7 സീറ്റർ മോഹം ഉപേക്ഷിക്കാമോ? എന്നാൽ C3 എയർക്രോസിന്റെ വിലയ്ക്ക് ഈ പൊളപ്പൻ വണ്ടികൾ കിട്ടും
ആഭ്യന്തര വിപണിയും എസ്‌യുവികൾ കീഴടക്കുമ്പോൾ ദിനംപ്രതി പുത്തൻ മോഡലുകളാണ് വിൽപ്പനയ്ക്കായി എത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ വാഹന നിർമാതാക്കളും തങ്ങളുടെ നിരയിൽ ഒരു എസ്‌യുവിയെങ്കിലും അവതരിപ്പിച്ചും കഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ മത്സരം നടക്കുന്ന സെഗ്മെന്റുകളിൽ ഒന്നാണ് മിഡ്-സൈസ് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടേത്.
ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും മാരുതി ഗ്രാൻഡ് വിറ്റാരയും ഹോണ്ട എലിവേറ്റുമെല്ലാം മത്സരിച്ച് എത്തുമ്പോൾ ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രണും ഒരു പുത്തൻ മോഡലുമായി സെഗ്മെന്റിലേക്ക് എത്തുകയുണ്ടായി. എതിരാളികളുടെ അതേവിലയ്ക്ക് 7 സീറ്റർ മോഡൽ തരാമെന്ന മോഹസുന്ദര വാഗ്‌ദാനവുമായാണ് C3 എയർക്രോസിനെ കമ്പനി വിപണിയിലേക്ക് എത്തിക്കുന്നത്. മോശമല്ലാത്ത ഫീച്ചറുകളും അത്യാവിശ്യം പെർഫോമൻസ് നൽകുന്ന എഞ്ചിനുമെല്ലാമായി വാഹനം ഇതിനോടകം ശ്രദ്ധനേടികഴിഞ്ഞിട്ടുണ്ട്.

9.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ എത്തുന്ന സിട്രൺ C3 എയർക്രോസിൽ അഞ്ച് വേരിയന്റുകൾ, 10 കളർ ഓപ്‌ഷനുകൾ, വേരിയന്റുകളെ ആശ്രയിച്ച് തിരഞ്ഞെടുക്കാൻ അഞ്ച്, ഏഴ് സീറ്റുകളുള്ള ലേഔട്ടുകൾ എന്നിങ്ങനെ ആളുകളെ കൈയിലെടുക്കാനുള്ള ജാലവിദ്യകളെല്ലാം എസ്‌യുവിയിൽ ബ്രാൻഡ് കുത്തിനിറയ്ക്കാൻ മറന്നിട്ടില്ല. എന്നാൽ C3 എയർക്രോസ് ശ്രേണിയുടെ അതേ വിലയ്ക്ക് നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന മറ്റ് എസ്‌യുവികൾ ഏതെല്ലെമെന്ന് ഒന്നു നോക്കിയാലോ?
കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ വരെ ചിലപ്പോൾ ഇതിനേക്കാൾ മികച്ച നിങ്ങൾക്ക് ഇണങ്ങുന്ന മോഡലുകൾ കണ്ടെത്തിയേക്കാനായേക്കും. സിട്രൺ C3 എയർക്രോസ് യൂ 5 സീറ്റർ മോഡലാണ് 9.99 ലക്ഷത്തിന് വാങ്ങാനാവുന്നത്. എസ്‌യുവിയുടെ എൻട്രി ലെവൽ വേരിയന്റാണേയിത്. നിലവിൽ വിൽപ്പനയിലുള്ള എല്ലാ സബ്-4 കോംപാക്‌ട് എസ്‌യുവികളുടെയും മിഡ്-സ്പെക്ക് വേരിയന്റുകൾ ഇതേ വിലയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാനായേക്കാം.

9.73 ലക്ഷം വില വരുന്ന മാരുതി ഫ്രോങ്ക്‌സ് ഡെൽറ്റ പ്ലസ് മാനുവലാണ് ആദ്യം പറയേണ്ടത്. തുടർന്ന് മാരുതി ബ്രെസ LXi സിഎൻജി (9.24 ലക്ഷം), കിയ സോനെറ്റ് HTE iMT ഡീസൽ (9.95 ലക്ഷം), നിസാൻ മാഗ്നൈറ്റ് XV (10 ലക്ഷം), റെനോ കൈഗർ RXT ടർബോ (10 ലക്ഷം) മഹീന്ദ്ര XUV300 W6 പെട്രോൾ (10 ലക്ഷം) എന്നിവയാണ് C3 എയർക്രോസ് യൂ 5 സീറ്ററിന് പകരമായി പരിഗണിക്കാവുന്നവ.
11.34 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന സിട്രൺ C3 എയർക്രോസ് പ്ലസ് 5-സീറ്റർ വേരിയന്റാണ് എസ്‌യുവിയുടെ ശ്രേണിയിലെ രണ്ടാമത്തെ വേരിയന്റ്. ഇതിന് യൂ ബേസ് മോഡലിനേക്കാൾ 1.35 ലക്ഷം രൂപയാണ് കൂടുതലായി മുടക്കേണ്ടി വരുന്നത്. പക്ഷേ അധികമായി മുടക്കുന്ന ഈ വിലയ്ക്ക് ഫീച്ചർ ലിസ്റ്റ് ഗണ്യമായി മെച്ചപ്പെടുത്താൻ ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ ശ്രമിച്ചിട്ടുണ്ടെന്നത് കൈയടി അർഹിക്കുന്ന കാര്യമാണ്.

എന്നാൽ ഇതിന് പകരമായി ഇതേ വിലയ്ക്ക് നിങ്ങൾക്ക് മാരുതി ഫ്രോങ്ക്സ് ആൽഫ ടർബോ (11.48 ലക്ഷം), മാരുതി ബ്രെസ ZXi മാനുവൽ (11.21 ലക്ഷം), കി സോനെറ്റ് HTK+ ഡീസൽ iMT (9.95 ലക്ഷം), റെനോ കൈഗർ RXZ ഡ്യുവൽ-ടോൺ സിവിടി (11.23 ലക്ഷം), മഹീന്ദ്ര XUV300 W8 പെട്രോൾ മാനുവൽ (11.51 ലക്ഷം) എന്നീ എസ്‌യുവികളും സിട്രൺ C3 എയർക്രോസ് പ്ലസിന്റെ അതേവിലയിൽ വാങ്ങാം.
11.69 ലക്ഷം രൂപ വില വരുന്ന സിട്രൺ C3 എയർക്രോസ് പ്ലസ് 7-സീറ്ററാണ് അടുത്ത വേരിയന്റ്. 35,000 അധികമായി നൽകിയാൽ 7 സീറ്റർ മൂന്ന് വരി പതിപ്പിനെ വീട്ടിലെത്തിക്കാം. അഞ്ച് സീറ്റർ മോഡലിന്റെ എല്ലാ എതിരാളികളെയും നിങ്ങൾക്ക് പരിഗണിക്കാമെങ്കിലും മൂന്ന്-വരി പതിപ്പിന്റെ വില മാരുതി ഫ്രോങ്ക്സ് ആൽഫ ടർബോ എംടി ഡ്യുവൽ-ടോണും കിയ സോനെറ്റ് ഓറോച്ച്സ് 1.0 ലിറ്റർ iMT മോഡലിനും എതിരാളിയായി കണക്കാക്കാം.

സിട്രൺ C3 എയർക്രോസ് മാക്‌സ് 5-സീറ്ററാണ് അടുത്ത വേരിയന്റ്. ഇതിന് ഇന്ത്യയിൽ 11.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. പ്ലസ് 7 സീറ്ററിനേക്കാൾ അധിക ഫീച്ചറുകളോടെയാണ് മാക്സിനെ ഒരുക്കിയിട്ടുള്ളത്. ഈ വിലയ്ക്ക് അലോയ് വീലുകൾ, റിവേഴ്സ് ക്യാമറ, ടച്ച്സ്ക്രീൻ, ഡ്രൈവർ സീറ്റിനുള്ള ഉയരം ക്രമീകരിക്കൽ, ഫ്രണ്ട് ഫോഗ് ലാമ്പുകൾ, റിയർ വൈപ്പർ, റിയർ ക്യാമറ എന്നിവ പോലുള്ള ഫീച്ചറുകളോട് കൂടിയ സിട്രൺ എസ്‌യുവി നിങ്ങൾക്ക് ലഭിക്കും.
എന്നാൽ ഇതിന്റെ ബദൽ ഓപ്ഷനുകളായി വിപണിയിലേക്ക് നോക്കിയാൽ ഇതേ വില നിലവാരത്തിൽ നിങ്ങൾക്ക് മാരുതി ഫ്രോങ്ക്സ് സീറ്റ ടർബോ ഓട്ടോമാറ്റിക് (12.06 ലക്ഷം), മാരുതി ബ്രെസ ZXi സിഎൻജി (12 ലക്ഷം), കിയ സോനെറ്റ് HTX ഡിസിടി (11.99 ലക്ഷം) ഹ്യുണ്ടായി ക്രെറ്റ E ഡീസൽ മാനുവൽ (11.96 ലക്ഷം) തുടങ്ങിയ എസ്‌യുവികളാണ് കാണാനാവുക.

സിട്രൺ C3 എയർക്രോസിന്റെ ടോപ്പ് എൻഡ് വേരിയന്റായ മാക്‌സ് 7-സീറ്ററാണ് അടുത്തതായി നോക്കാനാവുന്നത്. 12.34 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് ഇതിന്റെ വിപണിയിലേക്കുള്ള വരവ്. 5 സീറ്റർ പതിപ്പിനേക്കാൾ 35,000 രൂപ മാത്രമാണ് അധികമായി ചെലവഴിക്കേണ്ടി വരുന്നത്. അതേവിലയിൽ ഒരേ ഫീച്ചർ ലിസ്റ്റും എക്സ്റ്റീരിയർ ഡിസൈനുമാണ് ലഭിക്കുന്നതെങ്കിലും അധിക സീറ്റിന്റെ അനൂകൂല്യം ഉപഭോക്താക്കൾക്ക് നേടാനാവും.
ഇനി ഇതേ വിലക്ക് 5 സീറ്റർ സബ്-4 മീറ്റർ എസ്‌യുവികളുടെ ടോപ്പ്-എൻഡ് വേരിയന്റുകൾക്കും നിങ്ങൾക്ക് വാങ്ങാനാവും. മാരുതി ബ്രെസ ZXi+ മാനുവൽ (12.48 ലക്ഷം), കിയ സോനെറ്റ് ഓറോക്സ് ഡിസിടി (12.39 ലക്ഷം), മഹീന്ദ്ര XUV300 W6 ഡീസൽ എഎംടി (12.31 ലക്ഷം), എംജി ആസ്റ്റർ സൂപ്പർ 1.5 മാനുവൽ (12.52 ലക്ഷം), കിയ സെൽറ്റോസ് HTK പെട്രോൾ മാനുവൽ (12.10 ലക്ഷം) എന്നിവ ലഭിക്കും.


Click it and Unblock the Notifications








