പത്തല്ല, പതിനായിരമല്ല; ലക്ഷം ലക്ഷം പിന്നാലെ...! വിൽപ്പനയിൽ പുതിയ നാഴികക്കല്ല് താണ്ടി ഇക്കോ
മാരുതി സുസുക്കി നിരയിൽ നിന്നും ഇതിഹാസ വിപ്ലവം രചിച്ച ഓമ്‌നി കളമൊഴിഞ്ഞതോടെ പകരക്കാരന്റെ വേഷത്തിലെത്തിയ മോഡലായിരുന്നു ഇക്കോ. മുൻഗാമിക്ക് ബദലാവാൻ കഴിയുമോ എന്ന സംശയം പലരിലും ഉദിച്ചുവെങ്കിലും ഇതിനെയെല്ലാം അതിജീവിച്ച് വൻ ഹിറ്റായി മാറുകയായിരുന്നു ഈ വാൻ മോഡൽ.
ഇപ്പോഴിതാ മാരുതി സുസുക്കി ഇക്കോ രാജ്യത്ത് 10 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് പുതിചരിത്രം എഴുതി ചേർത്തിരിക്കുകയാണ്. 2010-ൽ അവതരിപ്പിച്ചത് മുതൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാനായി മാറാൻ മോഡലിനായി. 5-സീറ്റർ, 7-സീറ്റർ, കാർഗോ, ടൂർ, ആംബുലൻസ് എന്നിങ്ങനെ 13 വേരിയന്റുകളിൽ ഇക്കോ അവതരിപ്പിച്ചതാണ് വിജയത്തിന്റെ പ്രധാന ഫോർമുല. ഇക്കോയ്ക്ക് നിലവിൽ തങ്ങളുടെ സെഗ്‌മെന്റിൽ 94 ശതമാനം വിപണി വിഹിതമുണ്ടെന്നാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളുടെ അവകാശവാദം.

സൗകര്യപ്രദമായ ഫാമിലി വാഹനമോ കാര്യക്ഷമമായ വാണിജ്യ വാഹനമോ അന്വേഷിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഇക്കോ വാൻ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും മാരുതി സുസുക്കി അവകാശപ്പെടുന്നു. കടയുള്ളവരുടെയൊക്കെ വീട്ടിൽ പൊതുവേ ഇക്കോയുടെ സാന്നിധ്യമുണ്ട്. ആയതിനാൽ തന്നെ കാറിന്റെ പ്രധാന വിപണികളിൽ ഒന്നാണ് കേരളം. 2022 നവംബറിൽ കമ്പനി രാജ്യത്ത് പുതുക്കിയ ഇക്കോ വാൻ പുറത്തിറക്കിയിരുന്നു. പുതിയ എഞ്ചിൻ, മെച്ചപ്പെട്ട ഇന്റീരിയർ, മെച്ചപ്പെടുത്തിയ സുരക്ഷാ സവിശേഷതകൾ എന്നിവയോടെയാണ് വാൻ അന്ന് വിപണിയിൽ എത്തിയത്.
മൾട്ടി പർപ്പസ് വാഹനമെന്ന് നിസംശയം വിശേഷിപ്പിക്കാവുന്ന ഇക്കോ ഇന്ന് നിരത്തുകളിലെ സ്ഥിരം കാഴ്ച്ചയാണ്. പ്രായോഗികമായ ഡിസൈൻ കൂടാതെ കാറിന്റെ വിശാലവും പ്രായോഗികവുമായ ക്യാബിൻ, ഫ്ലീറ്റ് ഓപ്പറേറ്റർമാർ, സാധാരണ സ്വകാര്യ ഉപഭോക്താക്കൾ, മറ്റ് യൂട്ടിലിറ്റി കേന്ദ്രീകൃത വാങ്ങുന്നവർ എന്നിവരിൽ കാറിനെ ജനപ്രിയമാക്കാൻ സഹായിച്ചു. 1.2 ലിറ്റർ അഡ്വാൻസ്ഡ് കെ-സീരീസ് ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി എഞ്ചിനാണ് ഇക്കോ മൾട്ടി പർപ്പസ് വാനിന്റെ ഹൃദയം.

പരിചിതമായ മാരുതിയുടെ ഈ K-സീരിസ് എഞ്ചിന് 6,000 rpm-ൽ പരമാവധി 80.76 bhp പവറും 3,000 rpm-ൽ 104.4 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ്. മുൻ മോഡലിനെ അപേക്ഷിച്ച് പുതിയ എഞ്ചിൻ 10 ശതമാനം കൂടുതൽ പവർ നൽകുന്നുണ്ട്. എന്നാൽ കൂടുതൽ ഇന്ധനക്ഷമത വേണെന്നുള്ളവർക്ക് ഇക്കോയുടെ സിഎൻജി വേരിയന്റും സ്വന്തമാക്കാനാവും. ഇത് 71.65 bhp കരുത്തിൽ 95 Nm torque വരെ നൽകും.
5 സ്പീഡ് ഗിയർബോക്‌സ് വഴിയാണ് ഇക്കോയുടെ പെട്രോൾ, സിഎൻജി മോഡലുകൾ ജോടിയാക്കിയിരിക്കുന്നത്. കൂടുതലും വാണിജ്യ മേഖലയെ ലക്ഷ്യമാക്കി പുറത്തിറക്കിയിരിക്കുന്നതിനാൽ ഓട്ടോമാറ്റിക് ഓപ്ഷനൊന്നും വാനിൽ തെരഞ്ഞെടുക്കാനാവില്ല. വില പിടിച്ചു നിർത്താനും ഈ തീരുമാനം സഹായകരമായിട്ടുണ്ടെന്നു വേണം പറയാൻ. ഇക്കോയുടെ ടൂർ വേരിയന്റിന് ARAI സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത ലിറ്ററിന് 20.20 കിലോമീറ്ററും പെട്രോൾ പതിപ്പിന് 27.05 കിലോമീറ്ററുമാണെന്നും മാരുതി അവകാശപ്പെടുന്നത്.

അതേസമയം പാസഞ്ചർ വേരിയന്റ് പെട്രോൾ, സിഎൻജി എന്നിവയോടൊപ്പം യഥാക്രമം 19.71 കിലോമീറ്റർ, 26.78 കിലോമീറ്റർ മൈലേജും വാഗ്‌ദാനം ചെയ്യുന്നു. എഞ്ചിൻ ഇമ്മൊബിലൈസർ, ഇല്യൂമിനേറ്റഡ് ഹസാർഡ് സ്വിച്ച്, ഡ്യുവൽ എയർബാഗുകൾ, ഇലക്ട്രോണിക് ബ്രേക്കിംഗ് ഡിസ്ട്രിബ്യൂഷൻ (EBD) ഉള്ള എബിഎസ്, സ്ലൈഡിംഗ് ഡോറുകൾക്കും വിൻഡോകൾക്കുമുള്ള ചൈൽഡ് ലോക്ക്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ എന്നിവയും മറ്റുള്ളവയുമാണ് വാഹനത്തിന്റെ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നത്.
സോളിഡ് വൈറ്റ്, മെറ്റാലിക് സിൽക്കി സിൽവർ, പേൾ മിഡ്‌നൈറ്റ് ബ്ലാക്ക്, മെറ്റാലിക് ഗ്ലിസ്റ്റനിംഗ് ഗ്രേ, പുതിയ മെറ്റാലിക് ബ്രിസ്ക് ബ്ലൂ എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാണ് മാരുതി സുസുക്കി ഇക്കോ വാൻ വിപണിയിൽ എത്തുന്നത്. റിക്ലൈനിംഗ് ഫ്രണ്ട് സീറ്റുകൾ, ക്യാബിൻ എയർ-ഫിൽറ്റർ (എസി വേരിയന്റുകൾ), ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, എസി, ഹീറ്റർ എന്നിവയ്ക്കുള്ള റോട്ടറി കൺട്രോളുകൾ എന്നീ ഫീച്ചറുകളാണ് മോഡലിനുള്ളത് എന്ന കാര്യവും എടുത്തു പറയേണ്ടതാണ്.

ഇനി ഇക്കോയുടെ വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 3675 മില്ലീമീറ്റർ നീളം, 1475 മില്ലീമീറ്റർ വീതി, 1825 മില്ലീമീറ്റർ ഉയരം, 2350 മില്ലീമീറ്റർ വീൽബേസ് എന്നിവ അടിസ്ഥാനമാക്കിയാണ് വാഹനത്തെ മാരുതി നിർമിച്ചിരിക്കുന്നത്. മൊത്തം 940 കിലോഗ്രാം ഭാരം ആണ് വാനിനുള്ളത്. നിലവിൽ 5.21 ലക്ഷം രൂപ മുതൽ 8.24 ലക്ഷം രൂപ വരെയാണ് ഇക്കോയുടെ പുതിയ എക്സ്ഷോറൂം വില വരുന്നത്.


Click it and Unblock the Notifications








