ബുക്ക് ചെയ്‌ത് കാത്തിരിക്കാൻ വയ്യേ? ദേ ജിംനി വരെയുണ്ട് ലിസ്റ്റിൽ, വെയിറ്റിംഗ് പിരീഡില്ലാത്ത കാറുകൾ ഇതാ
നവരാത്രിയും ദീപാവലിയും എല്ലാം വണ്ടി വാങ്ങാൻ പറ്റിയ സമയമാണെന്ന ധാരണയാണല്ലോ നാം ഇന്ത്യാക്കാർക്കുള്ളത്. പ്രത്യേകിച്ച് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് ഈയൊരു ട്രെൻഡ് കൂടുതലും കാണാറുള്ളത്. ആയതിനാൽ തന്നെ വണ്ടിക്കമ്പനി മുതലാളിമാർക്ക് ഏറ്റവും നല്ല മാസങ്ങളാണിവ. കൂടുതൽ ആളുകളെ അടുപ്പിക്കുന്നതിനായി ഓരോ ബ്രാൻഡും ഗംഭീര ഡിസ്‌കൗണ്ടുകളും ഓഫറുകളും മറ്റ് ആനുകൂല്യങ്ങളും നൽകാറുമുണ്ട്.
പക്ഷേ ഇപ്പോൾ പോയി ഉടനെ ഒരു കാർ വാങ്ങാമെന്ന് വിചാരിച്ചാൽ പലപ്പോഴും നടന്നേക്കണമെന്നില്ല കേട്ടോ. കാരണം മിക്ക മോഡലുകൾക്കും വലിയ ബുക്കിംഗ് പിരീഡുകളാണ് ഡീലർഷിപ്പുകൾ പൊതുവേ പറയാറുള്ളത്. കുറഞ്ഞത് രണ്ട് മാസമെങ്കിലും കാർ വീട്ടിലെത്തക്കാൻ കാത്തിരിക്കേണ്ടി വരും. സെമികണ്ടക്‌ടർ ചിപ്പുകളുടെ ക്ഷാമവും വിതരണ ശൃംഖലയിലെ തടസങ്ങളുമെല്ലാമാണ് ഇത്തരത്തിൽ നീണ്ട കാത്തിരിപ്പ് കാലയളവിന് കാരണമായിരിക്കുന്നത്.

എന്നാൽ ബുക്കിംഗ് പിരീഡില്ലാതെയും ചില വണ്ടികൾ കിട്ടും കേട്ടോ. മിക്ക ഡീലർഷിപ്പിലും സ്റ്റോക്കുള്ള അത്തരം വാഹനങ്ങൾ ഏതെല്ലാമെന്ന് ഒന്ന് പരിചയപ്പെട്ടാലോ? ചിലപ്പോൾ നിങ്ങളുടെ സ്ഥലത്തേയും ഡീലറിനെയും അപേക്ഷിച്ച് വാഹനം സ്റ്റോക്ക് ഉണ്ടായേക്കണമെന്നുമില്ല കേട്ടോ. എങ്കിലും ഭൂരിഭാഗം സ്ഥലങ്ങളിലും ഇനി പറയുന്ന കാറുകൾ പെട്ടന്ന് കിട്ടാൻ സാധ്യതയുണ്ട്. പെട്ടന്നൊരു കാർ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ചുരുങ്ങിയതോ അല്ലെങ്കിൽ കാത്തിരിപ്പ് കാലയളവുകളില്ലാത്തതുമായ ചില മോഡലുകൾ ഇതാ...
റെനോ ക്വിഡ്: ഫ്രഞ്ച് ബ്രാൻഡിൽ നിന്നും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് ക്വിഡ്. നേരത്തെ 800 സിസി എഞ്ചിനിൽ ലഭ്യമായിരുന്നുവെങ്കിലും ഇപ്പോൾ 1.0 ലിറ്റർ പതിപ്പിൽ മാത്രമേ വാഹനം വാങ്ങാൻ കിട്ടു. ഹാച്ച്ബാക്കിന്റെ ബേസ്, മിഡ് വേരിയന്റുകൾ ഉടനടി കിട്ടിയേക്കില്ലെങ്കിലും 5.67 ലക്ഷം രൂപ പ്രാരംഭ വിലയിൽ വരുന്ന RXT വേരിയന്റ് കാത്തിരിപ്പ് കാലയളവില്ലാതെ സ്വന്തമാക്കാനായേക്കും.

ടാറ്റ ടിയാഗോ: ഇന്ത്യയിലെ മറ്റൊരു ജനപ്രിയ ഹാച്ച്ബാക്കാണിതെന്ന് ഏവർക്കും അറിയാമല്ലോ. ഇപ്പോൾ നടക്കുന്ന ഉത്സവ സീസണിൽ മികച്ച ആനുകൂല്യങ്ങളോടെ അധികം ബുക്കിംഗ് പിരീഡൊന്നുമില്ലാതെ സ്വന്തമാക്കാം. 86 bhp പവറിൽ 113 Nm torque ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ, ത്രീ സിലിണ്ടർ NA പെട്രോൾ എഞ്ചിനാണ് ഇതിന്റെ ഹൃദയം. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്സുമായാണ് വാഹനം കിട്ടുന്നത്.
ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ ജനപ്രിയ ഹാച്ച്ബാക്കാണ് ഗ്രാൻഡ് i10 നിയോസ്. 83 bhp കരുത്തിൽ ഏകദേശം 113.8 Nm torque നൽകുന്ന പരിചിതമായ 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് ഇത് ലഭ്യമാകുന്നത്. 69 bhp, 95.2 Nm torque എന്നിവയുള്ള സിഎൻജി വേരിയന്റും കാറിനുണ്ട്. പെട്രോൾ മോഡലുകൾ 5-സ്പീഡ് മാനുവൽ, എഎംടി ഓട്ടോമാറ്റിക് എന്നിവയ്‌ക്കൊപ്പം വാങ്ങാനുമാവും.

മാരുതി സുസുക്കി ജിംനി: പുതുതായി പുറത്തിറക്കിയ മാരുതി ജിംനി ഏറെ നാളായി നമ്മൾ കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നായിരുന്നു. ഓഫ്-റോഡ് എസ്‌യുവി എൻട്രി ലെവൽ സീറ്റ, ടോപ്പ് എൻഡ് ആൽഫ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാങ്ങാനാവുന്നത്. നിലവിൽ ടോപ്പ്-സ്പെക്ക് ആൽഫ മിക്ക സ്ഥലങ്ങളിലും കാത്തിരിപ്പ് കാലയളവ് ഇല്ലാതെ ലഭ്യമാണ്. ലോൺ പാസാവുന്നതിന്റെയും രജിസ്ട്രേഷൻ പോലുള്ള നടപടികളുടെയും മാത്രം കാലതാമസം മാത്രമാണ് ജിംനി കൈയിൽകിട്ടാനുള്ളൂ.
105 bhp കരുത്തിൽ 134 Nm torque പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ, നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ജിംനിക്ക് ലഭിക്കുന്നത്. മാരുതി എസ്‌യുവിയുടെ ബേസ്-സ്പെക്ക് സീറ്റ വേരിയന്റിന് ഒരു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് ഓഫറും വാഗ്ദാനം ചെയ്യുന്നണ്ട്. ഇതിൽ 50,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ചെയ്യാൻ ഏതെങ്കിലും കാർ എത്തിക്കുകയാണെങ്കിലും 50,000 രൂപയുടെ അധിക ആനുകൂല്യങ്ങളും ലഭ്യമാക്കാനാവും. സ്റ്റോക്ക് കൂടിയുണ്ടെങ്കിൽ ഏറ്റവും അനുയോജ്യമായ വണ്ടിയാണിത്.

സ്കോഡ കുഷാഖ്: ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളുടെ ഇന്ത്യ 2.0 തന്ത്രത്തിന്റെ ഭാഗമായി 2021-ൽ പുറത്തിറക്കിയ മിഡ്-സൈസ് എസ്‌യുവി രാജ്യത്തെ ഏറ്റവും സേഫ്റ്റിയുള്ള എസ്‌യുവിയാണ്. അധിക ബുക്കിംഗ് കാലയളവില്ലാതെ ഉടനടി വീട്ടിലെത്തിക്കാൻ പറ്റിയ മറ്റൊരു മോഡൽ കൂടിയാണിത്. 1.0 ലിറ്റർ ടിഎസ്ഐ, 1.5 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്. ഉത്സവകാലത്ത് 10.89 ലക്ഷം രൂപ എക്‌സ്ഷോറൂം വിലയിലാണ് കുഷാഖ് വിപണിയിലെത്തുന്നത്.


Click it and Unblock the Notifications








