സെലിബ്രിറ്റികളുടെ ഇഷ്‌ടക്കാരൻ, 1.07 കോടിയുടെ ബിഎംഡബ്ല്യു എസ്‌യുവി വിപണിയിൽ
ഇന്ത്യയിൽ ആഡംബര വാഹനങ്ങൾക്ക് ലഭിക്കുന്ന വൻ സ്വീകാര്യതയ്ക്ക് പിന്നിൽ ജർമൻ ബ്രാൻഡുകൾ വഹിക്കുന്ന പങ്ക് അതൊന്ന് വേറെ തന്നെയാണ്. ലക്ഷ്വറി വാഹനങ്ങളെന്ന് കേട്ടാൽ ബിഎംഡബ്ല്യുവെന്ന പേര് ഓട്ടോമാറ്റിക്കായി മനസിലേക്ക് ഓടിവരുന്ന തലത്തിലേക്ക് കമ്പനി മാറിയിട്ടുണ്ട്. മെർസിഡീസ് ബെൻസിന് പകരമെന്തെന്ന് ഇന്ത്യയെ ചിന്തിക്കാൻ പഠിപ്പിച്ചതിന്റെ ക്രെഡിറ്റും ബിഎംഡബ്ല്യുവിന് തന്നെ.
ഇപ്പോഴിതാ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന X5 ഫെയ്‌ലിഫ്റ്റ് എസ്‌യുവി ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണ് ആഡംബര വാഹന ലോകത്തെ അതികായകൻമാരായ ബിഎംഡബ്ല്യു. 93.90 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് മുഖം മിനുക്കിയെത്തുന്ന സ്പോർട് യൂട്ടിലിറ്റി വാഹനത്തെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. M സ്‌പോർട്ട്, X ലൈൻ ട്രിമ്മുകൾക്കൊപ്പം X5 ഫെയ്‌ലിഫ്റ്റ് സ്വന്തമാക്കാനും അവസരമുണ്ട്.

വേരിയന്റ് തിരിച്ചുള്ള എക്സ്ഷോറൂം വിലയിലേക്ക് നോക്കിയാൽ xDrive 40i xLine പതിപ്പിന് 93.90 ലക്ഷം, xDrive 30d xLine മോഡലിന് 95.90 ലക്ഷം, xDrive 40i M Sport വേരിയന്റിന് 1.05 കോടി രൂപ, xDrive 30d M Sport ടോപ്പ് എൻഡിന് 1.07 കോടി രൂപ എന്നിങ്ങനെയാണ് വില വരുന്നത്. മുൻഗാമിയേക്കാൾ കിടിലൻ പരിഷ്ക്കാരങ്ങളുമായാണ് എസ്‌യുവിയുടെ ഇത്തവണത്തെ വരവ്. ഡിസൈനിൽ കാര്യമായ പുതുമകളൊന്നും അവകാശപ്പെടാനില്ലെങ്കിലും അങ്ങിങ്ങായി മുഖംമിനുക്കുകയാണ് ചെയ്‌തിരിക്കുന്നത്.
വിശദാംശങ്ങളിലേക്ക് നോക്കിയാൽ X5 ഫെയ്‌സ്‌ലിഫ്റ്റിന് ഓപ്‌ഷണൽ ഇല്യൂമിനേറ്റഡ് ഗ്രില്ലുള്ള (X5 40i പെട്രോൾ വേരിയന്റിൽ മാത്രം) റീപ്രൊഫൈൽ ചെയ്ത ഫ്രണ്ട് ബമ്പർ ലഭിക്കുന്നു. പുതിയ ആരോ ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളോട് കൂടിയ പുതുക്കിയ എൽഇഡി ഹെഡ്‌ലാമ്പുകളോടെയാണ് എത്തുന്നത്. വശക്കാഴ്ച്ചയിലേക്ക് വന്നാലും അധികമൊന്നും മിനുക്കിയിട്ടില്ല. പുതിയ ഡിസൈനുള്ള 21 ഇഞ്ച് അലോയ് വീലുകളാണ് ലക്ഷ്വറി എസ്‌യുവിക്ക് സമ്മാനിച്ചിരിക്കുന്നത്.

പിൻഭാഗത്തും, X5 ഫെയ്‌സ്‌ലിഫ്റ്റിലെ ഒരേയൊരു മാറ്റം പുനർരൂപകൽപ്പന ചെയ്ത ടെയിൽ-ലൈറ്റുകൾ മാത്രമാണ്. X ആകൃതിയിലുള്ള ഗ്രാഫിക്‌സാണ് ഇതിലെ ഹൈലൈറ്റ്. X5 ഫെയ്‌സ്‌ലിഫ്റ്റിനുള്ളിലെ ഏറ്റവും വലിയ മാറ്റം 14.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾക്കൊള്ളുന്ന പുതിയ ഇരട്ട സ്‌ക്രീൻ പാനലാണ്. ബിഎംഡബ്ല്യുവിന്റെ iDrive 8 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.
സമീപകാലത്ത് പല ബിഎംഡബ്ല്യു മോഡലുകളിലും കണ്ടുപരിചയിച്ച ഒരു ഗ്ലാസ് ടോഗിൾ സ്വിച്ചാണ് ഡ്രൈവ് സെലക്ടറിനായി അവതരിപ്പിച്ചിരിക്കുന്നത് എന്നതും X5 ഫെയ്‌ലിഫ്റ്റിന്റെ ആഡംബരത്തം വർധിപ്പിക്കുന്ന കാര്യമാണ്. ഹാർമൺ കാർഡൺ മ്യൂസിക് സിസ്റ്റം, M സ്‌പോർട്ട് ട്രിമ്മുകളിൽ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ആംബിയന്റ് ലൈറ്റിംഗ് എന്നിവയും അകത്തളത്തെ ഹൈലൈറ്റുകളാണ്.

എസ്‌യുവിയുടെ X ലൈൻ ട്രിമ്മുകൾക്ക് ഹീറ്റിംഗ് ഫംഗ്‌ഷനോടുകൂടിയ സ്‌പോർട് സീറ്റുകൾ ലഭിക്കും. അതേസമയം M സ്‌പോർട്ടിന് വെന്റിലേഷനോടുകൂടിയ കംഫർട്ട് സീറ്റുകളാണ് ബിഎംഡബ്ല്യു ഒരുക്കിയിരിക്കുന്നത്. ക്രൂയിസ് കൺട്രോൾ, അറ്റന്റീവ്നസ് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറയുള്ള പാർക്കിംഗ് അസിസ്റ്റ്, റിവേഴ്സ് അസിസ്റ്റ്, സ്മാർട്ട്ഫോൺ വഴിയുള്ള റിമോട്ട് പാർക്കിംഗ്, ഡ്രൈവ് റെക്കോർഡിംഗ് എന്നിവ ഉൾപ്പെടുന്ന ഡ്രൈവർ സഹായ സംവിധാനങ്ങളും ബിഎംഡബ്ല്യു X5 ഫെയ്‌സ്‌ലിഫ്റ്റ് വാഗ്ദാനം ചെയ്യുന്നു.
കാറിന്റെ മറ്റ് സുരക്ഷാ ഫീച്ചറുകളിൽ ആറ് എയർബാഗുകൾ, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയും അതിലേറെയും സവിശേഷതകളാണ് ഉൾപ്പെടുന്നത്. X5 ഫെയ്‌സ്‌ലിഫ്റ്റ് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെ ലഭ്യമാകും, രണ്ടിനും 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും ലഭിക്കുമെന്നത് കാര്യക്ഷമത വർധിപ്പിക്കുന്ന കാര്യമാണ്. 3.0 ലിറ്റർ, സ്‌ട്രെയിറ്റ്-ആറ് പെട്രോൾ എഞ്ചിന് 381 bhp കരുത്തിൽ പരമാവധി 520 Nm torque ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് ബിഎംഡബ്ല്യു അവകാശപ്പെടുന്നത്.

മറുവശത്ത് 3.0 ലിറ്റർ, സ്‌ട്രെയിറ്റ്-ആറ് ഡീസൽ എഞ്ചിൻ ഡീസൽ എഞ്ചിന് 286 bhp പവറിൽ 650 Nm torque വരെ നൽകാനാവും. രണ്ട് എഞ്ചിനുകളിലും 12 bhp, 200 Nm torque അധികമായി ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ലഭിക്കും. പെട്രോൾ എഞ്ചിന് 5.4 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.
അതേസമയം ഡീസലിന് ഇതേ വേഗത കൈവരിക്കാൻ ഏകദേശം 6.1 സെക്കൻഡിനുള്ളിൽ ഇതേ വേഗതയിലെത്താനാവും. പെട്രോൾ, ഡീസൽ പതിപ്പുകൾക്ക് യഥാക്രമം 250 kph, 233 kph എന്നിങ്ങനെയാണ് ഉയർന്ന വേഗത. ഇന്ത്യയിൽ മെർസിഡീസ് ബെൻസ് GLE, ഔഡി Q5, വോൾവോ XC90, ജാഗ്വർ F-പേസ്, ലാൻഡ് റോവർ ഡിസ്ക്കവറി എന്നിവയുമായാണ് ബിഎംഡബ്ല്യു X5 മാറ്റുരയ്ക്കുന്നത്.


Click it and Unblock the Notifications








