പെട്രോളടിച്ച് കാശുകളയേണ്ട സെലിബ്രിറ്റികളേ, വാങ്ങാൻ പുതിയ ജർമൻ ഇലക്‌ട്രിക് കാർ വന്നിട്ടുണ്ട്
ലക്ഷ്വറി കാറുകൾക്ക് ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന സ്വീകാര്യത പോലെ ലോകത്ത് വേറെ എവിടെയെങ്കിലും കിട്ടുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. രാഷ്ട്രീയക്കാരും സിനിമാ താരങ്ങളും വലിയ വ്യവസായികളുമെല്ലാം ആഡംബര കാറുകൾ വാങ്ങിക്കൂട്ടുന്ന തിരക്കിലാണിപ്പോൾ.
ഈ ഡിമാന്റ് കണ്ട് കണ്ണുമഞ്ഞളിച്ച് മെർസിഡീസ് ബെൻസും ബിഎംഡബ്ല്യുവും ഔഡിയും ലാൻഡ് റോവറുമെല്ലാം പുത്തൻ കാറുകൾ പുറത്തിറക്കുന്ന തിരക്കിലാണിപ്പോൾ. ബജറ്റ് സെഗ്മെന്റിൽ പുതിയ വാഹനങ്ങൾ ഇറങ്ങുന്നതിലും കൂടുതലാണ് ആഡംബര വിഭാഗത്തിൽ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. സെലിബ്രിറ്റികൾ പെട്രോളടിക്കുന്ന കാശ് ലാഭിക്കാനായി പുതിയൊരു ഇലക്‌ട്രിക് കാർ പുറത്തിറക്കിയിരിക്കുകയാണ് ബിഎംഡബ്ല്യു ഇന്ത്യ.

2.50 കോടി രൂപ എക്സ്ഷോറൂം വിലയുള്ള പുതിയ i7 M70 xDrive ലക്ഷ്വറി സെഡാനാണ് ബിഎംഡബ്ല്യു നിരയിലെ പുത്തൻ അതിഥി. ഇത് ഇതുവരെയുള്ള ഏറ്റവും ശക്തമായ ഇലക്ട്രിക് കാണാണെന്ന അവകാശവാദവുമായാണ് എത്തുന്നത് എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. 1,100 Nm ടോർക്കുമായി രാജ്യത്ത് പുറത്തിറക്കുന്ന ആദ്യത്തെ ഓൾ-ഇലക്ട്രിക് മോഡൽ ഇന്ത്യയിൽ ഇതിനകം വിൽപ്പനയ്‌ക്കെത്തിയ i7 ഇലക്ട്രിക് സലൂണിന്റെ സ്പോർട്ടിയർ ആവർത്തനമാണ് i7 M70 എന്നുവേണം പറയാൻ.
പെർഫോമൻസ് കൂട്ടിയതിനു പുറമെ കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾ ഡിസൈനിൽ കോർത്തിണക്കിയാണ് ഇവിയുടെ വരവ്. വലിയ ഇലുമിനേറ്റഡ് കിഡ്‌നി ഗ്രിൽ, ലംബമായി അടുക്കിയിരിക്കുന്ന സ്ലാറ്റുകൾ, ഡിആർഎല്ലുകളോട് കൂടിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, സ്ലിം എൽഇഡി ടെയിൽ ലാമ്പുകൾ, ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ പെയിന്റ് ഫിനിഷ് എന്നിവയെല്ലാം വണ്ടിയുടെ അഴക് വർധിപ്പിക്കുന്നുണ്ട്.

ഇതോടൊപ്പം ഗ്രില്ലിൽ M ലോഗോയും സൈഡ് സ്കർട്ടുകൾ, ഫ്രണ്ട് സൈഡ് പാനലുകൾ, ഒആർവിഎം, റിയർ സ്‌പോയിലർ എന്നിവയുൾപ്പെടെയുള്ള മറ്റ് M-സ്പെസിഫിക് ബിറ്റുകളും പുതിയ i7 M70 xDrive ലക്ഷ്വറി സെഡാന്റെ ആഡംബരത്തം വിളിച്ചോതുന്ന കാര്യങ്ങളാണ്. അതേസമയം, i7 ഇലക്ട്രിക് കാർ സ്റ്റാൻഡേർഡായി 21 ഇഞ്ച് M ലൈറ്റ് അലോയ് വീലുകളോടെയാണ് നിരത്തിലെത്തുന്നത് എന്നതും ഏറെ ശ്രദ്ധേയമായ കാര്യം തന്നെയാണ്.
ഇനി അകത്തേക്ക് കയറിയാൽ ഇറങ്ങാൻ കൂട്ടാക്കാത്ത തരത്തിലാണ് ഇന്റീരിയർ ബിഎംഡബ്യു പണിതെടുത്തിരിക്കുന്നത്. ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും വേണ്ടിയുള്ള ഇരട്ട-ഡിസ്‌പ്ലേ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, ജെസ്റ്റർ കൺട്രോൾ, വയർലെസ് ചാർജർ, 36 സ്പീക്കറുകളുള്ള ബോവേഴ്‌സ് ആൻഡ് വിൽകിൻസ് സോഴ്‌സ് മ്യൂസിക് സിസ്റ്റം എന്നീ കിടിലൻ ഫീച്ചറുകളാൽ സമ്പന്നമാണ് i7 M70 xDrive ലക്ഷ്വറി സെഡാന്റെ അകം.

പിന്നിലെ യാത്രക്കാർക്കായി 31.3 ഇഞ്ച് 8K ടച്ച്‌സ്‌ക്രീൻ, റിയർ ഡോറുകളിൽ 5.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ കൺട്രോൾ പാനലുകൾ, ആറ് എയർബാഗുകൾ, ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം എന്നിവയും ഇന്റീരിയറിലെ മറ്റ് ഹൈലൈറ്റുകളാണ്. സിൽവർ സ്റ്റിച്ചിംഗോടുകൂടിയ പിയാനോ ബ്ലാക്ക് തീമിലാണ് ഇന്റീരിയർ ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത് എന്നത് അഴക് വർധിപ്പിക്കുന്ന കാര്യമാണ്.
പുതിയ ബിഎംഡബ്ല്യു i7 M70 xDrive ഇലക്ട്രിക് സെഡാനിൽ 101.7kWh ബാറ്ററി പായ്ക്കാണ് ജർമൻ ബ്രാൻഡ് ഉപയോഗിച്ചിരിക്കുന്നത്. ഡ്യുവൽ-മോട്ടോർ സജ്ജീകരണമുള്ള കാറിന് ഒറ്റ ചാർജിൽ 560 കിലോമീറ്റർ വരെ റേഞ്ച് നൽകാനാവും. 657 bhp കരുത്തിൽ പരമാവധി 1,100 Nm torque വരെ ഉത്പാദിപ്പിക്കാനും ഇവിക്ക് കഴിയും ഇലക്ട്രിക് സെഡാന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിൽ വെറും 3.7 സെക്കൻഡിനുള്ളിൽ കൈവരിക്കാനാവും.
അതേസമയം 250 കിലോമീറ്ററാണ് പരമാവധി പുറത്തെടുക്കാനാവുന്ന വേഗം. മുൻനിര ഇലക്ട്രിക് ലക്ഷ്വറി സലൂണിൽ ഓൾ-വീൽ ഡ്രൈവ് സംവിധാനവും ബിഎംഡബ്ല്യു നൽകുന്നുണ്ട്. എന്തായാലും വരും ദിവസങ്ങളിൽ i7 M70 ഇവി സ്വന്തമാക്കാനായി സെലിബ്രിറ്റികളുടെ വലിയ തിരക്ക് തന്നെ ബിഎംഡബ്ല്യു ഷോറൂമുകളിൽ പ്രതീക്ഷിക്കാം. ഇതോടൊപ്പം 7 സീരീസിന്റെ പുതിയ സ്പോർട്ടിയർ ആവർത്തനവും കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications








