ഹൈഡ്രജൻ കരുത്തിൽ ഓടുന്ന മിറാക്കിൾ 'മിറായി' എക്സ്പോയിലും എത്തി
2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഏറ്റവും പ്രമുഖ മോഡലുകളിലൊന്നായി മാറിയിരിക്കുകയാണ് ടൊയോട്ട മിറായി. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന സെല്ലിൽ പ്രവർത്തിക്കുന്ന കാർ എന്നതാണ് സെഡാന്റെ പ്രശസ്തിയായി കമ്പനി അവകാശപ്പെടുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ ഹൈഡ്രജന്‍ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പ്രധാന വജ്രായുധങ്ങളിൽ ഒന്നാണ് ഈ കാർ.
ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഫ്യുവൽ സെല്‍ പവേര്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ (FCEV) ആയ ടൊയോട്ട മിറായി എക്സ്പോയിലും ആരാധകരെ സൃഷ്‌ടിക്കുന്നുണ്ട്. ടൊയോട്ട കിർലോസ്കർ മോട്ടോർ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്നോളജി (ICAT) നടത്തുന്ന പൈലറ്റ് പദ്ധതിയുടെ ഭാഗമായി പോയ വർഷം അവസാനത്തോടെ ഈ കാറിനെ കമ്പനി അവതരിപ്പിച്ചിരുന്നു. ഇന്ത്യൻ നിരത്തുകളിലും കാലാവസ്ഥയിലും ഹൈഡ്രജൻ കാറുകൾ ഏങ്ങനെ പ്രവർത്തിക്കുമെന്ന് പഠിക്കാനും വിലയിരുത്താനുമാണ് വാഹനത്തെ പരീക്ഷിക്കുന്നത്.

ഹൈഡ്രജൻ അധിഷ്ഠിത അഡ്വാൻസ്ഡ് ഫ്യൂവൽ സെൽ ഇലക്ട്രിക് വാഹനമായ മിറായിയുടെ പൈലറ്റ് പ്രോജക്ട് ആരംഭിച്ചത് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയായിയിരുന്നു. ഒറ്റ ചാര്‍ജില്‍ 650 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും എന്നതാണ് ഈ കാറിന്റെ പ്രത്യേകതകളിൽ ഒന്ന്. ഹൈഡ്രജന്‍ ഇന്ധനമായി സ്വീകരിച്ചാണ് ഓട്ടം. ബോൾഡ് ഗ്രില്ലുള്ള നവീകരിച്ച മുൻഭാഗവും സ്വീപ്പിംഗ്, കൂപ്പെ പോലുള്ള പിൻഭാഗവും ഉൾപ്പെടെയുള്ള നാടകീയമായ സ്റ്റൈലിംഗും കൈയടി അർഹിക്കുന്നുണ്ട്.
ആകർഷകമായ ഹൈഡ്രജൻ സംവിധാനവും ഡിസൈനിനും പുറമെ ടൊയോട്ട മിറായി ഉപഭോക്താക്കൾക്ക് ഫീച്ചറുകളാൽ സമ്പന്നമായ ഇന്റീരിയറാണ് വാഗ്ദാനം ചെയ്യുന്നത്. കണക്റ്റിവിറ്റി ഫീച്ചറുകൾ, കളർ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, പനോരമിക് വ്യൂ മോണിറ്റർ, ഡിജിറ്റൽ റിയർവ്യൂ മിറർ, വയർലെസ് ചാർജർ, പനോരമിക് സൺറൂഫ്, ഹീറ്റഡ്, വെന്റിലേറ്റഡ് സീറ്റുകൾ, ഡ്രൈവറുടെ സഹായത്തിനായുള്ള ടൊയോട്ട ടീംമേറ്റ് സോഫ്‌റ്റ്‌വെയർ എന്നിവയും മറ്റും ഉള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ പോലുള്ള സൗകര്യങ്ങളാണ് വാഹനത്തിൽ ഒരുക്കിയിട്ടുള്ളത്.

മിറായി സെഡാന്റെ പിന്നില്‍ സജ്ജീകരിച്ചിട്ടുള്ള രണ്ട് ടാങ്കുകളിലായാണ് ഹൈഡ്രജന്‍ സംഭരിക്കുന്നത്. മുന്‍വശത്തെ ഗ്രില്ലിലൂടെ വലിച്ചെടുക്കുന്ന ഓക്സിജനും ടാങ്കില്‍ സംഭരിച്ചിട്ടുള്ള ഹൈഡ്രജനും ചേര്‍ത്താണ് വാഹനം ഓടുന്നത്. എഞ്ചിൻ പ്രവര്‍ത്തിക്കുമ്പോള്‍ മാലിന്യമായി പുറത്തുവരുന്നത് വെള്ളം മാത്രമാണ്. 182 bhp പവറിൽ 300 lb-ft പീക്ക് ടോർക്കും നൽകുന്നതിന് ഇലക്ട്രിക് മോട്ടോറുകൾക്കൊപ്പം പ്രവർത്തിക്കുന്ന ഒരു റിയർ-വീൽ ഡ്രൈവ് സിസ്റ്റമാണ് ടൊയോട്ട മിറായി ഉപയോഗിക്കുന്നത്.
ഈ ഇലക്ട്രിക് മോട്ടോർ പരമാവധി 9.2 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കാറിനെ പ്രാപ്തമാക്കുന്നു. ഇതോടൊപ്പം 650 കിലോമീറ്റർ വരെ റേഞ്ചും കാറിന് അവകാശപ്പെടുന്നതിനാൽ റേഞ്ചിനെ സംന്ധിച്ച ഉത്കണ്ഠകളൊന്നും വേണ്ടതാനും. 4975 മില്ലീമീറ്റർ നീളവും 1885 മില്ലീമീറ്റർ വീതിയും 1470 മില്ലീമീറ്റർ ഉയരവും 2920 മില്ലീമീറ്റർ വീല്ബേസുമാണ് മോഡലിനുള്ളത്.

48,000 ഡോളറാണ് വിദേശ വിപണികളിൽ മിറായിയുടെ വില. അതേസമയം കര്‍ണാടകയിലെ ടൊയോട്ടയുടെ പ്ലാന്റിലായിരിക്കും ഇന്ത്യയിലേക്കുള്ള വാഹനങ്ങള്‍ നിര്‍മിക്കുക. 2015-ലാണ് ടൊയോട്ട മിറായിയുടെ ആദ്യ തലമുറ മോഡല്‍ പിറവിയെടുക്കുന്നത്. പിന്നീട് 2019-ൽ രണ്ടാം തലമുറ ആവർത്തനത്തിലേക്കും വാഹനം എത്തി. മോഡുലാര്‍ TNGA പ്ലാറ്റ്‌ഫോമിലാണ് മിറായി സെഡാന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.
നിലവിൽ ട്രെൻഡിംഗായ ഇലക്ട്രിക് വാഹനങ്ങളെ മറികടന്ന് ഹൈഡ്രജന്‍ വാഹനങ്ങള്‍ ഭാവിയില്‍ വിപണി പിടിക്കുമെന്നാണ് പ്രതീക്ഷ. ഈ മോഡലിന് പുറമെ ജീപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട ഓട്ടോ എക്സ്പോയുടെ പതിനാറാം പതിപ്പിൽ ഒന്നിലധികം കാറുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. എഥനോൾ പവർട്രെയിനുകളുള്ള വാഹനങ്ങൾ, ഫ്‌ളെക്‌സ് ഫ്യുവൽ ഇലക്ട്രിക് പവർട്രെയിനുകൾ എന്നീ പരിസ്ഥിതി സൗഹാർദ വാഹനങ്ങൾ പരിചയപ്പെടുത്തിയാണ് ടൊയോട്ട ശ്രദ്ധനേടിയെടുക്കുന്നത്.


Click it and Unblock the Notifications








