വലിയ കുടുംബത്തിന് ഒന്നിച്ച് യാത്ര ചെയ്യാം, കുറഞ്ഞ വിലയിൽ വാങ്ങാൻ പറ്റിയ കിടിലൻ 7 സീറ്റർ വണ്ടികളിതാ
ലോകത്തെ ഏറ്റവും വലിയ വാഹന വിപണികളിലൊന്നാണ് ഇപ്പോൾ ഇന്ത്യ. ഏത് തരത്തിലുള്ള വണ്ടികളും വാങ്ങാൻ ആളുകൾ ഇരച്ചെത്തുന്ന മറ്റൊരു വിപണിയെ പോലും ഇപ്പോൾ കാണിച്ചു തരാൻ സാധിക്കാത്ത വിധത്തിലാണ് ഇന്ത്യയുടെ വളർച്ച. ഏറ്റവും പുതിയ ഫീച്ചറുകൾ, സമകാലിക രൂപകൽപന, അത്യാധുനിക സേഫ്റ്റി എന്നിവയുള്ള മോഡലുകൾ വാങ്ങാൻ ആളുകൾ ക്യൂവിലാണ്.
കൊവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യയിൽ 7 സീറ്റർ വാഹനങ്ങളുടെ ഡിമാന്റിലും വലിയ വളർച്ചയാണ് കാണാനാവുന്നത്. വലിയ കുടുംബത്തിന് ഒന്നിച്ച് യാത്ര ചെയ്യാം, അല്ലെങ്കിൽ മുതിർന്ന 7 ആളുകൾക്ക് ട്രിപ്പടിക്കാനും എല്ലാമുള്ള സൌകര്യമാണ് ഇത്തരം കാറുകൾ സ്വന്തമാക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടാകാൻ കാരണമായിരിക്കുന്നത്. എസ്‌യുവി, എംപിവി എന്നിങ്ങനെ വ്യത്യസ്‌ത വിഭാഗത്തിലും 7 സീറ്റർ വാഹനങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ബജറ്റ് ഫ്രണ്ട്ലിയായി വാങ്ങാനാവുന്ന വണ്ടികൾ രാജ്യത്ത് താരതമ്യേന കുറവാണെന്ന് വേണം പറയാൻ.

മുകളിൽ സൂചിപ്പിച്ച പോയിന്റുകളിൽ വിട്ടുവീഴ്ച്ച ചെയ്യാത്ത മുടക്കുന്ന പണത്തിന് ഏറ്റവും മൂല്യം നൽകുന്ന ഏറ്റവും മികച്ച ചില 7 സീറ്റർ വാഹനങ്ങളെ നമുക്കൊന്നു പരിചയപ്പെട്ടാലോ? കൂടുതൽ പേർക്ക് ഒന്നിച്ച് യാത്ര ചെയ്യാത്ത സാഹര്യങ്ങളിൽ സീറ്റ് മടക്കിവെച്ച് ബുട്ട് സ്പേസ് കൂട്ടി വണ്ടിയുടെ പ്രായോഗികത വർധിപ്പിക്കുകയും ചെയ്യാം. അഫോർഡബിൾ വിലയ്ക്ക് വീട്ടിലെത്തിക്കാനാവുന്ന മൂന്നുവരി മോഡലുകളെയാണ് ഇവിടെ നിങ്ങൾക്കായി കണ്ടെത്തിയിരിക്കുന്നത്.
കിയ കാരെൻസ്: നിലവിലെ ജനപ്രിയ ഫാമിലി കാറുകളിൽ ഒന്നായി മാറിക്കഴിഞ്ഞ വാഹനമാണ് കിയയുടെ ഈ എംപിവി. മികച്ച ക്യാബിൻ സ്‌പേസ് വാഗ്‌ദാനം ചെയ്യുന്നതിനൊപ്പം മോഡേൺ ഫീച്ചറുകളും സേഫ്റ്റിയുടെ അകമ്പടിയും കൂടിയെത്തുന്നതോടെ നിങ്ങൾക്ക് വിശ്വാസപൂർവം കൂടെക്കൂട്ടാനാവുന്ന മോഡലാണിത്. 10.45 ലക്ഷം മുതൽ 19.45 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്ഷോറൂം വില വരുന്നത്. 6,7 സീറ്റർ ഓപ്ഷനൊപ്പം പെട്രോൾ, ഡീസൽ, ടർബോ-പെട്രോൾ എന്നീ പതിപ്പിലും കാരെൻസ് വാങ്ങാനാവും.

സിട്രൺ C3 എയർക്രോസ്: രാജ്യത്തെ ഏറ്റവും പുതിയ 7 സീറ്റർ മൂന്നുവരി എസ്‌യുവിയാണ് ഈ ഫ്രഞ്ച് വാഹനം. 5 അല്ലെങ്കിൽ 5+2 സീറ്റിംഗ് കോൺഫിഗറേഷനോടെ എത്തുന്ന C3 എയർക്രോസിന് 11.69 ലക്ഷം മുതൽ 12.14 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. ആവശ്യമില്ലാത്തപ്പോൾ മൂന്നാംനിരയിലെ സീറ്റുകൾ എളുപ്പത്തിൽ ഊരിമാറ്റം എന്നതാണ് വാഹനത്തിന്റെ പ്രധാന ഹൈലൈറ്റ്. 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമായാണ് സിട്രൺ എസ്‌യുവിയുടെ വരവ്.
മാരുതി എർട്ടിഗ: കോംപാക്‌ട് എംപിവി സെഗ്മെന്റിലെ രാജാവാണ് മാരുതി സുസുക്കിയുടെ ഈ മോഡൽ. കഴിഞ്ഞ മാസം ഒക്ടോബറിൽ മാത്രം എർട്ടിഗയുടെ 14,000 യൂണിറ്റുകളാണ് കമ്പനി നിരത്തിലെച്ചതും. ഇനി വിലയുടെ കാര്യത്തിലേക്ക് നോക്കിയാലും 7 സീറ്റർ സെഗ്മെന്റിലെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലി വണ്ടികളിൽ ഒന്നായാണ് ഇതറിയപ്പെടുന്നതു തന്നെ. 8.64 ലക്ഷം മുതൽ 13.08 ലക്ഷം രൂപ വരെയാണ് ഇതിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില.

ടൊയോട്ട റൂമിയോൺ: മാരുതി എർട്ടിഗയുടെ റീബാഡ്‌ജ് മോഡലാണിത്. എംപിവിക്ക് 1.5 ലിറ്റർ പെട്രോൾ, സിഎൻജി എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഡ്യുവൽ എയർബാഗുകൾ, EBD, ബ്രേക്ക് അസിസ്റ്റ് ഉള്ള എബിഎസ്, രണ്ടാം നിരയിൽ ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവ പോലുള്ള ഉഗ്രൻ ഫീച്ചറുകളുടെ അകമ്പടിയും റൂമിയോണിനെ വേറിട്ടു നിർത്തുന്നുണ്ട്. 10.29 ലക്ഷം മുതൽ 13.68 ലക്ഷം വരെയാണ് ഇതിന്റെ വില.
മഹീന്ദ്ര ബൊലേറോ നിയോ: രാജ്യത്തെ ഏറ്റവും അണ്ടർറേറ്റഡ് മോഡലുകളിൽ ഒന്നാണിത്. ബജറ്റ് ഫ്രണ്ട്ലി 7 സീറ്റർ സെഗ്മെന്റിലെ ഏറ്റവും താങ്ങാനാവുന്ന ഡീസൽ വാഹനമാണ് ബൊലേറോ നിയോ. ബോഡി-ഓൺ-ഫ്രെയിം നിർമാണത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പരുക്കൻ എസ്‌യുവി കൂടിയാണിതെന്നതും ശ്രദ്ധേയമാണ്. ഒരൊറ്റ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനിൽ മാത്രമേ ഇത് ലഭ്യമാകൂവെങ്കിലും പവറിന്റെ കാര്യത്തിൽ മിടുക്കനാണ്. 9.64 ലക്ഷം മുതൽ 11.38 ലക്ഷം വരെയാണ് ഇതിന് ചെലവഴിക്കേണ്ടി വരിക.

റെനോ ട്രൈബർ: ഇന്ത്യൻ വിപണിയിലെ ഏറ്റവും പോക്കറ്റ് ഫ്രണ്ട്‌ലി എംപിവി എന്നതിലുപരി റെനോയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനം കൂടിയാണ് ഇത്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ 4-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചതിനാൽ ട്രൈബർ മികച്ച രീതിയിൽ നിർമിച്ച സുരക്ഷിത വാഹനവുമാണ്. ഫീച്ചറുകളുടെ കാര്യത്തിലും പിശുക്കൊന്നും കാട്ടാതെ തന്നെ പണിതെടുത്ത വണ്ടി സിറ്റി ഡ്രൈവിംഗിനെല്ലാം മികച്ചതാണ്.
8-ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കൂൾഡ് ഗ്ലോവ് ബോക്സ്, സെന്റർ കൺസോൾ എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകൾ ലഭിക്കുന്ന റെനോ ട്രൈബറിന് ഇന്ത്യയിൽ 6.34 ലക്ഷം രൂപ മുതൽ 8.98 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. 71 bhp പവറിൽ ഏകദേശം 96 Nm torque ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ട്രൈബറിന്റെ ഹൃദയം. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് എഎംടി ഗിയർബോക്‌സോടെ എംപിവി വാങ്ങാനാവും.


Click it and Unblock the Notifications








