കൺസെപ്റ്റ് ആണേലും സംഭവം കിടുക്കി, ഓൾവീൽ ഡ്രൈവുള്ള Harrier ഇവിയുമായി ടാറ്റ
ഇന്ത്യയിലെ ഇലക്ട്രിക് വാഹന രംഗത്ത് തങ്ങളുടെ സ്ഥാനം വിട്ടുകൊടുക്കാൻ തയാറല്ലെന്ന് ഊന്നിപ്പറയുകയാണ് ജനപ്രിയരായ ടാറ്റ മോട്ടോർസ്. അതിന്റെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന ഓട്ടോ എക്സ്പോയുടെ പതിനാറാം പതിപ്പിൽ ഹാരിയർ ഇവിയും പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. നിലവിൽ ടാറ്റയ്ക്ക് ഇവി സെഗ്‌മെന്റിൽ 80 ശതമാനത്തിലധികം വിപണി വിഹിതമുണ്ടെങ്കിലും വരും വർഷങ്ങളിൽ ഇതിന് ഭീഷണിയുണ്ടാവുമെന്ന് കമ്പനിക്ക് ഉറപ്പാണ്.
ഈ അവസരം മുന്നിൽ കണ്ടുകൊണ്ടാണ് ടാറ്റയിപ്പോൾ ഭാവിയിലേക്കായി കൂടുതൽ മോഡലുകളെ അണിയറയിൽ ഒരുക്കുന്നത്. എന്നാൽ ടാറ്റ വരാനിരിക്കുന്ന തങ്ങളുടെ ഇലക്ട്രിക് ശ്രേണിയിലേക്ക് ഹാരിയർ, സഫാരി എന്നീ ജനപ്രിയ മോഡലുകളെ വരെ ഉൾപ്പെടുത്താൻ ഒരുങ്ങുകയാണ്. നടന്നുകൊണ്ടിരിക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ കമ്പനി ഹാരിയർ ഇവിയും സിയെറ ഇവിയും പ്രദർശിപ്പിച്ചിട്ടുണ്ട്. ഒറ്റ ചാർജിൽ 400-450 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുന്ന രീതിയിൽ ഹാരിയറിനെ ഒരുക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്.

ആയതിനാൽ ഹാരിയർ ഇവിയുടെ ബാറ്ററി കപ്പാസിറ്റി ഏകദേശം 60 kWh ആയിരിക്കാമെന്ന് പ്രതീക്ഷിക്കാം. പവറും ടോർക്കും യഥാക്രമം 200 bhp, 400 Nm എന്നിങ്ങനെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 0 മുതൽ 100 കിലോമീറ്റർ വരെ വേഗത 10 സെക്കൻഡിനുള്ളിൽ കൈവരിക്കാനും ഈ ഇലക്ട്രിക് മിഡ്-സൈസ് എസ്‌യുവിക്ക് സാധിച്ചേക്കും. നിലവിലുള്ള ഡീസൽ എഞ്ചിൻ അടിസ്ഥാനമാക്കിയുള്ള ഹാരിയറിനെയും സഫാരിയെയും അപേക്ഷിച്ച് പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഹാരിയർ ഇലക്ട്രിക്കിനായുള്ള ചില സാങ്കേതിക സവിശേഷതകൾ നെക്സോൺ ഇവിയിൽ നിന്നും ടാറ്റ മോട്ടോർസിന് കടമെടുക്കാനാവും. ഉദാഹരണത്തിന് മൾട്ടി-മോഡ് റീജൻ മോഡുകൾ പോലെയുള്ള സംവിധാനങ്ങൾ. ഡ്രൈവിംഗ് ശൈലിയും ട്രാഫിക് അവസ്ഥയും അടിസ്ഥാനമാക്കി ഉപയോക്താക്കൾക്ക് നാല് പ്രീ-സെറ്റ് ലെവലിൽ റീജനറേറ്റീവ് ബ്രേക്കിംഗ് തെരഞ്ഞെടുക്കാൻ അനുവദിക്കുന്ന സംവിധാനമാണിത്. അതുവഴി വാഹനത്തിന്റെ റേഞ്ച് വർധിപ്പിക്കാനും ഉടമകൾക്കാവും. ബാറ്ററി പായ്ക്കും മോട്ടോറും IP67 റേറ്റിംഗ് ഉള്ളതും അത്യാധുനിക സിപ്‌ട്രോൺ സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്നതുമായിരിക്കും എന്നതിൽ കൂടുതൽ ആശങ്കകൾ ഒന്നും വേണ്ടി വന്നേക്കില്ല.

ഇതിനെല്ലാം പുറമെ മൾട്ടി-ഡ്രൈവ് മോഡുകൾ ഹാരിയർ ഇലക്‌ട്രിക്കിൽ ലഭ്യമാകാൻ സാധ്യതയുണ്ട്. ഉപയോക്താക്കൾക്ക് റേഞ്ച് വിപുലീകരിക്കണോ അതോ ആഹ്ളാദകരവും പൂർണവുമായ പവർ റൈഡ് വേണോ എന്ന് തെരഞ്ഞെടുക്കാൻ ഇതിലൂടെ കഴിയും. ഇക്കോ, സിറ്റി, സ്‌പോർട്ട് മോഡുകളുള്ള നെക്‌സോൺ ഇവിക്ക് സമാനമായ ഡ്രൈവ് മോഡ് ഓപ്ഷനുകൾ തന്നെയായിരിക്കും ഇതിലേക്കും കൊണ്ടുവരിക. ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്കാണ് പ്രതീക്ഷിക്കുന്ന മറ്റൊരു സവിശേഷത. AWD സിസ്റ്റത്തിലാണ് ഹാരിയർ ഇലക്ട്രിക് വരുന്നത് എന്ന കാര്യവും എസ്‌യുവി പ്രേമികളെ ആകർഷിക്കാൻ സഹായിക്കുന്ന ഘടകമാണ്.
ഉയർന്ന ബാറ്ററി ശേഷിയിലാണ് ഹാരിയർ വരുന്നത് എങ്കിലും ചാർജിംഗ് ഓപ്ഷനുകൾ നെക്സോൺ ഇവിക്ക് സമാനമായിരിക്കും. ഏതെങ്കിലും 15A സോക്കറ്റുമായി ബന്ധിപ്പിക്കാൻ കഴിയുന്ന സാധാരണ ഹോം ചാർജർ, ഫാസ്റ്റ് ചാർജർ ഓപ്ഷൻ, ഡിസി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ എന്നിവ ഇലക്ട്രിക് എസ്‌യുവിയിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. ബാറ്ററിയും മോട്ടോർ വാറണ്ടിയും 8 വർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ വാഗ്ദാനം ചെയ്യുന്ന ടാറ്റ നെക്‌സോൺ ഇവിക്ക് സമാനമായിരിക്കും. ഇതിൽ ഏതാണ് ആദ്യം വരുന്നത് എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും വാറണ്ടി പരിഗണിക്കുക.

ഹാരിയർ ഇവിയുടെ അടിസ്ഥാന രൂപം നിലവിലെ മോഡലിന് സമാനമായിരിക്കുമെങ്കിലും ഇലക്ട്രിക് പതിപ്പിന് സവിശേഷമായ ചില സ്റ്റൈലിംഗ് ബിറ്റുകൾ ലഭിക്കുന്നുണ്ടെന്ന് കമ്പനി ഉറപ്പു വരുത്തും. കൺസെപ്റ്റ് മോഡലിൽ കാണുന്നതു പോലെ മുൻവശത്ത് ടാറ്റ മോട്ടോർസിന്റെ ലോഗോയുള്ള ഒരു എൽഇഡി സ്ട്രിപ്പ് ഇടംപിടിക്കും. മെച്ചപ്പെടുത്തിയ എയറോഡൈനാമിക്സ് കൈവരിക്കുന്നതിനാണ് മാറ്റങ്ങൾ കൊണ്ടുവന്നത്. ഇത് റേഞ്ച് വർധിപ്പിക്കാനും എസ്‌യുവിക്ക് സെൻസീവ് പ്രൊഫൈൽ നേടാനും സഹായകരമാവും. ലോഞ്ച് ചെയ്യുമ്പോൾ ഹാരിയർ ഇലക്ട്രിക്കിനായി ചില എക്സ്ക്ലൂസീവ് കളർ ഓപ്ഷനുകൾ അവതരിപ്പിക്കാനും സാധ്യതയുണ്ട്.
ഇന്റീരിയറിൽ സവിശേഷതകളുടെ ഭൂരിഭാഗവും നിലവിലെ മോഡലുകളിൽ ലഭ്യമായതിന് സമാനമായിരിക്കും. പനോരമിക് സൺറൂഫ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വെന്റിലേറ്റഡ് ഡ്രൈവർ, കോ-ഡ്രൈവർ സീറ്റുകൾ, പ്രീമിയം സ്പീക്കർ സിസ്റ്റം, എയർ പ്യൂരിഫയർ, വയർലെസ് ചാർജർ എന്നിവ ചില പ്രധാന ഫീച്ചറുകളായി തന്നെ നിലനിൽക്കും. കൂടാതെ കണക്റ്റഡ് കാർ ടെക് ഐആർഎയും ഹാരിയർ ഇവിയിൽ ലഭ്യമാകും. വ്യവസായ പ്രവണതകൾക്ക് അനുസൃതമായി ഹാരിയർ ഇലക്ട്രിക് എസ്‌യുവിക്ക് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കുകയും ചെയ്യും.


Click it and Unblock the Notifications








