നിറഞ്ഞാടി MG Motors, ഓട്ടോ എക്സ്പോയിൽ MG5 ഇലക്ട്രിക് എസ്റ്റേറ്റും അവതരിപ്പിച്ചു
ഗ്രേറ്റർ നോയിഡയിൽ നടന്നുകൊണ്ടിരിക്കുന്ന 2023 ഓട്ടോ എക്സ്പോയിൽ MG5 ഇലക്ട്രിക് എസ്റ്റേറ്റ് എന്ന പ്രീമിയം വാഹനത്തേയും അവതരിപ്പിച്ചിരിക്കുകയാണ് എംജി മോട്ടോർസ്. യുകെ, യൂറോപ്പ് തുടങ്ങിയ വിപണികളിൽ വിൽപ്പനയ്‌ക്കെത്തുന്ന കിയ കാരെൻസിന്റെ വലിപ്പമുള്ള ഇലക്ട്രിക് എസ്റ്റേറ്റ് മോഡലാണിത്. ഇന്ത്യൻ വിപണിയിലേക്ക് വരാനിരിക്കുന്ന ഭാവിയിലേക്കുള്ള ഇവി, ഹൈബ്രിഡ് വാഹനങ്ങളുമെല്ലാണ് കമ്പനി പരിപാടിയിൽ പ്രദർശിപ്പിക്കുന്നത്.
ഇതിലെ ഏറ്റവും ശ്രദ്ധേയമായ അവതരണങ്ങളിൽ ഒന്നാണ് MG5. വാഹനം രാജ്യത്ത് അവതരിപ്പിക്കുകയാണെങ്കിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ആദ്യത്തെ ഇലക്ട്രിക് എസ്റ്റേറ്റായിരിക്കും ഇത്. ഇവി ഇതിനകം തന്നെ ആഗോള വിപണികളിൽ വിൽപ്പനയ്ക്ക് എത്തുന്നുണ്ട് എന്നു മാത്രമല്ല അതിന്റെ ആധുനികവും സുഗമവുമായ പ്രീമിയം ഡിസൈന് വാഹനം പേരെടുത്തിട്ടുമുണ്ട്. 2017-ൽ ചൈനയിൽ ആദ്യമായി അവതരിപ്പിച്ച MG5 ഇവി ശരിക്കും 2020-ലാണ് യൂറോപ്യൻ വിപണിയിൽ അരങ്ങേറ്റം നടത്തുന്നത്. തുടർന്ന് 2021 മധ്യത്തിൽ മോഡലിന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും കമ്പനി സമ്മാനിക്കുകയുണ്ടായി.

ബ്ലാക്ക്ഡ്-ഓഫ് ഗ്രിൽ, സംയോജിത ഡിആർഎല്ലുകളുള്ള സ്വീപ്റ്റ്-ബാക്ക് ഹെഡ്‌ലൈറ്റുകൾ, മുൻവശത്ത് ഒരു സ്‌പോർട്ടി ബമ്പർ എന്നിവയാണ് MG5 ഇവിയുടെ രൂപത്തെ മനോഹരമാക്കുന്ന ഡിസൈൻ ഘടകങ്ങൾ. ഇതിന് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ടി ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയും മറ്റും എംജി ഒരുക്കിയിട്ടുണ്ട്. വശങ്ങളിൽ, 17 ഇഞ്ച് വീലുകൾ, റൂഫ് റെയിലുകൾ, കാറിന്റെ മുഴുവൻ വീതിയിലും വ്യാപിച്ചുകിടക്കുന്ന ഒരു പ്രമുഖ ഷോൾഡർ ലൈൻ എന്നിവയാണ് ഹൈലൈറ്റ്.
ഇന്റീരിയറിലേക്ക് നോക്കിയാൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പൂർണ ഡിജിറ്റൽ 7 ഇഞ്ച് ഇൻസ്ട്രുമെന്റ് കൺസോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, കണക്‌റ്റഡ് കാർ ടെക്‌നോളജി എന്നിവയുൾപ്പെടെയുള്ള ഫീച്ചറുകളുടെ ഒരു നീണ്ട നിര സഹിതം വളരെ പ്രീമിയവും ഉയർന്ന നിലവാരമുള്ളതുമായ ക്യാബിനാണ് പുതിയ MG5 എസ്റ്റേറ്റിന് ഉള്ളത്. ADAS സേഫ്റ്റി സ്യൂട്ട്, 6 സ്പീക്കർ സൗണ്ട് സെറ്റപ്പ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, പുഷ്-ബട്ടൺ സ്റ്റാർട്ട്, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോൾ, ഓട്ടോ-ഡിമ്മിംഗ് IRVM തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിനുണ്ട്.

ആഗോള വിപണികളിൽ എംജി തങ്ങളുടെ എസ്റ്റേറ്റ് കാറായ MG5 ഇവിയെ ഒരു സ്റ്റാൻഡേർഡ് 61kWh ബാറ്ററി പായ്ക്കിൽ ഒരുക്കിയാണ് വിപണിയിൽ എത്തിക്കുന്നത്. അത് ഫ്രണ്ട് മൗണ്ടഡ് ഇലക്ട്രിക് മോട്ടോറിനാണ് കരുത്ത് പകരുന്നത്. ഇത് 156 bhp കരുത്തിൽ പരമാവധി 279 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ സജ്ജീകരണത്തിന് ഒറ്റ ചാർജിൽ 403 കിലോമീറ്റർ വരെ റേഞ്ച് നൽകാനാവുമെന്നാണ് ചൈനീസ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്.
കാറിനൊപ്പം ലഭിക്കുന്ന 50kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 61 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ വാഹനം ചാർജ് ചെയ്യാം. ചെറിയ 50.3 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കുള്ള ഷോർട്ട് റേഞ്ച് വേരിയന്റും എംജി എസ്റ്റേറ്റ് ഇവിക്ക് ആഗോള തലത്തിൽ ലഭ്യമാവും. ഇതിന്റെ റേഞ്ച് 320 കി.മീ. ആണെന്നാണ് കമ്പനി പറയുന്നത്. ഇവിക്കൊപ്പം 11 kW എസി ചാർജറാണ് എംജി വാഗ്ദാനം ചെയ്യുന്നത്.

8.3 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ എസ്റ്റേറ്റ് മോഡലിന് കഴിയും. കൂടാതെ 185 കിലോമീറ്ററാണ് ഇലട്രിക് വാഹനത്തിന്റെ പരമാവധി വേഗതയായി എംജി മോട്ടോർസ് നിശ്ചയിച്ചിരിക്കുന്നത്. വലിപ്പത്തിന്റെ കാര്യത്തിൽ MG5 എസ്റ്റേറ്റിന് 4,600 mm നീളവും 1,818 mm വീതിയും 1,543 mm ഉയരവും 2,659 mm വീൽബേസും വാഗ്ദാനം ചെയ്യുന്നുണ്ട്. 1,367 ലിറ്റർ ലഗേജ് സ്പേസ് നൽകാനാകുന്ന വലിയ ബൂട്ട് സ്പേസും മോഡലിന്റെ ഹൈലൈറ്റുകളിൽ ഒന്നാണെന്നു വേണം പറയാൻ.
പോയ വർഷത്തെ പോലെ തന്നെ 2023 ഓട്ടോ എക്‌സ്‌പോയിലും കളംനിറഞ്ഞാടുകയാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എംജി മോട്ടോർസ്. ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ്, ഹെക്ടർ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് എന്നിവയുടെ വില പ്രഖ്യാപനത്തിന് പുറമെ MG4 ഇവി, മൈഫ ഇവി, eHs തുടങ്ങിയ നിരവധി പുതുമയാർന്ന മോഡലുകളും കമ്പനി പരിപാടിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. നിലവിൽ ഈ മോഡലുകളെ ഉടൻ വിൽപ്പനയ്ക്ക് എത്തിക്കില്ലെങ്കിലും മോഡലുകൾക്കായുള്ള സാധ്യതകൾ ബ്രാൻഡ് ഇപ്പോൾ വിലയിരുത്തി വരികയാണ്.


Click it and Unblock the Notifications








