്റെയും കാറിന്റെയും ഈട് ഉറപ്പാക്കാൻ എഞ്ചിൻ മാനേജ്‌മെന്റ് സിസ്റ്റം, ഫ്യൂവൽ പമ്പ്, ഫ്യൂവൽ ഇൻജക്‌റ്റർ, മറ്റ് മെക്കാനിക്കൽ ഘടകങ്ങൾ എന്നിവയും കമ്പനി പുതുക്കിയിട്ടുണ്ട്.
മാരുതി സുസുക്കി വാഗൺആർ ഫ്ലെക്സ് ഫ്യുവൽ പ്രോട്ടോടൈപ്പിന് 20 ശതമാനത്തിനും (E20) 85 ശതമാനത്തിനും ഇടയിൽ (E85) എഥനോളിന്റെയും പെട്രോളിന്റെയും മിശ്രിതത്തിൽ പ്രവർത്തിക്കാൻ കഴിയും. കൂടാതെ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം അനുസരിച്ച് വികസിപ്പിച്ചെടുത്തതാണ് ഈ എഞ്ചിൻ. അതിനാൽ സമീപഭാവിയിൽ മോഡൽ വിപണിയിലേക്ക് എത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. 2025-ഓടെ കോംപാക്‌ട് സെഗ്‌മെന്റിനായി തങ്ങളുടെ ആദ്യത്തെ ഫ്ലെക്‌സ് ഫ്യുവൽ വാഹനം അവതരിപ്പിക്കുമെന്ന് മാരുതി സുസുക്കി നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്.

കൂടാതെ ജാപ്പനീസ് പങ്കാളിയായ ടൊയോട്ടയ്ക്ക് ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനും സാധിക്കും. കാറിന്റെ പെർഫോമൻസിൽ വിട്ടുവീഴ്ച്ച ചെയ്യാതെ സ്റ്റാൻഡേർഡ് പെട്രോൾ എഞ്ചിനിലുള്ള വാഗൺആറിനെ അപേക്ഷിച്ച് മലിനീകരണം 79 ശതമാനം കുറച്ചതായി രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കൾ അവകാശപ്പെടുന്നുമുണ്ട്. മാരുതി സുസുക്കി വാഗൺആർ ഫ്ലെക്സ് ഫ്യുവൽ പ്രോട്ടോടൈപ്പിനെ എടുത്തറിയാനായി കോൺട്രാസ്റ്റ് ബോഡി ഡെക്കലുകളോട് കൂടിയ ബ്ലൂ കളർ ഓപ്ഷനാണ് നൽകിയിരിക്കുന്നത്.
ഈ കലണ്ടർ വർഷം മാർച്ചോടെ വാഹനം ഫ്ലെക്‌സ് ഫ്യുവൽ നിലവാരത്തിൽ ആകുമെന്ന് ബ്രാൻഡ് ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്. ഈ ദശാബ്ദത്തിന്റെ മധ്യത്തോടെ മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ ഫ്ലെക്സ് ഫ്യൂവൽ അധിഷ്ഠിത പാസഞ്ചർ കാർ വിപണിയിൽ കൊണ്ടുവരും. രാജ്യത്ത് നടപ്പിലാക്കാൻ പോവുന്ന കഫേ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം വാഹനങ്ങളുടെ CO2 പുറന്തള്ളൽ കുറച്ചുകൊണ്ട് ഇന്ധന ഉപഭോഗം കുറയ്ക്കാൻ ലക്ഷ്യമിടുന്നതാണ്. കഫേ II നിയന്ത്രണങ്ങൾ പ്രകാരം ശരാശരി കോർപ്പറേറ്റ് CO2 ഉദ്‌വമനം 113 gm/km-ൽ കുറവായിരിക്കണം എന്നാണ്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാരുതി സുസുക്കി അവരുടെ സിഎൻജി വാഹന നിര അതിവേഗം വിപുലീകരിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായി ഓട്ടോ എക്സ്പോയുടെ പതിനാറാം പതിപ്പിൽ ബ്രെസ സിഎൻജി വരെ കമ്പനി കൊണ്ടുവന്നിട്ടുണ്ട്. കോംപാക്‌ട് എസ്‌യുവി അതിന്റെ സെഗ്‌മെന്റിലെ സിഎൻജി പവർട്രെയിൻ അവതരിപ്പിക്കുന്ന ആദ്യത്തെ മോഡലായി മാറും. കുറച്ച് മാസങ്ങൾക്ക് മുമ്പ് ബലേനോ സിഎൻജിയും XL6 സിഎൻജിയും മാരുതി സുസുക്കി നെക്‌സ ശ്രേണിയിലേക്ക് അവതരിപ്പിച്ചിട്ടുണ്ട്.
രാജ്യത്ത് ഇലക്ട്രിക്കിന് പകരം സിഎൻജി, മൈൽഡ്-ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനുകൾ അവതരിപ്പിക്കാനാണ് മാരുതി ഇപ്പോൾ പ്രധാനമായും ലക്ഷ്യമിടുന്നതും. എങ്കിലും 2023 ഓട്ടോ എക്സ്പോയിൽ EVX ഇവി കൺസെപ്റ്റ് പോലുള്ള ഇലക്ട്രിക് വാഹനങ്ങൾ പ്രദർശിപ്പിച്ചിരുന്നു. 2025 ഓടെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ മോഡൽ ടാറ്റ നെക്സോൺ ഇവി പോലുള്ളവയോടാണ് മത്സരിക്കുക.


Click it and Unblock the Notifications








