ഒക്‌ടോബറിൽ മാത്രം വാങ്ങിയത് 22,080 പേർ, മാരുതിയുടെ ഫാമിലി കാർ വാങ്ങാൻ തിക്കുംതിരക്കും; പിന്നാലെ സ്വിഫ്റ്റും
ഇന്ത്യയിൽ കാർ വിൽപ്പന തകൃതിയായി നടക്കുന്ന സമയമാണ് ഒക്‌ടോബർ, നവംബർ മാസങ്ങൾ. നവരാത്രിയും ദീപാവലിയുമെല്ലാം നടക്കുന്ന ഉത്സവ സീസണാണ് കാർ വാങ്ങാൻ ഏറ്റവും ശുഭകരമായ സമയമെന്നാണ് ആളുകളുടെ പൊതുവേയുള്ള ധാരണ. കൂടാതെ ഈ മാസങ്ങൾ ചാകരക്കാലമായതിനാൽ ഗംഭീര ഓഫറുകളും ആനുകൂല്യങ്ങളും അണിനിരത്തി വാഹന നിർമാതാക്കളും നേട്ടം കൊയ്യുന്ന സമയമാണിത്.
എങ്കിലും മുൻ വർഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് കാർ വിൽപ്പനയിൽ എട്ട് ശതമാനം ഇടിവുണ്ടായതായി ഡീലർമാരുടെ സംഘടന അറിയിച്ചു. പക്ഷേ 2023 ഒക്‌ടോബറിൽ മോശമാക്കാതെ വിൽപ്പന തകൃതിയായി നടന്നുവെന്നത് ആശ്വാസകരമായ കാര്യമാണ്. ബജറ്റ് സെഗ്മെന്റ് കാറുകൾക്ക് പോലും ഭീഷണിയായി എസ്‌യുവി മോഡലുകൾ മാറുമ്പോൾ പോയ മാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത് ഹാച്ച്ബാക്കുകളാണ്. ഒക്ടോബറിൽ ഇന്ത്യയിൽ വിറ്റ ഏറ്റവും മികച്ച 10 കാറുകൾ ഏതെല്ലാമാണെന്ന് പരിശോധിച്ചാലോ?

ഹ്യുണ്ടായി ക്രെറ്റ: പോയ മാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പത്താമത്തെ കാറാണ് ഹ്യുണ്ടായി ക്രെറ്റ. മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ക്രെറ്റയുടെ 13,077 യൂണിറ്റുകളാണ് 2023 ഒക്ടോബർ മാസം നിരത്തിലെത്തിയത്. 2022 ഒക്ടോബറിൽ വിറ്റ 11,880 യൂണിറ്റുകളെ അപേക്ഷിച്ച് 10 ശതമാനം വളർച്ചയാണ് ഈ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് നേടാനായത്.
മഹീന്ദ്ര സ്കോർപിയോ: ഒക്ടോബറിൽ എസ്‌യുവി വിഭാഗത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് മഹീന്ദ്രയുടെ മുൻനിര മോഡലായ സ്‌കോർപിയോയാണ്. N, ക്ലാസിക് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലായി എത്തുന്ന ബിഗ് ഡാഡിയുടെ 13,578 യൂണിറ്റുകളാണ് പോയ മാസം നിരത്തിലെത്തിച്ചത്. 2022 ഒക്ടോബർ മാസത്തിൽ വിറ്റ 7,438 യൂണിറ്റുകളെ അപേക്ഷിച്ച് 83 ശതമാനം വളർച്ചയാണ് സ്കോർപിയോയ്ക്ക് നേടാനായത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ ജനപ്രിയ മോഡലുകളെ മഹീന്ദ്ര ആദ്യമായി പരാജയപ്പെടുത്തി എന്നതും ശ്രദ്ധേയമാണ്.

മാരുതി എർട്ടിഗ: ഫാമിലി കാറുകളായി മൂന്ന് നിര വാഹനങ്ങൾ ജനപ്രീതി നേടുന്ന ഇക്കാലത്ത് എംപിവി സെഗ്‌മെന്റിൽ മാരുതിയുടെ എർട്ടിഗക്ക് ലഭിക്കുന്നത് വൻ ഡിമാന്റാണ്. കഴിഞ്ഞ മാസം എർട്ടിഗയുടെ 14,209 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇത് 10,494 യൂണിറ്റായിരുന്നു. താങ്ങാനാവുന്ന 7 സീറ്റർ മോഡലുകകൾ തേടുന്നവർക്കുള്ള ഏറ്റവും മികച്ച ഓപ്ഷനുകളിൽ ഒന്നായ ഇത് പെട്രോൾ, സിഎൻജി പതിപ്പുകളിൽ വാങ്ങാനുമാവും.
മാരുതി ഡിസയർ: ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സബ് കോംപാക്‌ട് സെഡാനാണിത്. ഒക്ടോബറിൽ, മാരുതി സെഡാന്റെ 14,699 യൂണിറ്റുകളാണ് നിരത്തുകളിൽ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിനെ അപേക്ഷിച്ച് 12,321 യൂണിറ്റുകൾ വിറ്റ ഡിസയറിന്റെ വിൽപ്പനയിലും 12 ശതമാനം വളർച്ച നേടാൻ മാരുതിക്ക് കഴിഞ്ഞു. അടുത്ത വർഷത്തോടെ കാറിന്റെ പുതുതലമുറ മോഡലിനെ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി.

ടാറ്റ പഞ്ച്: ടാറ്റയുടെ ഏറ്റവും ചെറിയ എസ്‌യുവിയായ പഞ്ചാണ് പോയ മാസം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകളിൽ ആറാം സ്ഥാനം നേടിയെടുത്തത്. ഹ്യുണ്ടായി എക്‌സ്‌റ്ററിന്റെ രൂപത്തിൽ ശക്തനായ എതിരാളിയെ ലഭിച്ചിട്ടും ഒക്ടോബറിൽ 15,217 യൂണിറ്റുകളാണ് ടാറ്റ മോട്ടോർസ് വിറ്റഴിച്ചത്. 2022 ഒക്ടോബറിനെ അപേക്ഷിച്ച്, പഞ്ചിന്റെ വിൽപ്പനയിൽ ഏകദേശം 40 ശതമാനം വർധനയുണ്ടായതും വലിയ നേട്ടമാണ്. എസ്‌യുവിയുടെ ഇവി പതിപ്പ് ഉടൻ പുറത്തിറക്കാൻ പോവുകയാണ്.
മാരുതി ബ്രെസ: നിലവിൽ ഇന്ത്യയിലെ മുൻനിര എസ്‌യുവി നിർമാതാക്കളായ മാരുതി സുസുക്കിയുടെ ആദ്യ മോഡലുകളിൽ ഒന്നായ ബ്രെസ ഇപ്പോഴും കിടിലൻ വിൽപ്പനയാണ് പിടിക്കുന്നത്. കഴിഞ്ഞ മാസം 60 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ബ്രെസ 16,050 യൂണിറ്റ് വിൽപ്പനയാണ് പിടിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇത് 9,941 യൂണിറ്റുകൾ മാത്രമായിരുന്നു.

മാരുതി ബലേനോ: മാരുതിയുടെ ടോപ്പ് സെല്ലിംഗ് കാറുകളിൽ ഒന്നായ ബലേനോയുടെ വിൽപ്പന ഒക്ടോബറിൽ 16,594 യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ വർഷം പുറത്തിറക്കിയ പുതിയ തലമുറ ബലേനോ നിരവധി സെഗ്‌മെന്റ്-ഫസ്റ്റ് ഫീച്ചറുകളുള്ളതും പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റിലെ ആകർഷകമായ മോഡലുമാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ മാരുതി സുസുക്കി 17,149 യൂണിറ്റ് ബലേനോ വിറ്റഴിച്ചത്. ഇത് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഏകദേശം മൂന്ന് ശതമാനം കൂടുതലാണ്.
ടാറ്റ നെക്സോൺ: മുഖംമിനുക്കിയതോടെ പഴയ ഫോമിൽ തിരിച്ചെത്തിയിരിക്കുകയാണ് നെക്‌സോൺ. ഒക്ടോബറിൽ ജനപ്രിയ ചെറുകാറുകളെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തിയ കോംപാക്‌ട് എസ്‌യുവികൾ പോയ മാസം 16,887 യൂണിറ്റ് വിൽപ്പനയാണ് നേടിയെടുത്തത്. കഴിഞ്ഞ വർഷം 13,767 യൂണിറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ 23 ശതമാനം വിൽപ്പന വളർച്ചയാണ് നെക്സോൺ സ്വന്തമാക്കിയിരിക്കുന്നത്.

മാരുതി സ്വിഫ്റ്റ്: ഇന്ത്യക്കാർക്കിടയിൽ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായി സ്വിഫ്റ്റ് തുടരുന്നു. അടുത്തിടെ സമാപിച്ച ജപ്പാൻ ഓട്ടോ ഷോയിൽ പുതിയ അവതാരത്തിൽ അരങ്ങേറ്റം കുറിച്ചതിനാൽ കാർ ഉടൻ മുഖം മിനുക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ തലമുറ മോഡലിന് ഒക്ടോബറിൽ അതിന്റെ വിൽപ്പന എണ്ണം നിലനിർത്താൻ കഴിഞ്ഞു. കഴിഞ്ഞ മാസം 20,598 യൂണിറ്റ് സ്വിഫ്റ്റാണ് മാരുതി വിറ്റത്. കഴിഞ്ഞ വർഷം ഒക്ടോബറിനെ അപേക്ഷിച്ച് 20 ശതമാനത്തോളം വർധനവാണ് ഉണ്ടായിരിക്കുന്നത്.

മാരുതി വാഗൺആർ: മാരുതിയുടെ ഫാമിലി ഹാച്ച്ബാക്കായ വാഗൺആറാണ് പോയ മാസം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ. സ്വിഫ്റ്റ്, ബലേനോ തുടങ്ങിയ എതിരാളികളെ പിന്തള്ളി ഒക്ടോബറിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി വാഗൺആർ മാറി. ഹാച്ച്ബാക്കിന്റെ 22,080 യൂണിറ്റുകൾ മാരുതി കഴിഞ്ഞ മാസം വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ മാസത്തെ കാർ നിർമ്മാതാവ് 17,945 യൂണിറ്റുകളേക്കാൾ 23 ശതമാനം വർധനവാണ് ഇത് സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications








