കിയ EV6 സൈഡായിക്കോ, 440 കി.മീ. റേഞ്ചുമായി ജർമനിയിൽ നിന്നും പുത്തൻ ഇലക്‌ട്രിക് എസ്‌യുവി വന്നെത്തി
ഇലക്‌ട്രിക് കാറുകൾ (Electric Car) പുറത്തിറക്കാൻ മത്സരിക്കുകയാണ് രാജ്യത്തെ ആഡംബര വാഹന നിർമാതാക്കളെല്ലാം. മെർസിഡീസ് ബെൻസും ബിഎംഡബ്ല്യുവുമാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ ഓടുന്നത്. മറ്റ് ബ്രാൻഡുകളും ലക്ഷ്വറി സെഗ്മെന്റിൽ ഇവി അവതരിപ്പിച്ചുണ്ടെങ്കിലും എണ്ണത്തിൽ കൂടുതൽ ഇവർക്കാണെന്ന് വേണം പറയാൻ. അവയാട്ടെ എല്ലാം ഒന്നിനൊന്ന് വ്യത്യസ്‌തവുമാണ്.
ഇപ്പോഴിതാ ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന iX1 ഇലക്ട്രിക് എസ്‌യുവിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 66.90 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് പുതിയ വൈദ്യുത വാഹനത്തിനെ രാജ്യത്ത് എത്തിച്ചിരിക്കുന്നത്. സെഗ്മെന്റിൽ താരതമ്യേന വില കുറവായതിനാൽ വണ്ടി വാങ്ങാൻ ഉത്സവ സീസണിൽ ആളുകൾ ഇരച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതും.

ബിഎംഡബ്ല്യുവിന്റെ എൻട്രി ലെവൽ X1 എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പാണ് പുതിയ iX1 എന്നതും ശ്രദ്ധേയമാണ്. ഇതോടെ പെട്രോൾ, ഡീസൽ, ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ ആഡംബര വാഹന വിപണിയിലെ ആദ്യത്തെ മോഡലായി ബിഎംഡബ്ല്യു X1 മാറി. ബജറ്റ് സെഗ്മെന്റിൽ ഈ നേട്ടം നേരത്തെ ടാറ്റ നെക്സോൺ കൈവരിച്ചിരുന്നു. iX1 ഇവി കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായി (CBU) ഇന്ത്യയിൽ ഇറക്കുമതി ചെയ്‌താണ് വിൽക്കുന്നത്.
പുതിയ ഇലക്‌ട്രിക് എസ്‌യുവി സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ബിഎംഡബ്ല്യുവിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി iX1 ഇവി പ്രീ-ബുക്ക് ചെയ്യാം. വാഹനത്തിനായുള്ള ഡെലിവറി 2023 ഒക്‌ടോബർ മുതൽ ആരംഭിക്കുമെന്നാണ് ജർമൻ ബ്രാൻഡ് വ്യക്തമാക്കിയിരിക്കുന്നത്. ജർമൻ ബ്രാൻഡിന്റെ ഇന്ത്യയിലെ ഏക ഇലക്ട്രിക് എസ്‌യുവിയായ iX ഇവിക്ക് താഴെയാണ് പുതിയ iX1 സ്ഥാനംപിടിക്കുക.

ഡിസൈനിന്റെ കാര്യത്തിൽ iX1 ഇലക്‌ട്രിക് എസ്‌യുവി ബിഎംഡബ്ല്യുവിന്റെ സമകാലിക സ്റ്റൈലിംഗിന് അനുസൃതമായാണ് പണികഴിപ്പിച്ചിരിക്കുന്നത്. അടച്ച ഗ്ലോസി ബ്ലാക്ക് പാനലുള്ള സ്‌ക്വയർ സിഗ്‌നേച്ചർ കിഡ്‌നി ഗ്രില്ലാണ് മുൻവശത്തെ പ്രധാന ആകർഷണം. വ്യക്തമായ 'i' ഐഡന്റിഫിക്കേഷൻ, അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലാമ്പുകൾ, റണ്ണിംഗ് ബോർഡുകൾക്കൊപ്പം മുന്നിലും പിന്നിലും ബമ്പറുകളിൽ നീല ആക്‌സന്റുകൾ എന്നിവയെല്ലാം ഇവിയെ വേറിട്ടുനിർത്തുന്നുണ്ട്.
18 ഇഞ്ച് M ലൈറ്റ് അലോയ് വീലുകൾ, പിന്നിൽ ഒരു വലിയ സർഫസ് ഡിഫ്യൂസർ, L ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയാണ് പുതിയ ബിഎംഡബ്ല്യു iX1 ഇലക്‌ട്രിക് എസ്‌യുവിയുടെ മറ്റ് ഡിസൈൻ ഘടകങ്ങളിൽ ഉൾപ്പെടുന്നത്. ആൽപൈൻ വൈറ്റ് നോൺ-മെറ്റാലിക് പെയിന്റിലും സ്പേസ് സിൽവർ, ബ്ലാക്ക് സഫയർ, സ്റ്റോം ബേ മെറ്റാലിക് കളർ ഓപ്ഷനുകളിലും വാഹനം സ്വന്തമാക്കാനാവും. ചുരുക്കി പറഞ്ഞാൽ കാഴ്ച്ചയിൽ പെട്രോൾ, ഡീസൽ X1 മോഡലിന് സമാനമാണിതെന്ന് പറയാം.

ഇന്റീരിയറിലേക്ക് വന്നാൽ അപ്ഹോൾസ്റ്ററി വെഗൻസ പെർഫോറേറ്റഡ് മോച്ച, വെഗൻസ പെർഫോറേറ്റഡ് ഓയ്‌സ്റ്റർ എന്നീ രണ്ട് അപ്ഹോൾസ്റ്ററി ഓപ്ഷനുകളിൽ പുതിയ ബിഎംഡബ്ല്യു iX1 ഇലക്ട്രിക് എസ്‌യുവി തെരഞ്ഞെടുക്കാൻ അവസരമുണ്ട്. ക്യാബിനിനുള്ളിൽ ആദ്യം ശ്രദ്ധയാകർഷിക്കുന്നത് ബിഎംഡബ്ല്യുവിന്റെ ഡിജിറ്റൽ കർവ്ഡ് ഡിസ്‌പ്ലേയാണ്. സ്റ്റിയറിംഗ് വീലിൽ M സ്‌പോർട്ട് ലെതർ ഉപയോഗിച്ചിരിക്കുന്നതും കിടിലമാണ്. അതേസമയം നീല റിംഗ് ഫിനിഷർ ലോഗോയും ഒരു യുണീക്നെസ് നൽകുന്നുണ്ട്.
ആംബിയന്റ് ലൈറ്റിംഗ്, ഡ്യുവൽ സോൺ എസി, 12 സ്പീക്കറുകളുള്ള ഹർമൻ കാർഡൺ സറൗണ്ട് സൗണ്ട് സിസ്റ്റം, മുൻ സീറ്റുകൾക്കായി ഒന്നിലധികം മസാജ് ഓപ്ഷനുകൾ എന്നിവയും ഇവിയുടെ പ്രധാന ഹൈലൈറ്റുകളാണ്. ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, പവർ ടെയിൽഗേറ്റ്, സ്റ്റോറേജുള്ള ഫ്ലോട്ടിംഗ് ആംറെസ്റ്റ് എന്നിവയും യാത്രകൾക്ക് ആഡംബരമേകാനായി എത്തിയിട്ടുണ്ട്.

പുതിയ iX1 ഇവിക്ക് കരുത്തേകുന്നത് 66.4kWh ബാറ്ററി പായ്ക്കാണ്. 313 bhp പവറിൽ പരമാവധി 494 Nm torque സൃഷ്ടിക്കാൻ ഇലക്ട്രിക് എസ്‌യുവിയെ സഹായിക്കുന്ന ഡ്യുവൽ ഇലക്ട്രിക് മോട്ടോർ സജ്ജീകരണത്തോടെയാണ് ഇത് വരുന്നത്. 5.6 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഇതിന് മണിക്കൂറിൽ 180 കിലോമീറ്റർ വേഗത കൈവരിക്കാനാകും. അതേസമയം ഒറ്റ ചാർജിൽ 440 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.
പുതിയ ബിഎംഡബ്ല്യു iX1 വാഹന നിർമാതാക്കളുടെ xDrive ഓൾ-വീൽ ഡ്രൈവ് സാങ്കേതികവിദ്യയും വാഗ്‌ദാനം ചെയ്യുന്നുണ്ട്. ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ 130kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഒരാൾക്ക് 29 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാം. എന്നാൽ 11kW എസി ചാർജർ ഉപയോഗിക്കുകയാണെങ്കിൽ 6.3 മണിക്കൂറിനുള്ളിൽ ബാറ്ററി പൂജ്യം ശതമാനത്തിൽ നിന്ന് 100 ശതമാനമായി ചാർജ് ചെയ്യാനാവും.

അൺലിമിറ്റഡ് കിലോമീറ്ററുകൾ അല്ലെങ്കിൽ രണ്ട് വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയുമായാണ് ബിഎംഡബ്ല്യു iX1 ഇലക്ട്രിക് എസ്‌യുവി വിപണിയിലെത്തിയിരിക്കുന്നത്. കൂടാതെ, ബാറ്ററി പായ്ക്കിന് എട്ട് വർഷം അല്ലെങ്കിൽ 160,000 കിലോമീറ്റർ വരെ വാറണ്ടി കവർ ചെയ്യുന്നുവെന്നും കമ്പനി പറയുന്നു. ഇന്ത്യയിലെ ആഡംബര ഇവി സെഗ്‌മെന്റിൽ വോൾവോ C40 റീചാർജ്, കിയ EV6 തുടങ്ങിയ വമ്പൻമാരുമായാണ് iX1 മത്സരിക്കാനെത്തിയിരിക്കുന്നത്.


Click it and Unblock the Notifications








