300 കി.മീ. വരെ ഓടാം, ടാറ്റയുടെ ചീട്ടുകീറാൻ എംജിയുടെ കുഞ്ഞൻ ഇലക്‌ട്രിക് എസ്‌യുവി
ഇന്ത്യയിൽ ഹെക്‌ടർ എസ്‌യുവിയുമായി വിപണിയിലെത്തി ക്ലച്ചുപിടിച്ചവരാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എംജി മോട്ടോർസ്. പിന്നീട് നമുക്ക് ഇലക്‌ട്രിക് വാഹനങ്ങൾ പരിചതമായി തുടങ്ങുന്നതിന്റെ തുടക്കകാലത്ത് ZS ഇവി പുറത്തിറക്കി എംജി നമ്മെ അമ്പരപ്പിച്ചു. ഇതുവരെ കാര്യമായി ഒരു പരാതിയും പരിഭവവും കേൾപ്പിക്കാതെ മുന്നോട്ടു പോവുന്ന കമ്പനി വൈദ്യുത വാഹന രംഗം കീഴടക്കാനുള്ള പുറപ്പാടിലാണ്.
ഇതിന്റെ ഭാഗമായി എംജി അടുത്തിടെ ഇന്ത്യയിലെ ഏറ്റവും വില കുറവുള്ള കുഞ്ഞൻ ഇലക്‌ട്രിക് കാറിനെയും പുറത്തിറക്കിയിരുന്നു. മൈക്രോ കാറുകളെ ഇതുവരെ സ്വീകരിക്കാൻ തയാറാവാത്ത ഇന്ത്യക്കാർ കോമെറ്റിനെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്‌തു. തിരക്കേറിയ നഗര യാത്രകൾക്ക് അത്യുമമായ വാഹനമായാണ് ഇപ്പോൾ കോമെറ്റിനെ കണക്കാക്കുന്നത്. കുറഞ്ഞ വലിപ്പവും മികച്ച ഇന്റീരയറും ചെറിയ യാത്രകൾക്ക് മതിയായ റേഞ്ചുമെല്ലാം കോമെറ്റിന്റെ ഹൈലൈറ്റുകളായി.

എംജി കോമെറ്റിന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഒരു കോംപാക്‌ട് സബ്-4 മീറ്റർ ഇലക്ട്രിക് എസ്‌യുവി കൂടെ പുറത്തിറക്കാനുള്ള പദ്ധതിയും എംജി ആവിഷ്ക്കരിക്കുന്നുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ആ വാഹനത്തിനായുള്ള ഡിസൈൻ പേറ്റന്റും നേടിയിരിക്കുകയാണ് എംജി. ബോജുൻ യെപ് എന്ന കുഞ്ഞൻ എസ്‌യുവിയാണ് എംജി ബാഡ്‌ജിലേക്ക് അടുത്തതായി ചേക്കേറുക. അടുത്തിടെയാണ് ഈ മോഡൽ ചൈനീസ് വിപണിയിൽ അരങ്ങേറ്റം കുറിക്കുന്നത്.
എംജിയുടെ മാതൃ കമ്പനിയായ SAIC ഇന്ത്യയിൽ ഈ ഇലക്‌ട്രിക് എസ്‌യുവിക്കായുള്ള ഡിസൈൻ പേറ്റന്റ് ഫയൽ ചെയ്തു കഴിഞ്ഞു. പക്ഷേ ഓൾ-ഇലക്‌ട്രിക് എസ്‌യുവി എന്നത്തോടെ നിരത്തുകളിൽ ഓടിത്തുടങ്ങുമെന്ന് ഇതുവരെ വ്യക്തമല്ല. ഡിസൈൻ പേറ്റന്റിൽ വ്യക്തമാകുന്നത് പോലെ, എംജിയുടെ ഇന്ത്യയ്‌ക്കായുള്ള റീബ്രാൻഡ് ചെയ്‌ത ബോജുൻ യെപ്പ് ചൈന-സ്പെക്ക് മോഡലിൽ നിന്ന് വലിയ മാറ്റമില്ലാതെ തുടരും. ഒരേയൊരു മാറ്റം മുന്നിലും പിന്നിലും ഉള്ള എംജി ബാഡ്‌ജുകൾ മാത്രമായിരിക്കും.

അതായത് കോമെറ്റ് ഇലക്‌ട്രിക് കാറിൽ കണ്ടതിന് സമാനമായ പരിഷ്ക്കാരങ്ങൾ മാത്രമായിരിക്കുമിത്. 3-ഡോർ ലേഔട്ടുള്ള ഒരു റെട്രോ-തീം ഇവി എസ്‌യുവിയാണ് യെപ് എന്ന് ചിത്രങ്ങളിൽ നിന്നും മനസിലാക്കാം. കോമെറ്റ് ഇവിക്ക് സമാനമായി നാല് സീറ്റർ വാഹനം തന്നെയായിരിക്കും ഇതും. ഗ്ലോബൽ സ്മോൾ ഇലക്ട്രിക് വെഹിക്കിൾ പ്ലാറ്റ്‌ഫോം (GSEV) പങ്കിടുന്നതിനാൽ റേഞ്ചും ബാറ്ററി പായ്ക്കുമെല്ലാം ഇപ്പോൾ മൈക്രോ ഇലക്ട്രിക് കാറായ കോമെറ്റിൽ കാണുന്നതിന് സമാനമാണ്.
യെപ്പിന്റെ ഫ്രണ്ട് പ്രൊഫൈലിൽ ലളിതമായ ശൈലിയിൽ ഒരുക്കിയിരിക്കുന്ന ചതുരാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, പരുക്കൻ രൂപത്തിലുള്ള ബമ്പർ, ബോഡിയുടെ താഴത്തെ പകുതിയിൽ പ്ലാസ്റ്റിക് ക്ലാഡിംഗ്, റൂഫ് റെയിലുകൾ, ബൾക്കി പ്രോട്രഡ് വീൽ ആർച്ചുകൾ, നേരായ റിയർ എൻഡ് ഡിസൈൻ എന്നിവയാണ് ബോജുൻ യെപ്പിന്റെ മറ്റ് ഡിസൈൻ സവിശേഷതകൾ. ചൈനയിൽ, ടെയിൽഗേറ്റിൽ വ്യക്തിഗതമാക്കിയ സന്ദേശങ്ങൾ കാണിക്കാൻ കഴിയുന്ന ഒരു ഓപ്‌ഷണൽ എൽസിഡി സ്‌ക്രീൻ വരെ ഇതിന് ലഭിക്കുന്നുണ്ട്.

പക്ഷേ ഇന്ത്യയിലെത്തുമ്പോൾ ഇതൊക്കെ എംജി ഒഴിവാക്കാനാണ് സാധ്യത. യെപ്പിന് 3,381 മില്ലീമീറ്റർ നീളവും 1,685 മില്ലീമീറ്റർ വീതിയും 1,721 മില്ലീമീറ്റർ ഉയരവും 2,110 മില്ലീമീറ്റർ വീൽബേസുമാണുള്ളത്. കോമെറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ യെപ്പിന് 407 മില്ലീമീറ്റർ നീളവും 180 മില്ലീമീറ്റർ വീതിയും 81 മില്ലീമീറ്റർ ഉയരവും 100 മില്ലീമീറ്റർ വീൽബേസും അധികമായുണ്ട്.
68 bhp പവറിൽ 140 Nm torque ഉത്പാദിപ്പിക്കുന്ന റിയർ ആക്‌സിലിൽ ഘടിപ്പിച്ച ഒരൊറ്റ ഇലക്ട്രിക് മോട്ടോറുമായാണ് ബോജുൻ യെപ്പ് എസ്‌യുവി വിപണിയിലേക്ക് എത്തുന്നത്. മണിക്കൂറിൽ 100 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗതയായി നിശ്ചയിച്ചിരിക്കുന്നത്. 28.1kWh ലിഥിയം-അയൺ ഫോസ്ഫേറ്റ് ബാറ്ററി പായ്ക്കുമായി വരുന്ന ഈ വൈദ്യുത എസ്‌യുവിക്ക് 303 കിലോമീറ്റർ (CLTC) വരെ റേഞ്ചും നൽകാനാവും.

കോമറ്റ് ഇവിയുടെ കാര്യത്തിലെന്നപോലെ, ബാറ്ററി പായ്ക്ക് പ്രാദേശികമായി ലഭിക്കുന്നതിനാൽ ഇന്ത്യ-സ്പെക് മോഡലിന് അതിന്റെ സ്പെസിഫിക്കേഷനിൽ വ്യത്യാസമുണ്ടാകാം. ഗുജറാത്തിലെ ഹാലോളിലെ രണ്ടാമത്തെ പ്ലാന്റിന് ധനസഹായം നൽകുന്നതിനായി എംജി ഇന്ത്യയുടെ രണ്ടാം ഘട്ട നിക്ഷേപത്തിന് ശേഷം മാത്രമേ യെപ്പിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയുള്ളൂവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications








